ജ്യോതിഭായി പരിയാടത്ത്
പ്രസിഡണ്ടാണ് വിഷയം നിർദ്ദേശിച്ചത്വിമന്സ് ഡേ സെമിനാറിനു
ഇതിൽപ്പരം റെലവന്റും സ്യൂട്ടബ്‌ളൂം ആയ
സബ്ജക്ട് ഇനിയെന്തുള്ളൂ എന്ന്
സെക്രട്ടറി സെക്കൻഡ് ചെയ്തതോടെ
ടോപിക്കിന് അംഗീകാരമായി.
അബലയെന്നും ചപലയെന്നും
കണ്ണീർത്തുടരിലെ നായികയെന്നും
സ്ഥിരമായി അടയാളപ്പെടുത്തി
ചർവ്വിതചർവ്വണങ്ങളാൽ
പീഡിപ്പിക്കുകയാണ്
ആൺകോയ്മയുടെ സമൂഹമെന്നും
നാടിന്റെ വികസനവഴികളിൽ
മുൻനടക്കാൻ പ്രാപ്തിയുണ്ടോ
എന്ന വെല്ലുവിളീ
ഏറ്റെടുക്കുകയാണ്
ഈ വനിതാദിനത്തിൽ
ഉയർന്നചിന്താഗതിക്കരായ
നമ്മെപ്പോലുള്ളവർക്ക് കരണീയമെന്നും
ഭാഷയുടെ അസ്കിത അൽപസ്വൽപമുള്ള
ഉപകാര്യദർശി ചൊല്ലിയാടി
ഫ്യൂച്ചറിലേയ്ക്കുള്ള പ്ലാനിംഗിൽ
കിച്ചൺ മാറ്റിനിർത്തിക്കൂടെന്നും
ഇഷ്ടവിഷയം തന്റെ കയ്യിൽ സെയ്ഫ് എന്നും
മുടമ്പല്ലിൽ കുരുങ്ങിയ ചില്ലിചിക്കൻ
സുക്ഷ്മതയോടെ കുത്തിയെടുത്ത്
വൈസ്പ്രസിഡണ്ട്
വാക്കിനൊപ്പം ചവച്ചുതുപ്പി.
സമയബോധമാണു മസ്റ്റ് എന്നും
അതിനാൽ
ടൈംമാനേജ്‌മന്റ് ഹാൻഡിൽ ചെയ്തുകൊള്ളാമെന്നും
സൽവാറിന്റെ നെറ്റെഡ് മേലാട വലിച്ചിട്ട്
മാറുയരം ഒളികണ്ണാൽ ഒന്നുംകൂടിയളന്ന്
ആത്മവിശ്വാസമുറപ്പിച്ചു ട്രാഷറർ
ഭാവിയിലേയ്ക്കുള്ള
പെൺകരുതലിന്റെ
പ്രബന്ധവശങ്ങൾ
കണ്ടും കേട്ടും
അസ്തപ്രജ്ഞരായ കാണികളെ
താൻപോരിമയിൽ നോക്കുന്ന
വേദിയിലെ സിംഹികളെ
സ്വപ്നംകണ്ട് നിർവൃതിക്കൊണ്ടവരോടൊപ്പം
പ്രസംഗപരിചയം തീരെക്കുറഞ്ഞ
പ്രായോഗികബോധം കൂടിയ മറ്റൊരുവൾ
ഭാവിയിലേയ്ക്കായി തന്നെത്താൻ
കരുതലായത്
മാർച്ച് എട്ടിലെ പത്രങ്ങൾ
പ്രാദേശികപേജ് നിവർന്ന്
അവരേയും അറിയിക്കുമായിരിക്കും