13 Jan 2012

നിഴല്‍ ചായങ്ങള്‍




കുഞ്ഞൂസ് 


കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ അനസൂയക്ക്‌ ആകെ വെപ്രാളമായിരുന്നു .ബാബു ഒന്നും കഴിച്ചിട്ടുണ്ടാവില്ല, താന്‍ എത്തുന്നതും നോക്കി ഇരിക്കുന്നുണ്ടാവും. താന്‍ വാരി ഊട്ടിയാലെ എന്തേലും കഴിക്കു.ആകാശുമായി വഴക്കുണ്ടാക്കി കാണുമോ എന്തോ?ഇന്നു ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരുപാടു വൈകി. നായകന് നാളെമുതല്‍ പുതിയ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതു കൊണ്ട്, അദ്ധേഹത്തിന്റെ കൂടെയുള്ള സീനുകള്‍ ഇന്നു തന്നെ തീര്‍ക്കണമെന്നു സംവിധായകനു നിര്‍ബന്ധം. അതിനാല്‍ ഷൂട്ടിംഗ് രാത്രിയിലേക്കും നീണ്ടു. തന്നെ പോലുള്ള ചെറിയ നടീനടന്മാര്‍ അതനുസരിച്ചല്ലേ പറ്റു ….. പെട്ടെന്നു തീര്‍ന്നു കിട്ടാനുള്ള വ്യഗ്രതയില്‍ , ഇടക്കൊക്കെ ചുവടുകള്‍ തെറ്റിക്കുന്നുണ്ടായിരുന്നു.


സംവിധായകന്റെ ചീത്ത വേറെയും.അറിയാഞ്ഞിട്ടല്ല, മനസ് മുഴുവന്‍ ബാബുവിന്റെ അടുത്തു തന്നെയായിരുന്നു. എന്തെങ്കിലും  കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ എന്ന ഭയം. നടികള്‍ക്ക് പ്രായം കൂടുംതോറും റോളുകളുടെ എണ്ണം കുറയുമല്ലോ. സഹതാപം കൊണ്ടാണു പലരും റോളുകള്‍ തരുന്നതെന്നും അറിയാം . ചിലരൊക്കെ അതിന്റെ പ്രതിഫലം വേണമെന്നു സൂചിപ്പിക്കുകയും ചെയ്യാറുണ്ട്. പിടിച്ചു നില്‍ക്കുന്നത് എങ്ങിനെയെന്ന് തനിക്കു മാത്രമേ അറിയൂ.


10 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അനസൂയ എന്ന ഐറ്റം നമ്പര്‍ നര്‍ത്തകിക്ക് നിന്നു തിരിയാന്‍ നേരമില്ലാത്തത്ര തിരക്കായിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന അനസൂയ...!!! അനസൂയയുടെ ഡാന്‍സ് ഇല്ലാതെ ഒരു തെന്നിന്ത്യന്‍ സിനിമയും ഇറങ്ങിയിരുന്നില്ല എന്നു തന്നെ പറയാം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, ബാബുവുമായുള്ള വിവാഹം. വളരെ സന്തോഷപൂര്‍ണമായ ജീവിതം. അഭിനയം നിര്‍ത്തി, തികഞ്ഞ ഒരു വീട്ടമ്മയായി മാറി. ദാമ്പത്യവല്ലരിയിലെ പനിനീര്‍പുഷ്പങ്ങളായി ആകാശും അപര്‍ണയും.



ആ ജീവിതത്തിനു അധികം ആയുസുണ്ടായില്ല. രാത്രിയുടെ ഏതോയാമത്തില്‍ വന്ന ഫോണ്‍ കോള്‍ , തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ….!!! ബാബുവിന്റെ കാര്‍ അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഐസിയുവിനു മുന്നില്‍ നില്‍ക്കുമ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അപര്‍ണമോളുടെ ജന്മദിനമായിരുന്നു അതിനടുത്ത ദിവസം. അതിനാല്‍ ആ രാത്രി തന്നെ ബാബു വീട്ടില്‍ എത്തുമെന്നു പറഞ്ഞിരുന്നതിനാല്‍ , താനും മക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ദൈവങ്ങള്‍ക്കു പോലും അസൂയ തോന്നിയതാണോ ആ അപകടത്തിനു കാരണം?അല്ലാതെ അതിനു പിന്നില്‍ വേറെ കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.എന്നിട്ടും അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു. അവസാനം ദൈവങ്ങള്‍ കനിയുക തന്നെ ചെയ്തു. ബാബുവിനെ തങ്ങള്‍ക്കു തിരിച്ചു കിട്ടി.
 ബാബു, നടക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാലും ഒന്നും മിണ്ടാത്തതെന്തേ എന്നായിരുന്നു അടുത്ത ടെന്‍ഷന്‍ , നീണ്ട ടെസ്റ്റുകള്‍ ,ചികിത്സകള്‍ .... ബാബു സംസാരിച്ചു തുടങ്ങി.അക്ഷരങ്ങള്‍ പെറുക്കി പെറുക്കി കുട്ടികളെ പോലെ. ഡോക്ടര്‍ ആ സത്യം തുറന്നു പറഞ്ഞ നിമിഷം, ഒരു അഗ്നിപര്‍വതം തലയില്‍ പതിച്ചതുപോലെയായിരുന്നു ….!!! 


ബാബുവിന്റെ മസ്തിഷ്കത്തിനാണ് തകരാര്‍ എന്നും ഒരു കൊച്ചുകുട്ടിയുടെ എന്നപോലെ തീര്‍ത്തും ശൂന്യമാണാ മസ്തിഷ്കം എന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ , പകച്ച കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ. എല്ലാം ഒരു കുഞ്ഞു പഠിക്കുന്നപോലെ ആദ്യം മുതല്‍ പഠിക്കണം. എന്നാലും 4 വയസുള്ള ഒരു കുട്ടിയുടെ വളര്‍ച്ചവരെയേ കാണു.എന്തു ചെയ്യണം എന്നറിയാതെ തകര്‍ന്നു പോയ നാളുകള്‍ …. ആകാശിനോടും അപര്‍ണയോടുമൊപ്പം മറ്റൊരു കുഞ്ഞായി ബാബുവും ….!

ചികിത്സയും ആശുപത്രിവാസവുമെല്ലാമായി ബാങ്ക് ബാലന്‍സ് കുറഞ്ഞു തുടങ്ങി.ജീവിതം വഴിമുട്ടി തുടങ്ങിയപ്പോള്‍ വീണ്ടും മുഖത്ത് ചായം തേക്കാന്‍ നിര്‍ബന്ധിതയായി.

കതകു തുറന്നതും “മമ്മീ ”എന്ന കരച്ചിലോടെ ബാബു വന്നു കെട്ടിപിടിച്ചു.

“ഈ ആകാശ് എനിക്കു പടം വരയ്ക്കാന്‍ ബുക്ക്‌ തരുന്നില്ല മമ്മി ”,ബാബുവിന്റെ പരാതി.

തന്റെ നോട്ടുബുക്കില്‍ മുഴുവന്‍ പപ്പ കുത്തിവരച്ചിട്ടിരിക്കുന്നത് കാണിച്ചു സങ്കടത്തോടെ ആകാശ് .

“സാരമില്ല, പപ്പക്ക് വയ്യാഞ്ഞിട്ടല്ലേ മമ്മി ”എന്നു സ്വയം സമാധാനം കണ്ടെത്തുന്ന മക്കള്‍ .

“മമ്മീ എനിക്കു വിശക്കുന്നു ” ബാബുവിന്റെ വിളി വീണ്ടും.


നിറഞ്ഞുവന്ന മിഴികള്‍ അമര്‍ത്തി തുടച്ചു, ക്ഷീണം വകവെക്കാതെ അടുക്കളയിലേക്കു കയറി. അപ്പോഴും ഉമ്മറത്തെ മുറിയില്‍ നിന്നും ബാബുവിന്റെ ചിരിയും കളിപ്പാട്ടങ്ങളുടെ കലമ്പലും കേള്‍ക്കാമായിരുന്നു..!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...