ടി. കെ. ഉണ്ണി
കുളം
തവള
തവളക്കുളം
കുളങ്ങൾ കുശിനികളായപ്പോൾ,
ആലക്തികസൂര്യന്മാർ മിഴിതുറന്നപ്പോൾ,
തവളകൾ ജീവനുംകൊണ്ടോടി..!
പാടികളിലെ പൊട്ടക്കിണറുകളിൽ
അവരഭയം തേടി, സാമ്രാജ്യമാക്കി..
കിണറ്റിലെ തവളയെന്ന ഓമനപ്പേര് സമ്പാദ്യമാക്കി.
തവളകൾക്കതിമോഹമെന്നും സാമ്രാജ്യം തന്റേതെന്നും അശരീരി..
പാതാളരാജന്റെ നിർദ്ദയമായ അധിനിവേശം,
കിണറുകളെല്ലാം പാതാളത്തിലേക്ക് കൂപ്പുകുത്തി..
പാവം പച്ചത്തവളകൾ – അവ ജീവനില്ലാതെ ചാടിയോടി..
അല്ല, ചാടിച്ചാടി, താവളത്തിലെത്തി..
തവളക്ക് താവളത്തിലെന്ത് കാര്യമെന്ന് താവളരാജൻ..
താവളം ഞങ്ങൾക്കല്ലെങ്കിൽ പിന്നെയാർക്കെന്ന് തവളക്കൂട്ടം..
തവളക്ക് പല്ല് മുളച്ചെന്ന് സുരക്ഷാശാസ്ത്രമണ്ടരികേന്ദ്രം ദളവ…
തവളയുടെ പല്ല് പറിക്കാൻ, പുല്ലുപോലും പറിച്ചിട്ടില്ലാത്ത
മല്ലന്മാരുടെ റൂട്ട് മാർച്ച്…. ഒപ്പം
താവളരാജനും ദളവരാജനും താവളത്തിലെത്തിയപ്പോൾ
തവളകളെ കാണാനില്ല..!!
കഴുതജനത്തിന്റെ കാതിൽ കേട്ടത് :
തവളകൾ അപ്രത്യക്ഷമായതിനാൽ രാജ്യത്തെ
താവളങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി
താവളരാജന്മാരുടെ രാജനായ ദളവരാജൻ ഉത്തരവ്
പുറപ്പെടുവിച്ചിരിക്കുന്നു…!!!
പാവം തവളകൾ.!
പച്ചപ്പാവം താവളരാജൻ.!!
പഞ്ചപാവം ദളവരാജൻ.!!!
കഴുതജനത്തിന്നാഘോഷിക്കാൻ ഇനിയെന്തുവേണം.?
========
(അന്യവൽക്കരിക്കപ്പെടുന്നവരോടുള്ള സമൂഹത്തിന്റെ സമീപനം കൂടുതൽ പരിഹാസ്യമായിക്കൊണ്ടിരിക്കുകയും തന്മൂലം ആദേശം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്ന് അനുമാനാതീതമായ മാനങ്ങൾ കൈവരികയും ചെയ്യുന്ന കാലികമായ ചിന്തയിൽനിന്നും)….