ടോയ്‌ലറ്റ്‌ പേപ്പറായിപ്പോലും...സി.രാധാകൃഷ്ണൻ
വിമാനം സൂറച്ചിൽനിന്ന്‌ പറന്നുയർന്ന്‌ സീറ്റ്ബൽറ്റ്‌ അഴിക്കാൻ
അനുമതിയായുടനെ എയർഹോസ്റ്റസ്‌ ഉന്തുവണ്ടിയുമായി ഇടനാഴിയിലൂടെ വന്നു
ചോദിച്ചു. 'പ്രാതൽ വേണോ?'
       മുംബൈയിൽനിന്നും സൂറച്ച്‌ വഴി ബ്രിട്ടനിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ
ബ്രിട്ടനും ഫ്രാൻസും സ്വിറ്റ്സർലൻഡും കാണാനുള്ള പുറപ്പാടിനിടെ
പ്രാദേശികസമയം രാവിലെ എട്ടുമണി. വിശപ്പുണ്ട്‌. നേരം പുലർന്നിട്ട്‌ ഒരു
കപ്പുചായപോലും കഴിച്ചിട്ടില്ല.
ഞാൻ ആരാഞ്ഞു, 'ലഘുവായ്‌ എന്താണുള്ളത്‌?'
ഒരു മെനുകാർഡോ ഒരു വാമൊഴി ലിസ്റ്റോ ആണ്‌ പ്രതീക്ഷിച്ചതു. പക്ഷെ
കിട്ടിയത്‌ തിരികെയൊരു ചോദ്യം, 'ഏത്‌ കറൻസിയിലാണു താങ്കൾ ബില്ലു പേ
ചെയ്യുന്നത്‌?'
ആ ഫ്ലൈറ്റിൽ ഭക്ഷണം ടിക്കറ്റിലുൾപ്പെടുന്നില്ല എന്ന്‌ അപ്പോഴാണ്‌
ഓർത്തത്‌. സ്വന്തം കാശുമുടക്കി നാടുകാണാനിറങ്ങിയതാണ്‌. കിട്ടാവുന്നതിൽ
ഏറ്റവും ലാഭകരമായ ടിക്കറ്റാണ്‌ എടുത്തിരിക്കുന്നത്‌. അത്യാവശ്യത്തിന്‌
കുറച്ച്‌ അമേരിക്കൻ ഡോളർ കൈയ്യിലുണ്ടാവുകയാണ്‌ നല്ലതെന്ന ട്രാവൽ
ഏജന്റിന്റെ സ്വീകരിച്ചിരുന്നു എങ്കിലും നമ്മുടെ കുറേ കുറേ കാശു
കൊടുത്താലേ അവരുടെ കുറച്ചു കാശു കിട്ടൂ എന്നതിനാൽ വളരെക്കുറച്ചേ
കരുതിയിട്ടുള്ളൂ. അതിലൊരു പങ്ക്‌ കൈവിടാതിരിക്കാൻ ഒക്കുമെങ്കിലായല്ലോ
എന്നു കരുതി ഞാൻ അന്വേഷിച്ചു. ഏതെല്ലാം കറൻസി സ്വീകരിക്കും?
'ഏതും!' എന്നായിരുന്നു പുഞ്ചിരി. തൊട്ടുപിന്നാലെ ഒരു വിശദീകരണവും,
'ഫ്രാങ്കോ, യൂറോയോ, പൗണ്ടോ, അമേരിക്കൻ ഡോളറോ, ലിറയോ, യെന്നോ, ദിനാറോ,
ദിർഹമോ എന്തായാലും മതി.'
'ഇന്ത്യൻ റുപ്പി?'
'ഓ, നോ, പ്ലീസ്‌! സോറി'.
ഞാൻ ഒന്നുകൂടി ചുഴിഞ്ഞുനോക്കി, 'ഞങ്ങളുടെ രാഷ്ട്രപിതാവിന്റെ ശിരസ്സാണ്‌
ഞങ്ങളുടെ കറൻസിയിൽ ഉള്ളത്‌. കേട്ടിട്ടില്ലേ, മഹാത്മാഗാന്ധിയെ?'
'ഏതായാലും, അതെന്റെ എക്സ്ചേഞ്ച്‌ ലിസ്റ്റിലില്ല!'
നന്ദിപറഞ്ഞ്‌ വെജിറ്റബിൾ സാന്റ്‌വിച്ചും ഒരു കപ്പു ചായയും വാങ്ങി. വില
ഒൻപത്‌ അമേരിക്കൻ ഡോളർ. 10 ഡോളറിന്റെ നോട്ടു കൊടുത്തു. ചില്ലറയില്ല.
പത്തും പോയി! അന്ന്‌ അതിന്റെ വിപണനവില അഞ്ഞൂറ്‌ ഉറുപ്പിക.
സാന്റ്‌വിച്ച്‌ ചവച്ചുകൊണ്ടിരിക്കെ അടുത്ത സീറ്റിലെ യാത്രക്കാരൻ ഇന്ത്യൻ
ഉച്ചാരണച്ചുവയുള്ള ഇംഗ്ലീഷിലിൽ പറഞ്ഞു. "നമ്മുടെ നാടുകളിലെ പണമൊന്നും
ഇവർക്കു പണമല്ല. നോക്കൂ. ഞാനൊരു പാകിസ്ഥാനിയാണ്‌.
ഞാനൊരിക്കലും എന്റെ നാട്ടിലെ കറൻസി നേരത്തെ മാറ്റി വാങ്ങി സൂക്ഷിച്ച്‌
ഇവർക്ക്‌ കൊടുക്കാറില്ല. നിരാഹാരം കിടന്നാലും ശരി! കാരണം, ഇവരുടെ കൈയിൽ
നമ്മുടെ കറൻസി കിട്ടിയാൽ അതുപയോഗിച്ച്‌ ഇവർ നമ്മെ കൂടുതൽ
ദരിദ്രരാക്കാനുള്ള ഏർപ്പാടുകൾ ചെയ്യും!'
'എല്ലാം കറൻസിയല്ലേ? ഞാൻ ചോദിച്ചു. 'പിന്നെ എന്താണ്‌ നമ്മുടേത്‌ അസ്വീകാര്യം?'
'ഞാനൊരു സാമ്പത്തിക വിദഗ്ദ്ധനല്ല. ആ ചെറുപ്പക്കാരൻ പറഞ്ഞു. 'പക്ഷേ,
ഒരുകാര്യം എനിക്കറിയാം. കച്ചവടത്തിൽ ഇപ്പറഞ്ഞ ദൃഡകറൻസി നാടുകൾ നമ്മെ
തോൽപ്പിച്ചിരിക്കുന്നു. അതായത്‌, ഇവരുടെ കറൻസി നമുക്കാണ്‌, നമ്മുടെ കറൻസി
ഇവർക്കല്ല. കൂടുതൽ ആവശ്യം എന്ന സ്ഥിതി ആക്കി.'
'അതെങ്ങനെ?'
'ഒരു ചെറിയ സംഗതി പറയാം നിങ്ങളുടെ നാട്‌ ഈയാണ്ടിൽ രാജ്യരക്ഷാ ഉപകരണങ്ങൾ
വാങ്ങുന്നത്‌ ലക്ഷക്കണക്കിന്‌ കോടി ഉറുപ്പികയ്ക്കല്ലേ? എന്റെ നാടും
ഏതാണ്ട്‌ അത്രയൊക്കെ ഒപ്പിക്കാൻ പാടുപെടുന്നു. ഈ കാശ്‌ ദൃഢകറൻസിയാണ്‌
നൽകേണ്ടത്‌. അതായത്‌. നാം കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെയും
സേവനങ്ങളുടെയും വില മുഴുവൻ നൽകിയാലും മതിയാവില്ല! ബാക്കി കടം. അതുനിൽക്കെ
ആ കടബാദ്ധ്യത കൂടുതലാക്കാൻ ഇടയാക്കുന്ന ഒന്നും ഇവർ ചെയ്യില്ല'
അനുവദിക്കില്ല.

'ഒരു കറൻസിയിലെ ച്ചവടം ഉള്ളൂ എന്നുപറയുമ്പോൾ, കച്ചവടം കുറയുകയല്ലേയുള്ളൂ?'
'കടബാധ്യതയുള്ളപ്പോൾ വിലപേശാൻ നമുക്കാവില്ല. അപ്പോൾ ലാഭം ഏറെക്കിട്ടാൻ
കുറച്ചു കച്ചവടം മതി. ഒരുപാടു കച്ചവടം ചെയ്ത്‌ വെറുതെ
ക്ഷീണിക്കുന്നതെന്തിന്‌? മാത്രമല്ല കാലംകൊണ്ട്‌, വിനമയനിരക്ക്‌
നമുക്കെതിരായി വളരുമ്പോൾ കടങ്ങൾക്ക്‌ അത്രയും മൂല്യം വർദ്ധിക്കുകയും
ചെയ്യും. അവർ നമുക്ക്‌ സ്നേഹപൂർവ്വം തരുന്ന 'പൂജ്യ ശതമാനപലിശക്കടം'
ഫലത്തിൽ ഉയർന്ന നിരക്കിൽ പലിശയുള്ള കടമായി രൂപാന്തരപ്പെടും!'
'ഇതു പറ്റില്ല എന്നു നമുക്കു പറയാൻ പാടില്ലേ?'
'അതിനുള്ള മറുപടി ഷേക്സ്പിയർ മഹാകവിയുടെ വാക്യമായി അവർ നമ്മെ നേരത്തേ
പഠിപ്പിച്ചിട്ടുണ്ടല്ലോ. ആഗ്രഹങ്ങൾ കുതിരകൾ ആയിരുന്നുവേങ്കിൽ
പിച്ചക്കാർക്കും സവാരിചെയ്യാമായിരുന്നുവേന്ന്‌ പഠിച്ചിട്ടില്ലേ
താങ്കളും?'
ആയാത്രയിലെന്നല്ല അതിനുമുമ്പും പിമ്പും ലോകത്തെവിടെ പോയപ്പോഴും ഉറുപ്പിക
എന്ന വെറും കടലാസിന്റെ വിലയില്ലായ്മ അനുഭവിക്കാതെ തിരികെപ്പോരാൻ
പറ്റിയിട്ടില്ല. അന്തഃരംഗം അപമാനപൂരിതമാകുമ്പോൾ അകമേ കരയുകയല്ലേ
വഴിയുള്ളൂ?

സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുമുമ്പ്‌ അവിടെ അമേരിക്കൻ ഡോളർ ഏതുവാതിലും
തുറക്കാനുള്ള ശക്തിയുള്ള മന്ത്രമായിരുന്നു! ഡോളർ നോട്ടിന്റെ നിറം
കാണിച്ചാൽ എല്ലാം 'ദ,ദ,ദ!' (ശരി, ശരി,ശരി) അവിടുത്തെ ആളുകൾക്ക്‌ ഏറ്റവും
സ്നേഹക്കുറവ്‌ അമേരിക്കയോടായിരുന്നു താനും.! അവർക്ക്‌ ഏറ്റവും ഇഷ്ടം
ഇന്ത്യക്കാരെയായിരുന്നു. എന്നാലും ഉറുപ്പിക കണ്ടാൽ 'ന,ന,ന!'
(ഇല്ല,വയ്യ,പറ്റില്ല)

ഫ്രാൻസിനെ ഇംഗ്ലണ്ടുമായി ബന്ധിപ്പിച്ച്‌ കടലിനടിയിലൂടെ പോകുന്ന യൂറോ
സ്റ്റാർ എന്ന അത്ഭുതതീവണ്ടിയുടെ കമ്പാർട്ടുമന്റിലെ ഇടനാഴിയിൽ ഏതാനും
നൂറുരൂപനോട്ടുകൾ എന്റെ പോക്കറ്റിൽ നിന്നും വീണുപോയത്‌ ഏതോ ഒരു
യാത്രക്കാരൻ എടുത്ത്‌ എന്നെ ഏൽപ്പിച്ചു. അയാളോട്‌ രണ്ട്‌ നന്ദിവാക്കു
പറഞ്ഞപ്പോൾ അയാൾവിരസം ചിരിച്ച്‌ എനിക്കറിയാത്ത ഏതോ ഭാഷയിൽ പറഞ്ഞത്‌ എന്റെ
സഹായിയായ ദ്വിഭാഷി തെല്ലുകഴിഞ്ഞ്‌ എനിക്കു മനസ്സിലാക്കിത്തന്നു.
'ടോയിലറ്റ്‌ പേപ്പറായിപ്പോലും ഉപയോഗിക്കാനാവാത്തത്‌ തറയിൽക്കിടന്ന്‌ ഈ
വണ്ടി വൃത്തികേടാകേണ്ട എന്നേ കരുതിയുള്ളൂ!"
നാണക്കേടു സഹിക്കാനാവാതെ വരുമ്പോൾ നാം പയറ്റാറുള്ള അടവ്‌ ഞാനപ്പോൾ
പ്രയോഗിച്ചു. ഉറക്കെച്ചിരിച്ചു! ഭരിക്കുന്നവരെ ഒരിക്കൽക്കൂടി മനസ്സാ
ശപിക്കുകയും ചെയ്തു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ