ആങ്ങളക്കുഞ്ഞമ്മ


എം.സുബൈർ

ജീവിക്കുവാൻവേണ്ടി മരിക്കുവാൻപോലും തയ്യാറായി ലോഞ്ചിലും കപ്പലിലും
ഒക്കെയായി, പച്ച ഇല്ലാത്തടത്ത്‌ പച്ചപിടിക്കുവാനായി എത്തിപ്പെട്ടവർ
ഞങ്ങൾ. ഈ വരണ്ടഭൂമിയിലെ വരണ്ട ജീവിതത്തിലേക്കു ഒരു കുളിർമഴയായി അവൾ
പെയ്തിറങ്ങി. ഒരു ശലഭത്തെപ്പോലെ അവൾ പറന്നു നടന്നു. കുഞ്ഞമ്മ
എന്നായിരുന്നു അവളുടെ ചെല്ലപ്പേര്‌.

       കുമ്പനാട്‌ യൂണിവേഴ്സിറ്റിയിൽ നിന്നു. നേഴ്സിംഗ്‌ സർട്ടിഫിക്കേറ്റുമായ്‌
കടൽ കടക്കുമ്പോൾ അവൾക്കു ഒറ്റസ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. മൂന്ന്‌
അനുജത്തിമാരെയും ഒരു കരപറ്റിക്കണം എങ്ങനെയും ദാരിദ്ര്യ കടൽ
നീന്തിക്കടക്കണം.

       വളരെ പെട്ടെന്ന്‌ തന്നെ കുഞ്ഞമ്മ ഞങ്ങളുടെയൊക്കെ മനസ്സ്‌ കീഴടക്കി
സൂക്കിൽ (ചന്തയിൽ) അവളൊരു സംസാരവിഷയമായിരുന്നു അങ്ങനെയാണ്‌ കുഞ്ഞമ്മ
ഫാൻസു അസോസിയേഷൻ ഉണ്ടായത്‌. ഓരോ പ്രാവശ്യവും ചന്തക്ക്‌ നിറചാർത്ത്‌ നൽകി,
സൗന്ദര്യം പരത്തി അവൾ വസന്തമായ്‌ ഒഴുകി കഴിയുമ്പോഴും അസോസിയേഷന്റെ
മീറ്റിംഗ്‌ ഉണ്ടാവും അവളെക്കുറിച്ചുള്ള വർണ്ണനകളും സ്തുതിഗീതങ്ങളും
നീണ്ടു നീണ്ട്‌ രാവേറെ ചെല്ലുമ്പോൾ ഞങ്ങൾ അറിയാതെ മയങ്ങിപ്പോകും. ആ
മയക്കത്തിൽ അവൾ പൂനിലാവ്‌ വന്ന്‌ പൂമ്പൊടി വർഷിച്ചു ഞങ്ങളേതാരാട്ടുപാടി
തഴുകി ഉറക്കി. മത്സ്യം വിൽക്കുന്നവൻ മുതൽ ക്ഷുരകൻവരെ അസോസിയേഷനിൽ
മെമ്പറായിരുന്നു.

       ഈന്തപ്പനകൾ വീണ്ടും വീണ്ടും പൂക്കുകയും കായ്ക്കുകയും പഴുക്കുകയും
ചെയ്തു. ഒരിക്കൽ ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ട്‌ ഒരു സുമുഖൻ അവളുടെ കൂടെ
പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെയൊക്കെ മനസ്സിൽ തീക്കാറ്റ്‌ ചുഴറ്റി
അടിച്ചുകൊണ്ട്‌ അവളോടൊപ്പം സഞ്ചിയും തൂക്കി അയാൾ എപ്പോഴും കാണപ്പെട്ടു.
ചോദിച്ചില്ലെങ്കിലും വെണ്ടക്ക മൂത്തത്താണെന്നു; ഈ മീൻ അൽപം
ചീഞ്ഞതാണെന്നും, ഈ സാരി നിനക്ക്‌ നന്നായി ചേരു, എന്നൊക്കെയുള്ള ഡയലോഗുകൾ
പറഞ്ഞു. ഒരു ഉപഗ്രഹം പോലെ, അവളെ ചുറ്റിത്തിരിഞ്ഞു അയാൾ നടന്നു.
       ഫാൻസ്‌ അസോസിയേഷൻ അടിയന്തിര യോഗം ചേർന്നു ആധികൾ പങ്കുവച്ചു. അങ്ങനെ
അന്വേഷണക്കമ്മീഷൻ രൂപം കൊണ്ടു. ആരാണ്‌ ഈ കശ്മലൻ?


       വളരെ പെട്ടെന്ന്‌ ഉത്തരം കിട്ടി. ആങ്ങളയാണ്‌. കുഞ്ഞമ്മ വിസ അയച്ചു
വരുത്തിയതാണ്‌. ആശ്വാസം, പ്രതീക്ഷക്കു വകയുണ്ട്‌. വീണ്ടും ഞങ്ങൾ
കുഞ്ഞമ്മസ്മരണകൾ രമിച്ചു തുടങ്ങി. സൂക്ക്‌ സന്ദർശനം കൂടി വരുന്നതിൽ
അനുസരിച്ചു കുഞ്ഞമ്മയുടെ വയറും വീർത്ത്‌ തുടങ്ങി. അന്വേഷണക്കമ്മീഷൻ
വാർത്ത സ്ഥിരീകരിച്ചു. കുഞ്ഞമ്മ ഗർഭിണിയാണ്‌" അസോസിയേഷൻ ഭാരവാഹികളുടെ
മനസ്സിൽ കടൽ കലിതുള്ളി. രഹസ്യവിഭാഗ പ്രവർത്തന നിരതരായി. കുഞ്ഞമ്മ
നെഞ്ചത്തു കൈവെച്ച്‌ പറഞ്ഞു"അച്ചായൻ എന്റെ ഭർത്താവാണ്‌" അങ്ങനെയാണ്‌
കുഞ്ഞമ്മ ആങ്ങളക്കുഞ്ഞമ്മയായത്‌. ആങ്ങളകുഞ്ഞമ്മയെ മനസ്സിന്റെയുള്ളിൽ
മൂന്ന്‌ തലാഖും ചൊല്ലി. പുതിയൊരു കുഞ്ഞമ്മയ്ക്കായി ഞങ്ങൾ കാത്തിരുന്നു.


       ലേബർർറൂമിന്റെ മുമ്പിൽ അച്ചായൻ ഒരുവെരുകിനെപ്പോലെ കാത്ത്‌ നിന്നു.
കർത്താവേ, കുഞ്ഞമ്മ സുഖമായി പ്രസവിക്കേണമേ. എത്രയും വേഗം രണ്ടും രണ്ട്‌
പാത്രമാക്കേണമേ" അച്ചായൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. കുഞ്ഞ്‌
ആരേപ്പോലിരിക്കും? ചുട്ടു പഴുത്തു മരുഭൂമിയിലെ ഈന്തപ്പന ഓലകൾക്കിടയിലൂടെ
കാണുന്ന സ്വർണ്ണവർണ്ണമുള്ള ഈന്തപ്പഴത്തിന്റെ നിറവും പുണ്യഭൂമിയിലെ
പരിശുദ്ധ സംസം വെള്ളത്തിന്റെ നൈർമ്മല്യവും അയാൾ കനവുകണ്ടു. പ്രാർത്ഥനദൈവം
കൈക്കൊണ്ടു. അകത്തൊരു കുഞ്ഞിന്റെ കരച്ചിൽ കുഞ്ഞമ്മ പ്രസവിച്ചു.


ആൺകുഞ്ഞ്‌, അറിയിപ്പു വന്നു. അവനെയൊന്ന്‌ കാണുവാൻ തിടുക്കമായി.
അക്ഷമനായി, വാതിൽ തുറക്കുന്നതും കാത്ത്‌ അയാൾ നിന്നു. അക്ഷമയുടെ
മൂർദ്ധന്യത്തിൽ അതാ,വാതിൽ തുറക്കപ്പെട്ടു. ഒരുഷ്ണക്കാറ്റ്‌ അയാളെക്കാൾ
അധികാരത്തോടെ മുറിയിലേക്ക്‌ തള്ളിക്കയറി. നഴ്സ്‌
കുഞ്ഞിനെ പൊക്കിക്കാണിച്ചു. അച്ചായനൊന്നു ഞെട്ടി. തലകറങ്ങുന്നു ഞാനിപ്പോൾ
വീഴുമോ, ഭിത്തിയിൽ ചാരിനിന്നു അദ്ദേഹം ആ അവിശ്വസനീയമായ കാഴ്ച കണ്ടു.
വീണ്ടും വീണ്ടും നോക്കി. വിശ്വസിക്കാനാവാതെ പകച്ചു നിന്നു. ഒരു
സോമാലിക്കുട്ടിയെപ്പോലെ കറുത്ത ശരീരവും ചുരുണ്ടമുടിയും അവന്റെ കണ്ണ്‌
അച്ചായന്റെ അറബാബിന്റെ കണ്ണുപോലെയും ചെവി അടുത്ത വീട്ടിലെ
പാലസ്തീനിയുടേതുപോലയും കൈകാലുകൾ പാകിസ്താനിയുടേതും ഞെട്ടൽ തീരുന്നതിനു
മുമ്പുതന്നെ കട്ടിലിലേക്കൊന്നു നോക്കി കുഞ്ഞമ്മയെവിടെ? കട്ടിലിൽ ഒരു വലിയ
പാസ്പോർട്ട്‌ തുറന്നു മലർന്നു കിടക്കുന്നു. ഇരച്ചുകയറിയ കാറ്റിൽ അതിന്റെ
പേജുകൾ മറഞ്ഞുകൊണ്ടിരുന്നു, എല്ലാ പേജിലും വിസ അടിച്ചിരിക്കുന്നു. എല്ലാ
രാജ്യത്തെയും ആ പേജുകൾക്ക്‌ മണ്ണിന്റെ നിറവും പുത്തൻനോട്ടിന്റെ മണവും
ഉണ്ടായിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ