14 Jan 2012

പ്രണയം



  സുധാകരൻ ചന്തവിള
     

 ജീവിതാഭിനയം

കുടുംബബന്ധങ്ങളുടെ ദൃഢത വല്ലാതെ കുറഞ്ഞുവരുന്ന കാലത്താണ്‌ നാം
ജീവിക്കുന്നത്‌. ബന്ധങ്ങൾ ഉണ്ടാകുന്ന സമയം പോലും പിരിയുവാൻ
വേണ്ടിവരുന്നില്ല എന്നതാണ്‌ അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കുടുംബം
എന്നതിന്റെ അർത്ഥമെന്ത്‌? ജീവിതത്തിന്റെ ധർമ്മമെന്ത്‌? എന്നിങ്ങനെയുള്ള
നിരവധി ചോദ്യങ്ങൾ ഇന്ന്‌ പുതുതായി ഉയർന്നുകൊണ്ടിരിക്കുന്നു. നാം
ധരിച്ചുവച്ചിട്ടുള്ള ജീവിതരീതികളും നിർവ്വചനങ്ങളും മാറപ്പെടുകയോ
മാറ്റപ്പെടുകയോ ചെയ്യുന്നു.

       അറിവിന്റെ ആധിക്യം കൊണ്ട്‌ ഉണ്ടാകേണ്ട അവബോധം ദാമ്പത്യത്തിന്റെ
അടിത്തറയാകുന്നില്ല എന്നതാണ്‌ ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത്‌.
പഴയ കാലത്തേതിൽനിന്നു വ്യത്യസ്തമായി, ഇപ്പോൾ സ്ത്രീ-പുരുഷന്മാർ വേണ്ടത്ര
വിദ്യാസമ്പന്നരാണ്‌. തുല്യതയുടെ തുലാസിൽ തൂങ്ങി ജീവിക്കേണ്ടുന്ന
ദമ്പതിമാർ പലപ്പോഴും തുല്യതയുടെ കയറിൽ കുരുങ്ങേണ്ടിവരുന്ന
സാഹചര്യാണുള്ളത്‌.
       "ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ
       ഉഴിഞ്ഞാലാക്കിത്തീർക്കാൻകഴിഞ്
ഞതല്ലേ ജയം"-എന്നാണല്ലോ കവിവാക്യം.
ഉയിരിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കയർ കൊണ്ട്‌ ഉഞ്ഞാലുണ്ടാക്കാൻ
കഴിഞ്ഞാൽ അത്‌ വൻവിജയമാണ്‌. സ്നേഹിച്ചും അറിഞ്ഞും ചിന്തിച്ചും
പങ്കുവച്ചും കഴിയേണ്ടുന്ന ജീവിതത്തെ നിമിഷനേരംകൊണ്ട്‌ ഉപയോഗിച്ച്‌
വലിച്ചെറിയുന്ന ഐസ്ക്രീം പോലെ വിനിയോഗിക്കണോ?

       നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും ഉണ്ടാകുന്നത്‌
വിവാഹമോചനത്തിനുവേണ്ടിയാണെന്നു തോന്നും. എന്താണ്‌ ഇത്രയ്ക്ക്‌
വിവാഹമോചനക്കേസുകൾ ഉണ്ടാകാൻ കാരണം? ഏതുതരം മനുഷ്യരിലാണ്‌ വിവാഹമോചനം
കൂടുതൽ ഉണ്ടാകുന്നത്‌? ഇതെല്ലാം വേവ്വേറെ പഠിക്കപ്പെടേണ്ടുന്ന
വിഷയങ്ങളാണ്‌. സാമാന്യമായ അന്വേഷണത്തിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും
നിശ്ചിതവരുമാനക്കാരുമായവരിലാണ്‌ വിവാഹമോചനം കൂടുതലായി ഉണ്ടാകുന്നതെന്നു
കാണാം. പണം, പദവി, തുല്യതകളെക്കുറിച്ചുള്ള അഹംഭാവജഢിലമായ മാനസികാവസ്ഥ,
പരസ്പരം മനസ്സിലാക്കാത്ത സ്വഭാവഗരിമ ഇങ്ങനെ എണ്ണിപ്പറയാൻ
നിരവധികാരണങ്ങളുണ്ട്‌. സർവ്വോപരി പുറമേ എല്ലാം ഭദ്രമാണെന്നു പറയുന്ന
ഇത്തരക്കാരിൽ അകമേ  നീറുന്ന പ്രധാനപ്രശ്നം ലിംഗപരമായ
അടുപ്പമില്ലായ്മയാണെന്നും കാണാം.

       കുടുംബം, കുട്ടികൾ, ഉദ്ദ്യോഗം ഇങ്ങനെ സമയബന്ധിതമായി ജീവിക്കുന്ന
ആധുനികജീവിതചുറ്റുപാടിൽ  ഇത്തിരി ആശ്വസിക്കാൻ, സല്ലപിക്കാൻ
ഭാര്യാഭർത്താക്കന്മാർക്ക്‌ സമയമില്ല. ഒന്നിനും സമയമില്ലാതെ തീവണ്ടിപോലെ
അവർ പായുന്നു. കഴിയുന്നതും അവർ ഇരുമുറികളിലിരുന്ന്‌ സെൽഫോണിലൂടെ
ആശയവിനിമയം ചെയ്യുന്ന സ്ഥിതിവരെയെത്തിയിട്ടുണ്ട്‌. കുട്ടികൾ
അച്ഛനമ്മമാരോടും അച്ഛനമ്മമാർ കുട്ടികളോടും ഇടപഴകുന്ന
കുടുംബാന്തരീക്ഷങ്ങളുടെ കുറവ്‌ നമ്മുടെ പുതിയ സമൂഹത്തെ വല്ലാതെ
സ്നേഹരഹിതമാക്കുന്നു.

       വിവാഹത്തോടെ സ്ത്രീപുരുഷന്മാരിൽ പൊതുവിൽ ചിലമാറ്റങ്ങൾ ഉണ്ടാകുന്നു. അതിൽ
പ്രധാനം സ്വാർത്ഥത വർദ്ധിക്കുന്നു എന്നുള്ളതാണ്‌. മാത്രമല്ല ഇന്നലെവരെ
സ്നേഹിച്ചിരുന്ന-ബഹുമാനിച്ചിരുന്ന മാതാപിതാക്കളെ വിട്ടകളാണും പിണങ്ങാനും
ഇടയാകുന്നു. കൂട്ടുകുടുംബജീവിതമാണെങ്കിൽ വളരെവേഗത്തിൽ ഇതുസംഭവിക്കുന്നു.
വിവാഹത്തോടെ പല പുരുഷന്മാരും പരിമിതപ്പെടുന്നു. "വീടാം കൂട്ടിൽ കുടുങ്ങും
തത്തമ്മകൾ" എന്ന്‌ സ്ത്രീകളെക്കുറിച്ചു പണ്ടുപറഞ്ഞിരുന്ന അവസ്ഥയാണ്‌
ഇന്ന്‌ പല പുരുഷന്മാർക്കും സംഭവിക്കുന്നത്‌. പലപ്പോഴും പലരും
പറഞ്ഞുകേൾക്കാറുണ്ട്‌: "വിവാഹത്തോടെ അയാൾ വല്ലാതെ ഒതുങ്ങിപ്പോയി"എന്ന്‌.
എന്നാൽ ഇങ്ങനെ സ്ത്രീകളെക്കുറിച്ച്‌ പറയാറില്ല. മാത്രമല്ല വിവാഹത്തോടെ
സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യമുള്ളവരും തന്റേടമുള്ളവരുമായി
മാറുകകൂടിചെയ്യുന്നതായി കാണാം. ഇത്‌ നമ്മുടെ നാട്ടിലെ ഫെമിനിസക്കാർ
സമ്മതിക്കിക്കണമെന്നില്ല.

       ഒരുപക്ഷേ നിയമങ്ങൾ സ്ത്രീക്കനുകൂലമായി തീരുന്നതുകൊണ്ടാകാം, ശൂരത്വമുള്ള
പുരുഷന്മാർ പോലും വിവാഹാനന്തരം സമാധാനപ്രിയരാകുന്നത്‌. സ്ത്രീകളാകട്ടെ
നിയമങ്ങളുടെ സാധുത തങ്ങൾക്കുണ്ടെന്ന അഹംഭാവവും ക്ഷമയില്ലായ്മയും
മുഖവിലയാക്കുന്നു. സൂക്ഷ്മാന്വേഷണത്തിൽ പല കുടുംബങ്ങളിലും ഇപ്പോൾ
സംഭവിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക്‌ കാരണം സ്ത്രീകളുടെ
അനവസരത്തിലുള്ള ഇടപെടലുകളും പുരുഷനെ മനസ്സിലാക്കാത്തതുവഴിയണ്ടാകുന്ന
വീഴ്ചയുമാണെന്ന്‌ ബോധ്യപ്പെടും.

       സ്നേഹം, പ്രേമം എന്നത്തെല്ലാം അൽപായുസ്സുള്ള വാക്കുകളായി മാറി. ദീർഘനാൾ
പ്രേമിച്ചുനടന്നവർ വിവാഹം കഴിച്ചശേഷം വളരെപ്പെട്ടെന്ന്‌
തെറ്റിപ്പിരിയുന്നത്‌ കാണാം.  ഇതിനായിരുന്നോ ഇവർ ഇത്രനാൾ
പ്രേമിച്ചതെന്ന്‌ ചിലരെങ്കിലും പറഞ്ഞേക്കാം. അടുപ്പമെന്നത്‌
ശരീരങ്ങളുടേതുമാത്രമല്ല; മനസ്സിന്റേതാണ്‌ എന്ന തിരിച്ചറിവ്‌ ഇവർക്ക്‌
ഉണ്ടാകുന്നില്ല. പുറംമോടിയല്ല ജീവിതം, അകംമോടിയാണ്‌. ഇതിനെയാണ്‌ പഴമക്കാർ
അടക്കവും ഒതുക്കവും എന്നെല്ലാം പറയുന്നത്‌. ആര്‌ ആരെ അനുസരിക്കണം
എന്നതാണ്‌ ഇവിടത്തെ പ്രശ്നം. സ്ത്രീ പുരുഷനെ പൂർണ്ണമായി അനുസരിച്ചാൽ അത്‌
അടിമത്തമാണെന്ന്‌ ഫെമിനിസ്റ്റുകൾ പറയും. പുരുഷൻ സ്ത്രീയെ അനുസരിച്ചാൽ
അത്‌ പൗരുഷമില്ലായ്മയാണെന്ന്‌ മുദ്രകുത്തപ്പെടും. മിക്കവാറും
സ്ത്രീകൾപോലും ഇത്‌ പറയാറുണ്ട്‌. പരസ്പരം അംഗീകരിക്കുകയും അറിയുകയും
സ്നേഹിക്കുകയും ചെയ്യുകയാണ്‌ ഒരു യഥാർത്ഥ കുടുംബവിജയത്തിനാധാരം.

        ഇരയുടെ ദാഹംപോലെ ഇണയുടെ മോഹവും അറിയണം. ഇത്‌ ശരീരദാഹം മാത്രമല്ല,
ജീവിതത്തിന്റെ ആകെയുള്ള ചലനങ്ങളുടെ, ആവേഗങ്ങളുടെ ആത്മശ്രുതികൂടിയാണ്‌.
പുസ്തകത്തിൽ നിന്നുപഠിക്കുന്നതല്ല ജീവിതമെന്ന്‌ അറിയണം. പുറത്തുനിന്നും
അകത്തുനിന്നും അറിയുന്ന അറിവുകളുടെ അനുരഞ്ജനമാണ്‌ ജീവിതത്തിന്റെ താളം
ചിട്ടപ്പെടുത്തുന്നത്‌. ഇത്‌ അനുഭവിക്കാൻ എല്ലാവർക്കും എപ്പോഴും
സാധ്യമല്ല. ചിലർക്കെല്ലാം കുറച്ചൊക്കെ കഴിയുന്നു എന്നു മാത്രം.
അധികംപേരും പുറത്തറിയാതെ, അറിയിക്കാതെ അഭിനയിക്കുന്നു.  ഇങ്ങനെ
അഭിനയിക്കാൻ കഴിയുന്നതുകൊണ്ടാണ്‌ പലരുടെയും ജീവിതനാടകത്തിന്റെ തിരശ്ശീല
വേഗത്തിൽ വീഴാത്തത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...