എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ


പ്രഫുല്ലൻ തൃപ്പൂണിത്തുറ
1.

ഭാരതത്തിൽ ജനിച്ചാൽ അഞ്ചുകാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്നാണ്‌ പഴമൊഴി.
അതു ഹിമാലയംകാണണം, ഗംഗയിൽ സ്നാനം ചെയ്യണം. ഭഗവത്ഗീത പഠിയ്ക്കണം, രാമായണം
വായിക്കണം, ഭാഗവതം കേൾക്കളം എന്നിവയാണ്‌.

       ലോകത്തിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റു പർവ്വതനിരകൾ ഹിമാലയത്തിലാണെന്നും
ഹിമാലയം ഭാരതത്തിന്റെ ഉത്തരാതിർത്തിയാണെന്നും നാം പഠിച്ചിട്ടുണ്ടല്ലോ!
ഹിമാലയം വെറുമൊരു പർവ്വതരാജൻ മാത്രമല്ല. മഹത്തായൊരു സംസ്കൃതിയുടെ ഭാഗവും
പ്രതീകവും കൂടിയാണ്‌. സ്കന്ദപുരാണരചനയ്ക്ക്‌ വ്യാസമാമുനിയ്ക്കും,
കുമാരസംഭവത്തിനു മഹാകവി കാളിദാസനും, ഗീതാജ്ഞലിയ്ക്കു മഹാകവി
രവീന്ദ്രനാഥടാഗോറിനും പുണ്യപ്രചോദനം നൽകിയിട്ടുണ്ട്‌ ഈ ഗിരിശൃംഘങ്ങളും
സാനുക്കളും. ഈ പ്രകൃതിരമണീയമായ ഗിരിശൈലങ്ങളോടനുബന്ധിച്ച്‌ ആകാശത്തു
മാത്രം ജീവിയ്ക്കുന്ന നിലാവുഭക്ഷിച്ചു ജീവൻ നിലനിർത്തുന്ന പ്രണയത്തിന്റെ
പ്രതീകമായ പ്രേമചകോരം മുതൽ, ചിറകുള്ള പർവ്വതങ്ങളും, അത്ഭുതസിദ്ധിയുള്ള
ഔഷധച്ചെടികളും വൃക്ഷങ്ങളുംവരെ നിരവധി അത്യത്ഭുതങ്ങളുണ്ടെന്നാണു
പറയപ്പെടുന്നത്‌.

       ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും, പഞ്ചപാണ്ഡവന്മാരും കൗരവരും മുതൽ അനേകർ
അവരവരുടെ സാന്നിദ്ധ്യംകൊണ്ട്‌  ഓരോഘട്ടത്തിൽ ഹിമാലയപ്രാന്തങ്ങൾ
വർണ്ണപൂർണ്ണമാക്കിയിട്ടുണ്ട്‌.

       ഹിമാലയം കാണണമെങ്കിൽ അതിനുള്ള പണവും ആരോഗ്യവും മാത്രം പോര. ഭാഗ്യം തന്നെ
വേണം. എങ്കിലേ തീർത്ഥാടനത്തിനുസാധിയ്ക്കയുള്ളു എന്നതാണനുഭവം. അല്ലെങ്കിൽ
തീർച്ചയായും എന്തെങ്കിലും തടസ്സംവന്നുപെടും. എനിയ്ക്ക്‌ തീർത്ഥാടനം
തീരുമാനിച്ചപ്പോൾ മുതൽ യാതൊരു തടസ്സവും ഉണ്ടായില്ല. ഋതുഭേദങ്ങളുടെ
കാലാവസ്ഥാവ്യതിയാനങ്ങളും പെട്ടെന്നു ബാധിയ്ക്കാറുള്ള എനിയ്ക്കു യാത്രയിൽ
ഒരു ജലദോഷംപോലും വന്നുപെട്ടില്ല. എന്നെ ഈ തീർത്ഥാടനത്തിനു
പ്രേരിപ്പിച്ചതും, നിർബന്ധിച്ചതും എന്റെ സഹപാഠിയും സുഹൃത്തും, ഔദ്യോഗിക
ജീവിതത്തിനുശേഷം ഏതാണ്ടു പത്തുവർഷത്തോളം എന്റെ ബോസും ആയിരുന്ന പ്രസിദ്ധ
വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.പി.എൻ.ജോബാണ്‌. അദ്ദേഹത്തിനു
കൃതജ്ഞത നേർന്നുകൊണ്ടാണ്‌ ഞാനീ യാത്രാ സ്മരണ തുടങ്ങുന്നത്‌.

       ഒറ്റപ്പാലത്തുള്ള ദാമോദരസ്വാമിയുടെ ട്രാവൽപാക്കേജിൽ ജോബസാറും,
അദ്ദേഹത്തിന്റെ മൂത്തസഹോദരി മിഹിര ടീച്ചറും, കായംകുളത്തുകാരൻ കൊല്ലംതറ
ഇ.കെ.രാജേന്ദ്രനും ഞാനുമാണ്‌ എറണാകുളത്തുനിന്നും പുറപ്പെട്ടത്‌. വേറെ 18
പേർ തൃശൂരിൽ നിന്നുമാണ്‌ സംഘത്തോടുചേർന്നത്‌.
ബദരിനാഥ്

       2011 സെപ്തംബർ 15 ന്‌ കെ.കെ.എക്സ്പ്രസ്സിൽ എറണാകുളത്തുനിന്നും ഞങ്ങൾ
യാത്രയാരംഭിച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ ഭാരതത്തലസ്ഥാനത്തെത്തി.
ജോബ്സാറിന്റെ ഇളയസഹോദരിയും ഭർത്താവും ഡൽഹിയിൽ ജോലിയുള്ള അവരുടെ ഡോക്ടറായ മകളും ഡോക്ടറുടെ ഭർത്താവായ വലിയ ഉദ്യോഗസ്ഥനും ഡൽഹിയിൽ
താമസമുണ്ടായിരുന്നു. അവരുടെ അതിഥികളായി ആ പകൽ ഞങ്ങൾ ഡൽഹിയിൽ കഴിച്ചു
കൂട്ടി.

       ന്യൂഡൽഹി റയിൽവേസ്റ്റേഷനും വിമാനത്താവളവും ഹരിയാനാ അതിർത്തിവരെയുള്ള
നാലുവരിപ്പാതയും  അതീവമനോഹരമാണ്‌. കാൽ നടക്കാർക്കും ഇരുചക്രവാഹനത്തിനും
പ്രവേശനമില്ലാത്ത വലിയറോഡിലൂടെ ഞങ്ങളുടെ സ്വകാര്യകാർ പറന്നു.
ന്യൂഡൽഹിയിലെ റോഡുകൾ അതീവമനോഹരം. മനോഹരമായ വലിയ പൂമരങ്ങളും ചെടികളും
അതിരിട്ടു സൂക്ഷിയ്ക്കുന്നവയാണു ആ റോഡുകൾ. അതുപോലെ തന്നെ ന്യൂഡൽഹിയിലെ
വഴിയരുകിലെ ഓരോ മതിൽക്കെട്ടും ശരാശരി ഒരേക്കർ വിസ്തീർണ്ണമുള്ളതാണ്‌.
അവിടെ ദേശീയ രാഷ്ട്രീയകക്ഷികളുടെ ആസ്ഥാനങ്ങളും, ബാങ്കുകളുടേയും
മറ്റുസ്ഥാപനങ്ങളുടേയും ഹെഡ്ക്വാർട്ടേഷ്സുകളും വളരെ മനോഹരമായ കാഴ്ചതന്നെ
യാത്രക്കാർക്കു നൽകുന്നു. ഒട്ടും സ്ഥലമില്ലാത്ത കേരളത്തിൽ നിന്നും
പ്രത്യേകിച്ച്‌ എറണാകുളത്തുനിന്നും എത്തുന്നവർക്കു വേണ്ടത്ര
സ്ഥലസൗകര്യമുള്ള 'ന്യൂഡൽഹി' അത്യന്തം ആകർഷകമായി അനുഭവപ്പെടുന്നു.

       ഡൽഹിയിലെ പഴയ 'സരായ്‌ രോഹില" റയിൽവേസ്റ്റേഷനിൽ നിന്നാണ്‌ ഹരിദ്വാർ
ഭാഗത്തേയ്ക്കുള്ള എക്സ്പ്രസ്‌ തീവണ്ടി പുറപ്പെടുന്നത്‌. ഏതാണ്ട്‌
ഒരുരണ്ടുനിലകെട്ടിടത്തിന്റെയത്ര ഉയരത്തിലാണ്‌ ഈ പഴയ സ്റ്റേഷൻ
നിൽക്കുന്നത്‌ അവിടേയ്ക്കു കയറിപ്പറ്റാനും വീണ്ടും ഇറങ്ങി ട്രയിനിൽ
കയറാനും അത്യദ്ധ്വാനം വേണ്ടിവന്നു. സ്റ്റേഷനും സ്റ്റേഷനിലേയ്ക്കെത്തുന്ന
റോഡും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായി കിടക്കുന്നു.

       ഡൽഹിയിലെ പലഭാഗത്തും ഏറ്റവും വില കുറഞ്ഞ ചായ കിട്ടുന്ന മാടക്കടകളും
അതിനോടു ചേർന്ന നമ്മുടെ ഗ്രാമങ്ങളിൽപ്പോലും ഇല്ലാത്തവിധം
ചുമരിനോടുചേർത്തിട്ടിരിയ്ക്കുന്
ന രണ്ടും മൂന്നും കാലുള്ള ഇരുമ്പു
കസേരകളുമുള്ള ഓപ്പൺ എയർ ബാർബർ ഷോപ്പുകളും കാണാം. ഇന്ദ്രപ്രസ്ഥത്തിന്റെ
തനിരൂപം ഇതാണോ! ഇതു ചിന്തിച്ചുകൊണ്ടു നിൽക്കുമ്പോൾ മുകളിലൂടെ മനോഹരമായ
മെട്രോ ട്രെയിൻ കടന്നുപോയി. വൈരുദ്ധ്യങ്ങളുടെ തലസ്ഥാനനഗരി!
       പക്ഷേ പൗരാണികഭാവങ്ങൾ ചിന്തിയ്ക്കുമ്പോൾ ഡൽഹിപഴയ ഇന്ദ്രപ്രസ്ഥംതന്നെ.
(തുടരും...)

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ