ഡി.ബി.അജിത്കുമാർ
മതിലുകൾക്കെല്ലാംമീതേ
ഒത്തിരി നിറമുള്ളൊരു പൂവ്
കാറ്റേറ്റ് വെളിച്ചമാവുന്നുണ്ട്
അത്തറും കണ്ണീരുംവീണ്
പിഞ്ഞിയ കടലാസ്സിലും
തെളിഞ്ഞുതൂവുന്നുണ്ട്
ദൂരെ, ഒറ്റയ്ക്കൊരു നക്ഷത്രമായ
നിന്റെ പ്രണയം
ഉന്മാദത്തിന്റെ വിശുദ്ധരാവുകളിൽ
ദൈവത്തെ കഥപറഞ്ഞുറക്കി
കാണാമറയത്തേക്കുനടക്കുമ്പോൾ
ആരോ ചോദിക്കുന്നുണ്ട്
വാക്കുകളിൽ പൊടിഞ്ഞുനിൽക്കുന്നത്
ചോരയോ
കണ്ണീരോ
അതോ തൂനിലാവോയെന്ന്.
എങ്കിലും നീ
പ്രേമസുരഭിലമായ
സ്വന്തം ചെമ്പരത്തിപ്പൂവ്
ഹൃദയത്തിൽ നിന്ന് പറിച്ചെടുത്ത്
അതിരുകളില്ലാത്ത മനുഷ്യരുടെ
വേദനയിലേക്ക് വലിച്ചെറിഞ്ഞു
കാറ്റൊഴിഞ്ഞ പായ്ക്കപ്പുമായ്
കണ്ണീരോളം ആഴത്തിൽ
ചെകുത്താനും ചെകുത്താനുമൊപ്പം
തുഴയെറിഞ്ഞ് തുഴയെറിഞ്ഞ്
നീ തോൽപ്പിച്ചുകളഞ്ഞു
അനന്തമായ കാലത്തെ
ഉള്ളം കയ്യിലെ
പൊരികടലയാക്കി കൊറിച്ചു രസിച്ചു.
പ്രപഞ്ചത്തിലെ സകലജീവജാലങ്ങളേയും
ഒറ്റമുറിയിലിട്ട് പൂട്ടിക്കളിച്ചു.
അണ്ഡകടാഹമായ മാഞ്ചുവട്ടിൽപ്പതിഞ്ഞ
നിഴലുംചാരിയുള്ള
നിന്റെ ഇരുപ്പ്
നിന്റെ കിടപ്പ്
വരച്ചും മായ്ച്ചും
മതിയാവാതെമറന്നുപോകുന്നു, ഞാൻ
മതിലുകൾക്കെല്ലാം മീതെ
ഒത്തിരി നിറമുള്ളൊരു പൂവ്
കാറ്റേറ്റ് വെളിച്ചമാവുന്നുണ്ട്
ഇപ്പോഴും.