14 Jan 2012

വീടെത്തും വരെ


അശോകൻ അഞ്ചത്ത്‌

രാത്രിയുടെ നരച്ച ഇരുട്ടിലേക്ക്‌ അയാളെ തള്ളിയിട്ടാണ്‌
വണ്ടികടന്നുപോയത്‌. അതും ഡ്രൈവറുടെയും, കിളിയുടെയും ഒരു
ഔദാര്യമായിരുന്നു. കിളി അപ്പോൾ വാസ്തവത്തിൽ ഉറക്കം തൂങ്ങുകയായിരുന്നു.
ഡ്രൈവർ ഉറക്കം വരുന്ന മിഴികളെ മനസ്സിൽ ശാസിച്ച്‌ ഡ്രൈവിങ്ങിൽ മാത്രം സദാ
ശ്രദ്ധിക്കുവാൻ പാടുപെടുന്നത്‌ അയാൾക്കറിയാമായിരുന്നു. പ്രസിദ്ധമായ
പട്ടണം പിന്നിട്ടപ്പോൾ തന്നെ അയാൾ ഇറങ്ങാൻ തയ്യാറെടുത്തു. വണ്ടി
പീടികകളുടെ ഗ്യാസ്‌ ലൈറ്റുകളുടെ ചൂടിലേക്ക്‌ വലിഞ്ഞു വലിഞ്ഞു നിൽക്കുന്ന
ചായകുടിക്കാർ. ഉറക്കം തൂങ്ങി നിൽക്കുന്ന നഗരസഭാ വിളക്കുകൾ. അതുകഴിഞ്ഞാൽ
വനിതാകോളേജ്‌ ജംഗ്ഷൻ. പിന്നീട്‌ ഗ്രാമം തുടങ്ങുന്നു. പച്ചപ്പുകൾ
പൊട്ടിപൊളിഞ്ഞ റോഡുകൾ-കപ്പേള-ഇരുട്ട്‌ - എവിടെ എന്റെ പഴയ നടച്ചാലുകൾ.
       ആൽത്തറയും, മാക്കുണ്ണിച്ചോന്റെ കാളവണ്ടിപ്പുര നിന്നിടത്തെ വൈദ്യുതി
ടവറും കണ്ടപ്പോൾ അയാളുടെ നെഞ്ചിൽ ഒരു കീറ്‌ വെട്ടം വീണു. ദൈവമേ...എന്റെ
ഗ്രാമം... അടയാളങ്ങൾ...എന്റെ നെടുവീർപ്പുകൾ...
ഇറങ്ങണം...ഇറങ്ങണം...അയാൾ വിളിച്ചുകൂവി.
അവിടിരിക്കടാ തമ്പി...ആയിട്ടില്ല...ഡ്രൈവർ ദേഷ്യംവരുന്നതുപോലെ പറഞ്ഞു.
കിളി ഒന്നും അറിഞ്ഞിട്ടില്ല. ഉറക്കത്തിന്റെ ആഴക്കയങ്ങളിലാണ്‌. വണ്ടിയുടെ
മുരൾച്ച ഒരാർത്തനാദംപോലെ തോന്നിച്ചു.
ഇറങ്ങണം.
അയാൾ ഡ്രൈവറുടെ കൈയ്യിൽ പിടിച്ചു.
ഏയ്‌ ചിന്നതമ്പി - ആ ഡോർതുറന്നു കൊടടാ...ഡ്രൈവർ പിന്നീട്‌ ശബ്ദമുയർത്തി.
ഉറക്കത്തിലായിരുന്ന കിളി ചാടി പിടഞ്ഞെഴുന്നേറ്റു.
എന്താ സാർ ഇത്‌? തൂക്കം ശരീയാവാതെ...ച്ചേ...
വണ്ടി പതുക്കെ നിന്നു. കിളി വാതിൽ തുറന്നു. അയാൾ കിളിയെ കവച്ചുവച്ച്‌
താഴേക്കുചാടി. നിലത്തിന്റെ തണുപ്പ്‌...അനാദിയായ കാലത്തിന്റെ തണുപ്പ്‌.
ഡോറടയുന്ന ശബ്ദം. വണ്ടി വീണ്ടും വേഗമെടുക്കുന്നു. കീശയിൽ ഉണ്ടായിരുന്ന
നക്കാപിച്ചയിൽ നിന്ന്‌ നാൽപതുരൂപ കയറിയപ്പോൾ തന്നെ കിളി കണക്കു പറഞ്ഞ്‌
വാങ്ങിച്ചു. അതുകൊണ്ട്‌ വണ്ടിക്കാശിന്റെ കാര്യത്തിൽ തർക്കമുണ്ടായില്ല.

       റോഡുവക്കത്തുനിന്ന്‌ അയാൾ കിതച്ചു. ഇരുട്ടാണ്‌...
എവിടെയാണ്‌ വഴിയുടെ പടിഞ്ഞാറോട്ടുള്ള ശാഖ? എവിടെയാണ്‌
പൊട്ടിപൊളിഞ്ഞറോഡ്‌? എവിടെയാണ്‌ സ്വപ്നങ്ങളുടെ ആർദ്രത?
മുന്നിൽ ഒരു വിളക്കിന്റെ നാളം ആടിയുലയുന്നതായി തോന്നി.
ഏയ്‌...ഏയ്‌...അയാൾ വിലപിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി. വിളക്കിൻ നാളം
നിന്നു. അയാൾ വിളക്കു പിടിച്ചിരിക്കുന്ന കൈപ്പടം മാത്രം കണ്ടു.
വെള്ളിരോമങ്ങൾ നിറഞ്ഞ വയസ്സൻ കൈ? നായരങ്ങാടിയിലേക്കാണോ? അയാൾ ശബ്ദം
മയപ്പെടുത്തി ചോദിച്ചു.
പോന്നോളൂ. ആകാശത്തിന്റെ അനന്തത്തയിൽ നിന്നുള്ള ശബ്ദം പോലെ മറുപടിയുണ്ടായി.
മെതിയടിയുടെ ശബ്ദം മുന്നിൽ വീണുകൊണ്ടിരുന്നു. അയാൾ ആവൂ എന്ന ആശ്വാസത്തോടെ
വെളിച്ചത്തിനു പിന്നാലെ നടക്കാൻ തുടങ്ങി. വാറുപൊട്ടിയ ബാഗ്‌ ഒന്നമർത്തി
പിടിച്ചു.
ചീവീടുകൾ നിരന്തരം കരയുകയാണ്‌. ഗ്രാമത്തിൽ എപ്പോഴോ മഴ പെയ്തിരുന്നു എന്നു
തോന്നിപ്പിച്ചു. പട്ടണത്തിലെ വെളിച്ചെണ്ണ മില്ലിലെ യന്ത്രത്തിന്റെ
മുരൾച്ചയും രാത്രിയുടെ മൗനത്തിന്‌ വിള്ളലുണ്ടാക്കുന്നു.
അയാൾ ഗ്രാമത്തെ പകപ്പോടെ നോക്കി. ഏഴര വർഷങ്ങൾ? ഏഴരവർഷങ്ങളോളം അന്യമായി
നിന്ന ഗ്രാമം. മാക്കുണ്ണിച്ചോന്റെ കാളവണ്ടി പുര നിന്നിടത്ത്‌ ഇലക്ട്രിക്‌
ടവറാണ്‌. വക്കീലിന്റെ പറമ്പിൽ സബ്സ്റ്റേഷൻ കെട്ടിടം.
മഹാനഗരത്തിന്റെ തിരക്കിൽവച്ച്‌ ഒരു മിന്നായം പോലെ ഇവിടുത്തുകാരിലാരെയോ
കണ്ടപ്പോൾ ഒറ്റനിമിഷം കൊണ്ട്‌ എത്രയെത്ര കാര്യങ്ങളാണ്‌ പറഞ്ഞത്‌.
കൂട്ടത്തിൽ ഇതും. യൂണിയൻ കാർ ഇരിക്കാറുള്ള ബസ്‌ സ്റ്റോപ്പ്‌ കെട്ടിടം
ചെളിപിടിച്ചിരിക്കുന്നു. അവിടവിടെ തെരഞ്ഞെടുപ്പിന്റെയും,
ഉത്സവാഘോഷങ്ങളുടെയും, നോട്ടീസുകൾ പതിച്ചിരിക്കുന്നു. കോലോത്തുപുരയ്ക്കൽ
പറമ്പിലെ കവുങ്ങിൻ തലപ്പുകളിൽ കാറ്റുപിടിക്കുന്ന ശബ്ദം. വയസ്സന്റെ
കൈയ്യിലെ വിളക്കിൻ നാളം ഒന്നുലഞ്ഞു. കയ്യിൽ പടർന്ന, ചുക്കിചുളിഞ്ഞ
തൊലിയുടെ ഇഷ്ടപ്പെടാത്ത നാറ്റം അയാൾ ശ്വസിച്ചു.
അപ്പോ എവിട്യാണ്‌ വീട്‌...?
അയാൾ വായിലെ വെള്ളം വറ്റിപോകാതിരിക്കാൻ വേണ്ടി സംസാരിച്ചു. മറുപടിയില്ല.
ഏയ്‌ വീടെവിടെയാണ്‌...? ശബ്ദം കൂടിപോയെന്ന്‌ അയാൾക്കു തോന്നി.
ശ്‌...പതുക്കെ. വിളക്കു പിടിച്ചു കൈ വായുവിൽ ഉയർന്നു. അയാൾ അൽപം ഭയന്നു.
വൃദ്ധന്റെ നീട്ടിപിടിച്ച കൈ മാത്രമാണ്‌ കാണപ്പെടുന്നത്‌. തന്റെ
വഴിച്ചാലിലെ കയ്യും, മുള്ളും കണ്ട്‌ ഒഴിഞ്ഞു നടക്കാനാണ്‌  വിളക്ക്‌ ഇത്ര
നീട്ടിപിടിച്ചിരിക്കുന്നതെന്ന്‌ അയാൾക്കുതോന്നി.
വൃദ്ധനൊന്നും സംസാരിക്കാതിരുന്നപ്പോൾ അയാൾക്കു ഭയം തോന്നി. വിരസതകൾ
അകറ്റാൻ വേണ്ടി അയാൾ പിറുപിറുത്തു.
തീവണ്ടിക്ക്‌ വരാൻ കാശുണ്ടായില്ല. നടന്നും ഓടിയും, ലോറിയിൽ കയറിയും
തെറികേട്ടും ഒക്കെയാണ്‌ എത്തിയത്‌.
വൃദ്ധൻ സാവധാനം മൂളുന്നതു കേട്ടു.
കുട്ടമ്മാവന്റെ ശാപമല്ലേതലയിൽ വീണു കിടക്കുന്നത്‌? എങ്ങിനെ ഗതികിട്ടാൻ...
മഹാനഗരത്തിൽ പൈപ്പ്‌ വെള്ളം കുടിച്ചും, ഹോട്ടലിലെ എച്ചിലില പെറുക്കിയും.
എന്തെ മോൻ നന്നാവാത്തത്‌? വൃദ്ധൻ ചോദിച്ചെന്നു തോന്നി. അയാൾ
വീടിനെക്കുറിച്ചോർക്കാൻ തുടങ്ങി.
ചാണകം മെഴുകിയനിലത്ത്‌ നിരന്നു കിടക്കുന്ന അമ്മയും പെങ്ങന്മാരും ആകെയുള്ള
ഒരു മുറിയാണ്‌. വരാന്തയിൽ ഒരറ്റത്ത്‌ അച്ഛൻ. മറ്റേ അറ്റത്ത്‌ മകൻ.
അതിനപ്പുറത്ത്‌ ആട്ടിൻ കൂട്‌.
തറവാട്ടിൽ നിന്നിറങ്ങിപോന്നതിനുശേഷം അച്ഛന്‌ ഇത്രയൊക്കെയെ
ഉണ്ടാക്കിവയ്ക്കാൻ കഴിഞ്ഞുള്ളൂ.
രാമൻനായര്‌ എന്തുവിചാരിച്ചിട്ടാ ഇങ്ങനെ നടക്കണത്‌...? രണ്ട്‌
പെങ്കുട്ട്യോളാ നിങ്ങൾക്ക്‌... ഓർമ്മവേണം. തറവാടിന്റെ കിഴക്കെപ്പുറത്ത്‌
നിന്ന്‌ കുട്ടമ്മാൻ ഗർജ്ജിക്കുകയാണ്‌.

ഞാനെന്താ ചെയ്യേണ്ടത്‌...കാർന്നോരു പറയൂ. അച്ഛൻ തല ചൊറിഞ്ഞു.
അല്ല-മനയ്ക്കലെ കാര്യസ്ഥ പറഞ്ഞും കൊണ്ട്‌ നടന്നാ ആ കുട്ട്യോൾടെ കാര്യം
കഷ്ടാവില്ലേ...അവറ്റയ്ക്ക്‌ ഒരാലോചനവന്നാൽ.
എനിക്ക്‌ ഈ പണി മാത്രേ അറിയൂ. അച്ഛന്റെ കാലം തൊട്ട്‌ കൈ മാറി തന്നതാണ്‌.
എന്നാ തറവാട്ടീന്ന്‌ മാറാൻ നോക്ക്വാ... വല്ലപ്പോഴും മാത്രം വന്നുകയറുന്ന
നിങ്ങള്‌ മാധവിക്കും, കുട്ടികൾക്കും വേണ്ടി ഞാൻ
ചെലവാക്കണേനെക്കുറിച്ചറിയണുണ്ടോ
? എനിക്ക്‌ പറ്റാണ്ടായി...
അതുവെറുതെയായിരുന്നു. നെൽകൃഷിം, അത്യാവശ്യത്തിനു മാന്ത്രവാദോം അറിയുന്ന
കുട്ടമ്മാന്‌ പണത്തിനു ബുദ്ധിമുട്ടോ...?
അച്ഛൻ മിണ്ടുന്നില്ല. പെങ്ങന്മാർ വാതിലിനു പിന്നിലാണ്‌. എട്ടാം
ക്ലാസ്സുകാരനായ ഞാൻ ഇറയത്ത്‌ ദേഷ്യം പിടിച്ചു നിന്നു.
-ടെ, നിക്കണം. ഒരു കൊമ്പറാകൊള്ളാ...പന്തുകളിച്ച്‌, പന്തുകളിച്ച്‌ എന്റെ
രണ്ടു ജനാലേടെ ചില്ലാ ഇന്നലെ പൊട്ടിച്ചതു.
കുട്ടമ്മാന്റെ എരിയുന്ന കണ്ണുകൾ എന്നിലേക്ക്‌. ഉള്ളിൽ ദേഷ്യം
നുരഞ്ഞുപൊന്തുകയായിരുന്നു.
എന്തടാ കഴുവേറി, തുറിച്ച്‌ നോക്കണത്‌?
എന്റെ കണ്ണിലെ തില്ല്‌ കുട്ടമ്മാൻ കണ്ടു. അടുത്ത മുരൾച്ച എന്നോട്‌.
എതിർക്കാൻ പറഞ്ഞ മനസ്സിനെ ഞാൻ ശാസിച്ചു. ആയിട്ടില്ല.
രാമൻനായര്‌ രണ്ടിലൊന്ന്‌ തീരുമാനിക്ക്യാ... ഇവിടുന്നെറങ്ങിതര്യാ...
അല്ലെങ്കിൽ ഒരു നിശ്ചിത കാശ്‌ കറക്ടായിട്ട്‌ എല്ലാ മാസോം എത്തിച്ച്‌
തര്യാ... അല്ലാണ്ടിങ്ങനെ വിഷൂനും, സംക്രാന്തിക്കും മാത്രം കയറി വന്നാ
പറ്റില്ല.
അച്ഛൻ മൗനം. അകത്തുനിന്ന്‌ അമ്മ പുറത്തുവന്നു.
എന്താ ഓപ്പേ, ഈ പറയണെ...ഞങ്ങളെങ്ങോട്ടാ പോണ്ടത്‌...?
അകത്തുള്ള പെണ്ണുങ്ങള്‌ അകത്തെ കാര്യം അന്വേഷിച്ചാമതി. പുറത്തു വരണ്ട.
ഇത്‌ ആണുങ്ങളായിട്ടുള്ള വിഷയമാണ്‌.
അത്രയുമായപ്പോൾ പേടിച്ചാണെങ്കിലും അമ്മ പറഞ്ഞു. എന്റെ ഓഹരി ഇങ്ങു
തന്നേക്കു. എപ്പ വേണമെങ്കിലും എറങ്ങാം.
കുട്ടമ്മാവൻ വ്യാഘ്രത്തെപോലെ അമ്മയ്ക്കരികിലേക്ക്‌. അലറുന്ന ശബ്ദത്തോടെ
ആളികത്തുന്നു.
ഓവിര്യോ...എന്തുവാകയ്ക്ക്‌. ഇതൊക്കെ എന്റച്ഛൻ ഉണ്ടാക്കീതാ...അതൊക്കെ
എന്റെ പേരിലാ കൊടുക്കതും. എന്റമ്മേടെ രണ്ടാമത്തെ നായരുടെ മോളാനീ...ആ
നായര്‌ ഒന്നും ഇവിടെ ഉണ്ടാക്കീട്ടില്ല ന്യായം പറയാണ്ട്‌ പോവ്വാ.
അമ്മയുടെ മുളചീന്തുംപോലുള്ള കരച്ചിൽ...പെങ്ങന്മാർ അമ്മയുടെ കണ്ണീർ തുടച്ചു.
ഒരുകാര്യം ഞാൻ പറഞ്ഞേക്കാം. പത്താം തീയതി ഇവിടുന്നിറങ്ങണം. അല്ലെങ്കിൽ
കാശുകൊടുത്ത്‌ ആളെകൊണ്ടുവന്ന്‌ ഞാൻ തല്ലിയിറക്കും.
അമ്മയും അച്ഛനും പരസ്പരം നോക്കി വിഷമിച്ചു. അവർക്കിടയിൽ ഞങ്ങൾ. ഞാനും,
അനിതേം, സുനിതേം. കുട്ടമ്മാനെ കടുപ്പിച്ചുനോക്കുന്ന എന്ററികിലേക്കുവന്ന്‌
തോണ്ടി പറഞ്ഞു.
എന്താടാ...നീയെന്നെ ദഹിപ്പിക്ക്വോ?
മനസ്സ്‌ പറയുകയാണ്‌.
എതിർക്ക്‌ അഭിമാനത്തിലാണ്‌ കൈവയ്ക്കുന്നത്‌?
ഞാനും ഒന്നുചീറ്റി. കൊമ്പുകോർക്കാനുള്ള ചീറ്റൽ. കുട്ടമ്മാന്‌ ശൗര്യം
കൂടി. ബലിഷ്ഠമായ കരങ്ങൾ എന്റെ തോളിൽ അമർന്നു. പിടിച്ചുകുലുക്കി ആക്രോശം.
നിലത്തുന്ന്‌ പൊന്തീട്ടില്ല. ചെക്കന്റെ മൂച്ച്‌ കണ്ടാ മഹാരാജാവാന്ന്‌
തോന്നും. ഒരൊറ്റ അടിവച്ച്‌ തന്നാലുണ്ടല്ലേ...?
അടിക്കടോ...എന്നെ അടിക്ക്‌...?
എവിടുന്നാണ്‌ വാക്കുകൾ പൊട്ടിവീണത്‌?
അടീച്ചാലെന്താടാ...നീയ്യെന്നെ തിന്ന്വോ?
അടിവീണു. ആദ്യത്തെ രണ്ടടി ചെകിടത്ത്‌. മൂന്നാമത്തേത്‌ പുറത്ത്‌.
ഓപ്പേ...അമ്മ ഓടിവന്നു. രാമൻനായർ വിറച്ചു.
എന്റെ കുട്ട്യേ കൊല്ലണ്ട...
എവിടുന്നോ ഒരു വിറകു കൊള്ളികിട്ടി. അതെടുത്ത്‌ നാലെണ്ണം തിരിച്ചുകൊടത്തു.
കുട്ടമ്മാന്റെ ഗോതമ്പു നിറമുള്ള ശരീരത്തിൽ ചോരപൊടിഞ്ഞു.
നശിച്ചു പോവ്വോള്ളു നീ...കാലമാടൻ...ഒരിക്കലും ഗതിപിടിക്കില്ല...
അനിതേം, സുനിതേം നിലവിളിച്ചു. അമ്മ എന്നെ പിടിച്ചുമാറ്റി. അച്ഛൻ
കുട്ടമ്മാനെ ചൂണ്ടി പറഞ്ഞു.
വരമൊന്നും കൊടുക്കേണ്ട. നിങ്ങൾക്കതിനു യോഗ്യതയില്ല.
പത്താം തീയതിയാവാൻ കാത്തുനിന്നില്ല. എട്ടാം തീയതി തന്നെ മാറി. അച്ഛൻ
കാര്യസ്ഥ പണിക്കു നിന്നിരുന്ന മനയ്ക്കലെ വല്ല്യമ്പൂരി കൈയയച്ചുസഹായിച്ചു.
അച്ഛന്റെ വക നാലു സെന്റിൽ ഓലപുരയുണ്ടാക്കി. ചാണകം മെഴുകിയ
തറ-ഇല്ലായ്മയുടെ വിഹ്വലതകളും, അസ്വസ്ഥതകളും.
മുന്നിൽ പോകുന്ന വിളക്ക്‌ വലത്തോട്ടു തിരിഞ്ഞു. അയാൾ വിചാരിച്ചു.
പാടത്ത്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ വന്നിരിക്കുന്നു. അവിടേക്കുള്ള ബോർഡ്‌
തിരിവിലാണ്‌ വച്ചിട്ടുള്ളത്‌.

വിളക്കു പിടിച്ച വൃദ്ധന്റെ കാൽവെപ്പുകളുടെ ശബ്ദം ഉച്ചത്തിലാവുന്നു.
അയാളും വേഗം നടക്കാൻ തുടങ്ങി.
കുന്നുമ്മക്കരയിലേക്കുള്ള റോഡ്‌ പൊട്ടിപൊളിഞ്ഞുതന്നെ കിടക്കുന്നു.
ഇവിടുന്നു പോകുന്നതിനുമുമ്പേ ബസ്സ്‌ സർവ്വീസ്‌ വന്നിരുന്നു. വസുന്ധരാ
ട്രാവൽസ്‌. ദിവസം നാല്‌ ട്രിപ്പ്‌. നായരങ്ങാടിയിലേക്കും, കുന്നുമ്മക്കര
വരെ പോകേണ്ടവരും അതിൽ കയറിപോയി. ബസ്സുമുതലാളി ഒരു ബസ്സുകൂടി വാങ്ങിച്ചു
മറ്റൊരു റൂട്ടിലിറക്കി.
ആശാരിപറമ്പ്‌ കാടുപിടിച്ചുകിടക്കുകയാണ്‌. പണ്ട്‌, ഓണക്കാലത്ത്‌ നാട്ടിലെ
ചെറുപ്പക്കാർ ഗ്രാമോത്സവം നടത്തിയിരുന്ന വേദി.
വൃദ്ധന്റെ വിളക്കിന്റെ വെട്ടത്തിൽ അയാൾ അടയാളങ്ങൾ ചിലതൊക്കെ ഓർമ്മിച്ചെടുത്തു.
ഈ വഴിയിലൂടെയാണ്‌ സുനന്ദയുടെ വിവാഹഘോഷയാത്രകടന്നുപോയത്‌. തപിക്കുന്ന
ഹൃദയത്തോടെ കണ്ടുനിന്നത്‌. വിളക്കുകാലിനടുത്ത്‌ ഒരു കലുങ്കുണ്ടായിരുന്നു.
ഞാനും, മാധവനും, സതീശനും ഒരുമിച്ചു കൂടാറുള്ള സ്ഥലം. മാധവൻ പട്ടാളത്തിൽ
ചേർന്നു. പുകയുന്ന കാശ്മീർ താഴ്‌വരയിലെ ക്യാമ്പിൽ വച്ച്‌ അവന്റെ ജീവിതം
അവസാനിച്ചു. സതീശൻ ബ്ലേഡ്പലിശയ്ക്ക്‌ പണംകൊടുക്കുന്ന ഏർപ്പാടുണ്ടാക്കി
ജീവിക്കുന്നെന്ന്‌ അറിഞ്ഞിരുന്നു.
മാമ്പറത്തെ വീട്‌ അറിയ്യോ?
വിളക്കിന്റെ ഉടമസ്ഥൻ മറുപടി പറയുമെന്ന്‌ കരുതി അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു.
വൃദ്ധൻ തലയുയർത്തി. അപ്പോഴെ വ്യക്തമായുള്ളു. നരച്ചരോമങ്ങൾ,
കുറ്റിത്താടി-കുഴിയിലാണ്ട കണ്ണുകൾ-അതിനുള്ളിലെ ചോപ്പ്‌.
രാമൻനായരെ അറിയ്യോ? മനയ്ക്കലെ കാര്യസ്ഥൻ? അയാൾ ഒന്നുകൂടി വിശദീകരിച്ചു.
വൃദ്ധൻ ഇപ്പോൾ ഒന്നു ഞെരങ്ങിയെന്നു തോന്നുന്നു. ഒരുനിലവിളി എവിടെയോ മുഴങ്ങി.
അയാൾ പിന്നീട്‌ ഒന്നും ചോദിച്ചില്ല. ഓർമ്മകളുടെ ചരട്‌ കൂട്ടിക്കെട്ടി.
സുനന്ദ. ആകാശനീലിമയുള്ള കണ്ണുകൾ. പട്ടുപാവാട. അൽപം ചരിഞ്ഞുള്ള നടത്തം.
മെലിഞ്ഞ മേനിയിലെ അസുലഭ സുഗന്ധം. ആ സ്നേഹബന്ധം പലരും അറിഞ്ഞു.
പതിനേഴുകാരന്റെ ദിവ്യപ്രേമം. പലവഴിക്കും ഭീഷണിയുണ്ടാക്കി. കവലയിൽവച്ച്‌
അവളുടെ ആങ്ങളമാരുമായി ഉന്തും തള്ളും നടന്നു.
അച്ഛൻ ഉരുകിതീരുന്നതുപോലെ പറഞ്ഞു.
എനിക്കോ, ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. നീയെങ്കിലും നന്നാവട്ടെ
എന്നുകരുതി പഠിപ്പിച്ചു. നീ നിന്റെ കാര്യം മാത്രം നോക്ക്യാൽ അന്യതേം,
സുനിതേം എന്തു ചെയ്യൂംടാ...?
ഒരു പ്രതിമപോലെ നിന്ന്‌ അച്ഛന്റെ ശാസന കേട്ടു.
സുനന്ദയ്ക്ക്‌ പെട്ടെന്ന്‌ കല്യാണാലോചനകൾ വന്നു. ഒരെണ്ണം ശരിയായി.
ആങ്ങളമാരുടെ വാശി നടന്നു. എന്റെ മിഴികൾക്കു മുന്നിലൂടെ അവളെ
അണിയിച്ചൊരുക്കി കൊണ്ടുപോയി ആർക്കോ തീറെഴുതി കൊടുത്തു.
കലങ്ങി മറഞ്ഞ മനസ്സ്‌.

ചാണകം മെഴുകിയ തറയിൽ എത്ര ദിവസം വെറുതെയിരുന്ന്‌ അസ്വസ്ഥപ്പെട്ടു.
സുനിതേം, അനിതേം,ടെയിലറിങ്ങ്‌ പണിക്കുപോയി. അമ്മ മനയ്ക്കലെ തൊഴുത്തിൽ
ചാണകം വാരാനും, അടിച്ചു തളിക്കാനും പോയി. അച്ഛൻ കാര്യസ്ഥ പണി വിട്ടു.
വയ്യാണ്ടായിരുന്നു. വാർധക്യത്തിന്റെ അസ്ക്യതകൾ.
പെണ്ണുങ്ങൾ പണിയെടുത്തുകൊണ്ടുവന്ന്‌ കുടുംബം മുന്നോട്ടു നീക്കി.
അത്രയുമായപ്പോൾ കൈയ്യിലുണ്ടായിരുന്നതെല്ലാമെടുത്ത്‌ ലക്ഷ്യമില്ലാതെ
ഇറങ്ങി നടന്നു.

ആ പെൺകുട്ടികൾക്ക്‌ ഇപ്പഴും ഗതിയായിട്ടില്ല.
ആരോ ശബ്ദിച്ചെന്നു തോന്നി. അയാൾ വൃദ്ധന്റെ മുഖത്തേക്കുനോക്കി. വീട്ടിലെ
കാര്യങ്ങളെന്വേഷിക്കാതെ ഏഴര വർഷം. ഒരവധൂതനെപോലെ അലഞ്ഞു തിരിഞ്ഞ ഏഴരവർഷം.
ആരുടെയൊക്കെയോ ചവിട്ടും, ആട്ടിപായിക്കലും ഏറ്റ്‌, മലയാളി
നടത്തിവന്നിരുന്ന ഹോട്ടലിൽ ഒരുവർഷം പിന്നാമ്പുറപണികൾ ചെയ്യാൻ അവസരം
കിട്ടി. എന്തെങ്കിലും അച്ഛന്‌ അയച്ചുകൊടുക്കണമെന്നുണ്ടായിരുന്നു.
കഴിഞ്ഞില്ല. കിട്ടിയകാശൊക്കെ ഉദരരോഗത്തിനു മരുന്നുവാങ്ങി തീർന്നു.
പരദേവതയുടെ അമ്പലം റോഡിന്റെ ഇടതുസൈഡിൽ നിദ്രകൊള്ളുന്നു. അതാരും
നന്നാക്കിയിട്ടില്ല. ആൽത്തറ കെട്ടില്‌ സിമന്റിളകി വിള്ളലുകൾ വീണു.
അവിടുത്തെ സമൃദ്ധിയുടെ ഒരുകാലം അയാൾ മനസ്സിൽനിന്നും ചികഞ്ഞെടുത്തു.
വെളിച്ചപ്പാടില്ലാതിരുന്ന കാലത്ത്‌ ചുവന്നപട്ടും അരമണിയും തോളത്തിട്ട്‌,
ചിലമ്പും വാളും പിടിച്ച്‌ പറകൊട്ടുന്നവർക്കൊപ്പം വീടുകളിൽ ചെല്ലുന്ന
പതിവുണ്ടായിരുന്നു. മുന്നോ നാലോ വർഷം അതനുച്ചു. ഒരാഴ്ചയിലെ  നടത്തത്തിന്‌
വൈകുന്നേരമാവുമ്പോൾ കൈ നിറയെ പണംകിട്ടും. കമ്മറ്റിയിലുണ്ടായിരുന്ന
കാലത്തെ തങ്കൻമാഷിന്റെ ഔദാര്യം.
സുനിതയ്ക്കും, അനിതയ്ക്കും ഓരോ പാവാട. പയനീർ തീയേറ്ററിൽ ഒരു സിനിമ.
സുനന്ദക്ക്‌ പച്ച കുപ്പിവളകൾ...അഭിമാനം തോന്നിയിരുന്ന നാളുകൾ.
വൃദ്ധന്റെ കൈയ്യിലെ വിളക്ക്‌ കെട്ടു. നടക്കുന്ന ശബ്ദംകേൾക്കാനില്ല.
പെരുമ്പിള്ളിക്കാരുടെ മുള്ളുവേലിമാറ്റി ഇപ്പഴും മതിലാക്കിയിട്ടില്ല.
ഇളംതലമുറക്കാരൊക്കെ നല്ലജോലിക്കാരായിട്ടും...
ഇരുട്ടുമാത്രം ഇപ്പോൾ കൂടാവുന്നു. വൃദ്ധനെ വിളിച്ച്‌ ഒന്നു കൂവണമെന്ന്‌
തോന്നി. പാതയുടെ വശങ്ങളിലെ വീടുകളിൽ വൃക്ഷലതാദികളുടെ പാതിരാമയക്കം. ഒന്നോ
രണ്ടോ വാവലുകൾ തലങ്ങും വിലങ്ങും പറന്നു.
പരദേവതയെ നോക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. ഇവിടുന്നു
കടന്നുപോവുമ്പോഴും, ഇതേസ്ഥിതി തന്നെയായിരുന്നു. വെയിലും മഴയും കൊണ്ട്‌
കണ്ടാരൻ തറ കിടക്കുന്നു.
അമ്പലം കടന്നപ്പോൾ വീണ്ടും നീങ്ങുന്ന വിളക്കിന്റെ പ്രകാശം കണ്ടു.
നിങ്ങളെവിടെപോയി...അയാൾ  വെറുതെ ചോദിച്ചു. മറുപടിയുണ്ടായില്ല.
പെങ്ങന്മാർക്ക്‌ ജീവിതമായിട്ടുണ്ടോ എന്നറിയില്ല. അമ്മ ഇപ്പഴും മനയ്ക്കലെ
പണിക്കുതന്നെ...
വിചാരങ്ങളത്രയുമാവുമ്പോൾ വിളക്കുപിടിച്ചു വൃദ്ധൻ ഇടപെടുന്നു.
പെൺകുട്ടികളിൽ മൂത്തവള്‌ വഴിതെറ്റി. അനിത. ഒരു പാരലൽ കോളേജ്‌
അധ്യാപകനുമായിട്ട്‌ ഒളിച്ചുപോയി. അയാളൊരു നാലാം വേദക്കാരനാണെ...
അല്ലെങ്കിൽ സഹിക്കാമായിരുന്നു. അമ്മയ്ക്ക്‌ മനയ്ക്കലിപ്പോ പണീല്ല.
പശുക്കളെ വിറ്റു. വല്യമ്പൂരിപോയി ഭ്രാന്തുവന്ന്‌ കൊക്കർണ്ണിയിൽ
ചാടിചത്തു. ഇളയവള്‌ ടെയിലറിങ്ങിനു പോയികിട്ടണ കാശോണ്ട്‌...
വൃദ്ധന്റെ വർത്തമാനം നിന്നു. കാശിതുമ്പകളും, മുക്കൂറ്റിപൂക്കളും
വിടരാറുള്ള മനപറമ്പ്‌ അയാളോർത്തു. വേനപ്പച്ച പറിച്ചെടുത്ത്‌ ചാറെടുത്ത്‌
സുനന്ദയുടെ കാൽവിരലിലെ മുറിവിലൊഴിച്ച ബാല്യകാലം.
അയാൾക്കൊന്നു കരയണമെന്നു തോന്നി. വൃദ്ധനോടെങ്കിലും തന്റെ
നെറികേടിനെക്കുറിച്ച്‌ പറഞ്ഞ്‌ മാപ്പിറക്കണമെന്നു തോന്നി. തീരം കാണാത്ത
തിരകളുടെ വേദനയാണ്‌ ഉള്ളിൽ നിറയെ.

രാമൻനായര്‌...? കുറച്ചുകഴിഞ്ഞ്‌ അയാൾ ആകാംഷയോടെ ചോദിച്ചു.
വൃദ്ധൻ ഇപ്പോൾ മിണ്ടിയില്ല. മൗനത്തിന്റെ പുഴയിൽ മുങ്ങി ഏതാനും നിമിഷം
കൂടി അയാൾ കിടന്നു പിടച്ചു. പാലാഴി മേനോന്റെ പറമ്പു കണ്ടപ്പോൾ ഉള്ളിലൊരു
പ്രകാശം വന്നു. വീടെത്തികൊണ്ടിരിക്കുന്നു.
വൃദ്ധന്റെ കിതപ്പിന്റെ ശബ്ദം ഇപ്പോൾ ഉച്ചത്തിലാവുന്നു. വലതുഭാഗത്തെ
പൊളിഞ്ഞവേലിയും, ഉമ്മറത്തെ തെങ്ങും അയാൾ പരതി. വൃദ്ധൻ വിളക്ക്‌
ഉയർത്തികാണിക്കുന്നതുപോലെ തോന്നി.
ഞാൻ ഇങ്ങട്ട്‌ കയറട്ടെ...വീടാണ്‌...എന്റെ വീടാണ്‌.
അയാൾ ആവേശത്തോടെ പറഞ്ഞു.
സൂക്ഷിച്ച്‌...സൂക്ഷിച്ച്‌...പടിക്കെട്ടിലെ കരിങ്കൽവിടവുകളിൽ പാമ്പുകളുണ്ടാവും.
വൃദ്ധൻ ഓർമ്മിപ്പിക്കുന്നതുപോലെ അയാൾക്കുതോന്നി.
നിങ്ങള്‌ കയറന്നുണ്ടോ? ഇവിടെ വിശ്രമിച്ച്‌ നാളെ പോകാം.
അയാൾ അപേക്ഷിക്കുന്നതുപോലെ പറഞ്ഞു. വിളക്കു പിടിക്കുന്ന ആൾ സമ്മതം
പറഞ്ഞില്ല. പകരം ഉപദേശിച്ചു. ചെല്ല്വാ. അമ്മയ്ക്കടുത്തേക്ക്‌.
പെങ്ങൾക്കടുത്തേക്ക്‌. അവരെ വിഷമിപ്പിക്കരുത്ട്ടോ.
അയാൾ അമർത്തിമൂളി. ഏഴരവർഷങ്ങൾക്കു ശേഷം അയാൾ വീടുനിൽക്കുന്ന ഭൂമിയുടെ
തണുപ്പിലേക്ക്‌ കാലെടുത്തുവച്ചു. ഉമ്മറത്തെത്തുമ്പോൾ കാലുകളിലെന്തോ
തടഞ്ഞു.

ബലികർമ്മത്തിനുള്ള പച്ചോലമറച്ചതാണ്‌. ശ്മശാനമൂകതയാണ്‌ ഉമ്മറത്ത്‌.
അമ്മേ! എന്നു വിളിക്കാൻ നാവുപൊങ്ങിയില്ല.
അനിതയാണോ സുനിതയാണോ ഇവിടെ ഉള്ളതെന്നും ഓർമ്മിച്ചെടുക്കാനായില്ല.
ബീഡിപ്പുകയുടെ മണം ചുറ്റും പരക്കുന്നതായി തോന്നി. അച്ഛന്റെ കുത്തി
കുത്തിയുള്ള ചുമ ഏതോ ആകാശങ്ങളിൽ നിന്ന്‌ താഴേക്കു
വീണുകൊണ്ടിരിക്കുകയാണ്‌.

ഇരുട്ടുമൂലം ഉമ്മറവാതിലിൽ തട്ടിവിളിക്കാൻ കഴിഞ്ഞില്ല. അയാൾ പടിക്കലേതു
നോക്കി. വൃദ്ധൻ അധികവഴിപോയിട്ടില്ലെങ്കിൽ ആ വിളക്കുവാങ്ങി വരാമായിരുന്നു.
അച്ഛൻ വലിക്കാറുള്ള അതേ ബീഡിയുടെ മണം ഇപ്പോൾ കൂടുതലായി പരക്കുകയാണ്‌.
അയാളുടെ കൈയ്യിൽ ഇപ്പോൾ വിളക്കുണ്ട്‌. ഇതെങ്ങിനെ തന്റെ കൈയ്യിൽ
വന്നുപെട്ടെന്ന്‌ അയാൾക്കോർക്കാൻ കഴിഞ്ഞില്ല. അമ്മേ...എന്ന്‌
മൂന്നാലുപ്രാവശ്യം വിളിക്കാനായി തയ്യാറെടുത്തു കൊണ്ട്‌ അയാൾ
വിളക്കുപൊക്കി പിടിച്ച്‌ ഉമ്മറവാതിൽ പരതി നടന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...