സണ്ണി തായങ്കരി
ഉമ്രാനാവ് മയ്തീൻ എന്ന പേര് കേൾക്കുമ്പോൾ അയൽരാജ്യത്തുനിന്നും
നുഴഞ്ഞുകയറിയ തീവ്രവാദിയാണോയെന്ന് ആരും സംശയിക്കേണ്ട. ആൾ
തനിദേശസ്നേഹിയും മിതവാദിയുംതന്നെ. വേഷത്തിലും രൂപത്തിലും ഒരു
ബുദ്ധിജീവിജാടയുണ്ടെന്ന് തോന്നുമെങ്കിലും സ്വഭാവത്തിൽ അത് ഒട്ടുമേ
ഇല്ലാത്തവൻ. ചെറുപ്പംമുതലേ സാഹിത്യരോഗം ഉണ്ടായിരുന്നതിനാലാവാം ബുദ്ധിജീവി
പരിവേഷം ആരൊക്കെയോ അയാൾക്ക് കൽപിച്ചുനൽകിയത്. എന്നാൽ സാഹിത്യരോഗം
കലശലായുള്ള പലർക്കുമുള്ള മൈനസ് പോയ്ന്റുകളൊന്നും അയാൾക്കില്ലതാനും!
കക്ഷിയുടെ യഥാർത്ഥപേര് ഉമ്രാവ് നൈനാൻപറമ്പിൽ മൊയ്തീൻ എന്നാണ്.
ചെറുപ്പത്തിൽ എങ്ങനെയും ഒരെഴുത്തുകാരനാകണമെന്ന മോഹം കൊടുമ്പിരികൊണ്ടപ്പോൾ
കക്ഷി ഒരു സാമൂഹിക വിമർശനകഥയെഴുതി പ്രശസ്തമായ വാരികയ്ക്ക്
അയച്ചുകൊടുത്തു. അയാളെപ്പോലും ഞെട്ടിച്ചുകൊണ്ട് കഥ വൈകാതെ
പ്രസിദ്ധീകരിച്ചുവന്നു. കഥയും ശീർഷകവും മാത്രമല്ല, സംവിധായകൻ
സിനിമാനടിയുടെ പേര് മാറ്റുന്ന ലാഘവത്തോടെ പത്രാധിപർ എഴുത്തുകാരന്റെ
പേരും 'പേനാപ്രയോഗ'ത്താൽ അടിമുടി പരിഷ്ക്കരിച്ചുകളഞ്ഞു. അങ്ങനെ ഉമ്രാവ്
നൈനാൻപറമ്പിൽ മൊയ്തീൻ ലോപിച്ച് ഉമ്രനാവ് മയ്തീനായി. അതോടെ
ആനുകാലികക്കാരെ വല്ലാതങ്ങ് വെറുത്ത മയ്തീൻ പിന്നീട് ഒരൊറ്റ സൃഷ്ടിപോലും
പ്രസിദ്ധീകരണത്തിന് അയച്ചില്ല.
ചില ജനിതകവൈകല്യങ്ങൾ സാമൂഹിക പ്രതിബദ്ധതയോട് ആവശ്യത്തിലധികം
കൂറുപുലർത്തുന്നതിനാൽ പൊതുസമൂഹത്തിലെ ഏത് അനഭിലഷണീയമായ സംഭവത്തോടും
മയ്തീൻ തീഷ്ണമായി പ്രതികരിക്കും. എന്നാൽ പ്രതികരണം പരസ്യമായി
സമൂഹമദ്ധ്യത്തിൽ പ്രകടിപ്പിക്കില്ല. സാമൂഹികാവബോധത്തിനുതകുംവിധം
രൂക്ഷമായി സൃഷ്ടികളിലൂടെയാവും പ്രതികരിക്കുക. സൃഷ്ടി മറ്റുള്ളവർ
വായിക്കപ്പെടുന്നില്ലെങ്കിൽ അത് സ്രഷ്ടാവിന്റെ തൂലികത്തുമ്പിലൂടെ
തിരിച്ചുകയറിപ്പോകുമെന്ന ഭയമൊന്നും അയാൾക്കില്ല. ഓരോ സാമൂഹിക
പ്രശ്നങ്ങളോടും അപ്പപ്പോൾ പ്രതികരിച്ച സൃഷ്ടികൾ സമാഹരിച്ചാൽ കുറഞ്ഞത്
രണ്ടുമൂന്ന് പുസ്തകങ്ങളെങ്കിലും പുറത്തിറക്കാൻ സാധിക്കുമെന്ന
യാഥാർത്ഥ്യം സുഹൃത്തുക്കളായ ഞങ്ങൾ ഓർമിപ്പിക്കാതെയല്ല. പണം മുടക്കാൻ
തയ്യാറുള്ള പ്രസാധകർ ഇന്ന് വിരളമായതിനാൽ ഉമ്രനാവ് മയ്തീൻ എന്ന സാമൂഹിക
പ്രതിബദ്ധതാ എഴുത്തുകാരന് സ്വന്തം സൃഷ്ടികളിൽ അച്ചടിമഷി പുരണ്ട്
കാണുവാനുള്ള യോഗമുണ്ടായില്ല എന്നുവേണം പറയാൻ. എന്നാൽ അതിലൊന്നും സാധാരണ
എഴുത്തുകാർക്കുള്ള നിരാശയോ അവസരം ലഭിച്ചവരോട് സ്പർധയോ അയാൾക്കില്ല.
കുറെ ദിവസങ്ങളായി മയ്തീന്റെ മുഖം കാർമേഘംമൂടിയ ആകാശംപോലെയായിരുന്നു.
അതങ്ങനെയാണ്. സമൂഹത്തെ വിഷലിപ്തമാക്കുന്ന എന്തെങ്കിലും സംഭവമുണ്ടായാൽ
അയാളുടെ ബോഡിലാംഗുവേജുപോലും അത് വിളിച്ചറിയിക്കും. പിന്നെ തുടർന്നുവരിക
മഹാമൗനത്തിന്റെ നീണ്ട ദിനങ്ങളായിരിക്കും. കക്ഷി ഏകാന്തത്തയിലേക്ക്
ഉൾവലിയും. ഒരു സൃഷ്ടികർമത്തിലൂടെയേ യഥാർത്ഥ മയ്തീൻ പിന്നീട് പുറത്തുവരൂ.
ഏകാന്തത്തയുടെ കനമേറിയ പുറംകുപ്പായം വലിച്ചെറിഞ്ഞ ദിവസമാണ് ഞാൻ
മയ്തീനെ കണ്ടുമുട്ടുന്നത്. അപ്പോൾ അയാൾ കടപ്പുറത്തെ
ബഹളത്തിൽനിന്നൊഴിഞ്ഞ്, കശേരുക്കൾ തകർന്ന് അടിത്തൂൺ പറ്റാറായ ഏതോ
നീളമേറിയ വന്യജീവിയുടെ അസ്ഥിപഞ്ജരംപോലെ നിലകൊള്ളുന്ന കടൽപാലത്തിനു സമീപം
സ്വസ്ഥമായി ഇരിക്കുകയായിരുന്നു. തിരമാലകൾ വന്നലയ്ക്കുമ്പോൾ
അസ്ഥിപഞ്ജരത്തിന്റെ കാലുകൾക്കൊപ്പം കശേരുക്കളും വിറയൽകൊണ്ടു. അപ്പോൾ
പടിഞ്ഞാറ് കടൽപരപ്പിനുമുകളിൽ സൂര്യൻ പകുതി മറഞ്ഞുനിന്ന് ഞങ്ങളെ നോക്കി.
"പരശുരാമൻ മഴുവെറിഞ്ഞ് നേടിയതാണോ കേരളം?"
കണ്ടയുടനെയുള്ള മയ്തീന്റെ തുറന്നടിച്ചുള്ള ചോദ്യം എന്നെ തെല്ലൊന്ന്
അമ്പരിപ്പിക്കാതിരുന്നില്ല.
"അങ്ങനെ ഐതിഹ്യം പറയുന്നു."
മയ്തീന് സമീപമിരുന്ന് കൈയിലുള്ള കപ്പലണ്ടിപ്പൊതി അയാളുടെ നേരെ
നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
"എങ്കിൽ പരശുരാമൻ ഒരു ദ്രോഹിയായിരുന്നു."
"അതെന്താ അങ്ങനെ തോന്നാൻ...?"
"കേരളം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണല്ലോ മലയാളിയെന്ന സമൂഹം ഉണ്ടായത്."
"അത് അങ്ങനെതന്നെയാണല്ലോ."
"മലയാളി എല്ലാ രംഗത്തും അഗ്രഗണ്യരാണെന്നല്ലേ പറയാറ്?"
അതേയെന്ന് ഞാൻ സമ്മതിച്ചു.
"അപ്പോൾ ഈഗോയുടെ കാര്യത്തിലോ? രാഷ്ട്രീയ-കലാ-സാഹിത്യ-സാംസ്കാ
രംഗത്തെ കള്ളനാണയങ്ങളുടെ ലജ്ജയില്ലാത്ത സമൂഹനൃത്തം മറയില്ലാതെ
ആടിത്തിമിർക്കുന്ന ഇടം പരശുരാമന്റെ മഴു കാരണമല്ലേ ഉണ്ടായത്?" അയാൾ
തുടരുകയാണ്-
"ഇവിടമെല്ലാം ചീഞ്ഞുനാറുകയാ. എന്നെക്കാൾ വലിയവനാരെടാ എന്ന ഭാവമല്ലേ
ഞാഞ്ഞൂലിനുപോലും...!"
അത് പരമസത്യമാണെന്ന് ഞാൻ തലകുലുക്കി സമ്മതിച്ചു.
"ആരിൽനിന്നും ഒന്നും പഠിക്കാൻ ഇക്കൂട്ടർ തയ്യാറല്ല. എന്നാൽ
മറ്റുള്ളവരെ പഠിപ്പിക്കാൻ തിടുക്കമാണുതാനും."
മയ്തീൻ ദിവസങ്ങളായി അനുഭവിച്ച പേറ്റുനോവിന്റെ ബാക്കിപത്രത്തിലേക്ക്
ഞാൻ കണ്ണോടിച്ചു.
സീൻ ഒന്ന്-
പ്രസ്ക്ലബ്. പത്രസമ്മേളനവേദി. സമയം രാവിലെ പത്തുമണി.
നഗരത്തിൽ അവയ്ബളായ എല്ലാ പത്ര-ദൃശ്യ മാധ്യമ പ്രതിനിധികളും
എത്തിച്ചേർന്നിട്ടുണ്ട്. ബ്രൂകോഫിയും ചിക്കൻ പഫ്സും(പത്രസമ്മേളനങ്ങളുടെ
അഭിഭാജ്യഘടകം) ആദ്യമേ വിതരണം ചെയ്തുകഴിഞ്ഞു.
ഡയസ്സിൽ എഴുപതിനോടടുത്ത പ്രായമുള്ള വെള്ളികെട്ടിയ മുടിയുള്ള തടിച്ച
ശരീരത്തിന് ഉടമയായ മലയാളത്തിന്റെ മഹാനടൻ, പൊട്ടണ്ണൻ. ഇടതുവശത്ത്
രണ്ടാമത്തെ വലിയ കക്ഷിയുടെ സിനിമാ ട്രേഡ്‌യൂണിയൻ നേതാവ്. വലതുവശത്ത്
പ്രസ്ക്ലബ് സെക്രട്ടറി. സെക്രട്ടറി മൈക്ക് കൈയിലെടുത്തു.
"നമുക്ക്(മലർന്ന് കിടന്നുതുപ്പൽ) ആരംഭിക്കാം."
പൊട്ടണ്ണൻ വികാരവിക്ഷോഭനായി പറഞ്ഞുതുടങ്ങി-
"മലയാള സിനിമാരംഗമിന്ന് ഉച്ചനീചത്വങ്ങളുടെ കൂടാരമാണ്. അവിടെ
വരേണ്യവർഗ ജാതിമേൽക്കോയ്മ കൊടികുത്തി വാഴുകയാണ്. കൊച്ചുമക്കളുടെ
പ്രായംപോലുമില്ലാത്ത പെങ്കൊച്ചുങ്ങളുമായി ശൃംഗാരമാടുന്ന
സൂപ്പർതാരങ്ങളാണ് മലയാള സിനിമയുടെ ശാപം. ഇവർ തട്ടിയെടുക്കുന്ന കോടികൾ
സിനിമാ വ്യവസായത്തെ ബാലികേറാമലയാക്കിയിരിക്കുന്നു. ഇത്തരക്കാർ
വഴിമാറിക്കൊടുത്ത് പുതുതലമുറയ്ക്ക് അവസരം കൊടുക്കണം. വളരെ കുറഞ്ഞ
പ്രതിഫലത്തിന് നന്നായി അഭിനയിക്കുന്ന പ്രതിഭാധനരായ അനേകം
യുവാക്കളുണ്ടിവിടെ. ഈ സൂപ്പർതാരകശ്മലന്മാരും സിനിമയുടെ ബാലപാഠംപോലും
വശമില്ലാത്ത സംവിധാനകുണാണ്ടർമാരുമാണ് എനിക്ക് ഭ്രഷ്ട്
കൽപിച്ചിരിക്കുന്നത്. മുഹമ്മിദിക്കയുമായി അഭിനയിച്ച സിനിമകളിൽ
അഭിനയത്തിന്റെ രസതന്ത്രം (സൾഫ്യൂറിക്കാസിഡ് നിർമാതാവ്
എത്തിച്ചുകൊടുത്തുകാണില്ല) ശരിയാകാഞ്ഞത് ഈഗോ(എനിക്കല്ല) കാരണമാണ്. ഈ
സൂപ്പർസ്റ്റാറുകൾ പിടിച്ചുനിൽക്കുന്നത് അവരുടെ ഫാൻസ് അസോസിയേഷനെന്ന
ഗുണ്ടാസംഘങ്ങളെകൊണ്ടാണ്."
അപ്പോൾ മലേയിൽ('മ' യെന്ന അക്ഷരത്തിൽ തുടങ്ങുന്ന പത്രങ്ങളുടെ
ലേഖകന്മാരെ പൊതുവിൽ വിളിക്കുന്നത്) ഒരാൾ:
"താങ്കൾക്ക് എഴുപത് കഴിഞ്ഞല്ലോ. സൂപ്പർ താരങ്ങൾ വഴിമാറണമെന്ന്
പറയുന്ന താങ്കൾ എന്തുകൊണ്ട് വഴിമാറുന്നില്ല?"
"ഞാൻ കൊച്ചുപെമ്പിള്ളേരോടൊപ്പം തുള്ളാറില്ലല്ലോ."
"സൂപ്പർ താരങ്ങൾ കൈയടക്കിവച്ചിരിക്കുന്നുവേന്ന് പറയുന്ന സംഘടന എല്ലാ
മാസവും തരുന്ന ധനസഹായം അങ്ങ് കൈപ്പറ്റാറുണ്ടല്ലോ."
"പണം ആരുടേതായാലും നിരസ്സിക്കരുത്. ഇതേ പണം നാളെ നമുക്ക് ഭ്രഷ്ട്
കൽപിച്ചാലോ?"
"താങ്കൾ ഒരു സിനിമയ്ക്ക് എത്ര പ്രതിഫലം വാങ്ങും?"
"കഞ്ഞി കുടിക്കാനുള്ളതേ വാങ്ങാറുള്ളു."
"ടി.വി. പ്രോഗ്രാമുകളിൽ അവതാരകരാകുന്നതിൽനിന്ന് സിനിമാ താരങ്ങളെ
വിലക്കിയതിനെക്കുറിച്ച് എന്തു പറയുന്നു?"
"എന്റെ മുഖമല്ല, കണ്ണാടിയാണ് കോടിയതെന്ന് പറഞ്ഞിട്ടും ആരും
അപ്പരിപാടികൾക്കൊന്നും വിളിക്കാത്തതുകൊണ്ട് അക്കാര്യത്തിൽ എനിക്ക്
അഭിപ്രായമില്ല."
"മന്ത്രവാദികളുടെ റോളുകൾ അങ്ങയെ മനസ്സിൽ കണ്ടാണ് തിരക്കഥാകൃത്തുക്കൾ
രചിക്കുന്നതെന്നും മന്ത്രവാദിയും യക്ഷിയുമുള്ള പടങ്ങളിലാണ് അഭിനയമികവ്
കൂടുതൽ പ്രകടമാകുന്നതെന്നും സംവിധായകർക്കിടയിൽ സംസാരമുണ്ടല്ലോ.
അതെപ്പറ്റി..."
"അഭിനയത്തിന്റെ എബിസിഡി അറിയാത്തവർക്ക് യക്ഷികളെ കുറെനാൾ
കൂട്ടത്തിൽ പാർപ്പിച്ച് നോക്കാവുന്നതാണ്. പേടിച്ചെങ്കിലും എന്തെങ്കിലും
പഠിച്ചേക്കാം. ഈ ആരോപണങ്ങളൊക്കെ തലയിൽ ഒന്നുമില്ലാത്തവരുടെ മാസമുറയാണ്.
വല്ലപ്പോഴുമൊക്കെ ദുഷ്ടഹൃദയങ്ങളിൽ തളംകെട്ടിക്കിടക്കുന്ന അശുദ്ധരക്തം
വിസർജിക്കണമല്ലോ."
സീൻ രണ്ട് -
ദിവസങ്ങൾക്കുശേഷം അതേ വേദി, അതേ സമയം. പ്രശസ്ത സാഹിത്യകാരനും
പണ്ഡിതശ്രേഷ്ഠനും കൃശഗാത്രനുമായ കുമാർമാഷ് വിളിച്ചുചേർത്ത
വാർത്താസമ്മേളനം. ഇഷ്ടന്റെ സ്വഭാവത്തിലെ പിശുക്ക്
പ്രത്യക്ഷീഭവിപ്പിച്ചുകൊണ്ട് വാർത്താലേഖകർക്ക് വിതരണം ചെയ്തത്
കട്ടൻകാപ്പിമാത്രം!(അഭിഭാജ്
കുമാർമാഷ് വയർലെസ് മൈക്ക് കൈയിലെടുത്ത് കണ്ഠശുദ്ധി വരുത്തി.
"എന്നെപ്പോലെയുള്ള ഒരു മഹാപണ്ഡിതനെ മലയാള സിനിമയിലെ സൂപ്പർതാരമെന്ന്
വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ആക്ഷേപിച്ചതിലൂടെ എന്റെ ഒരു വാക്കിനായി
കാതോർത്തിരിക്കുന്ന പ്രബുദ്ധരായ മലയാളികളെ ഒന്നടങ്കമാണ്
അധിക്ഷേപിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ
ചോക്ലേറ്റുവൃദ്ധന്മാർക്കുള്ളത് ഉദ്വിഗ്നതയെന്ന വികാരമാണ്. എനിക്കതില്ല.
കാരണം എനിക്കുപകരംവയ്ക്കാൻ ആരാണ് ഇവടെയുള്ളത്?"
"ക്ഷണിക്കാതെ സദ്യയുണ്ണാനെത്തിയത് ശരിയായില്ലെന്നാണല്ലോ സൂപ്പർതാരം പറഞ്ഞത്?"
"ആരു പറഞ്ഞു ക്ഷണിച്ചില്ലെന്ന്? സിനിമക്കാരുടെ സംഘടന പൊട്ടണ്ണനെ
ഒതുക്കിയപ്പോൾ, സിനിമാ വ്യവസായത്തിന് അത് നല്ലതല്ലെന്നുകണ്ട്
ഇടപെടാമെന്ന് പറഞ്ഞു. വി.എസ്. മത്സരിക്കാതിരിക്കാമെങ്കിൽ ചാണ്ടിയേയും
ചെന്നിത്തലയേയും ഞാൻ പറഞ്ഞ് മത്സരിപ്പിക്കാതിരിക്കാമെന്ന് പറഞ്ഞപോലെ
ഒരു സാമൂഹ്യപ്രശ്നം മാത്രമേയുള്ളു അതും. അല്ലെങ്കിൽതന്നെ എന്നെ
ക്ഷണിക്കേണ്ട കാര്യമെന്താ? കേരള സമൂഹത്തിന്റെ ഏതുകാര്യത്തിലും എനിക്ക്
ഇടപെടാം. ഇടപെടണം. ഇടപെട്ടേപറ്റൂ. ഞാനില്ലെങ്കിൽ സാംസ്കാരിക കേരളത്തിന്
തെളിച്ചമുണ്ടോ? എന്റെ ബൗദ്ധികസ്വരം കേൾക്കാത്ത ദിനം ദുഃഖവെള്ളിപോലെ
മ്ലാനമല്ലേ?"
"മഹാപണ്ഡിതനായ അങ്ങയെ ചിത്രകഥയിലെ ഉദ്ദണ്ഡന്റെ കഴുതയോട്
ഉപമിച്ചതിനെക്കുറിച്ച്...?"
"ആ പിതൃശൂന്യതയ്ക്ക് മറുപടി അർഹിക്കുന്നില്ല."
"സൂപ്പർസ്റ്റാറുകൾ വാങ്ങുന്ന ഭീമമായ പ്രതിഫലമാണ് മലയാള സിനിമയുടെ
ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അങ്ങ് പറഞ്ഞല്ലോ. പ്രസംഗത്തിന്
എന്തിനാണ് അങ്ങ് പ്രതിഫലം വാങ്ങുന്നതെന്നാണ് അവർ ചോദിക്കുന്നത്."
"ഞാൻ പ്രസംഗത്തിന് ഒരു ചില്ലിക്കാശ് പ്രതിഫലം വാങ്ങാറില്ല.
വണ്ടിക്ക് പെട്രോളടിക്കാനള്ള കാശ് വാങ്ങും. ഓയിൽ കമ്പനികളൊന്നും(ഞാൻ
വിവാഹം കഴിക്കാത്തതിനാൽ) എന്റെ ഭാര്യാപിതാവിന്റേതല്ലല്ലോ. ഈ
സൂപ്പർസ്റ്റാറുകൾക്ക് പ്രതിഫലം വാങ്ങാതെ ഒരു പടത്തിലെങ്കിലും
അഭിനയിക്കാൻ പറ്റുമോ? ഞാൻ വെല്ലുവിളിക്കുകയാണ്. ചെയ്യാമ്പറ്റ്വോ?"
"ഒരു സൂപ്പർസ്റ്റാറിനെ അങ്ങ് വിമർശിച്ചപ്പോൾ തൊഴിലിൽ ബദ്ധവൈരിയായ
അപരൻ അയാളുടെ സഹായത്തിനെത്തിയല്ലോ."
"അതുമൊരാഭാസംതന്നെ. പരസ്പരമുള്ള പുറം ചൊറിച്ചിൽ!"
"സംസ്കൃത യൂണിവേഴ്സിറ്റി സൂപ്പർതാരത്തിന് ഡി.ലിറ്റ് കൊടുത്തതിനെ
അങ്ങ് വിമർശിച്ചല്ലോ?"
"ഈ പി.എച്ച്.ഡി.പോലെ പണം കൊടുത്താൽ കിട്ടുന്നതാണോ ഡി.ലിറ്റ്? ങാ,
ആർക്കറിയാം. കാലംപോയപോക്കേ... ഞാനവിടെ വി.സി.യായിരുന്ന കാലത്ത്
എന്തിനുമൊരു ക്വാളിറ്റിയൊക്കെ ഉണ്ടായിരുന്നു. മാർക്കറ്റിൽ ചെന്ന്
പണംകൊടുത്ത് ആർക്കും വാങ്ങാൻ കിട്ടുന്ന ഒരൈറ്റമാണ് ഡി.ലിറ്റെന്ന്
ഇപ്പോഴാണ് മനസ്സിലായത്."
"അങ്ങയെ സിസ്റ്റത്തിൽനിന്ന് ഡിലീറ്റുചെയ്തെന്ന് സൂപ്പർസ്റ്റാർ പറഞ്ഞല്ലോ."
"ഈ താരരാജാവിനെ നാടുമുഴുവൻ നടന്ന് പ്രസംഗിച്ചു നാറ്റിച്ച്
ജനത്തിന്റെ സിസ്റ്റത്തിൽനിന്ന് ഞാൻ ഡി.ലിറ്റല്ല, ഡിലീറ്റുചെയ്യിക്കും."
"ഉണ്ണുണ്ണിത്താന്റെ പരസ്ത്രീഗമനവിഷയത്തിൽ സാഹിത്യകാരൻ ചേക്കറിയായുടെ
നിരീക്ഷണത്തെക്കുറിച്ച്...?"
"അയാൾക്ക് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയിട്ടില്ല. കല്യാണം
കഴിക്കാത്ത എനിക്കത് പെട്ടെന്ന് മനസ്സിലാകും. അടിക്കടി മലപ്പുറത്ത്
പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അയാൾക്ക്? വല്ല ആലപ്പുഴയിലോ
കുമരകത്തോ മൂന്നാറിലോ പോയിക്കൂടായിരുന്നോ. ഹൗസ് ബോട്ടുകളൊക്കെ എത്രയാ
ഇമ്മാതിരി കലാപരിപാടികളുമായി കായലിൽ ചാഞ്ചാടി ഒഴുകുന്നത്? കാടിയായാലും
മൂടിക്കുടിക്കണമെന്നല്ലേ പഴമക്കാര് പറയാറ്?"
"ഭൂപരിഷ്ക്കരണത്തിന്റെ പിതൃത്വാവകാശ വിവാദത്തെക്കുറിച്ച്...?"
"ഇത്രയുമൊക്കെയായ സ്ഥിതിക്ക് രണ്ടുപേരെയും പൊൻകുന്നത്തിന്റെ
കഥാപാത്രമാക്കി നാറ്റിക്കണ്ട. അവകാശം രണ്ടുപേർക്കും തുല്യമായി
പങ്കിട്ടുകൊടുത്ത് സർക്കാർ പ്രശ്നം രമ്യമായി പരിഹരിക്കട്ടെ."
"അങ്ങിപ്പോൾ സർക്കാരിന്റെ പക്ഷത്തോ പ്രതിപക്ഷത്തോ?"
"അത് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ സുഹൃത്തേ? എന്റെ
പ്രവൃത്തികളും വാക്കുകളുംകൊണ്ട് തിരിച്ചറിഞ്ഞുകൊള്ളുവിൻ. ക്രിസ്തുവും
അങ്ങനെയല്ലേ പറഞ്ഞത്?"
അടുത്ത പ്രസംഗത്തിനുള്ള സമയമായെന്നറിയിച്ച് കുമാർമാഷ് സ്ഥലംവിടുന്നു.
സീൻ മൂന്ന്-
വാർത്താസമ്മേളനം. പ്രസ്ക്ലബ്. സമയം രാവിലെ പതിനൊന്നുമണി.
വർത്താലേഖകർക്കുള്ള സ്പേഷ്യൽ ചിക്കൻ ബിരിയാണി നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ
ഒരുങ്ങുന്നുണ്ടെന്നും ഭക്ഷണത്തിനുമുമ്പ് ആവശ്യമുള്ളവർക്ക് ഹോട്ടലിലെ
എ.സി.ബാർ സന്ദർശിക്കാവുന്നതുമാണെന്നും അറിയിപ്പുണ്ടായി.
ഡയസ്സിൽ പൊട്ടണ്ണൻ, കുമാർ മാഷ്, ചേക്കറിയ, മോഹനേട്ടൻ,
മുഹമ്മദിക്കാ, വിനയേന്ദ്രൻ, ഇൻസേൻസ്, കർണേഷ് കുമാർ, ഉണ്ണുണ്ണിത്താൻ,
വി.എസ്, ചാണ്ടി, ചെന്നിത്തല, മുൻമന്ത്രി ഗോമതിയമ്മ, അഡ്വ.രാമയ്യർ
തുടങ്ങിയ പ്രമുഖരെല്ലാം നിരന്നിരിക്കുന്നു. പ്രസ്ക്ലഭാൾ
നിറഞ്ഞുകവിഞ്ഞിട്ടുണ്ട്.
സമ്മേളനവേദിയിൽ പ്രാദേശിക-ദേശിയ പത്ര-ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികൾ
പേനയും റൈറ്റിംങ്ങ്പാഡും വീഡിയോഗ്രാഫറന്മാർ സ്റ്റാൻഡിൽ ഉറപ്പിച്ച വീഡിയോ
ക്യാമറകളുമായി നേതാക്കളുടെ പരിപാവനമായ നാവുകളിൽനിന്ന് വീഴുന്ന
തിരുമൊഴികൾ ഒപ്പിയെടുക്കാൻ കണ്ണും കാതും കൂർപ്പിച്ച്
സന്നദ്ധരായിരിക്കുന്നു. പത്രസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചെന്ന്
പ്രസ്ക്ലബ് സെക്രട്ടറി അറിയിച്ചിട്ടും ഡയസ്സിൽനിന്ന് ആരുടെയും
പ്രസ്താവനയോ പത്രലേഖകരിൽനിന്ന് ചോദ്യങ്ങളോ ഉണ്ടായില്ല. നിശ്ശബ്ദതയ്ക്ക്
ആയിരം നാവുകളുടെ പ്രകീർത്തനംപോലെ വന്യമായിക്കൊണ്ടിരുന്നു, ബഹിർഗമിക്കാത്ത
ആശയങ്ങളുടെ അന്തരാർഥങ്ങൾ.
പൊടുന്നനെ വേദിയിലേക്ക് ഉമ്രനാവ് മയ്തീനെന്ന നിർഭയനായ കഥാകൃത്ത്
തന്റേതന്നെ കഥയിലെ ഒരു കഥാപാത്രമായി കടന്നുചെല്ലുന്നു. അയാൾ
കൈയിലുണ്ടായിരുന്ന കെട്ടുതുറന്ന്, പുറം ചൊറിയാനുള്ള പ്ലാസ്റ്റിക്കിൽ
നിർമിച്ച ഏതാനും 'ചൊറിയൻ' നേതാക്കന്മാരുടെ മുമ്പിൽ നിരത്തിവച്ചു. മൈക്ക്
കൈയിലെടുത്ത് അയാൾ വിളിച്ചുപറഞ്ഞു-
"കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്
ചെയ്തുകൊണ്ടിരിക്കുന്ന കൊഞ്ഞനം കുത്തൽകണ്ട് മനസ്സ് തകർന്ന
ജമീലതാത്തയുടെ ശരീരസംഘടനയാണ് ഈ ചൊറിയൻ സംഭാവന ചെയ്തത്.
സഹസ്ത്രീശരീരങ്ങളിൽനിന്ന് പരിവെടുത്താണ് ഇത് വാങ്ങിയത്.
സ്ത്രീശരീരങ്ങളുടെ വിയർപ്പ് പറ്റിപ്പിടിച്ച ഇതുപയോഗിച്ച് സ്വയം ചൊറിയാൻ
നേതാക്കന്മാർ തയ്യാറാകണമെന്ന് ജമീലതാത്തയുടെ പേരിൽ അപേക്ഷിക്കുന്നു."
ക്ലൈമാക്സ് സീൻ
അപ്പോഴേയ്ക്കും ഇലക്ഷൻ കമ്മീഷന്റെ പ്രഖ്യാപനംവന്നു.
മന്ത്രിക്കുപ്പായം തയ്പിച്ചുകാത്തിരുന്ന രാഷ്ട്രീയക്കാർ രണ്ടായി
പിരിഞ്ഞ് ആരോപണപ്രത്യാരോപണ കമ്മറ്റികളുടെ രൂപീകരണത്തിനും പരസ്പരം
പാരവയ്പ് പരിപാടികൾക്കുമായി ഝടുതിയിൽ ഇറങ്ങിപ്പോയി. അവരുടെ
പാദരക്ഷകൾ(അഡീഷണൽ)തലയിലേറ്റുന്
അനുഗമിച്ചു. പോകുന്ന പോക്കിൽ അവർ വിളിച്ചു പറഞ്ഞത് അവിടെ
പ്രതിധ്വനിച്ചു:
"കുറുക്കച്ചാ, തത്ക്കാലം ഞങ്ങളുടെ വഴക്കുതീർന്നു. ബാക്കി തെരഞ്ഞെടുപ്പിനുശേഷം."