13 Jan 2012

കുളമ്പടികൾ


മാത്യൂ നെല്ലിക്കുന്ന്

വിശാലമായ ഷോപ്പിങ്‌ സെന്ററിലെ ഒഴിഞ്ഞ അലമാരയിൽ വികാഷ്‌ പുതിയ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഏറെ വർഷങ്ങളുടെ കൈവേഗതയിൽ അയാൾ യാന്ത്രികമായി ആ ജോലി തുടർന്നു

അടുത്ത തട്ടുകളുടെ അങ്ങേപ്പുറത്ത്‌ ഉയർന്നു വന്ന ശബ്ദം ആ തിരക്കിലും അയാൾ ശ്രദ്ധിച്ചു.
'ഇന്നു കുഞ്ഞിനുള്ള സാധനങ്ങൾ മാത്രം വാങ്ങിച്ചാൽ മതി.'
അപരിചിതമല്ലാത്ത ആ ശബ്ദത്തിലേക്ക്‌ അയാൾ അലമാരിയുടെ മറ പറ്റി ഒളിഞ്ഞു നോക്കി.
അതെ സുജാതയുടെ ശബ്ദം
പരിചിതമായ ശബ്ദം
നിങ്ങൾ എന്നെയോർത്ത്‌ ദുഃഖിക്കും. ഞാൻ നൽകിയതൊന്നും മറ്റൊരു പെണ്ണിൽ നിന്നും നിങ്ങൾക്കു കിട്ടില്ല.
നീ പറഞ്ഞത്‌ സത്യമായിരിക്കാം. എങ്കിലും ഞാനിറങ്ങുന്നു. തിരിഞ്ഞു നോക്കിയില്ല. ബലഹീനനായിക്കൂടാ. പ്രത്യേകിച്ച്‌ പെണ്ണിന്റെ മുമ്പിൽ.

അഞ്ചു വർഷങ്ങൾക്കു മുമ്പ്‌ സ്വന്തം വീടു വിട്ട്‌ കത്തുന്ന സൂര്യന്റെ ചൂടിലേക്ക്‌ മറനീക്കിയിറങ്ങിയതാണ്‌. മറ്റൊരു തണലിൽ പുതിയ സങ്കേതം കണ്ടെത്തിയ ഭാര്യയുടെ അവസാനത്തെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു.

വീർത്ത വയറു താങ്ങി കടയിലെ തുണിത്തരങ്ങൾ തിരയുകയാണവൾ.
തന്റെ പൂർവ്വകാലസുഹൃത്ത്‌ നടരാജൻ അവളുടെ അടുത്ത്‌ നിൽക്കുന്നു.
ഒഴിഞ്ഞ തട്ടുകളുടെ ഇടയിലേക്ക്‌ വികാഷ്‌ ഒതുങ്ങിക്കൂടി. ഇല്ല, തനിക്കവളെ കാണാനുള്ള ചങ്കുറപ്പില്ല.
നിങ്ങളുടെ ആറു സഹോദരികളെ കെട്ടിച്ചു വിട്ടു കഴിയുമ്പോഴേക്കും ഞാനൊരു മുതുക്കിയാവും.
സുജാതെ നീ കുറേക്കൂടി കാത്തിരിക്കു. എന്റെ കുടും‌ബത്തെ ഞാനല്ലാതെ മറ്റാരാണ്‌ സംരക്ഷിക്കുക?
എട്ടു വർഷം കഴിഞ്ഞിട്ടും നിങ്ങളുടെ കുടുംബസ്നേഹം കൂടിവരികയാണ്‌. ഞാനുമൊരു പെണ്ണാണ്‌. എനിക്കു കുറേ മോഹങ്ങളൊക്കെയുണ്ട്‌.
അവൾ പറയുന്നതിലും കാര്യമുണ്ട്‌. അമ്മ എയർപ്പോർട്ടിൽ വച്ച്‌ പറഞ്ഞ വാക്കുകൾ മനസ്സിൽ ബാക്കി കിടക്കുന്നു.
"മോനെ ഞങ്ങൾക്ക്‌ നീ മാത്രമാണുള്ളത്‌. നീയത്‌ മറക്കരുത്‌. ഗർഭനിരോധന ഗുളികകൾ സുജാത മുടങ്ങാതെ കഴിക്കുന്നുണ്ടെന്നുള്ള ഉറപ്പുകൾ ഒരിക്കൽ തെറ്റി.
പതിവില്ലാതെ ഓക്കാനവും വിമ്മിഷ്ടവും അയാളെ പരിഭ്രാന്തനാക്കി. എന്തു പറ്റി സുജാതെ? എന്തു പറ്റാനാണ്‌? ഞാൻ ഗുളിക നിർത്തി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ തീജ്വാലയിൽ അയാൾ ഒരു നിമിഷം വെന്തുരുകി.

സുജാതെ നീ എന്നെ ചതിക്കരുത്‌. രണ്ട്‌ അനുജത്തിമാരെക്കൂടി ഞാനൊന്ന്‌ കരകയറ്റി കൊള്ളട്ടെ.
വികാഷിന്റെ വാചാലതയിൽ അവൾ അബോർഷൻ ക്ലിനിക്കിലേക്ക്‌ കയറി. പിന്നീടൊരിക്കൽ അവൾ താനറിയാതെ ഗുളിക നിർത്തി. രണ്ടാം വട്ടം ക്ലിനിക്കിൽ കൊണ്ടുപോകാൻ ഏറെ പണിപ്പെടേണ്ടിവന്നു.
ഇൻഷ്വറൻസ്‌ ഏജന്റ്‌ നടരാജന്റെ ആഗമനത്തോടെ അഞ്ചു ലക്ഷം ഡോളറിന്റെ പോളിസിയും സുജാതയുടെ പേരിൽ എഴുതി വെച്ചു.
"
"കറവപ്പശുവിനെ കറന്നു മതിയായില്ലേ?എന്നുള്ള പ്രസ്താവനയോടെയാണ്‌ അവൾ പോളിസിയിൽ ഒപ്പു വെച്ചത്‌.
ഇനിയിപ്പോൾ എന്തു വന്നാലും പിടിച്ചുനിൽക്കാം .എല്ലാ നഷ്ടബോധങ്ങളുടേയും കണ്ണികൾക്ക്‌ ഒരു തിരിച്ചടി പോലെ ഇൻഷ്വറൻസ്‌ പോളിസി മേശപ്പുറത്തിരുന്ന്‌ ചിരിച്ചു.

വികാഷിന്റെ മുഖത്ത്‌ നേടിയവന്റെ വെളിച്ചം പരന്നു.
നാട്ടിൽ നിന്നും ഫോണ്‍‌ വന്നിരിക്കുന്നു. അമ്മയുടെ അന്ത്യാഭിലാഷം , മകനെ കാണണം. അപ്പോഴും പണത്തിന്റെ ചോർച്ചയുടെ പഴുതുകൾ അയാൾ കണ്ടു. ഭാര്യയെ പണിക്കു വിട്ടിട്ട്‌ വികാഷ്‌ നാട്ടിലേക്ക്‌ പറന്നു.
നടരാജന്റെ സാമീപ്യം സുജാതയുടെ ശൈത്യകാലത്തിന്റെ അവസാനമായിരുന്നു.
അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ച്‌ മടങ്ങി വന്ന മകൻ പുതിയ മാനങ്ങളിലെ ചുഴികൾ കണ്ടു.
പുതിയ വെളിച്ചം വീണു നാമ്പു നീണ്ട വിത്തിന്റെ ചിരി.പുതിയ സുജാത.
കിടക്കറയിലെ സീൽക്കാരങ്ങളുടെ ധ്വനി പെരുമ്പറ പോലെ വികാഷിലേക്ക്‌ പടർന്നു. ഒരു ശിശിരത്തിന്റെ തേങ്ങലില്‍ അയാൾ അലിഞ്ഞു.

പണത്തിന്റെ തിരച്ചിലിനിടയിൽ നഷ്ടബോധത്തിന്റെ കുളമ്പടികൾ. മോഹങ്ങളുടെ അന്യമായ ആ തീരത്തു നിന്നും എന്നെന്നേക്കുമായി വിടുതൽ. അയാൾ പടിയിറങ്ങി.
ഒഴിഞ്ഞ അലമാരകൾക്കിടയിൽ കാലം ചവച്ചുതുപ്പിയ ഒരു തടവുകാരനെപ്പോലെ മരവിപ്പു വീണ പാദങ്ങളുമായി അയാൾ നിന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...