|
|
|
രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്
ആമുഖം
നൂറുകോടിയിലധികം ജനങ്ങൾക്ക് ജീവസന്ധാര ണമാർഗ്ഗമായി നിലകൊള്ളുന്ന
കൽപവൃക്ഷത്തിന്റെ മാഹാത്മ്യം മൺമറയാത്ത ഒരു ചരിത്രസത്യമാണ്. ഭൂമിയിൽ
വളരുന്ന പരശ്ശതം വൃക്ഷങ്ങളിൽവെച്ച് എല്ലാ ഗുണഗണങ്ങളിലും വേറിട്ട്
നിൽക്കുന്ന ഒരു അത്ഭുതപ്രതിഭാസമെന്ന് തന്നെ ഈ വൃക്ഷരാജാവിനെ
വിശേഷിപ്പിക്കാം. മറ്റു വിളകളോടുള്ള സഹവർത്തിത്വം, ഋതുഭേദങ്ങളില്ലാത്ത
ഉത്പാദനപ്രക്രിയ, എണ്ണമറ്റ ഉൽപന്ന വൈവിധ്യവത്ക്കരണ സാധ്യത, പ്രകൃതി
സംരക്ഷണവും മനോഹാരിതയും ഇവയെല്ലാം തെങ്ങിനെ മറ്റ് വൃക്ഷങ്ങളിൽ നിന്ന്
വേറിട്ട് നിർത്തുന്ന സ്വഭാവ വിശേഷങ്ങളാണ്. തീർന്നില്ല, മനുഷ്യശബ്ദം,
മനുഷ്യസാമീപ്യം എന്നിവയോട് ഇത്രയധികം പ്രതികരിക്കുന്ന ഒരു
വിളയുമില്ല-അതുപോലെ തന്നെ വളപ്രയോഗത്തോടും ജലസേചനത്തോടും.
നമ്മുടെ രാജ്യത്ത് കേരളം കൂടാതെ കർണ്ണാടകം, തമിഴ്‌നാട്,
ആന്ധ്രാപ്രദേശ് എന്നീ മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലും തെങ്ങ് കൃഷി
സർവ്വസാധാരണമാണ്. മൊത്തം ഉത്പാദനത്തിന്റെ തൊണ്ണൂറ് ശതമാനവും ഈ നാല്
സംസ്ഥാനങ്ങളിൽ നിന്നുമാണ്. മുമ്പ് ഉപജീവനത്തിന്റെ മാർഗ്ഗമായി
ചെയ്തിരുന്ന തെങ്ങുകൃഷി സാമ്പത്തിക ലാഭത്തിനുവേണ്ടി കൃഷി ചെയ്യപ്പെടുന്ന
വിളകൾക്കൊപ്പം ഇടംപിടിച്ചു കഴിഞ്ഞു. ചെറുകിട, നാമമാത്ര കർഷകരുടെ വിളയായി
കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ധാരാളം ഉൽപന്നങ്ങളും ഉപോൽപന്നങ്ങളും
പ്രദാനം ചെയ്യുന്ന വിളയെന്ന നിലയ്ക്ക് ആശങ്കയില്ലാതെ കടന്നു
ചെല്ലാനാവുന്ന ഒരു മേഖലയാണ് തെങ്ങുകൃഷി.
കേരവികസനത്തിന്റെ പ്രാരംഭഘട്ടം - ഒരു തിരിഞ്ഞു നോട്ടം
ഇന്ത്യയിൽ ആസൂത്രിത കേരവികസനത്തിന് പ്രാരംഭം കുറിച്ചതു ഇന്ത്യൻ സേൻട്രൽ
കോക്കനട്ട് കമ്മിറ്റിയുടെ രൂപീകരണത്തോടെയാണെന്ന് പറയാം. 1945-ൽ നിലവിൽ
വന്ന കമ്മിറ്റിയുടെ രൂപീകരണത്തിന് വഴിതെളിച്ച കാരണങ്ങളിലൊന്ന് രണ്ടാം
ലോകമഹായുദ്ധത്തിന്റെ അനന്തരഫലമാണ്. 1942 ൽ കൊപ്രയ്ക്കും,
വെളിച്ചെണ്ണയ്ക്കും കടുത്ത ക്ഷാമ മുണ്ടാകുകയും ഇവിടുത്തെ കേരവ്യവസായം
ഏതാണ്ട് തകർച്ചയുടെ വക്കിലെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ്
കേരകൃഷിയുടെ സമഗ്രവികസനത്തിന് വേണ്ടി ഇന്ത്യാ ഗവണ്‍മന്റ്
കമ്മിറ്റിക്ക് രൂപം നൽകിയത്.
എന്നാൽ കേരവികസനത്തിന്റെ ആദ്യഘട്ടമായി കണക്കാക്കപ്പെടുന്നത് 19-ാം
നൂറ്റാണ്ടിന്റെ അവസാന കാലയളവാണ്. 1882ൽ കേരളത്തിൽ കാറ്റുവീഴ്ചരോഗം
പ്രത്യക്ഷപ്പെട്ടതും ആന്ധ്രയുടെ തീരപ്രദേശങ്ങളിൽ കൂമ്പ് ചീയൽ രോഗം
വ്യാപകമായതും, അതിനെത്തുടർന്ന് ബ്രിട്ടീഷ് ഗവണ്‍മന്റിലെ കുമിൾ
രോഗവിദഗ്ദ്ധനായ ഡോ. ബട്ട്ലറെ ഈ രോഗങ്ങളെപ്പറ്റി പഠിക്കുവാനും പ്രതിവിധി
നിശ്ചയിക്കുവാനും നിയോഗിച്ചതും കേരവികസനത്തിന്റെ പ്രഥമ നാഴികക്കല്ലാണ്.
കേരവികസനപ്രവർത്തനങ്ങൾക്ക് അടുക്കും ചിട്ടയും വരുത്തിയുള്ള
സമഗ്രവികസനമായിരുന്നു കമ്മിറ്റിയിലൂടെ വിഭാവനം ചെയ്തത്. കമ്മിറ്റി
നിലവിൽ വന്ന് അധികം താമസിയാതെ അതുവരെ മദ്രാസ് ഗവണ്‍മന്റിന്റെ
നിയന്ത്രണത്തിലായിരുന്ന കേരഗവേഷണത്തിന്റെ ചുമതലയും കമ്മിറ്റിയിൽ
നിക്ഷിപ്തമായി. അങ്ങനെ കാസർഗോഡ്, കായംകുളം എന്നിവിടങ്ങളിലെ തെങ്ങ്
ഗവേഷണ കേന്ദ്രങ്ങൾ കമ്മിറ്റിയുടെ അധികാരപരിധിയിലായി. 20 വർഷം
പ്രവർത്തനനിരതമായിരുന്ന കമ്മിറ്റി കേരഗവേഷണ - വികസന രംഗങ്ങളിൽ
സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചതു. തെങ്ങു കൃഷിയിൽ
വിത്തുതേങ്ങയ്ക്കും, തെങ്ങിൻ തൈകൾക്കുമുള്ള പ്രാധാന്യം കണക്കിലെടുത്ത്
ഉയർന്ന ഉത്പാദനവും ജനിതകമേന്മയുമുള്ള മാതൃവൃക്ഷങ്ങളെ കണ്ടെത്തി അവയിൽ
നിന്ന് വിത്തുതേങ്ങ സംഭരിച്ച്, വീണ്ടും നല്ല തൈകൾ തെരഞ്ഞെടുത്ത് നടീൽ
വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിഷ്കർഷിച്ചതു
കമ്മിറ്റിയാണ്. അപ്രകാരം രാജ്യത്തെമ്പാടും നഴ്സറികൾ ആരംഭിക്കുവാനും,
പാരമ്പര്യഗുണമുള്ള തൈകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് കൊടുക്കാനുമുള്ള
സംവിധാനം ഏർപ്പെടുത്തിയതും കമ്മിറ്റിയുടെ പ്രവർത്തനവിജയമായി
കരുതപ്പെടുന്നു. നാളികേര ജനനദ്രവ്യ കൈമാറ്റ പദ്ധതിഊർജ്ജിതപ്പെടുത്തിയതും തദ്ദേശീയജനനദ്രവ്യശേഖരണ ത്തിന് പ്രാരംഭം കുറിച്ചതും കമ്മിറ്റിയുടെ കാലത്താണ്. പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി ഗവേഷണകേന്ദ്രങ്ങൾ
തുടങ്ങുന്നതിന് വിവിധ സംസ്ഥാന ഗവണ്‍മന്റുകൾക്ക് കമ്മിറ്റി സാമ്പത്തിക
സഹായം ചെയ്യുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. സാങ്കേതിക
വികസനങ്ങളിലധിഷ്ഠിത മായ ഗവേഷണങ്ങൾക്ക് ആരംഭം കുറിച്ചതും കമ്മിറ്റിയുടെ
കാലത്താണ്. ഇതിന്റെ ഫലമായി നവീന സംസ്ക്കരണ രീതികൾ
ഉരുത്തിരിച്ചെടുക്കുവാൻ അക്കാലത്ത് സാധിച്ചു.
കമ്മിറ്റി 1966 ൽ നിർത്തലാക്കുകയും കേരവികസനത്തിന്റെ ചുമതല നാളികേര വികസന
ഡയറക്ടറേറ്റ് ഏറ്റെടുക്കുകയും ചെയ്തു. കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിൽ
നിലവിൽ വന്ന ഡയറക്ടറേറ്റിന്റെ ലക്ഷ്യം കേരവികസനവും, സംസ്ക്കരണവും,
വിപണനവുമുൾപ്പെടെയുള്ള വികസനപദ്ധതികളുടെ ആസൂത്രണവും ഏകോപനവുമായിരുന്നു.
കേരഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യൻ കാർഷിക കൗൺസിലിന് കൈമാറുകയും ചെയ്തു.
സംസ്ഥാന ഗവണ്‍മന്റുകൾ വഴി നടപ്പിലാക്കിവന്നിരുന്ന വിവിധ പദ്ധതികളുടെ
മേൽനോട്ടമാണ് ഡയറക്ടറേറ്റ് ചെയ്തിരുന്നത്. സ്വയംഭരണാവകാശമില്ലാത്ത
സ്ഥാപന മായിരുന്നതിനാൽ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ കേരളത്തിലെ
കർഷകർ തൃപ്തരായിരുന്നില്ല. സ്വയംഭരണാ വകാശമുള്ള ഒരു സ്ഥാപനം നിലവിൽ
വരികയെന്നതായിരുന്നു കർഷകരുടേയും തെങ്ങുകൃഷിയുമായി ബന്ധപ്പെട്ടവരുടേയും
ആവശ്യം. റബ്ബർ ബോർഡിന്റെ മാതൃകയിലുള്ള ഒരു ബോർഡ് ആയിരുന്നു കേരകർഷകരുടെസ്വപ്നം. അങ്ങനെ എല്ലാവരുടേയും ശ്രമഫലമായി 1981 ൽ കൃഷി മന്ത്രാലയത്തിന്റെ കീഴിൽതന്നെ നാളികേര വികസന ബോർഡ് രൂപം കൊണ്ടു.
കേരവികസന പദ്ധതികൾ- വിവിധ പഞ്ചവത്സര പദ്ധതികളിലൂടെ
കേരവികസനരംഗത്ത് നമ്മുടെ രാജ്യം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്.
സ്വാതന്ത്രലബ്ധിക്കുശേഷം പഞ്ചവത്സരപദ്ധതികൾക്ക് തുടക്കമിട്ടപ്പോൾ
ആദ്യപദ്ധതിയിൽ കേരവികസനത്തിന് സ്ഥാനം ലഭിച്ചില്ല. 1956-57 ൽ ആരംഭിച്ച
രണ്ടാം പഞ്ചവത്സരപദ്ധതിയിലാണ് ആദ്യമായി കേരവികസന
പദ്ധതിയുൾപ്പെടുത്തിയത്. നാളികേരക്കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള
വികസനപ്രവർത്തനങ്ങളാണ് അതുവരെ നടപ്പാക്കിക്കൊണ്ടിരുന്നത്.
ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം, പ്രദർശനതോട്ടങ്ങൾ സ്ഥാപിക്കൽ,
സസ്യസംരക്ഷണപ്രവർത്തനങ്ങൾ എന്നിവയായിരുന്നു രണ്ടാം പഞ്ചവത്സര പദ്ധതിയിൽ
തുടങ്ങിയ പദ്ധതികൾ. മൂന്നാംപഞ്ചവത്സര പദ്ധതിയിൽ വളപ്രയോഗം, ജലസേചനം
എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഹ്രസ്വകാല പദ്ധതികൾക്കും
തുടക്കമിട്ടു. തുടർന്ന് വന്ന മൂന്ന് പദ്ധതിക്കാലയളവിൽ ടിഃഡി സങ്കരയിനം
തൈകളുടെ ഉത്പാദനം വ്യാപകമാക്കുകയും കർണ്ണാടകം, കേരളം എന്നിവിടങ്ങളിൽ
വിത്തുതോട്ടങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ആറാം പദ്ധതിയുടെ
തുടക്കത്തിൽതന്നെ നാളികേര വികസന ബോർഡ് നിലവിൽ വന്നു.തെങ്ങുകൃഷിയുടെ
പുരോഗതിയും സമഗ്രവികസനവും എന്ന ഉത്തരവാദിത്വം ഏൽപ്പിച്ചു കൊണ്ടാണ് 1981
ജനുവരി 12 ന് ബോർഡിന് രൂപം കൊടുത്തത്. കൃഷി ഒരു സംസ്ഥാന
വിഷയമാണെങ്കിലും തെങ്ങുകൃഷിയെ സംബന്ധിച്ച നയപരമായ പ്രശ്നങ്ങൾ കൈകാര്യം
ചെയ്യാനുള്ള പ്രത്യേക ഉത്തരവാദിത്വങ്ങൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ
കീഴിൽ പ്രവർത്തിക്കുന്ന ബോർഡിന് നൽകിയിട്ടുണ്ട്. ബോർഡിന്റെ കീഴിൽ വികസന
പദ്ധതികൾക്ക് തുടക്കമിട്ടത് ആറാം പദ്ധതിയുടെ മൂന്നാംവർഷത്തിലാണ്.
ബോർഡിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ കേര വികസന പദ്ധതികൾക്ക് ഒരു
പുതിയമാനം കൈവരിക്കുകയായിരുന്നു.
കേരവ്യവസായത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ നടപടികൾ
സ്വീകരിക്കുക; നാളികേരത്തിന്റേയും കേരോൽപന്നങ്ങളുടേയും വിപണനം
മെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ ശുപാർശ ചെയ്യുക; കേരകൃഷി
വികസനത്തിനാവശ്യമായ പദ്ധതികൾവഴി കർഷകർക്ക് സാമ്പത്തികസഹായവും സാങ്കേതിക സഹായവും നൽകുക; കേര കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിലലഭിക്കുന്നതിന് നടപടി സ്വീകരിക്കുക; നാളികേരാധിഷ്ഠിത ഉൽപന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ക്രമീകരിക്കുക; കേരവികസന പദ്ധതികൾ
ആവിഷ്ക്കരിച്ച് നടപ്പിലാക്കുക; കേരവ്യവസായവുമായി ബന്ധപ്പെട്ട സ്ഥിതി
വിവര കണക്കുകൾ ശേഖരിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ബോർഡ്
സ്ഥാപിതമായത്.
ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് പുറമേ
ഉൽപന്നവൈവിധ്യവത്ക്കരണത്തിലും ഉപോൽപന്ന ങ്ങളുടെ ഉപയോഗത്തിലും,
മൂല്യവർദ്ധനയിലും ഊന്നൽ നൽകിയുള്ളതായിരുന്നു ഏഴും എട്ടും പഞ്ചവത്സര
പദ്ധതിക്കാലത്തെ ബോർഡിന്റെ പദ്ധതികൾ. കാറ്റുവീഴ്ച ബാധിത തെങ്ങുകൾ
വെട്ടിമാറ്റിയും നിലവിലുള്ള തെങ്ങുകൾക്ക് മെച്ചപ്പെട്ട പരിപാലനമുറകൾ
സ്വീകരിച്ചും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള സംയോജിത തെങ്ങുകൃഷി
പരിപാടിക്ക് 8-ാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകുകയും
ഇതിനുവേണ്ടി കൂടുതൽ വിഹിതം നീക്കിവെയ്ക്കുകയും ചെയ്തു. ഉത്പാദന വർദ്ധന
ലക്ഷ്യമാക്കിയുള്ള ദീർഘകാലപദ്ധതികളിൽ പുതുകൃഷിക്ക് സബ്സിഡി നൽകുന്ന
പദ്ധതി വൻപ്രചാരം നേടി. പദ്ധതിവിഹിതത്തിൽ വൻ വർദ്ധനയുണ്ടായതും എട്ടാം
പദ്ധതിയിലാണ്. ആറാം പദ്ധതിക്കാലത്ത് നാലുകോടി രൂപയിൽ താഴെയായിരുന്ന
ബോർഡിന്റെ പദ്ധതിവിഹിതം ഏഴാം പദ്ധതിയിൽ 10 കോടിയിലേക്കും എട്ടാം
പദ്ധതിയിൽ 80 കോടിയിലേക്കും ഉയർന്നു.
ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവർഷങ്ങളിൽ പഴയ പദ്ധതികൾ തന്നെ
തുടർന്ന് വരികയാണ് ചെയ്തത്. പിന്നീട് ചുരുക്കം ചില മാറ്റങ്ങളും
ഭേദഗതികളും വരുത്തി പദ്ധതികൾ നടപ്പിലാക്കി. പദ്ധതി നടത്തിപ്പിൽ
സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കാളിത്തം ഉറപ്പ് വരുത്തിയത്
ഈ പദ്ധതികാലയളവിലാണ്. സ്വകാര്യ മേഖലയിൽ വിത്ത് തോട്ടങ്ങൾ
സ്ഥാപിച്ചുതുടങ്ങിയതും സ്വകാര്യ നഴ്സറികൾക്ക് സാമ്പത്തിക സഹായം
നൽകിത്തുടങ്ങിയതും ഈ കാലയളവിലാണ്. തെങ്ങു കൃഷിയിലും ഉത്പാദന ക്ഷമതയിലും
ഊക്കോടെ മുന്നോട്ട് കുതിച്ചിരുന്ന ഒരു സംസ്ഥാനമാണ് ആന്ധ്രപ്രദേശം. ഈ
കാലഘട്ടത്തിലാണ് ആന്ധ്രപ്രദേശത്ത് അതിശക്തമായ കൊടുങ്കാറ്റ്
വീശിയടിച്ചതും ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചതും. കേരകൃഷി മേഖലയിൽ ധാരാളം
പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച മണ്ഡരിയുടെ വരവും ഈ കാലത്താണ്. ഉത്പന്ന
വൈവിധ്യവത്ക്കരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുവാൻ ഇടയാക്കിയ
നാളികേര ടെക്നോളജി മിഷന്റെ ആവിർഭാവവും ഈ പദ്ധതിയുടെ അവസാനകാലത്താണ്.
പത്താം പഞ്ചവത്സരപദ്ധതി സാക്ഷ്യം വഹിച്ചതു ടെക്നോളജി മിഷന്റെ
ശാക്തീകരണമാണ്. 9.5 കോടി നാളികേരം വാർഷിക സംസ്ക്കരണശേഷിയുള്ള 25 സംയോജിത
സംസ്ക്കരണയൂണിറ്റുകൾ നിലവിൽ വന്നത് ഈ പദ്ധതിക്കാലത്താണ്. കർഷക
പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ക്ലസ്റ്റർ പദ്ധതിക്ക് തുടക്കമിട്ടതും ഈ
പദ്ധതി കാലയളവിലാണ്.
രോഗബാധിതവും, പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ നീക്കം ചെയ്ത് പുതിയ തൈകൾ
വച്ചു പിടിപ്പിക്കുന്നതിനുള്ള ഒരു പുനരുദ്ധാരണ പദ്ധതി ദീർഘകാലത്തെ
ആവശ്യമായിരുന്നു. ഈ ലക്ഷ്യം സാക്ഷാത്ക്കരിച്ച കാലഘട്ടമായിരുന്നു 11-ാം
പഞ്ചവത്സര പദ്ധതി. നാളിതുവരെ രാജ്യത്ത് ഒറ്റവിളക്ക് വേണ്ടി ലഭിച്ച
ഏറ്റവും ബൃഹത് പദ്ധതിയാണിത്, 2275 കോടി രൂപ അടങ്കൽ തുകയും 478.5 കോടി
രൂപ ഇന്ത്യ ഗവണ്‍മന്റിന്റെ സബ്സിഡിയും. കേരളത്തിലെ തിരുവനന്തപുരം,
കൊല്ലം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിലേക്കും ആന്റമൻ നിക്കോബാർ ദ്വീപ
സമൂഹത്തിലേക്കും മാത്രമായി ലഭിച്ച ഒരു പെയിലറ്റ്
പദ്ധതിയായിരുന്നെങ്കിലും പദ്ധതി വ്യാപിപ്പിക്കുവാനുള്ള എല്ലാ സാധ്യതകളും
ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി അനുവദിച്ചതു.
തെങ്ങ് കയറ്റക്കാർക്ക് ഒരു ക്ഷേമപദ്ധതിയും തെങ്ങിന് ഇൻഷുറൻസ്
പദ്ധതിയും നിലവിൽ വന്നതും ഈ പഞ്ചവത്സര പദ്ധതിക്കാലത്താണ്. ടെക്നോളജി
മിഷൻ പദ്ധതി പ്രകാരം കൂടുതൽ വ്യവസായ യൂണിറ്റുകൾ നിലവിൽ വരുകയും കൂടുതൽ
തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കരിക്കിൻവെള്ളം, വെളിച്ചെണ്ണ
തുടങ്ങിയ കേരോൽപന്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് അതിശക്തമായ മാധ്യമ
പ്രചരണ പരിപാടികൾ നടത്തിയതും ഈ അവസരത്തിലാണ്.
ഒൻപത് ദശാബ്ദങ്ങളായി നടക്കുന്ന കേര ഗവേഷണവും ശ്രദ്ധേയമായ നിരവധി
നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി. ഈ നേട്ടങ്ങൾ കൈവരിക്കുവാൻ പ്രവർത്തിച്ച
നിരവധി ഗവേഷണസ്ഥാപനങ്ങളുണ്ട്. ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ കീഴിൽ
പ്രവർത്തിക്കുന്ന കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനവും അതിന്റെ പ്രാദേശിക
ഗവേഷണ കേന്ദ്രങ്ങളും അതുവഴി നടപ്പിലാക്കുന്ന ഓൾ ഇന്ത്യ കോർഡിനേറ്റഡ്
ഗവേഷണ പദ്ധതികളും കേരമേഖലയ്ക്ക് നൽകിയ സംഭാവന ചെറുതല്ല. വിള അഭിവൃദ്ധി,
വിള പരിപാലനം, വിള സംരക്ഷണം, ജനിതക ശേഖരണം എന്നിങ്ങനെയുള്ള വിവിധ
മേഖലകളിൽ ഇപ്പോഴും ഗവേഷണങ്ങൾ പുരോഗമിക്കുന്നു.
കേരവികസനരംഗത്തെ നേട്ടങ്ങൾ
കഴിഞ്ഞ 30 വർഷങ്ങളിൽ കേരവിസ്തീർണ്ണത്തിലും ഉത്്പാദനത്തിലും
വൻവർദ്ധനയാണ് വന്നിരിക്കുന്നത്. ബോർഡിന്റെ വികസനപ്രവർത്തനങ്ങൾ
തുടങ്ങിയതിനു ശേഷമുള്ള 30 വർഷത്തെ വളർച്ച ഒരു കുതിച്ചുചാട്ടം
തന്നെയായിരുന്നു. 1950 മുതൽ 1980 വരെയുള്ള മൂന്ന് ദശകങ്ങളിലുണ്ടായ
ഉത്പാദനവർദ്ധനവിനേക്കാൾ കൂടുതലായിരുന്നു ബോർഡ് നിലവിൽ വന്നതിനുശേഷമുള്ള
ഒന്നര ദശാബ്ദക്കാലത്തെ ഉത്പാദനവർദ്ധനവ്. 1950-ൽ കേരവിസ്തീർണ്ണവും
ഉത്പാദനവും യഥാക്രമം 6.3 ലക്ഷം ഹെക്ടറും 528 കോടി നാളികേരവുമായിരുന്നത്
1980ൽ 10.8 ലക്ഷം ഹെക്ടറും 594 കോടി നാളികേരവുമായി. ബോർഡിന്റെ
പ്രവർത്തനങ്ങളുടെ ഗുണഫലം പ്രതിഫലിച്ച നേട്ടമായിരുന്നു പിന്നീടുള്ള ഒന്നര
ദശാബ്ദക്കാലത്തേത്. 1995-96 ആയപ്പോഴേക്കും കേരവിസ്തീർണ്ണം 18 ലക്ഷം
ഹെക്ടറും ഉത്പാദനം 1400 കോടി നാളികേരവുമായി കുതിച്ചുയർന്നു. ഈ നേട്ടം
ഇന്ത്യയെ ലോകരാഷ്ട്രങ്ങളിൽ ഒന്നാമതെത്തിച്ചു. പിന്നീടുള്ള
വളർച്ചാനിരക്ക് താരതമ്യേന താഴ്‌ന്ന നിലയിലായിരുന്നു.
ഉത്പാദനക്ഷമതയിലാകട്ടെ 1985ന് മുമ്പുള്ള കാലം
ഏറ്റക്കുറച്ചിലുകളുടേതായിരുന്നു
. എന്നാൽ ഉത്പാദനക്ഷമത യിലൂന്നിയ
ബോർഡിന്റെ പ്രവർത്തനങ്ങൾ പ്രകടമായ വളർച്ചക്ക് നിദാനമായി. 1985ൽ
രാജ്യത്തെ ഉത്പാദനക്ഷമത ഹെക്ടറൊന്നിന് 5524 നാളികേരമായിരുന്നത് 1995
ആയപ്പോഴേക്കും 7780 നാളികേരമായുയർന്നു. ഉത്പാദനത്തി ലെന്നതുപോലെ
ഉത്പാദനക്ഷമതയിലും ഈ കാലഘട്ടത്തിൽ നമ്മുടെ രാജ്യം ലോകരാഷ്ട്രങ്ങളുടെ
മുന്നിലെത്തി.
ബോർഡ് നടപ്പിലാക്കി വരുന്ന വികസനപ്രവർത്തനങ്ങൾ രാജ്യത്തിന്റെ
പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിലും കേരകൃഷി വ്യാപിപ്പിക്കുവാൻ ഇടയാക്കി.
ഭാരതത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ തെങ്ങ് സമൃദ്ധമായി വളരും എന്ന്
കണ്ടതോടെ, തെങ്ങ് ഒരു തീരദേശവിളയെന്ന സങ്കൽപത്തിനു തന്നെ മാറ്റം വന്നു.
വൈവിധ്യമാർന്ന മണ്ണിലും കാലാവസ്ഥയിലും വളരുമെന്ന് തെളിയിക്കപ്പെട്ടതോടെ
ഒരു തെക്കേയിന്ത്യൻ വിളയെന്ന ധാരണ തിരുത്തിക്കുറിക്കുവാനും തെങ്ങിനെ ഒരു
ദേശീയ വിളയായി വളർത്തിയെടുക്കാനും ബോർഡിന് കഴിഞ്ഞു. നാളികേരത്തിന്റെ
ഉപഭോഗം അഖിലേന്ത്യാതലത്തിൽ വളർത്തിയെടുക്കുവാൻ ഈ പരിവർത്തനം
പര്യാപ്തമായി.
ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ വ്യാപകമായി ലഭ്യമാക്കുവാൻ ബോർഡ്
നടപ്പിലാക്കിയ പദ്ധതികളും ജനശ്രദ്ധയാകർഷിച്ചു. രാജ്യത്തിന്റെ
വിഭിന്നമേഖലകളിൽ സ്ഥാപിച്ച വിത്ത് തോട്ടങ്ങൾ അതാത് പ്രദേശങ്ങളിൽ,
വിശിഷ്യാ, വടക്ക് കിഴക്കൻ മേഖലകളിൽ തെങ്ങുകൃഷിക്ക്
ഉത്തേജനമായിത്തീർന്നു. ഇന്ന് വിത്ത് തേങ്ങ ശേഖരിക്കാൻ പര്യാപ്തമായ
മാതൃകാ വൃക്ഷങ്ങൾ ഈ മേഖലകളിൽ ലഭ്യമാണെന്നത് ബോർഡിന്റെ പ്രവർത്തനങ്ങളുടെ
നേട്ടം തന്നെയാണ്.
വെളിച്ചെണ്ണയെ മാത്രം ആശ്രയിച്ചു നീങ്ങിയിരുന്ന കേരവ്യവസായത്തിന് ഒരു
സമൂലമാറ്റം വരുത്തുവാനും സാങ്കേതിക വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള
ബോർഡിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പായ്ക്കറ്റിലാക്കിയ
ഇളനീർ, മിൽക്ക് പൗഡർ, നാളികേര ചിപ്സ്, വിനാഗിരി, തേങ്ങാപ്പൊടി,
എന്നീ നൂതന ഉൽപന്നങ്ങളുടെ സാങ്കേതികവിദ്യ വിവിധ ഗവേഷണ സ്ഥാപനങ്ങളിലൂടെ
വികസിപ്പിച്ചെടുക്കുവാനും വിപണിയി ലെത്തിക്കുവാനും സാധിച്ചതു ബോർഡിന്റെ
ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നു. വെളിച്ചെണ്ണ ആരോഗ്യത്തിന്
ഹാനികരമാണെന്ന പാശ്ചാത്യലോബിയുടെ ദുഷ്പ്രചരണത്തെ ഫലപ്രദമായി നേരിടാനും,
പാചകയെണ്ണയെന്ന നിലയിൽ വെളിച്ചെണ്ണ മറ്റ് എണ്ണകളേക്കാൾ മെച്ചമാണെന്ന്
തെളിയിക്കാനും, അത്തരത്തിലുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും
കഴിഞ്ഞത് ബോർഡിന്റെ പ്രധാനപ്പെട്ട സംഭാവനയാണ്. അതുപോലെ തന്നെ
വെളിച്ചെണ്ണയുടേയും ഇളനീരിന്റേയും ഉപയോഗം വർദ്ധിപ്പിക്കുവാനുള്ള
ബോധവത്ക്കരണം ഏറെ ജനശ്രദ്ധയാകർഷിച്ചു. ബോർഡിന്റെ വികസന
പ്രവർത്തനങ്ങൾക്ക് ഖ്യാതിയും കേരോൽപന്നങ്ങൾക്ക് രാജ്യത്തിന് അകത്തും
പുറത്തും ആവശ്യകതയും സൃഷ്ടിക്കുന്നതിന് അടിത്തറയിട്ടത് പത്തും
പതിനൊന്നും പദ്ധതികളിലെ വിപുലമായ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളാലാണ്.
നാളികേരം- എണ്ണക്കുരു
ഏഴാം പദ്ധതിക്കും എട്ടാം പഞ്ചവത്സര പദ്ധതിക്കുമിടയിൽ രണ്ട് വാർഷിക
പദ്ധതികളുണ്ടായി; 1990-91 ലും, 1991-92 ലും. നാളികേരം എണ്ണക്കുരുവായി
പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യാ ഗവണ്‍മന്റിന്റെ വിജ്ഞാപനം ഈ
കാലഘട്ടത്തിലുണ്ടായ നയപരമായ തീരുമാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.
എന്നാൽ സാധാരണ എണ്ണക്കുരു വിളകളിൽ നിന്നും വ്യത്യസ്തമായി ഒരു
വൃക്ഷവിളയിലുണ്ടാകുന്ന എണ്ണക്കുരു എന്ന പരിഗണനയേ ഇതിനു
ലഭിക്കുകയുള്ളുവേന്നും, തറവില, താങ്ങുവില എന്നിവ
നിശ്ചയിക്കുന്നതിനുമാത്രമേ ഈ സ്ഥാനം പരിഗണിക്കുകയുള്ളൂവേന്നും
പ്രഖ്യാപനത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നതും ശ്രദ്ധേയമാണ്. മറ്റ്
എണ്ണക്കുരുക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും
കാത്തിരുന്ന കർഷകർ പക്ഷേ; ഈ പ്രഖ്യാപനത്തിൽ സന്തുഷ്ടരായില്ല.
പന്ത്രണ്ടാം പദ്ധതിയിൽ കേരവികസനം എങ്ങനെയാവണം?
സ്ഥ ഉത്്പാദനത്തിൽ ലോകരാജ്യങ്ങളിൽ വെച്ച് രണ്ടാം സ്ഥാനത്ത് എത്തി
നിൽക്കുകയാണ് ഇന്ത്യ, ഉത്പാദനക്ഷമതയിൽ ഏറ്റവും മുന്നിലും. 8303
നാളികേരമാണ് നമ്മുടെ ദേശീയ ശരാശരി. എന്നാൽ 20,000ത്തോടടുത്ത്
ഉത്പാദനക്ഷമതയുള്ള സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ദേശീയ ശരാശരി ഈ
നിലയിലേക്കുയർത്താനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. ഈ ലക്ഷ്യം
വെച്ചുകൊണ്ടുള്ള വികസനതന്ത്രം ആവിഷ്ക്കരിക്കേണ്ടതുണ്ട്. ഇതിൽ
പ്രധാനമായും തെങ്ങ് പുനരുദ്ധാരണ പദ്ധതി വ്യാപകമാക്കുന്നതിനുള്ള ലക്ഷ്യം
ഉൾപ്പെടുന്നു. കേരളത്തിലെ മറ്റ് ജില്ലകളിലേക്കും തമിഴ്‌നാട്,
കർണ്ണാടകം, ആന്ധ്രാപ്രദേശ്, ഗോവ, ഒറീസ്സ എന്നീ സംസ്ഥാനങ്ങളി ലേക്കും
തെങ്ങ് പുനരുദ്ധാരണ പദ്ധതി വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. 1.35
ലക്ഷം ഹെക്ടറിലെ തെങ്ങ് പുനരുദ്ധാരണമാണ് കഴിഞ്ഞ
പഞ്ചവത്സരപദ്ധതിക്കാലത്ത് അനുവദിച്ചതു. തെങ്ങ് വെട്ടിമാറ്റുന്നതിന്
13000 രൂപയും, പുനരുദ്ധാരണത്തിന് 15000 രൂപയും പുനർനടീലിന് തൈയൊന്നിന്
20 രൂപയുമാണ് ധനസഹായം. അടുത്ത പദ്ധതിക്കാലയളവിൽ കേരളത്തിലെ മറ്റ്
ജില്ലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാ
ണുദ്ദേശം. സബ്സിഡി തുകയിൽ വർദ്ധനവും ആലോചനയിലുണ്ട്. ഉത്പാദനക്ഷമത
പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സ്ഥ കഴിഞ്ഞ 31 വർഷങ്ങളിലായി പുതുകൃഷി വ്യാപന പദ്ധതി പ്രകാരം 1.50 ലക്ഷം
ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം തെങ്ങുകൃഷി
വ്യാപനത്തിന്റെ ഏതാണ്ട് 17 ശതമാനം വരും. 12-ാം പഞ്ചവത്സരക്കാലയളവിൽ
പുതുകൃഷി പരമ്പരാഗത മേഖലയിൽ നിന്നും പരമ്പരാഗതമല്ലാത്ത വടക്ക് കിഴക്കൻ
മേഖലയിലേക്കും പ്രശ്ന ബാധിത പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നു. ഈ സ്ഥലങ്ങളിൽ തരിശുകിടക്കുന്ന സ്ഥലങ്ങൾ തെങ്ങുകൃഷിക്ക്
ഉപയോഗപ്പെടുത്താമെന്നും അതാതു പ്രദേശത്തെ ആദിവാസി സമൂഹത്തിന്റെ അഭിവൃദ്ധി
ഇതുവഴി സാധ്യമാക്കാമെന്നും കരുതുന്നു. തെങ്ങുകൃഷിയും അതിനോടനുബന്ധിച്ച
ഇടവിളകൃഷികളും വഴി ആദിവാസികളുടെ വരുമാനവർദ്ധനവും അതിലൂടെ അവരുടെ ജീവിത
നിലവാരവുമുയർത്താമെന്ന് പ്രത്യാശിക്കുന്നു.
സ്ഥ തേങ്ങ-കൊപ്ര-വെളിച്ചെണ്ണ സങ്കൽപം മാറ്റിയെടുക്കു കയെന്ന യജ്ഞം ബോർഡ്
ഏറ്റെടുത്ത് കഴിഞ്ഞു. വെളിച്ചെണ്ണ വിലയിൽ അടിക്കടിയുണ്ടാകുന്ന
ഏറ്റക്കുറച്ചിലുകളും വില തകർച്ചയുമാണ് ബോർഡിനെ ഈ രംഗത്ത് കൂടുതൽ
ശ്രദ്ധകേന്ദ്രീകരിക്കുവാൻ പ്രേരിപ്പിച്ചതു. ടെക്നോളജി മിഷന്റെ വരവ്
ഇതിന് കൂടുതൽ ആക്കം കൂട്ടിയെന്ന് പറയുന്നതാവും ശരി. മൂല്യവർദ്ധിത
ഉൽപന്നങ്ങളുണ്ടാക്കുന്ന 115 സമഗ്ര സംസ്ക്കരണ യൂണിറ്റുകൾ
രാജ്യത്തങ്ങോളമിങ്ങോളം നിലവിൽ വന്നു. പായ്ക്കു ചെയ്ത കരിക്കിൻവെള്ളം,
നാളികേര ചിപ്സ്, കേരക്രീം, നാളികേര പൗഡർ, തൂൾതേങ്ങ എന്നീ
ഭക്ഷ്യോൽപന്നങ്ങളും ഉത്തേജിതകരി, ചിരട്ടക്കരി തുടങ്ങിയ ഭക്ഷ്യേതര
ഉൽപന്നങ്ങളും ഈ രംഗത്ത് ശ്രദ്ധേയമാണ്. അനന്തമായ കയറ്റുമതി സാധ്യതയുള്ള
കരിക്കിൻവെള്ള യൂണിറ്റുകളും ധാരാളമുണ്ടാകണം. പ്രകൃതിദത്ത പാനീയമെന്ന
നിലയിൽ കരിക്കിൻ വെള്ളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനസമ്മതി ഇത്തരം
നിരവധി യൂണിറ്റുകൾ വരുന്നതിനുള്ള സാധ്യത തുറന്ന് കാട്ടുന്നു.
അതുകൊണ്ടുതന്നെ മൂല്യവർദ്ധനവും വൈവിധ്യ വത്ക്കരണവും അടുത്ത
പഞ്ചവത്സരപദ്ധതിയിലെ മുൻഗണനാവിഷയമായിരിക്കും.
സ്ഥ കേരകർഷകർ അസംഘടിതരും ചെറുകിട, നാമമാത്ര കർഷകരുമാണ്. അതുകൊണ്ടുതന്നെ
സംഘടിത ശക്തിയുടെ പ്രയോജനങ്ങൾ അവർക്ക് ലഭ്യമാകുന്നില്ല. കൃഷിയിലും
സംസ്ക്കരണരംഗത്തും കൂട്ടായ്മയുടെ ശക്തി എത്തിച്ചെങ്കിൽ മാത്രമേ കൃഷിക്കാർ
യഥാർത്ഥ ഗുണഭോക്താക്കളാകൂ. കൃഷി ചെലവ് കുറയ്ക്കാൻ കൂട്ടായ്മയുടെ
സംഘടിതശക്തി പ്രവർത്തന നിരതമാകേണ്ടതുണ്ട്. കർഷക കൂട്ടായ്മ ലക്ഷ്യം
വെച്ച്കൊണ്ട് ഉത്പാദകസംഘങ്ങളുടെ രൂപീകരണത്തിന് തുടക്കമിട്ടുകഴിഞ്ഞു.
1000 ഉത്പാദകസംഘങ്ങൾ രൂപീകരണപ്രക്രിയയിലാണ്. 12-ാം പഞ്ചവത്സര
പദ്ധതിക്കാലത്ത് പതിനായിരം ഉത്പാദക സംഘങ്ങൾ കൂടി വിഭാവനം ചെയ്യുന്നു. ഈ
ഉത്പാദകസംഘങ്ങളിലെ അംഗങ്ങൾ ഓരോ വിളവെടുപ്പിനും ഓരോ തെങ്ങിൽ നിന്നും ഓരോ
നാളികേരം സംഭാവന ചെയതാൽ സംഘത്തിന് മൂലധനരൂപീകരണം സാധ്യമാകും.
ഇതിനുതുല്യമായ വിഹിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകാൻ തയ്യാറായാൽ ഭാവി
പ്രവർത്തനങ്ങൾ സുഗമമാക്കാൻ സാധിക്കും. ഉത്പാദകസംഘങ്ങളുടെ ഫെഡറേഷനുകളും
ഫെഡറേഷനുകൾ ചേർന്നുള്ള കമ്പനികളുമാണ് അടുത്ത പദ്ധതിയിൽ വിഭാവനം
ചെയ്യുന്നത്. ഫെഡറേഷനുകൾക്കും കമ്പനികൾക്കും സാധ്യമാകുന്ന തരത്തിലുള്ള
വ്യവസായ യൂണിറ്റുകൾ തുടങ്ങാനാവും.
സ്ഥ തെങ്ങ് കയറ്റക്കാരുടെ അഭാവം മൂലം നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയിലൂടെ പരിഹരിച്ച് വരികയാണ്. ഈ
പദ്ധതി തുടർന്നും നടത്തിവരാനും ചങ്ങാതികൾക്ക് പി.എഫും ഗ്രാറ്റുവിറ്റിയും
തുടങ്ങി, സർക്കാരുദ്യോഗസ്ഥരെപ്പോലെ സേവന കാലയളവിനുശേഷം പെൻഷൻ തുടങ്ങിയ
ആനുകൂല്യ മെന്ന വിശാലലക്ഷ്യങ്ങളും ഇതിനോട് ചേർത്ത് കൊണ്ടുപോകും.
സ്ഥ സങ്കരയിനം തൈകളുടെ അഭാവം ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു.
ഗവേഷണ സ്ഥാപനങ്ങൾക്കും ബോർഡ് ഉൾപ്പെടെയുള്ള സർക്കാർ നഴ്സറികൾക്കുമുള്ള
വാർഷികോത്പാദനശേഷി തുലോം തുച്ഛമാണ്. ഈ വിടവ് നികത്താൻ കോളേജുകളും
മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് കൃത്രിമ പരാഗണം വഴി
സങ്കരവർഗ്ഗ തൈകൾ ഉത്പാദിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഓരോ കോളേജുകളും
50,000 തൈകൾ വരെ ഉത്പാദിപ്പിച്ചാൽ 10-15 കോളേജുകൾ രംഗത്തിറങ്ങിയാൽ 5
ലക്ഷത്തിലധികം തൈകൾ ആണ്ട് തോറും ഉത്പാദിപ്പിക്കാം. ഇന്ന് നിൽക്കുന്ന
പ്രായം ചെന്ന കൊന്നത്തെങ്ങുകൾ ക്രമേണ പുനർനടീലിനുവിധേയമാക്കി എല്ലാ
തോട്ടങ്ങളും പുനരുജ്ജീവിപ്പിച്ചെടുക്കാം.
സ്ഥ തെങ്ങിന്റെ ഗവേഷണവും വികസനവും വ്യത്യസ്ത സ്ഥാപനങ്ങളാണ് കൈകാര്യം
ചെയ്യുന്നത്. റബ്ബർ ബോർഡിലും സ്പൈസസ് ബോർഡിലും ഗവേഷണവും വികസനവും
കൈകോർത്ത് പോകുന്നത് കാര്യങ്ങൾ കുറേക്കൂടി സുഗമമാക്കുന്നു. തെങ്ങിന്റെ
ഗവേഷണ ങ്ങൾക്കായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ അധീനതയിലുള്ള കേന്ദ്ര
തോട്ടവിള ഗവേഷണ സ്ഥാപനം പ്രവർത്തിക്കുന്നതിനാൽ ബോർഡിൽ ഗവേഷണച്ചുമതല
വന്നിട്ടില്ല. മാണ്ഡ്യയിലുള്ള ബോർഡിന്റെ ആദ്യത്തെ ഡി.എസ്.പി. ഫാം
അന്തരാഷ്ട്ര ഗവേഷണ വികസന കേന്ദ്രമായി വികസിപ്പിച്ചെടുക്കുവാൻ
ആലോചനയുണ്ട്. ഇവിടെ വിദ്യാർത്ഥികൾക്കും മറ്റ് ഗവേഷകർക്കും ഗവേഷണം
നടത്താൻ സൗകര്യം ഒരുക്കാനാകും. ഇത് തെങ്ങു കൃഷിയിലെ പല പ്രശ്നങ്ങൾക്കും
പരിഹാരം കണ്ടെത്താൻ സഹായകമാകും. വിവിധയിനം തെങ്ങുകളുടെ ഒരു നല്ല ജനിതക
ശേഖരമാണ് മാണ്ഡ്യയിലുള്ളത്.
സ്ഥ കേരവ്യവസായത്തിന്റെ വളർച്ചയ്ക്കനുസരിച്ച് സുദൃഢവും വിപുലവുമായ ഒരു
മാർക്കറ്റ് ഇന്റലിജൻസ് വിഭാഗത്തിനും തുടക്കമിടാനാലോചിക്കുന്നു. വടക്കു
കിഴക്കൻ മേഖലയിൽ ഇതിനകം തന്നെ ഒരു മാർക്കറ്റ് ഇന്റലിജൻസ്
സംവിധാനത്തിന് തുടക്കമിട്ടുകഴിഞ്ഞു. 12-ാം പഞ്ചവത്സര പദ്ധതിയിൽ വിപണി
വികസനവും വിപണി പ്രോത്സാഹനവും കേന്ദ്രീകരിച്ച് ഒട്ടേറെ പദ്ധതികൾ
തയ്യാറാകുന്നു. ബോർഡ് കേരോൽപന്നങ്ങളുടെ എക്സ്പോർട്ട് പ്രോമോഷൻ കൗൺസിൽ
ആയതോടുകൂടി കയറ്റുമതി പ്രോത്സാഹനത്തിനുതകുന്ന പല പദ്ധതികളും ആസൂത്രണം
ചെയ്യാൻ ആലോചനയുണ്ട്.
സ്ഥ ഉൽപന്ന വൈവിദ്ധ്യവത്ക്കരണത്തിലൂന്നിയുള്ള വികസന
പ്രവർത്തനങ്ങൾക്കായിരിക്കും ഊന്നൽ എന്നുള്ളതുകൊണ്ട് ഉൽപന്നങ്ങളുടെ
ഗുണമേന്മ പരമപ്രാധാന്യമർഹിക്കുന്നു. കയറ്റുമതി സാധ്യതയുള്ള
ഉൽപന്നങ്ങൾക്ക് ഗുണമേന്മ യിലൂടെയാകും പിടിച്ചുനിൽക്കാനാവുക. നാളികേരാ
ധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ഗ്രാന്റ് വർദ്ധിപ്പിച്ച്
കൂടുതൽ യൂണിറ്റുകൾക്ക് അവസരം നൽകുക, ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പ്
വരുത്തുക, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിദേശ വിപണി നേടിയെടുക്കാൻ കയറ്റുമതി
സാധ്യതയും ഡിമാന്റുമുള്ള രാജ്യങ്ങളിൽ വിദേശ ഔട്ട്ലെറ്റുകൾ തുറക്കുക,
വെളിച്ചെണ്ണയെ ആസ്പദമാക്കി കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ കൊണ്ടുവരിക തുടങ്ങി
കേരമേഖലയെ പൂർവ്വാധികം ശക്തിപ്പെടുത്താനാകുംവിധം നിരവധി കർമ്മ പദ്ധതികൾ
അടുത്തപദ്ധതിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്നു.
ഇങ്ങനെ 12-ാം പഞ്ചവത്സര പദ്ധതിയിൽ കേരവികസന രംഗത്ത് ഒരു പുതിയ. സമീപനം
അനിവാര്യമായിരിക്കുന്നു. ഉത്പാദനക്ഷമതയുള്ള തെങ്ങുകൾ മാത്രം നിലനിർത്തി
പരിപാലിക്കുകയും, രോഗപ്രതിരോധശേഷി പ്രകടമാക്കുന്ന തെങ്ങിനങ്ങൾ വെച്ച്
പിടിപ്പിക്കുകയും സർവ്വോപരി വൈവിധ്യവത്ക്കരണത്തിന് ഊന്നൽ നൽകുകയുമാണ്
നമ്മുടെ മുന്നിലുള്ള പോംവഴി. ഭക്ഷ്യാവശ്യങ്ങൾക്കും ഭക്ഷ്യേതരാവശ്യ
ങ്ങൾക്കും പുതിയ പുതിയ ഉൽപന്നങ്ങൾ നിർമ്മിച്ചെടുക്കുന്നതി നുള്ള
കർമ്മപരിപാടിക്ക് രൂപം നൽകിയും, ഇളനീരിനും മറ്റ് ഉൽപന്നങ്ങൾക്കും
രാജ്യമൊട്ടാകെ വിപണികണ്ടുപിടിക്കുകയും ആവശ്യക്കാർക്ക് എവിടേയും
ഏതവസരത്തിലും കേരോൽപന്നങ്ങൾ ലഭ്യമാക്കാൻ തക്കവണ്ണം പുതിയ വിപണന
തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയുമാണ് ഭാവിയിൽ ശ്രദ്ധപതിപ്പിക്കേണ്ട മേഖലകൾ.
എല്ലാറ്റിനുമുപരി ലോകവിപണിയിൽ മറ്റുരാജ്യങ്ങളിലെ ഉൽപന്നങ്ങളോട്
ഗുണമേന്മയിൽ കിടപിടിക്കാൻ പര്യാപ്തമാകുന്നതായിരിക്കണം നമ്മുടെ
വികസനതന്ത്രം.
|