19 Feb 2012

കവിതെ ,യുറങ്ങുക

ഡോ ദീപ ബിജോ അലക്സാണ്ടര്‍

അറിയാതെയല്ല ഞാ-
നോർക്കാപ്പുറത്തൊരീ-
വരവു,മൊരുൾക്കോണിൽ
പാതി മറഞ്ഞുള്ള- 
നില്പ്പും,തിടുക്കവും;

കാണാതെയല്ല,
മനസ്സിന്റെ തുമ്പു പിടിച്ചു-
വലിച്ചും,ചൊടിപ്പിച്ചും,
വിട്ടുമാറാതെ കലമ്പും
മകളെപ്പോൾ-
പരിഭവിച്ചുള്ളൊരീ-
നോക്കു,മലട്ടലും, 

തിരക്കാണ്‌;ജീവിത-
പ്പാച്ചിലാണുണ്ണി-
ക്കുരുന്നിനെ ധ്യാനം പോ-
ലൂട്ടിയും,പോറ്റിയു- 
മിരുണ്ടു വെളുക്കുമ്പോ- 
ളറിയാതെ പോകുന്നു- 
ണ്ടറിയുന്നുവെങ്കിലു-
മുള്ളി,ലാഴങ്ങളിൽ 
വേരിടാൻ വെമ്പുന്ന
വാക്കിന്നനക്കങ്ങൾ..........

തളർന്നുറങ്ങുമ്പോൾ
നനുത്തകാൽ വയ്പ്പുമായ് -
വാക്കുകൾ വന്നു-
വിരൽ മുത്തിപ്പോകുവ-
തറിയാതെയല്ലൊന്നു-
മറിയാതെയല്ല,
തിരക്കാണു,നേരമി-
ല്ലൊട്ടുമേ,യതിനാ-
ലുറങ്ങുകെൻ കവിതേ-
യുറങ്ങുക നീ,യീ-
ത്തിരക്കൊന്നൊഴിയട്ടെ-
യെന്നുണ്ണി വളരട്ടെ-
യതു വരെ മണ്ണിൽ
തപം ചെയ്യും വിത്തു പോൽ
ഉറങ്ങിക്കിടക്കുക-
കാലമാകും വരെ;
മൂകമാം നിദ്ര തൻ‍
ശിശിരം വഴി മാറി-
പുതുമുളയുണരേണ്ട-
ഋതു വരും നാൾ‍ വരെ.....!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...