18 Feb 2012

പന്ത്രണ്ടാം പദ്ധതി - കേരകർഷകരോടൊപ്പം; കേരകർഷകർക്കുവേണ്ടി


ടി. കെ. ജോസ്‌  ഐ.എ.എസ്
ചെയർമാൻ,നാളികേര വികസന ബോർഡ്


പ്രിയപ്പെട്ട കേര കർഷകരെ,
രാജ്യമൊട്ടാകെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കായുള്ള തയ്യാറെടുപ്പുകൾ
നടന്നുവരികയാണ്‌.  ദേശീയ ആസൂത്രണ കമ്മീഷനും സംസ്ഥാന ആസൂത്രണ ബോർഡുകളും
കഴിഞ്ഞ ഒരു വർഷമായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
തയ്യാറാക്കുന്നതിനുവേണ്ടിയുള്ള വിശദമായ കൂടിയാലോചനകളും ചർച്ചകളും നടത്തി
വരുന്നു. നമ്മുടെ രാജ്യത്തിന്റെ വികസനപ്രക്രിയയ്ക്ക്‌ ദിശാബോധവും
ഇന്ധനവും നൽകുന്നത്‌ പഞ്ചവത്സര പദ്ധതികളിലൂടെയും വാർഷിക
പദ്ധതികളിലൂടെയുമാണ്‌. ഭാരതത്തിന്റെ വരുന്ന അഞ്ച്‌ വർഷക്കാലത്തെ വികസന
പ്രവർത്തനങ്ങൾക്ക്‌, ദിശാബോധവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന ഈ
പ്രക്രിയയിൽ, നാളികേര കർഷകർക്കും, കൃഷിക്കും എന്തെല്ലാം കാര്യങ്ങളാണ്‌
വേണ്ടതെന്ന്‌ മുൻകൂട്ടി ചിന്തിക്കാനുള്ള ശ്രമമാണ്‌ ഈ ലക്കം മാസികയിലൂടെ
നടത്തുന്നത്‌.

പത്താം പഞ്ചവത്സര പദ്ധതിയിലെ നാളികേര വികസന ബോർഡിന്റെ വിഹിതം 145 കോടി
രൂപയായിരുന്നു; ചെലവഴിച്ചതു 151.714 കോടി രൂപയും. പതിനൊന്നാം പഞ്ചവത്സര
പദ്ധതിയിലെ അടങ്കൽ തുക 395 കോടി രൂപയാണ്‌. 2011 ഡിസംബർ 31 വരെ
ചെലവഴിച്ചതു 354 കോടിയുമാണ്‌. ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ
പൂർണ്ണമായി നിറവേറ്റണമെങ്കിൽ 12-​‍ാം പദ്ധതിയിൽ വേണ്ടത്‌ ഏകദേശം 2600
കോടി രൂപയുടെ പദ്ധതികളാണ്‌.അതിനായുള്ള ഒരു കരട്‌ പദ്ധതിയാണ്‌ നാം
തയ്യാറാക്കി കൃഷി മന്ത്രാലയത്തിന്‌ സമർപ്പിച്ചിരിക്കുന്നത്‌.
നിലവിലുള്ള പദ്ധതികളിൽ ആവശ്യമായതെല്ലാം തുടരുകയും അവയ്ക്ക്‌
കാലഘട്ടത്തിനനുസരണമായ രൂപ-ഭാവ ഭേദങ്ങൾ നൽകേണ്ടതുമുണ്ട്‌. കൂടാതെ
പദ്ധതികളിലെ യൂണിറ്റ്‌ കോസ്റ്റ്‌, ഓരോ ഇനത്തിലും കഴിഞ്ഞ അഞ്ച്‌
വർഷക്കാലമുണ്ടായ വിലക്കയറ്റവും നാണ്യപെരുപ്പവും,
കണക്കിലെടുക്കേണ്ടതുണ്ട്‌. കൂടാതെ,
കേര കർഷകർക്ക്‌ കൂടുതൽ പ്രയോജനകരമായ, നൂതനവും, നവീനവും ക്രിയാത്മകവുമായ
പ്രവർത്തനങ്ങൾക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ സ്ഥാനമുണ്ടാകണം.
കേരകർഷകരുടെ ആശയാഭിലാഷങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരു പഞ്ചവത്സര
പദ്ധതിയായി നമുക്കതിനെ മാറ്റി എടുക്കാനാവണം.

ഏഷ്യയിൽ നാളികേരോത്പാദനത്തിൽ രണ്ടാം സ്ഥാനവും ഉത്പാദനക്ഷമതയിൽ
ഒന്നാംസ്ഥാനവും നമുക്കുണ്ട്‌. എന്നാൽ നാളികേരത്തിന്റെ സംസ്ക്കരണം,
മൂല്യവർദ്ധനവ്‌, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ കയറ്റുമതി എന്നിവയിൽ
ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്‌. ഇന്ത്യയിലെ നാളികേരോത്പാദനത്തിന്റെ
10 ശതമാനം പോലും ഉത്പാദനമില്ലാത്ത രാജ്യങ്ങൾപോലും മൂല്യവർദ്ധിത
ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ നമ്മേക്കാൾ ബഹുദൂരം മുമ്പിലാണ്‌. കഴിഞ്ഞ
രണ്ട്‌ ലക്കങ്ങളിൽ ഇത്തരം വിവരങ്ങൾ വിശദമായി നൽകിയിരുന്നത്‌ കണ്ടു
കഴിഞ്ഞുവല്ലോ. പ്രാഥമിക ഉൽപന്നങ്ങൾക്ക്‌ സ്ഥിരവും ന്യായവുമായ വില
ലഭിക്കണമെങ്കിൽ, ശാസ്ത്ര സാങ്കേതിക വിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തി,
നൂതനമായ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നാളികേരത്തിൽ നിന്നും
ഉണ്ടാക്കേണ്ടതുണ്ട്‌. മറ്റേതൊരു നാണ്യ വിളയേക്കാളും വൈവിധ്യമാർന്ന
ഉൽപന്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യതയും നാളികേരത്തിനുണ്ട്‌. ഇന്ത്യയിലെ
വേറൊരു വിളയിൽ നിന്നും നാളികേരം പോലെ വിവിധ
ഉൽപന്നങ്ങളുണ്ടാക്കുന്നതിനുള്ള അവസരങ്ങളില്ല.  പക്ഷേ നാം അത്‌
മനസ്സിലാക്കി പ്രയോജനപ്പെടുത്തുന്നില്ല എന്ന്‌ മാത്രം.

ഇന്നും ഇന്ത്യയൊട്ടാകെയുള്ള 13000ൽ അധികം നാളികേര സംസ്ക്കരണ യൂണിറ്റുകളിൽ
10000ൽ അധികം എണ്ണവും കൊപ്രയുണ്ടാക്കുന്നവയും, 2000ൽ കൂടുതൽ എണ്ണം
വെളിച്ചെണ്ണയുത്പാദിപ്പിക്കുന്നവയും മാത്രമാണ്‌. ഇളനീർ സംസ്ക്കരണ
യൂണിറ്റുകൾ 6-7 എണ്ണവും, കോക്കനട്ട്‌ മിൽക്ക്‌, മിൽക്ക്‌ പൗഡർ യൂണിറ്റുകൾ
2 എണ്ണവും, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ യൂണിറ്റുകൾ 80, വെർജിൻ
കോക്കനട്ട്‌ ഓയിൽ യൂണിറ്റുകൾ 15, ചിരട്ടക്കരി ഉത്പാദനയൂണിറ്റുകൾ 1000,
ചിരട്ടക്കരി ഉപയോഗിച്ചുള്ള ഉത്തേജിത കരി ഉത്പാദിപ്പിക്കുന്നവ 16 എണ്ണവും
ആണ്‌. ഈ വസ്തുതകൾ വിരൽ ചൂണ്ടുന്നത്‌ ഇനിയും വളരെയേറെ സംസ്ക്കരണ
യൂണിറ്റുകൾ ഇവിടെയുണ്ടാ കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌. നാളികേരം
ധാരാളമുണ്ടാകുന്ന സീസണു കളിലെല്ലാം വിലിയിടിയു (ക്കു)ന്നതിന്റെ
കാരണമന്വേഷിച്ച്‌ മറ്റ്‌ എവിടെയെങ്കിലും പോവേണ്ടതുണ്ടോ? ഇവിടെ
ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്റെ 25 ശതമാനമെങ്കിലും ഇളനീരിനായി,
കരിക്ക്‌ പ്രായത്തിൽ വെട്ടിയെടുത്ത്‌ സംസ്ക്കരിക്കുകയും, വിളഞ്ഞ
നാളികേരത്തിന്റെ 25 ശതമാനമെങ്കിലും, കൊപ്രയും വെളിച്ചെണ്ണയുമല്ലാത്ത
നാളികേരോൽപന്ന ങ്ങളായി മാറ്റുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ നാളികേര മേഖല
വളർന്നാൽ, വിലയിടിവ്‌ എന്നത്‌ കേവലം പഴങ്കഥ മാത്രമാക്കി മാറ്റാൻ
നമുക്കാവും.

ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ലോകോത്തരമായ ഉത്പാദനക്ഷമത കൈവരിക്കുകയും
ചെയ്യുക എന്നതാണ്‌ ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിലെ മത്സരാധിഷ്ഠിതമായ
വിപണിയിൽ ഇറക്കുമതിയുടെ ഭീഷണിയെ നേരിടാൻ നമുക്ക്‌ ചെയ്യാവുന്ന വലിയ
കാര്യം. ഇന്ന്‌ പലപ്പോഴും ഇറക്കുമതിയുടെ വാർത്ത കേൾക്കുമ്പോൾ തന്നെ
നാളികേര വില ഇടിയുന്ന സാഹചര്യത്തിൽ നിന്നും, എത്രമാത്രം ഇറക്കുമതി
ചെയ്താലും നമ്മെ തീരെ ബാധിക്കാതെയിരിക്കുന്ന ഒരവസ്ഥ കൈവരിക്കണമെങ്കിൽ,
ലോകത്തിലെ മികച്ച ഉത്പാദനക്ഷമതയും, കുറഞ്ഞ ഉത്പാദനച്ചെലവും
നമ്മുടേതായിരിക്കണം. ഇന്ത്യയിലെ ശരാശരി നാളികേരോത്പാദനക്ഷമത  ഹെക്ടറിന്‌
8303 നാളികേരം ആണ്‌. അതായത്‌ ഒരു തെങ്ങിൽ നിന്ന്‌ ഒരു വർഷം 48 നാളികേരം
ലഭിക്കുന്നു! കേരളത്തിന്റെ ശരാശരി ഉത്പാദനക്ഷമതയാകട്ടെ ഹെക്ടറിന്‌ 7365
നാളികേരം എന്നതാണ്‌. അതായത്‌ 42 നാളികേരം ഒരു തെങ്ങിൽ നിന്നും ഒരുവർഷം
ലഭിക്കുന്നു. ഇത്‌ വളരെ താഴെയാണ്‌. ഒരു തെങ്ങിൽ നിന്ന്‌ 100 നാളികേരം
പ്രതിവർഷം ലഭിച്ചാൽ ഉത്പാദനക്ഷമത ഹെക്ടറിന്‌ 17500 നാളികേരമായി മാറും.
ഒരു തെങ്ങിൽ നിന്ന്‌ 120 നാളികേരമെന്ന അവസ്ഥയുണ്ടാക്കിയാൽ ഉത്പാദനക്ഷമത
ഹെക്ടറിന്‌ 21000 നാളികേരമായി. ഇനി ഇത്‌ ഒരു തെങ്ങിൽ നിന്നും 150
നാളികേരമായാൽ ഹെക്ടറൊന്നിന്‌ ഉത്പാദനക്ഷമത 26250 നാളികേരമായി.
ഉത്പാദനക്ഷമത ഈ നിലവാരത്തിലെത്തിയാൽ ഉത്പാദനച്ചെലവ്‌ കുറഞ്ഞ്‌ വരികയും,
അന്താരാഷ്ട്ര രംഗത്ത്‌ നമുക്കൊരു വൻകുതിച്ചുചാട്ടം നടത്താനുമാവും.
അത്തരമൊരു സാഹചര്യത്തിൽ ഏത്‌ രാജ്യത്ത്‌ നിന്നും ഭക്ഷ്യ എണ്ണയോ,
നാളികേരമോ ഇറക്കുമതി ചെയ്താലും നമ്മുടെ കേരകർഷകർക്ക്‌ ഭയാശങ്കകൾ കൂടാതെ
കഴിയാനാകും. ഇത്തരത്തിലുള്ള ഉത്പാദനക്ഷമത ഉയർത്തുന്നതിനുവേണ്ട പദ്ധതികളും
പദ്ധതിപ്പണവും 12-​‍ാം പദ്ധതിയിൽ ആവശ്യമുണ്ട്‌. കൂടാതെ മൂല്യവർദ്ധിത
നാളികേരോൽ പന്നങ്ങളുടെ കയറ്റുമതിയുടെ ആഗോള സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നതിനും നമുക്ക്‌ കഴിയണം. നാളികേരത്തിന്റേയും
നാളികേരോൽപന്നങ്ങളുടേയും (കയറും കയറുൽപന്നങ്ങളുമൊഴികെ) എക്സ്പോർട്ട്‌
പ്രമോഷൻ കൗൺസിലായി 2009 ൽ ബോർഡിനെ നിശ്ചയിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌
തന്നെ ഗൾഫ്‌ രാജ്യങ്ങൾ, യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നീ
വിപണികളിലേക്ക്‌ ഈ പദ്ധതിക്കാലത്ത്‌ കയറ്റുമതി വർദ്ധിപ്പിക്കാനും
പരിശ്രമിക്കേണ്ടതുണ്ട്‌.

രോഗകീടബാധകൾ തെങ്ങുകൃഷിയെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്‌. കൂടുതൽ
സംയോജിതമായ രോഗ-കീട നിയന്ത്രണപ്രവർത്തനങ്ങൾക്കും പന്ത്രണ്ടാം പദ്ധതിയിൽ
സ്ഥാനമുണ്ടാവണം. നാളികേര വികസന ബോർഡിൽ സ്വന്തമായ ഗവേഷണവിഭാഗം ഇല്ല
എന്നതാണ്‌ ഏറ്റവും വലിയ പോരായ്മ. അതിന്‌ പരിഹാരം കാണുന്നതിനും
പന്ത്രണ്ടാം പദ്ധതിയിൽ കഴിഞ്ഞിരുന്നു വേങ്കിൽ വലിയ നേട്ടമായേനെ. കർഷകരുടെ
പ്രശ്നങ്ങൾക്ക്‌ വേഗത്തിലുള്ള ഉത്തരം, സ്വന്തം ഗവേഷണ കേന്ദ്രമുണ്ടായാൽ
മാത്രമേ പൂർണ്ണഫലപ്രാപ്തി യിലെത്തുകയുള്ളു.

പരമ്പരാഗത കൃഷിമേഖലയ്ക്ക്‌ പുറത്ത്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ
തെങ്ങുകൃഷിയോടുള്ള താൽപര്യം ഏറിവരികയാണ്‌. അസം, ത്രിപുര സംസ്ഥാനങ്ങളിൽ
  പന്ത്രണ്ടാം പദ്ധതിക്കാലത്ത്‌ തെങ്ങുകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണ്ണം
ഇപ്പോഴുള്ളതിന്റെ പല മടങ്ങായി വർദ്ധിപ്പിക്കാൻ അതതു സംസ്ഥാന ഗവണ്‍മന്റുകൾ
ശ്രമം നടത്തുകയാണ്‌. മറ്റ്‌ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും
കർഷകരുടെയിടയിൽ തെങ്ങുകൃഷിയോടുള്ള താൽപര്യം ഏറി വരുന്നു. കൂടാതെ ഒഡിഷ,
പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും തെങ്ങുകൃഷിയിലേക്ക്‌ കൂടുതൽ കർഷകർ
തിരിയുന്നുണ്ട്‌. ഛത്തിസ്ഗഢ്‌, ജാർഖണ്ഡ്‌, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ
പ്രശ്നബാധിത ജില്ലകളിൽ കർഷകർക്കും, കർഷകതൊഴിലാളികൾക്കും,
ചെറുപ്പക്കാർക്കും തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും, സുസ്ഥിര
വികസനത്തിനും, നാളികേരാധിഷ്ഠിതമായ സമ്മിശ്ര - സംയോജിത കൃഷിക്ക്‌
തീർച്ചയായും കഴിയും. തെങ്ങിനോടൊപ്പം ഇടവിളയായി കൊക്കോ, ഇഞ്ചി, മഞ്ഞൾ,
കിഴങ്ങുവർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, പച്ചക്കറി, ഔഷധ സസ്യങ്ങൾ,
ക്ഷീരവികസനത്തിനായി കാലിത്തീറ്റയ്ക്കുള്ള പുല്ലിനങ്ങൾ എന്നിവ സംയോജിതമായി
കൃഷിചെയ്ത്‌ മൃഗസംരക്ഷണവും കൂട്ടിച്ചേർത്താൽ ഒരു ഹെക്ടറിൽ തന്നെ
ഇന്ത്യയിൽ മറ്റേതു കൃഷിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനവും
തൊഴിലവസരങ്ങളും ലഭ്യമാക്കാൻ കഴിയും. ഈ മേഖലകളിൽ വിവിധ ജില്ലകളിലെ ജില്ലാ
ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇത്തരം സംയോജിത കൃഷിക്കായി പദ്ധതികൾ
തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്‌. ബിഹാറിന്റെ വടക്കൻ ജില്ലകളിലും
തെങ്ങുകൃഷി കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
പന്ത്രണ്ടാം പദ്ധതിക്കാലത്ത്‌ ഇത്തരത്തിലുള്ള പാരമ്പര്യേതര മേഖലകളിലെ
ജില്ലകളിലും കൂടുതൽ പ്രദേശങ്ങളിലേക്ക്‌ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണ്ടതുണ്ട്‌. തമിഴ്‌നാട്‌, മഹാരാഷ്ട്ര, ത്രിപുര സംസ്ഥാനങ്ങളിൽ പുതിയ പ്രദർശന വിത്തുത്പാദന തോട്ടങ്ങളും 12-​‍ാം പദ്ധതിക്കാലത്ത്‌ വിഭാവനം ചെയ്യുന്നുണ്ട്‌.
നാളികേര കർഷകർ ചെറുകിട-നാമമാത്ര കർഷകരും ചിതറിക്കിടക്കുന്ന കൃഷിഭൂമിയിൽ
കൃഷി ചെയ്യുന്ന വരുമാണ്‌.

അസംഘടിതരായി തുടരുന്നതിന്റെ പേരിൽ മാത്രം, ഉത്പാദനച്ചെലവിൽ വർദ്ധനവും,
പ്രതീക്ഷിച്ച പോലെയുള്ള ഉത്പാദനക്ഷമത നേടാനാവാത്തതും കർഷകരെ ഇന്നു
വലയ്ക്കുന്നുണ്ട്‌. അതിനുള്ള ഒരു പരിഹാരമാണ്‌ നാളികേരോത്പാദക സംഘങ്ങളും
(സിപിഎസ്‌) അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും.
സിപിഎസ്കൾക്ക്‌ പരിശീലനത്തിനും പ്രവർത്തന ത്തിനും, നാളികേര
സംസ്ക്കരണത്തിനും മറ്റും, സംസ്ഥാന-കേന്ദ്ര ഗവണ്‍മന്റുകളുടെ 12-​‍ാം
പദ്ധതികളിൽ സ്ഥാനം നേടേണ്ടതുണ്ട്‌. അതോടൊപ്പം തന്നെ കർഷകർ സമാഹരിക്കുന്ന
ഓഹരിമൂലധനത്തിന്റെ തുല്യമായ തുക സംസ്ഥാന-കേന്ദ്ര ഗവണ്‍മന്റുകളുടെ
ഓഹരിമൂലധന മായിക്കൂടി ലഭ്യമാവുകയാണെങ്കിൽ പന്ത്രണ്ടാം പദ്ധതിയിൽ നമുക്ക്‌
വിപുലമായ നാളികേര സംസ്ക്കരണവും കയറ്റുമതിയും നേടാനാവും.

നല്ലയിനം നടീൽ വസ്തുക്കളാണ്‌ പ്രധാനപ്പെട്ട മറ്റൊരു രംഗം. വേഗത്തിൽ
ഉത്പാദനം ആരംഭിക്കുന്ന, ഉത്പാദനക്ഷമത കൂടിയ, രോഗപ്രതിരോധശേഷിയും
കൂടിയുള്ള സങ്കരയിനം തെങ്ങിൻതൈകൾ വർദ്ധിച്ച തോതിൽ ഉണ്ടാവേണ്ടതുണ്ട്‌.
സർക്കാർ ഫാമുകളിൽ നിന്നുമാത്രം നമുക്കാവശ്യത്തിനുള്ള സങ്കരയിനം തൈകൾ
ഉത്പാദിപ്പിക്കുക സാധ്യമല്ല. കർഷക പങ്കാളിത്തത്തോടെ വിവിധ ഗവേഷണ
സ്ഥാപനങ്ങളും, കാർഷിക സർവ്വകലാശാലകളും ബയോളജിയിൽ ബിരുദാനന്തര ബിരുദ
കോഴ്സുകൾ നടത്തുന്ന കോളേജുകളിലെ പ്രസ്തുത വകുപ്പുകളും മുഖേന ഇത്തരം
സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ വർദ്ധിച്ച
തോതിൽ പന്ത്രണ്ടാം പദ്ധതിക്കാലത്ത്‌ നമുക്ക്‌ ഏറ്റെടുക്കാൻ കഴിയണം.
ഇങ്ങനെ നാളികേരമേഖലയിൽ ലോകത്തെ ഏറ്റവും മികച്ച സ്ഥാനം - ഉത്പാദനത്തിലും
ഉത്പാദന ക്ഷമതയിലും, സംസ്ക്കരണത്തിലും, കയറ്റുമതിയിലും,
നേടിയെടുക്കുന്നതിനുള്ള ലക്ഷ്യബോധത്തോടെയും ദിശാബോധത്തോടെയുമുള്ള
പ്രവർത്തനങ്ങൾ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലൂടെ, നമുക്കു നടത്താൻ കഴിയണം.
അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.


 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...