19 Feb 2012

പ്രകാശം പരത്തുന്ന കഥ ; പൂവ് + പെണ്ണ് = കവി

വി.എ

പ്രകാശം പരത്തുന്ന കഥകളും അഴകും സുഗന്ധവും വഴിഞ്ഞൊഴുകുന്ന കവിതകളുമാണ്  പുതുവര്‍ഷത്തിലെ ബ്ലോഗു വായന സമ്മാനിച്ചത്. അവയിലൂടെ ഒരോട്ട പ്രദക്ഷിണം .
കൊയ്ത്തുകഴിഞ്ഞ്, വളരെ വിസ്തൃതമായിക്കിടക്കുന്ന നനഞ്ഞുകുതിര്‍ന്ന വയല്‍. ഒരു വശത്തുകൂടി ഒഴുകുന്ന നദിയുടെ കുറുകേ റോഡിനുവേണ്ടി കെട്ടിയ കലുങ്കിനുമുകളില്‍, മൂളിപ്പാട്ടും കൈത്താളവുമായി ഞെളിഞ്ഞിരിക്കുന്നത് ‘കള്ളന്‍ പ്രാഞ്ചി’യാണ്.  പരസ്യമായി പോലീസുകാരും രഹസ്യമായി നാട്ടുകാരുംസസൂക്ഷ്മം ശ്രദ്ധിക്കുന്ന ഫ്രാന്‍സിസ് എന്ന പ്രാഞ്ചി.

ദൂരെനിന്നും ആജാനബാഹുവായ ഒരു പോലീസുകാരന്‍ പതുങ്ങിയ ഭാവത്തില്‍ നടന്ന് തൊട്ടടുത്തെത്തിയപ്പോഴാണ് അവന്‍ കണ്ടതും, നിമിഷനേരംകൊണ്ട് വയല്‍വരമ്പില്‍ക്കൂടി ഓടാന്‍ തുടങ്ങിയതും. ചെരുപ്പ് ഊരിയിട്ടിട്ട് പിറകേ പോലീസുകാരനും കൂടെയോടി,  ‘നില്ലെടാ, ഇന്ന് നിന്നെയുംകൊണ്ടേ ഞാന്‍ പോകൂ. കൊറേനാളായി ശ്രമിക്കുന്നു നിന്നെ അകത്താക്കാന്‍…’ എന്നു വിളിച്ചുപറയുന്നുമുണ്ട്.
ഞങ്ങള്‍ നോക്കിനില്‍ക്കെ, രണ്ടുപേരും വളരെവേഗത്തില്‍ ഓടുകയാണ്.  വിശാലമായ വയലിന്റെ മദ്ധ്യത്ത് അര കിലോമീറ്ററോളമെത്തിയപ്പോള്‍, കള്ളന്‍ പെട്ടെന്ന് തിരിഞ്ഞുനിന്നു.  ‘തനിക്കെന്നെ പിടിക്കണം അല്ലേ..?’ മടിക്കുത്തിലിരുന്ന ഒരു വാക്കത്തിയെടുത്ത് അടുത്തുവന്ന പോലീസുകാരന്റെ നേരേ നീട്ടി വീണ്ടും പറയുന്നു ‘വാ, കുത്തി കൊടലെടുക്കും ഞാന്‍. കൊറേനാളായി ഞാനും വിചാരിക്കുന്നു തന്റെ ശല്യം തീര്‍ക്കാന്‍…’

പോലീസുകാരന്‍ സ്തബ്ധനായി നിന്നു, ഒന്നു പുറം തിരിഞ്ഞു.  ഒരുനിമിഷം.  അങ്ങോട്ടോടിയ അതേവേഗത്തില്‍ പോലീസുകാരനും പിറകേ കള്ളനും തിരിഞ്ഞോടുകയാണ്.  കലുങ്കിനടുത്തെത്താറായപ്പോള്‍ ഒരിടവഴിയില്‍ക്കൂടി കള്ളന്‍ ഓടിമറയുകയും, പോലീസുകാരന്‍ എന്ന നിയമം ഇളിഭ്യനായി, ചെരുപ്പുപോലുമെടുക്കാതെ സ്ഥലംവിടുകയും ചെയ്തു.
‘ഇത് നടന്ന സംഭവം.’
നാട്ടില്‍ പലയിടത്തും ഇത് തുടര്‍ക്കാഴ്ചയാണെങ്കിലും, കഥയിലും കവിതയിലും സംഭവിക്കുന്നതും ഇതുപോലെതന്നെ. നേരത്തേ പറഞ്ഞിട്ടുള്ള ചിലത്…..
* ബാങ്കിന്റെ നിയമത്തില്‍നിന്നും രക്ഷപ്പെടാനുള്ള ചിന്ത പലര്‍ക്കുമുണ്ടാകും.  സൊസൈറ്റിയില്‍നിന്നും വായ്പയെടുത്ത തുകയടയ്ക്കാത്തതിന് നിയമപ്രകാരം വന്ന ജപ്തിനോട്ടീസ്, അര്‍ഹത കൂടുതലായിട്ടും പെയിന്റിംഗ് ജോലിയില്‍ ഒതുങ്ങേണ്ടിവരുന്ന രണ്ടു യുവാക്കളുടെ ചലനങ്ങളും ആത്മസംഘര്‍ഷവും, തുടര്‍ന്നുണ്ടാവുന്ന വികാരവിസ്‌ഫോടനചിന്താപ്രവൃത്തികളും, തെറ്റില്‍നിന്ന് ശരിയിലേയ്ക്ക് ചിന്തിപ്പിക്കുന്ന രംഗങ്ങളും ഒക്കെയായി നല്ല ശൈലിയില്‍ എഴുതിയിരിക്കുന്നു ശ്രീ.സി.വി.തങ്കപ്പന്‍ ‘പ്രകാശം പരത്തും കരയില്‍‘ എന്ന കഥയില്‍.

*  ‘നിയമം അതിന്റെ മുറപ്രകാരമേ നീങ്ങൂ’ എന്നു തെളിയിക്കുന്ന മറ്റൊരു കഥ നല്ല ആശയത്തില്‍ ശ്രീ.അനില്‍കുമാര്‍ സി.പി. എഴുതിയിട്ടുണ്ട് ‘എരിഞ്ഞടങ്ങാത്ത ചിത‘യില്‍.
* കുടുംബമേധാവിത്വത്തിന്റെ നിയമം ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ‘മംഗളം ഭവന്തു‘ എന്ന കഥ എച്മുക്കുട്ടിയും രചിച്ചിട്ടുണ്ട്.  ‘ജാതിമാറിയുള്ള കല്യാണങ്ങള്‍ പുരുഷന്‍ ചെയ്യുന്നതില്‍ ഏത് സമൂഹത്തിനും ന്യായീകരണം കണ്ടെത്താനാകും..’ എന്ന് അതില്‍ പറഞ്ഞുവയ്ക്കുന്നുമുണ്ട്.
* ഒരു സ്ത്രീമനസ്സിന്റെ നിസ്സംഗത നോക്കൂ.  ‘ഭര്‍ത്താവ് മരിച്ചപ്പോള്‍ ശിവരഞ്ജിനിക്ക് കരയാന്‍ സമയം കിട്ടിയില്ല. സമയം കിട്ടിയപ്പോള്‍ കരച്ചില്‍ വന്നതുമില്ല…’ എന്നിട്ടും ഒരു അപരിചിതന്റെ മുമ്പില്‍ ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥ.   ശ്രീ.മിനി എം.ബി.എഴുതി. ‘ജീവിതം പറഞ്ഞ ചില തമാശകള്‍
* ആദ്യമായി ഗള്‍ഫിലേയ്ക്ക് പോകുന്ന ഒരാള്‍ ഭാര്യയോട് യാത്ര പറയുന്ന രംഗം, സംഭാഷണശൈലിയില്‍ പകര്‍ത്തിവച്ചിരിക്കുന്നത് വായിക്കുമ്പോള്‍, പ്രവാസികളായ നമുക്കും ഇതായിരുന്നല്ലോ അനുഭവം എന്നോര്‍ത്ത് വിഷമിക്കും. ശ്രീ.അഷ്‌കര്‍ തോളിക്കോടിന്റെ ‘ഒരു പ്രവാസിയുടെ നൊമ്പരം‘ .

* ഒരു പ്രവാസിയായ മധുസൂദനന്‍പിള്ളയുടെ മരണം ഹൃദയത്തെ മഥിക്കുന്നവിധം ശ്രീ. പട്ടേപ്പാടം റാംജി  ‘ശാപമാകുന്ന ശവങ്ങള്‍‘ എന്ന കഥയില്‍ പതിച്ചിട്ടുണ്ട്.
* ‘തിരിച്ചറിവുകള്‍’  ഘ.ഗ.ഏയുടെ കഥ.  മരണശയ്യയില്‍ കിടന്ന്, അമ്മയുടെ സ്‌നേഹവാത്സല്യവും കാമുകന്റെ നാട്യപ്രേമവും ചിന്തിക്കുന്ന ദേവൂട്ടി. സത്യത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ‘വാചാലത നിറഞ്ഞ കവിത’പോലെ എഴുതിയ ചെറിയ ആശയം. ഭൂമിയുടെ അനന്തതയില്‍ നിന്ന്‌
* ഉണര്‍ന്നു വരുമ്പോള്‍ നല്ല ലക്ഷണമുള്ള കണി കാണുന്നത് , പ്രത്യേകിച്ച് ഒന്നാംതീയതികളില്‍  ഗുണം ചെയ്യുമെന്നാണ് പലരുടേയും വിശ്വാസം. അത് അങ്ങനെയല്ലാതെയും സംഭവിക്കാം എന്ന്, ഹോട്ടലുകാരന്‍ അച്ചുനായരുടെ മകളുടെ മരണത്താല്‍ തെളിയിപ്പിക്കുന്ന ചില സംഭവങ്ങള്‍…….’പുതുവത്സരദിനത്തിലെ കണി‘ യിലൂടെ ശ്രീ.മഹറൂഫ് പാട്ടില്ലത്ത് എഴുതുന്നു.
* ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസം’(നന്തനാര്‍),  ‘ടോംസായര്‍’ , ‘ഹക്കിള്‍ബറി ഫിന്‍…’(മാര്‍ക് ട്വയിന്‍) എന്നീ നോവലുകളിലെ കുട്ടികളെ ഓര്‍മ്മപ്പെടുത്തുംവിധം ഒരു നിഷ്‌കളങ്കമനസ്സിന്റെ ചലനങ്ങള്‍ വ്യക്തമായി എഴുതിയിട്ടുണ്ട് ‘തോന്നലുകളി‘ല്‍ മൊഹിയുദീന്‍ തൂത.
* ജീവിതത്തെ കടം ചോദിക്കുകയും വിലപറയുകയും ചെയ്യുന്നത് പെണ്‍മനസ്സിന് യോജിക്കുമോ?  അതെയെന്നു തെളിയിപ്പിക്കുന്ന  ‘അവളെ’ അവതരിപ്പിക്കുന്നു,  കഥയിലൂടെ  ‘സമീര‘യുടെ ദുഃഖം പറയുന്ന മഹേഷ് വിജയന്‍ (‘നുറുങ്ങുചിന്തക’ളില്‍ എഴുതിയ ‘അവിഹിത’ത്തില്‍ ഒരു ചെറിയ ആശയം ചെറുവരികളിലാക്കി.)
പൂവും പെണ്ണും കവിതയും
പൂ വും പെണ്ണും കവിതയും ഒരുപോലെ ഹൃദയാകര്‍ഷകമാണ്.  ശ്രദ്ധിച്ചാല്‍ പല കവിതകളിലും ആ സമാനത കാണാം.  ഇതളുകളാകുന്ന സംഭാഷണംതന്നെ വാക്കുകളും വരികളുമാകുന്നത്.  സുഗന്ധമെന്ന ചലനവും പ്രവൃത്തിയും ആശയത്തെ ദ്യുതിപ്പിക്കുന്നു. പൂന്തേന്‍ തന്നെയാണ് സ്വഭാവമഹിമയാല്‍ പതിവ്രതയും, കവിതയിലെ സന്ദേശവും.  മനോഹരമായ വിടര്‍ന്ന പൂവിനെപ്പോലെ,  സൌന്ദര്യവതിയായ പെണ്ണിനെപ്പോലെ , ലക്ഷണമൊത്ത കവിതയും കഥയും സൃഷ്ടിക്കുന്നതിലാണ് എഴുത്തുകാരുടെ പ്രതിഭ തെളിയുന്നത്.
പലതും വായിക്കുമ്പോള്‍  ആ സൌന്ദര്യംരചനാഗുണം നമുക്ക് കിട്ടിയില്ലല്ലോയെന്നും, ഇതിനെക്കാള്‍ നല്ലത് സൃഷ്ടിക്കാന്‍ കഴിയുമല്ലോയെന്നും തോന്നും. ഒക്കെയും നമ്മുടെയുള്ളില്‍ രൂപലക്ഷണസൌന്ദര്യത്തോടുള്ള ആരാധനയും സര്‍ഗ്ഗവാസനയും ഉള്ളതുകൊണ്ടാണ്.

* ശ്രീവേദ എഴുതി…..’നിന്നില്‍നിന്ന് താഴ്വരയുടെ ഇരുളിലേയ്ക്ക് ഞാന്‍ മറയുമ്പോഴും നിന്നെത്തന്നെ നോക്കും. അപ്പോള്‍, നിന്റെ അവസ്ഥയെന്താണെന്ന് ഞാനോര്‍ത്തുപോയി…….’    ശ്രീ.ആറങ്ങോട്ടുകര  കുറിച്ചതുപോലെ പേരുപോലെതന്നെ കവിതയും.  ഒരു മാനസസഞ്ചാരിയുടെ  സ്വപ്നത്തില്‍ക്കൂടിയുള്ള അജ്ഞാതയാത്ര…   ‘നാം ഒരു യാത്ര പോവുകയാണ്..’  പ്രണയാര്‍ദ്രം .
* മെലിഞ്ഞൊഴുകുന്ന നിളയുടെ ദുഃഖം ‘കണ്ണുനീരുറവകള്‍പോലെ നീര്‍ച്ചാലുകള്‍മാത്ര’മെന്ന പരിതാപം പങ്കുവയ്ക്കുന്നു.. .’സ്വാര്‍ത്ഥമത്സരങ്ങളുടെ പുത്തന്‍ മാമാങ്കപ്രഹരങ്ങളില്‍ അവര്‍ നിന്നെ കിളച്ചുമറിക്കുന്നു. നിന്റെഅവസാനതുള്ളിയും ഊറ്റിയെടുത്ത് നിനക്ക് ചരമഗീതമെഴുതാനൊരുങ്ങുന്നു….’ശ്രീ.അനില്‍ വെട്ടത്തിന്റെ സുന്ദരമായ വരികള്‍…… ‘നിളയുടെ തീരത്തില്‍
* പെരിയാറിനെ മണ്‍നിഴലാക്കിമാറ്റിയവരേയും,  ‘തുഞ്ചന്റെ ചക്കില്‍ എത്ര ആടും’ എന്ന ചോദ്യത്തിന്  ‘നാലും ആറും ആടും…’ എന്നുപറഞ്ഞ നായരേയും, വേദക്കീറുകളാല്‍ ഭോജനം നേടി ധനമോഹികളായവരേയും വെല്ലാന്‍,  ആദിയുടെ അനന്തപ്രവാഹത്തിലേയ്ക്ക്  നീങ്ങുന്നു,  ശ്രീ.രഞ്ജിത്ത് കണ്ണങ്കാട്ടില്‍.    ‘ആദിയില്‍നിന്നും ആദിയിലേയ്ക്ക്…….
* ഒരു കൊലയാളി കൊടുക്കുന്ന ബലിച്ചോറ് കാക്കയോ മത്സ്യങ്ങളോ കഴിക്കില്ല.  സ്വത്തിനും ഉദ്യോഗത്തിനും വേണ്ടി എങ്ങനെ കൊലപാതകിയായി എന്നതിന്റെ  കാരണം  ‘ബലി’ എന്ന കവിതയില്‍ ശ്രീ.ധനേഷ് കുറിക്കുന്നു.
* പല രൂപത്തിലുള്ള പുരുഷന്മാരെ, അവരുടെ ശക്തിയും സ്വഭാവവുമനുസരിച്ച് സമാനമായ വൃക്ഷങ്ങളോടുപമിക്കുന്ന ശ്രീ:സ്മിത മീനാക്ഷി, എവിടെയൊക്കെയാണ് എത്തിപ്പെടുന്നതെന്ന് നോക്കൂ. മലമുകളിലും താഴ്വാരങ്ങളിലും മറ്റെവിടെയും, കുലവും ഗോത്രവും നോക്കാതെ തലയുയര്‍ത്തിനില്‍ക്കുന്ന പുരുഷവൃക്ഷങ്ങളുടെ തനതായ മാനം, രസാവഹമായി മേമ്പൊടി ചേര്‍ത്ത് വരച്ചിടുന്നു  കാളിന്ദി യില്‍ .
നല്ല വാസനയുള്ള  മലരുകള്‍ നുള്ളിയെടുക്കാന്‍ ജലാശയങ്ങളിലിറങ്ങുമ്പോള്‍, വസ്ത്രങ്ങള്‍  അല്പം പൊക്കിപ്പിടിക്കേണ്ടി വരും , നനയാതിരിക്കാന്‍.   സമയമാകുന്ന വസ്ത്രം അല്പം നനഞ്ഞുകുതിര്‍ന്നാലും വേണ്ടില്ല, ബ്ലോഗെന്ന വിശാല ജലാശയത്തില്‍  വിരിഞ്ഞു നില്‍ക്കുന്ന സാഹിത്യ കുസുമങ്ങളെ   കൈയ്ക്കലാക്കി പ്രചോദനമെന്ന സുഗന്ധാഭിപ്രായം പരത്തണം.  അതിന്  നമ്മള്‍ ബ്ലോഗര്‍ക്കുവേണ്ടിയുള്ളതാണ് ‘കമെന്റ് ബോക്‌സ്’.
കമെന്റുകളില്‍ അധികവും അഭിപ്രായങ്ങള്‍ കിട്ടുന്ന ചിരപരിചിതരായവരുടെ കഥകള്‍തന്നെ ഇപ്പോഴും ആശയങ്ങളില്‍, അവതരണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.  ‘ഇരിപ്പിടം ത്തില്‍ പരിചയപ്പെടുത്തേണ്ടിവരുന്ന നവരചയിതാക്കള്‍ ഏറെയും കവിതകളില്‍ത്തന്നെ വിലസുന്നു.  കല്പനയില്‍നിന്നുണ്ടാക്കുന്ന നല്ല ഭാവഗീതങ്ങളായാല്‍ നമ്മളതിനെപ്പിടിച്ച് മനസ്സിന്റെ ലോക്കപ്പിലിടും.  നല്ല രചനകള്‍ മനസ്സില്‍തങ്ങും.  ശ്രീ.അജീവ് ജയ് രചിച്ച ‘യന്ത്രം‘ എന്ന വരികളിലെപ്പോലെ  ചിലത് സദാ നമ്മെ ചുറ്റിക്കൊണ്ടേയിരിക്കും.
‘എഴുത്തുധര്‍മ്മം’ എന്ന നിയമം അതിനു തടസ്സമാകുന്നില്ല.  നല്ല കവിതകള്‍ സന്ദര്‍ഭാനുസരണം ഗാനങ്ങളാക്കിയിട്ടുണ്ട്. ‘കവിത്വം രാഗവുമായും ലയിക്കും’ എന്ന്  കുമാരനാശാന്‍, വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, ഓയെന്‍വി, മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍ എന്നീ കവികള്‍ നമ്മെ മനസ്സിലാക്കിച്ചിട്ടുണ്ട്.

ബ്ലോഗു പരിചയം         
കാപട്യങ്ങളുടെനേരേ വിരല്‍ ചൂണ്ടുന്ന ഒരു ലേഖകന്‍…കൊടുക്കുന്നത് തിരിച്ചുകിട്ടണമെന്ന വാശിയുള്ളവന്‍…ഏത് രംഗത്തും നന്മയെ കൂരിരുട്ട് മറച്ചിരിക്കുന്നു.  അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുന്നതിന്റെ വേദനയാല്‍, കാണുന്ന തെറ്റും കുറ്റവുമൊക്കെ മറയില്ലാതെ പറയുന്ന .’മാറുന്ന മലയാളി
കൊച്ചുകൊച്ചു വാര്‍ത്തകള്‍ സരസമായി വിവരിക്കുന്ന വരികളും വീഡിയോയും..സിനിമയ്ക്കുള്ളിലെ നാടകവും, രാഷ്ട്രീയത്തിലെ പാവക്കൂത്തുകളും….കൊച്ചുകൊച്ചു വാര്‍ത്തകളിലൂടെ.ശ്രീ.രതീഷ് പി.എസ്.ന്റെ അനാവശ്യം
ഹിമാലയത്തെ വിലയിരുത്തി അനുഭവമെഴുതാന്‍ ഒട്ടേറെപ്പേരുണ്ടാവും. എന്നാല്‍, എവറസ്റ്റിനെപ്പറ്റി അനുഭവക്കുറിപ്പെഴുതാന്‍ അധികംപേര്‍ക്ക് സാധിക്കില്ല… ‘ ശ്രീനാരായണഗുരു’ വാകുന്ന ഹിമാലയത്തെ പലരും കാണുകയും സ്മരണകളെഴുതുകയും ചെയ്യുന്നു. എന്നാല്‍, ‘ഗുരു’സന്ദേശങ്ങളുടെ വ്യാപ്തിയും സന്ദേശാശയങ്ങളും പഠിച്ചു മനസ്സിലാക്കാന്‍, എവറസ്റ്റിലെത്തേണ്ടുന്ന  പ്രയത്‌നപരമായ ഗ്രാഹ്യം സമ്പാദിക്കണമെന്നും,  അക്കാലത്തെ ചരിത്രസംഭവങ്ങളെ  വളരെ വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളണമെന്നും വിവരിക്കുന്ന ശ്രീ.സജീവ് കൃഷ്ണന്റെ ബ്ലോഗ് വീട്…….’ശാന്തിയുടെ തിരുഗേഹമാകണം നമ്മുടെ രാജ്യ’മെന്ന വിവക്ഷ. കൃഷ്ണനാട്ടം
കഥയും കണക്കും യോജിപ്പിച്ചുകൊണ്ട് നല്ല ശൈലിയില്‍ അവതരിപ്പിക്കുന്നു..ശ്രീ.അരുണ്‍.  ഗണിതജീവഭൌതികസാമൂഹ്യശാസ്ത്രങ്ങളിലെ കുറുക്കുവഴികളും പൊതുവിജ്ഞാനവും പല പ്രതലത്തില്‍ക്കൂടി പ്രകാശിപ്പിക്കുന്ന പോസ്റ്റ് ക്യൂബുകള്‍.ഓര്‍മ്മ പുതുക്കാനും കണക്കുകളിലൂടെ സഞ്ചരിക്കാനും കൊച്ചുവഴികള്‍……സ്റ്റഡി കേരള
വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യോത്തരങ്ങള്‍ സഹിതം ഗണിതശാസ്ത്രവുമായും മറ്റും ബന്ധപ്പെട്ട അറിവുകള്‍ക്ക്, പല ജില്ലകളിലേയും പ്രധാനാദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്ന പംക്തി ഇവിടെ…..  Maths Blog
അദ്ധ്യാപകവിദ്യാര്‍ത്ഥിരക്ഷാകര്‍തൃ കൂട്ടായ്മയില്‍ സാംസ്‌കാരികമായ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാമെന്നും,  എങ്ങനെ വ്യക്തിപരമായ കഴിവുകളിലൂടെ പ്രശസ്തരാവാമെന്നും കാട്ടിത്തരുന്ന ബ്ലോഗ്..  ചൂണ്ടുവിരല്‍
പ്രായഭേദമെന്യേ സര്‍വ്വരും വായിച്ചറിയേണ്ടുന്ന, എല്ലായിടവും തെരഞ്ഞുപിടിച്ച് അതാതുദിനങ്ങളില്‍ പ്രത്യക്ഷപ്പെടുത്തുന്ന പംക്തി.  വാര്‍ത്തകള്‍ ചെറുനര്‍മ്മവിശേഷണങ്ങളായി പകര്‍ത്തുന്നു  ഖുബ്ബൂസ്  എന്ന സൈറ്റ് .  വിശദമായി പരിശോധിക്കേണ്ട ഒട്ടേറെ വിശേഷങ്ങള്‍ ഇവിടെയുണ്ട് .
ശ്രീമതി.ബിന്ദു കെ.പി. വിവരിച്ച രീതിയില്‍ ‘തനി മിക്‌സ്ചര്‍’ ഉണ്ടാക്കിനോക്കി. കടകളില്‍നിന്നും കിട്ടുന്നതിനെക്കാള്‍ അതീവരുചിയുണ്ട്.  ഇലക്കറികള്‍ ചേര്‍ത്ത ലഘുഭക്ഷണമൊരുക്കുന്ന നല്ലനല്ല പാചകവിരുതുകള്‍..അടുക്കളത്തളം എന്ന ബ്ലോഗില്‍ . രുചിഭേതങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ഈ ബ്ലോഗില്‍ .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...