20 Feb 2012

നിങ്ങള്‍ യേശുവിനെ കമ്മ്യുണിസ്റ്റാക്കി….

പരപ്പനാടൻ

പാര്‍ട്ടി ആപ്പീസിലെ കാറല്‍ മാര്‍ക്സിന്റെ പടത്തിലേക്ക് തന്നെ നോക്കിയിരിക്കുമ്പോള്‍ ഏതു സഖാവിനും പെട്ടന്ന് കൃസ്തു ദേവനെ ഓര്‍മ്മ വന്നു പോകും, ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ , വരുന്നതെല്ലാം അവനെന്നു തോന്നും എന്നാണല്ലോ. എനിക്ക് ശേഷം ഒരാള്‍ വരും അയാളുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന് യേശു ബൈബിളില്‍ പറഞ്ഞിട്ടുണ്ടല്ലോ..അത് കാറല്‍ മാര്‍ക്സിനെ കുറിച്ചാണെന്ന ധാരണയിലാണ് പലരും.. . കാറല്‍ മാര്‍ക്സ്‌, ലെനിന്‍ , സ്റ്റാലിന്‍, ചെഗുവേര തുടങ്ങി കമ്മ്യുണിസ്റ്റ്‌ വിപ്ലവാചാര്യന്മാരുടെ അതെ മുഖച്ചായ തന്നെ യേശുവിനും എന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നീണ്ട താടിയും മെലിഞ്ഞുണങ്ങിയ ശരീരവുമായി യേശുദേവന്‍ കുരിശില്‍ കിടക്കുന്നത്
 കാണുമ്പോള്‍ മാര്‍ക്സിന്റെയോ, എംഗല്‍സിന്റെയോ, ചെഗുവേരയുടെയോ ഒക്കെ താടിയുള്ള മുഖം യേശുവിന്റെ മുഖത്ത് ആരും ദര്‍ശിച്ചു പോകുക സ്വാഭാവികം മാത്രം. അതിനു പോളിറ്റ്‌ ബ്യുറോയിലോ, സംസ്ഥാന കമ്മിറ്റിയിലോ അംഗമാകണം എന്നില്ല. പ്രാര്‍ത്ഥിക്കാന് ഓരോരോ കാരണങ്ങള്‍ എന്ന പരസ്യം പോലെ അതല്ലെങ്കില്‍ ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ… ഇപ്പോള്‍ സ്വപ്നം കാണുന്ന സീസണല്ലേ, കാന്തപുരത്തിന് മുഹമ്മദ്‌ നബി(സ അ)യുടെ മുടി കൊടുക്കണമെന്ന് അബുദാബിയിലുള്ള ഖസ്രാജി സ്വപ്നം കാണുന്നു, സാക്ഷാല്‍ മുഹമ്മദ്‌ നബി (സ അ) യെ തന്നെ ചില അഹ്സനിമാര്‍ സ്വപ്നം കാണുന്നു, ഇത് പോലെ ചില കമ്മ്യുണിസ്റ്റ് ദാര്ശനികള്‍ യേശുവിനെ സ്വപ്നത്തില്‍ കാണുന്നു എന്ന് കരുതിയാല്‍ പോരെ…


സംസ്ഥാന സെക്രട്ടരിയെട്ടിലും, പോളിറ്റ് ബ്യുറോയിലും ഇരുന്നു തല പുകഞ്ഞു ചിന്തിക്കുന്നവര്‍ക്കേ ഇങ്ങനെ വിശാലമായി ചിന്തിക്കാനും, സ്വപ്നം കാണാനും കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കാനും ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞു ഈ ചിന്തകളെ ആരും പിറവം ഉപതെരഞ്ഞെടുപ്പുമായി കൂട്ടികെട്ടെണ്ട. അതിനോടൊന്നും പ്രതികരിക്കാന്‍ ഏതായാലും നമ്മുടെ സഖാക്കളില്ല. കാലബോധമില്ലാത്ത ഇന്നത്തെ കാലാവസ്ഥയില്‍ കമ്യുണിസ്റ്റ്‌കാരും കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കണം. അപ്പോഴേക്കും പാര്‍ട്ടിയിലെ ചില തല നിരച്ച ഉറക്കം തൂങ്ങികള്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത ജൂദാസിനെ പോലെ രംഗത്ത് വരുന്നത് സ്വാഭാവികം മാത്രം.അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ലെനിനിസ്റ്റ്‌ തത്വശാസ്ത്രങ്ങള്‍ മുറുകെ പിടിച്ചു കേസും കോടതിയുമായി കഴിഞ്ഞു കൊള്ളുക, അതല്ലെങ്കില്‍ അടങ്ങിയൊതുങ്ങി മൂലയില്‍ കഴിയുക, അവൈലബിള്‍ പി ബി ചേരുമ്പോള്‍ വിളിക്കാം..അത്ര മാത്രം.

പണ്ട് റഷ്യന്‍ വിപ്ലവത്തിന് ശേഷം സെന്റ്‌ പീറ്റേര്‍സ് ബര്‍ഗിന്റെ പേര് തന്നെ മാറ്റി റെഡ്‌ സ്കൊയര്‍ എന്നാക്കി.. കേരളത്തിലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു..പള്ളിക്കാരെയും, പാട്ടക്കാരെയും, പള്ളീലച്ചന്മാരെയും ഒക്കെ കാണുന്നത് തന്നെ വെറുപ്പായിരുന്നു. പരസ്യമായി പാര്‍ട്ടി ഇക്കൂട്ടരെയൊക്കെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, രഹസ്യമായി പാര്‍ട്ടി സഖാക്കള്‍ക്കൊക്കെ അരമനകളുമായി നല്ല ബന്ധമായിരുന്നു. സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്നു വിളിച്ചു ആക്ഷേപിക്കുമ്പോഴും, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു കൊല വിളിക്കുമ്പോഴും ഈ ‘നല്ല’ ബന്ധം പാര്‍ട്ടി തുടര്‍ന്ന് പോന്നിരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ കയറി ഞെരങ്ങി പോലീസും ആ ‘ബന്ധം’ കൂടുതല്‍ ദൃഡമാക്കിയതായിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലുള്ളിടത്തു ഒരു ലത്തീന്കാരനെ, കത്തോലിക്കരുള്ളിടത്തു കത്തോലിക്കനെ,യാക്കോബായയാണെങ്കില്‍ യാകൊബായക്കാരനെ ഒക്കെ സ്ഥാനാര്തികളാക്കി പാര്‍ട്ടി അതിനു പലതവണ പ്രായശ്ചിത്തം ചെയ്തതാണ്, പല കുഞ്ഞാടുകളെയും അങ്ങ് ഡല്‍ഹിയിലേക്കും, തിരുവനന്തപുരത്തേക്കും വരെ വണ്ടി കയറ്റി വിട്ടതുമാണ്. എന്നിട്ടും ചില കുഞ്ഞാടുകള്‍ സഭയുടെ താല്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന് പാര്‍ട്ടിയുടെ ചട്ടക്കൂടും തകര്‍ത്ത് കുമ്പസാരക്കൂട്ടിലേക്ക് മാമോദീസ മുക്കാന്‍ പോയി, ശ്ശൊ എത്ര കഷ്ടം..കര്‍ത്താവ് പൊറുക്കുകേല.. ഹൃദയം എത്ര തുറന്നു കാട്ടിയിട്ടും ചില സഭകള്‍ ചെമ്പരത്തിപ്പൂവാണെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ലോകസഭാ/തദ്ദേശ/നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സഭകള്‍ പാര്‍ട്ടിക്കെതിരെ കൊളോണിയലിസ്റ്റ് ചിന്താസരണിയുമായി റാഡിക്കലായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണു പാര്‍ട്ടിക്ക് മനസ്സിലായ കാര്യം.

കോലഞ്ചേരി എന്നോ, പുഷ്പഗിരിയെന്നോ, കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു നടുറോട്ടില്‍ ഇറങ്ങിയിരുന്ന പാര്‍ട്ടി കുട്ടികളൊക്കെ ഇപ്പോള്‍ എ കെ ജി ഭവനിലെ കൃസ്തു ദേവന്റെ പടത്തിനു മുന്നിലിരുന്നു കുര്‍ബാന നടത്തുകയാണ്. പാര്‍ട്ടിയിലെ അവശകൃസ്ത്യാനികള്‍ക്ക് വേണ്ടി പാര്‍ട്ടി ആപ്പീസില്‍ തന്നെ ഒരു കുമ്പസാരക്കൂടും തുടങ്ങിയാലോന്നു ആലോചിച്ചു തുടങ്ങിയിരിക്കുന്നു.സിന്ധു ജോയിയെ പോലെ, മനോജ്‌ കുരിശിങ്കലിനെ പോലെ ഇനിയോരാളും പാര്‍ട്ടിക്ക് പുറത്തു പോയി കുമ്പസാരം നടത്തരുതല്ലോ.. പറ്റുമെങ്കില്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് പകരം സണ്‍‌ഡേ സകൂളുകളും തുടങ്ങാവുന്നതാണ്. പിറവം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. അതിനിടക്കാണ് നഴ്സുമാരുടെ സമരം വന്നു പെട്ടിരിക്കുന്നത്.


ലയ്ക്‌ ഷോര്‍ ആശുപത്രിക്കും, കോലഞ്ചേരി മെഡിക്കല്‍ കോളേജിനും ഒക്കെ മുന്നില്‍ അവകാശ സമരത്തിനിരിക്കുന്ന നഴ്സുമാരെ ഞങ്ങളോട് ക്ഷമിക്കൂ, കണ്ടതിനും, കേട്ടതിനും ഒക്കെ ഇറങ്ങി പുറപ്പെട്ടു പള്ളീലച്ചന്മാരെ നാല് തെറി പറയാനും, ആശുപത്രിക്കകത്ത് കയറി കയ്യൂക്കു കാട്ടാനും ഞങ്ങള്‍ക്കിപ്പോള്‍ സമയമില്ല. നിങ്ങള്ക്ക് മുന്നില്‍ അപ്പക്കഷ്ണവുമായി കൃസ്തു ദേവനോ, മാര്‍പ്പാപ്പയോ പ്രത്യക്ഷപ്പെടാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം..പ്രാര്‍ത്ഥിക്കാനും ഓരോ കാരണങ്ങളെ.. അതല്ലെങ്കില്‍ ആ പിറവം കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കൂ, കൊടിയെടുത്തു റോട്ടില്‍ ഇറങ്ങി നാല് ജീപ്പോ, ബസ്സോ, കത്തിച്ചു സമരം ചെയ്തു ഞങ്ങള് കാണിച്ചു തരും വെയ്റ്റ് ആന്‍ഡ്‌ സീ.

പാര്‍ട്ടി ക്ലാസുകളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്തിച്ചര്ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ :-
‘…കൃസ്തീയ സഭാ മേലധ്യക്ഷന്മാര്‍ എത്ര നികൃഷ്ട ജീവികളാണെങ്കിലും കൃസ്തു ദേവന്‍ നല്ല ആദര്‍ശവും, നിഷ്ടയുമോക്കെയുള്ള മഹല്‍ വ്യക്തിയായിരുന്നു, കൃസ്തു പറഞ്ഞു വെച്ചതും, ജീവിച്ചു കാണിച്ചതുമായ കാര്യങ്ങളാണ് കമ്മ്യുണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ പോലുമുള്ളത്…’.നേതാവ് തുടരുന്നതിനിടയില്‍ ചെത്തു തൊഴിലാളി യൂണിയന്റെ കാര്യപ്രസക്തമായ ഇടപെടല്‍
അതിങ്ങനെ :-
…കാനായിലെ കല്യാണത്തിന് യേശു മദ്യം വിളമ്പിയെന്നു ബൈബിളില്‍ പറയുന്നു, അത് തന്നെയല്ലേ നമ്മള്‍ കേരളത്തിലും ചെയ്യുന്നുള്ളൂ, പച്ച വെള്ളം പോലും വീഞ്ഞാക്കി മാറ്റിയ യേശു ദേവനിലാണ് നമുക്ക് മാതൃക..’ എല്ലാ ചെത്തു തൊഴിലാളികളും അത് കേട്ട് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. നേതാവിന് ഹരം കയറി..അദ്ദേഹം തുടര്‍ന്നു
‘…ഇന്നാട്ടില്‍ കല്യാണത്തിനും, സല്കാരത്തിനും, സമ്മേളനങ്ങള്‍ക്കും ഒക്കെ നമ്മുടെ അബ്കാരികള്‍ ഈ ‘പച്ചവെള്ളം’ സുലഭമാക്കുന്നുമുണ്ടല്ലോ.. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ യേശു ദേവനോടു പാര്‍ട്ടിക്ക് നല്ല മതിപ്പാണ്..പക്ഷെ മദ്യം കഴിച്ചാല്‍ അത് അകത്തു കിടക്കണം എന്ന് മാത്രം.. അത് നമ്മുടെ പാര്‍ട്ടി സെക്രട്ടറി കോട്ടയം സമ്മേളനത്തില്‍ വെച്ചു പുതിയ സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ….’ വീണ്ടും കയ്യടി.
അതിനിടക്ക് പോളിറ്റ് ബ്യുറോ അംഗം ഇടപെട്ടു ‘…നാല് ചില്ലിക്കാശിനു വേണ്ടി കര്‍ത്താവിനെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുത്തു, നമ്മുടെ ചില നേതാക്കന്മാരെയും, പാര്‍ട്ടി സമ്മേളനങ്ങളെയും ഒക്കെ പാര്‍ട്ടിയിലെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുക്കുന്നു..’ അത് കേട്ട പാടെ ഹാളാകെ കരഘോഷംകൊണ്ട് മുഴങ്ങി.
പാര്‍ട്ടിയിലെ മുസ്ലിം നേതാവ് ഇടപെട്ടു പറഞ്ഞു ‘..പിന്നേയ് ഞമ്മള് ഞ്ഞി ആ സ്വലാത്തിന് ചെന്നാല് ഒല് ഞമ്മളെ കേറ്റൂലാ..ഒലെ ചായ്‌വ് ഇപ്പം പാണക്കാട്ട്ക്കാ അത് മറക്കണ്ടാ..മലപ്പുറം സമ്മേളനത്തിനു വെളിയംകോട് ഉമര്‍ ഖാളി, മമ്പുറം തങ്ങള്‍, സദാം ഹുസൈന്‍ ഇബരെയോക്കെയല്ലേ മാര്‍ക്സിന്റെയും,ലെനിന്റെയും ഒപ്പം ഞമ്മള് സഖാക്കളാക്കി ബോഡില് തൂക്കിയത്, അപ്പം യേശു കൃസ്തൂനിം കെടക്കട്ടെ..യേശു കൃസ്തു എന്ന ഞമ്മളെ ഈസാ നബി അവസാന നാളില് എറങ്ങി ബരും എന്ന് ഞമ്മള് കൂടി ബിശ്വസിക്കുന്ന സ്ഥിതിക്ക് ഞ്ഞി ഇതാണ് നല്ലത്..’
‘അവസാന കാലത്ത് യേശു കൃസ്തു പാര്‍ട്ടി പോളിറ്റ് ബ്യുറോയിലേക്കാണ് നേരെ ഇറങ്ങി വരികാന്നു കൂടി പറയാമായിരുന്നു..’ ഒരു മുസ്ലിം എം എല്‍ എ മനസ്സില്‍ ഇങ്ങനെ പിറുപിറുക്കുമ്പോള്‍ നന്ദി പ്രസംഗം തുടങ്ങിയിരുന്നു…
വാല്‍കഷ്ണം: പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...