അക്ഷരരേഖ


                    ആർ.ശ്രീലതാ വർമ്മ

കലകളും ആവിഷ്കാരപരതയും

കല എന്ന സംജ്ഞയിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത് ലാവണ്യപരതയുടെ അതിബൃഹത്തായ ഒരു ലോകമാണ്.ഈ ലാവണ്യപരതയ്ക്ക് ചില തത്ത്വങ്ങളോ,ആശയങ്ങളോ ആധാരമായി വർത്തിക്കുകയും ചെയ്യുന്നുണ്ട്.കലാസൃഷ്ടികളെല്ലാം ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ ജീവിതാവിഷ്കാരമാണ് നിർവഹിക്കുന്നത്.എങ്കിലും മാധ്യമങ്ങളിലുള്ള വ്യത്യാസം കണക്കിലെടുത്ത് കലകളെ ചിത്രം,കാവ്യം,ശില്പം എന്നെല്ലാം വിഭജിച്ചിരിക്കുന്നു.മാധ്യമഭേദമനുസരിച്ച് ഓരോ കലാരൂപത്തിന്റെയും സവിശേഷ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് കലാകാരൻ ആവിഷ്കാരം നടത്തുന്നു.ജീവിതമാണ് ഓരോ കലാകാരന്റെയും അസംസ്കൃതവസ്തു.എങ്കിലും ഓരോ കലാസൃഷ്ടിയും മറ്റൊന്നിൽ നിന്ന് ഭിന്നമായിത്തീരുന്നു.ഈ ഭിന്നതകൾക്കെല്ലാം ആധാരം ആവിഷ്കാരരീതിയിലുള്ള വ്യത്യാസമത്രേ.
                                                    ഏതെങ്കിലും ഒരു മാധ്യമത്തിലൂടെ ആവിഷ്കരിക്കപ്പെടുമ്പോൾ കലാസൃഷ്ടികൾ പ്രത്യക്ഷതയുടെ (മൂർത്തതയുടെ)തലം കൈവരിക്കുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ കലാകാരൻ മാധ്യമത്തിലൂടെ തന്റെ പ്രകാശില്ലിക്കുമ്പോൾ അത് കലാസൃഷ്ടിയാകുന്നു.വസ്തുനിഷ്ഠമായ ബാഹ്യപ്രപഞ്ചിത്തിന്റെ ആത്മനിഷ്ഠമായ ചിത്രീകരണമാണ് കലാസൃഷ്ടികലിലുള്ളത്.കലാകാരന്റെ ആത്മസത്ത കലാകൃതിയിലൂടെ പ്രകാശിതമാകുന്നു.ഈ ആത്മസത്തയാകട്ടെ സാമൂഹികസത്തയിൽ നിന്നാണ് ആത്യന്തികമായി രൂപപ്പെടുന്നത്.അതായത് സമൂഹം കലാകാരന് നൽകുന്ന അനുഭവങ്ങളും കലാകാരന്റെ വൈയക്തികാനുഭവങ്ങളും കൂടിക്കലർന്ന് രൂപംകൊള്ളുന്ന കലാസൃഷ്ടി പിന്നീട് സമൂഹത്തിൽത്തന്നെ എത്തിച്ചേരുന്നു.ചാക്രികമായ ഈ പ്രക്രിയ ചരിത്രപരം കൂടിയാണ്.എന്തെന്നാൽ മനുഷ്യനെ മനനം ചെയ്യാൻ പ്രാപ്തനാക്കുന്ന എല്ലാ ഘടകങ്ങളും ചരിത്രപരമായി വികാസം കൊണ്ടവയാണ്.ബാഹ്യമായ ചരിത്രത്തോടൊപ്പം ആന്തരികമായ (മാനസികമായ) ചരിത്രവും വികസിക്കുന്നു.

              ആവിഷ്കാര മാധ്യമങ്ങളിലുള്ള ഭിന്നത കലകളുടെ അടിസ്ഥാനസ്വഭാവവിശേഷങ്ങളെ കുറിക്കുന്നു.ചിത്രകലയും നൃത്തകലയും ദൃശ്യകലകളാകുന്നത് അവയുടെ മാധ്യമപരമായ സവിശേഷതകൾ
കാരണമാണ്.നിശ്ചിതസ്വഭാവമുള്ള മാധ്യമങ്ങളാണ് ഈ കലാരൂപങ്ങളുടേത് എന്ന് പ്രത്യേകം പറയേണ്ടതില്ല.പക്ഷേ,സാഹിത്യമാധ്യമമായ ഭാഷയ്ക്ക് ഈ നിയതത്വം ഇല്ല.അത് നിരന്തരം പരിണാമങ്ങൾക്ക് വഴിപ്പെടുന്നു.എഴുത്തുകാരന്റെ അനുഭവസത്തയെ രൂപപ്പെടുത്തുന്ന സാമൂഹികസാഹചര്യങ്ങൾ അയാളുടെ ഭാഷയുടെ മേൽ അഗാധമായ സ്വാധീനം ചെലുത്തുന്നു.ഈ സ്വാധീനം ഒരിക്കലും പ്രത്യക്ഷമായി വേർതിരിഞ്ഞു നിൽക്കുന്നുമില്ല.സാഹിത്യത്തിലെ വ്യത്യസ്ത ആവിഷ്കാരരീതികളുടെ പഠനം ഒരേ സമയം രൂപപരവും ഭാവപരവും മാത്രമല്ല ചരിത്രപരവും സാമൂഹികവും കൂടിയാകുന്നു.
                         ചിത്ര-ശില്പകലകളും
 വാസ്തുകലയും സ്ഥലബദ്ധമാണ്.സ്ഥലത്തിനുള്ളിൽ 
നിൽക്കുന്ന കലയാണല്ലോ സ്ഥലകല.ചിത്രവും പ്രതിമയും വാസ്തുവും പ്രതിനിധാനം ചെയ്യുന്നത് സ്ഥലപരതയുടെ വിഭിന്നവും സങ്കീർണവുമായ വിതാനങ്ങലാണ്.സ്ഥലപരതയ്ക്കുള്ളിൽ കാലസങ്കല്പം അവതരിപ്പിക്കപ്പെടുന്നത് ആഖ്യാനത്തിലൂടെ അഥവാ വിവരണത്തിലൂടെയാണ്.ചിത്രത്തിൽ നിശ്ചലതയാണുള്ളത് എന്നിരിക്കേ,കാലസൂചകമായ ചലനാത്മകത എങ്ങനെയാണ് ആവിഷ്കരിക്കുക?ഒന്നിനെത്തുടർന്ന് മറ്റൊന്ന് എന്ന മട്ടിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളവയിൽ നിന്ന്,അതായത്,വിവരിക്കപ്പെട്ടിട്ടുള്ളവയിൽ നിന്ന് കാലസങ്കല്പം സ്വയമേവ രൂപപ്പെട്ടു വരികയാണ് ചെയ്യുന്നത്.

                                        സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ആവിഷ്കാരരീതിയുടെ അപഗ്രഥനം രൂപതലത്തിൽ തുടങ്ങി ഭാവതലത്തിലേക്കും അവിടെ നിന്ന് എഴുത്തുകാരന്റെ വ്യക്തിസത്തയിലേക്കും വികസിക്കുന്നു.സമൂഹം,ഭാഷ,സംസ്കാരം,ജ്‌ഞാനവിനിമയം എന്നിവയുമായെല്ലാം സാഹിത്യത്തിന്റെ ബാഹ്യ-ആന്തരശില്പങ്ങൾ
  ബന്ധംപുലർത്തുന്നു.കവിത,നോവൽ,കഥ,നാടകം എന്നിങ്ങനെ ഓരോ 
സാഹിത്യരൂപത്തിലും ഓരോ തരത്തിലുള്ള ആവിഷ്കാരരീതിയാണുള്ളത്.രൂപം ഏതായാലും 
അത് ഭാവത്തെ നിർണ്ണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നു. 
Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ