18 Feb 2012

ജീവിതവും മരണവും അടയാളപ്പെടുത്തിയ സാമ്യ-വൈജാത്യങ്ങൾ

ദിപിൻ മാനന്തവാടി

       സാമൂഹ്യ വിമർശനമെന്ന രീതി മലയാളികൾ പരിചയിച്ചതു സുകുമാർ
അഴീക്കോടിലൂടെയും എം.എൻ. വിജയൻ മാഷിലൂടെയുമാണ്‌. മലയാളിയുടെ മനസ്സിൽ
രണ്ട്‌ കൊടുമുടികളായി ഇടം പിടിച്ച ഇരുവർക്കും നാം കൽപ്പിച്ച്‌ കൊടുത്ത
ചില സ്വാതന്ത്ര്യങ്ങളുണ്ടായിരുന്നു. നമുക്ക്‌ ചുറ്റും നടക്കുന്ന ലളിതവും
സങ്കീർണ്ണവുമായ ഏത്‌ പ്രശ്നങ്ങളിലും ഇടപെടാനും അഭിപ്രായം പറയാനും
വിമർശിക്കാനും ഉള്ള  'അട്ടിപ്പേറവകാശം' മലയാളി ഇവർക്ക്‌ പതിച്ച്‌
നൽകിയിരുന്നു. അത്‌ കൊണ്ടായിരുന്നു പലപ്പോഴും ഇവരുയർത്തി വിട്ട
എം.എൻ വിജയൻ
വിഷയങ്ങൾക്ക്‌ പിന്നിൽ അണിനിരന്ന്‌ മലയാളി പക്ഷം പിടിച്ച്‌ തർക്കിക്കാൻ
തയ്യാറായത്‌. ആ തർക്കങ്ങൾക്കും പക്ഷം ചേരലുകൾക്കും നാട്ടിൻപുറത്തെ
ചായക്കടയെന്നോ ബാർബർ ഷോപ്പെന്നോ വായനശാലകളെന്നോ ബുദ്ധിജീവി സദസ്സുകളൊന്നോ
ഭേദമുണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ
മലയാളിയുടെ ചിന്താമണ്ഡലത്തിൽ ക്രിയാത്മകവും സർഗ്ഗാത്മകവുമായ
വിമർശനങ്ങളുടെ തീക്ഷണഭാവങ്ങൾ വരച്ചിടുന്നതിൽ അഴീക്കോട്‌ മാഷും വിജയൻ
മാഷും വഹിച്ച പങ്ക്‌     ഒരേകകം ഉപയോഗിച്ച്‌ അളക്കാൻ സാധിക്കുന്ന ഒന്നല്ല.

സുകുമാർ അഴീക്കോട്

       അഴീക്കോട്‌ മാഷിന്റെ മരണത്തോടെ മൗലീകമായ കാഴ്ചപ്പാടുകളുടെ തീക്ഷ്ണത
മലയാളിയിൽ സന്നിവേശിപ്പിച്ച വാക്കുകളുടെ മാന്ത്രികയുഗത്തിന്‌
അന്ത്യമാകുകയാണ്‌. വിജയൻ മാഷിന്റെ മരണത്തോടെ അദ്ദേഹം ഉയർത്തിയ
നിലപാടുളെല്ലാം അദ്ദേഹത്തെ അവസാനകാലത്ത്‌ ആനയിച്ച്‌ നടന്ന ആളുകളും
വിസ്മരിച്ചതു നമുക്ക്‌ മുൻപിൽ ചരിത്രമാണ്‌. പ്രകടമായ രീതിയിൽ
അഴീക്കോടിന്‌ അത്തരത്തിലൊരു അനുയായി വൃന്ദം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം
ശീലിച്ച രീതികൾ അവസാനകാലത്ത്‌ കൂടെ നിന്നിരുന്നവർ തുടരുമെന്ന
അതിമോഹമൊന്നും സൂക്ഷിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.


       കാഴ്ചപ്പാടിൽ,ശൈലിയിൽ, പ്രത്യയശാസ്ത്ര ബോധത്തിൽ എല്ലാം വ്യത്യസ്തമായ
രണ്ട്‌ ധ്രുവങ്ങളിലായിരുന്നു വിജയൻ മാഷും അഴീക്കോട്‌ മാഷും. കടന്ന്‌ വന്ന
വഴികളിൽ ഏറെ സമാനതകൾ ഇരുവരിലും കണ്ടെത്താമെങ്കിലും ‍െവെരുദ്ധ്യങ്ങളുടെ
വഴിത്താരകളാണ്‌ മുന്നോട്ടുള്ള യാത്രകളിൽ ഇവർ കൂടുതലും
അടയാളപ്പെടുത്തിയത്‌.


       കണ്ണൂരിലെ അഴീക്കോട്‌ എന്ന ഗ്രാമത്തിൽ ജനിച്ച്‌ വളർന്ന സുകുമാർ
അഴീക്കോടിന്റെ പിന്നീടുള്ള തട്ടകം തൃശ്ശൂർ ആയിരുന്നു. അദ്ദേഹത്തിന്റെ
സാംസ്കാരിക പ്രവർത്തനത്തിന്റെ ഇടം എന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ടതും
തൃശ്ശൂർ തന്നെയായിരുന്നു. എന്നാൽ തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ച്‌
വളർന്ന വിജയൻ മാഷിന്റെ തട്ടകം കണ്ണൂർ ആയിരുന്നു എന്നതിലെ യാദൃശ്ചികതയെ
ഇരുവർക്കുമിടയിലെ പ്രഥമസാമ്യമായി വിലയിരുത്താവുന്നതാണ്‌. സ്വന്തം ഇടം
വിട്ട്‌ മറ്റൊരു ദിക്കിൽ വാദസ്ഥാനം ഉറപ്പിച്ചവരായിരുന്നു ഇവരിരുവരും.


       അറിയപ്പെടുന്ന ഉജ്ജ്വല പ്രഭാഷകരായിരുന്ന ഇരുവരും  പ്രഭാഷണകലയുടെ
സൗന്ദ്യരം രാകിമിനുക്കിയെടുത്തത്‌ ക്ലാസ്‌ മുറികളിൽ നിന്നായിരുന്നു.
അഴീക്കോടിന്റെയും വിജയൻ മാഷിന്റെയും ക്ലാസ്‌ മുറികളിലെ  'ലക്ച്ചർ'
കേവലമൊരു പാഠപുസ്തകത്തിന്റെ അക്ഷരക്കൂട്ടുകളിൽ ഒതുങ്ങി നിൽക്കുന്ന
ഒന്നായിരുന്നില്ലെന്ന്‌ പ്രഗത്ഭരായ അനേകം ശിഷ്യർ തന്നെ സാക്ഷി
പറഞ്ഞിട്ടുള്ളതാണല്ലോ? ജീവിതത്തിന്റെ സമസ്തമേഖലകളെയും പരാമർശിച്ച്‌
കൊണ്ട്‌ മുന്നേറുന്ന പഠിപ്പിക്കൽ രീതിയായിരുന്നു ഇവരുടേത്‌. ഒരു
വിഷയത്തിൽ നിന്ന്‌ തുടങ്ങി വിഷയങ്ങളിലൂടെ സഞ്ചരിച്ച്‌ കേൾവിക്കാരനെ
അറിവിന്റെ തിരിച്ചറിവിന്റെ ഒരു പ്രത്യേക തലത്തിലേയ്ക്ക്‌ കൂട്ടികൊണ്ട്‌
പോകാനുള്ള ആ കഴിവ്‌ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്‌.


. പിൽക്കാലത്ത്‌ പ്രഭാഷണകലയിലൂടെ മലയാളിക്ക്‌ പകർന്ന്‌ നൽകിയ വാങ്ങ്മയശിൽപ്പങ്ങളുടെ
പണിപ്പുര ബ്രണ്ണൻ കോളേജിലേയും കാലിക്കറ്റ്‌ സർവ്വകലാശാല ക്യാമ്പസിലേയും
ക്ലാസ്‌ മുറികളായിരുന്നു.                ഇത്തരത്തിലൊരു സമാനത ഇവർക്കിടയിൽ
വായിച്ചെടുക്കാമെങ്കിലും പ്രഭാഷണ ‍െശെലി തുലോം വ്യത്യസ്തമായിരുന്നു.
സ്ഥായിയായ ഒരൊറ്റ ഭാവത്തിൽ ഏത്‌ വികാരങ്ങളേയും പ്രതിഫലിപ്പിക്കാൻ
സാധിച്ചിരുന്ന ഒരു ‍െശെലിക്കുടമയായിരുന്നു വിജയൻ മാഷ്‌. സൗമ്യമായ
ഭാവങ്ങളുമായി വാക്കുകൾ കൊണ്ട്‌ ശ്രോതാവിൽ വികാരം സൃഷ്ടിക്കാൻ വിജയൻ
മാഷിന്‌ സാധിച്ചിരുന്നു. എല്ലാതരത്തിലുള്ള രൂക്ഷമായ അവസ്ഥയെയും
നിർമ്മമായി സമീപിക്കാൻ വിജയൻ മാഷിന്‌ കഴിഞ്ഞിരുന്നു.  എന്നാൽ അഴീക്കോട്‌
ഇതിൽ നിന്നും തീർത്തും വിഭിന്നനായിരുന്നു. പറയുന്ന കാര്യങ്ങളുടെ വികാരം
വാക്കുകളിലും ശരീരഭാഷയിലും  നിർലോഭം പ്രകടിപ്പിക്കുന്നതായിരുന്നു
അഴീക്കോടിന്റെ പ്രഭാഷണ ‍െശെലി. വികാരം കെള്ളാനും രോഷം പ്രകടിപ്പിക്കാനും
നർമ്മോദ്ദേ‍ീപകമായി പ്രതികരിക്കാനും തന്റെ പ്രഭാഷണത്തിനിടയ്ക്ക്‌
അഴീക്കോട്‌ മടിച്ചിരുന്നില്ല.

       സാഹിത്യവിമർശകരെന്ന നിലയിൽ വിമർശനത്തിന്റെ സാധ്യതളെ
ഉപയോഗപ്പെടുത്താനാണ്‌ ആദ്യഘട്ടത്തിൽ ഇരുവരും തയ്യാറായത്‌. അക്കാലത്ത്‌
മലയാള സാഹിത്യത്തിലെ കൊടുമുടികളായിരുന്ന ജി.ശങ്കരക്കുറിപ്പിനെയും
‍െവെലോപ്പിള്ളിയേയും വിമർശിക്കാനും അവരുടെ കൃതികളെ നവീനമായ
ചിന്താധാരയുമായി കോർത്തിണക്കി വേറിട്ട രീതിയിൽ വായിക്കാനും ഇരുവരും
തയ്യാറായത്‌ മലയാള വിമർശന സാഹിത്യശാഖയിലെ നിർണ്ണായകമായ ഒരു വഴിത്തിരിവായി
വിലയിരുത്താൻ സാധിക്കും. ഏറ്റവും സങ്കീർണ്ണമായ മന:ശാസ്ത്ര വിശകലനങ്ങൾ
മലയാള കൃതികളിൽ സന്നിവേശിപ്പിക്കാൻ ഇരുവരും കാണിച്ച ധൈര്യം എടുത്ത്‌
പറയേണ്ടതാണ്‌. എന്നാൽ ‍െശെലീബദ്ധമായ എഴുത്തിന്റെ തുരുത്തിൽ നിന്നും ഇവർ
മാറി നടന്നതിലും സമാനതകൾ ദർശിക്കാം. അജ്ഞാതനായ വായനക്കാരന്റെ
ദർശനീയമല്ലാത്ത അഭിവാഞ്ജയിൽ നിന്ന്‌ സാകൂതം കേട്ടിരിക്കുന്ന ശ്രോതാവിന്റെ
പ്രകടമാകുന്ന വികാരപ്രകടനങ്ങളിലേയ്ക്ക്‌ ഇവർ കളംമാറ്റി. പ്രഭാഷണ
കലയെന്നത്‌ വിമർശനത്തിന്റെ ഉദാത്തമായ ഇടമാണെന്ന തിരിച്ചറിവ്‌  ഇരുവരെയും
ഹരം പിടിപ്പിക്കാൻ തുടങ്ങിയതോടെ സാമൂഹ്യ വിമർശനമെന്ന, അതു വരെ
മലയാളിക്ക്‌ അന്യമായിരുന്ന രീതിക്ക്‌ വലിയ സ്വീകാര്യത ലഭിക്കാൻ തുടങ്ങി.
വടക്ക്‌ കാസർകോട്‌ മുതൽ തെക്ക്‌ തിരുവനന്തപുരം വരെ ബൗദ്ധീക ഗർവ്വിന്റെ
ആൾരൂപങ്ങൾ മുതൽ സാധാരണക്കാരൻ വരെ ഇവരെ കേൾക്കാൻ തടിച്ച്‌ കൂടിയിരുന്നു.
ഇവർ പറയുന്നത്‌ കേൾക്കാൻ മലയാളി കാതോർത്തിരിക്കുകയാണെന്നതിന്റെ
ദൃഷ്ടാന്തമയിരുന്നു ഈ ആൾക്കൂട്ടം.

       നവീനമായ ചിന്താസരണികളെ സാംശീകരിച്ചിരുന്നെങ്കിലും ഇരുവരും വ്യത്യസ്തമായ
ജീവിത വീക്ഷണങ്ങളാണ്‌ പുലർത്തിയിരുന്നത്‌. അഴീക്കോട്‌ തികഞ്ഞ ഒരു
ഗാന്ധിയനായിരുന്നു. പലപ്പോഴും പുരോഗമന പ്രസ്ത്ഥാനങ്ങളോട്‌ മുഖം തിരിച്ച്‌
നിൽക്കുന്ന നിലപാടായിരുന്നു അഴീക്കോടിന്‌. വാഗ്ഭടാനന്ദനിൽ നിന്നും
ഉപനിഷത്തുകളിൽ നിന്നും മറ്റും ആർജ്ജിച്ചെടുത്ത ആദ്ധ്യാത്മീകമായ ഒരു
വെളിച്ചമായിരുന്നു അഴീക്കോടിന്റെ നവീനചിന്തകളുടെ അടിസ്ഥാനമായി തീർന്നത്‌.
ആദ്ദേഹം ആർജ്ജിച്ചെടുത്ത സംസ്കൃതത്തിലുള്ള അടിത്തറ അദ്ദേഹത്തിന്‌ ഈ
കാര്യത്തിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്‌. ഇതിഹാസങ്ങളും വേദങ്ങളും
പുരാണങ്ങളും ആഴത്തിൽ പഠിക്കാനും അവയെ വിലയിരുത്താനും ഇത്‌ മൂലം
അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ തത്വമസി തുടങ്ങിയ
കൃതികളിലൂടെ സഞ്ചരിച്ചാൽ നമുക്ക്‌ അത്‌ ബോധ്യമാകും.

       കേരളത്തിൽ ഉയർന്ന്‌ വന്ന പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളുമായി ചേർന്ന്‌
പോകുന്ന നിലപാടായിരുന്നു വിജയൻ മാഷ്‌ വച്ച്‌ പുലർത്തിയിരുന്നത്‌. ഈ
പ്രസ്ത്ഥാനത്തിന്റെ അടിത്തറയിൽ ഉയർന്ന്‌ വന്ന കാഴ്ചപ്പാടുകളിൽ നിന്നാണ്‌
വിജയൻ മാഷുടെ നവീനചിന്തകൾ രൂപപ്പെട്ടത്‌. കൃത്യമായ വായനയും നിരീക്ഷണവും
വിജയൻ മാഷിലെ നവീനചിന്തകളുടെ പിൻബലമായി തീരുകയും ചെയ്തു. തീർത്തും
ഭൗതികമായ നിലപാടുകളാണ്‌ വിജയൻ മാഷ്‌ പിൻതുടർന്ന്‌ പോന്നിരുന്നത്‌.

       ഒരിക്കലും നിയതമായ ഒരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര ചട്ടക്കൂടിനുള്ളിൽ
അഴീക്കോട്‌ ബന്ധിക്കപ്പെട്ടിരുന്നില്ല. തുടക്കത്തിൽ കോൺഗ്രസ്‌
പക്ഷപാതിത്വം അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടിരുന്നു. കാലക്രമത്തിൽ
ഇടതുപക്ഷാഭിമുഖ്യവും അഴീക്കോടിന്‌ ചാർത്തി നൽകിയിട്ടുണ്ട്‌. പക്ഷെ എല്ലാ
പക്ഷങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും ഉപരിയായി നിലപാട്‌ സ്വീകരിക്കാൻ
അഴീക്കോട്‌ ആർജ്ജവം കാണിച്ചിരുന്നു. തീവ്രമായ രാഷ്ട്രീയ പക്ഷപാതിത്വം
പുലർത്തുന്നവർ ഈ നിലപാടിനെ നിരാകരിക്കാമെങ്കിലും രാഷ്ട്രീയ മിതത്വം
പാലിക്കുന്നവർ ആഴീക്കോടിനെ ഈയൊരു രീതിയിൽ തന്നെയായിരിക്കും
വിലയിരുത്തിയിരിക്കുക. 

       എന്നാൽ തന്റെ രാഷ്ട്രീയം ഇതാണെന്ന്‌ വിളിച്ച്‌ പറയാൻ വിജയൻ മാഷ്‌
മടികാണിച്ചിരുന്നില്ല. ആ രാഷ്ട്രീയത്തിന്റെ സ്ഥൂലമായ ഇടങ്ങളിൽ
പരമാധികാരിയെപ്പോലെ ഇടപെടാനും വിജയൻ മാഷ്‌ തയ്യാറായിരുന്നു. പ്രസ്ഥാനം
പിൻതുടരുന്ന പ്രത്യയശാസ്ത്രത്തിൽ കടുകിടെ വെള്ളം ചേർക്കാൻ പോലും
നടക്കുന്ന ശ്രമങ്ങൾക്കെതിരെ വിജയൻ മാഷ്‌ ശക്തമായി ഇടപെട്ടിരുന്നു.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന മാർക്ക്സിയൻ നിലപാട്‌
ഉയർത്തിപ്പിടിക്കാൻ വിജയൻ മാഷ്‌ മുന്നോട്ട്‌ വച്ച നിലപാടുകൾ ഏറെ
വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്‌. ക്ലാസ്‌ മുറിയിൽ
അധ്യാപകൻ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടപ്പോഴും, പറശ്ശിനിക്കടവിൽ
പാമ്പുകളും മിണ്ടാപ്രണികളും കൊല്ലപ്പെട്ടപ്പോഴും അതിന്‌ പ്രത്യയശാസത്ര
വ്യാഖ്യാനം ചമയ്ക്കാൻ വിജയൻ മാഷ്‌ തയ്യാറായത്‌ അദ്ദേഹം മുന്നോട്ട്‌ വച്ച
രാഷ്ട്രീയത്തോടുള്ള അന്ധമായ കടപ്പാട്‌ ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌.(മറ്റ്‌
സാഹിത്യനായകരെല്ലാം രംഗത്ത്‌ വന്നപ്പോഴും പ്രതീക്ഷിച്ചതു പോലെ തീവ്രമായ
അഭിപ്രായ പ്രകടനങ്ങൾ പറശ്ശിനിക്കടവ്‌ പ്രശ്നത്തിൽ അഴീക്കോടും
പ്രകടിപ്പിച്ചിരുന്നില്ല.) സി.പി.എമ്മിൽ ഉയർന്ന്‌ വന്ന വിഭാഗിയതയിൽ
വി.ഏശിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിനും
പ്രത്യയശാസ്ത്രപരമായ ഒരു നിലപാട്‌ സമ്മാനിച്ചതു വിജയൻ മാഷായിരുന്നു. അത്‌
വരെ സി.പി.എംന്റെ പ്രധാന ‍െസെദ്ധാന്തികനായി പാർട്ടി വേദികളിൽ
തിളങ്ങിയിരുന്ന വിജയൻ മാഷ്‌ പാർട്ടി ഔദ്യോഗിക നേതൃത്വത്തിന്‌
അനഭിമിതനായി. ഇതിനെ തുടർന്ന്‌ പാർട്ടി നേതൃത്വവും വിജയൻ മാഷും കിട്ടുന്ന
സന്ദർഭങ്ങളിലെല്ലാം പരസ്പരം കടന്നാക്രമിക്കാൻ തുടങ്ങി. ഈ പോരാട്ടം മരണം
വരെ തുടരാൻ വിജയൻ മാഷിന്‌ സാധിച്ചു.
       ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇവർക്കിടയിലുണ്ടായിരുന്ന സാമ്യ
‍െവെജാത്യങ്ങളെപ്പോലെ സൂചിപ്പിക്കപ്പെടേണ്ടതാണ്‌ ഇവരുടെ മരണത്തിലെ
സാദൃശ്യവും ‍െവെജാത്യവും. തീർത്തും അപ്രതീക്ഷിതമായി തൃശ്ശൂരിൽ പത്രസമ്മേളനം നടത്തുന്നതിനിടയിലാണ്‌

വിജയൻ മാഷ്‌ കുഴഞ്ഞ്‌ വീണ്‌ മരിക്കുന്നത്‌. കുഴഞ്ഞ്‌ വീണ ഉടനെ തൃശ്ശൂർ
അമല ആശുപത്രിയിലെത്തിച്ച വിജയൻ മാഷുടെ നിശ്ചലദേഹം മലയാളി കാണുന്നത്‌ അമല
ആശുപത്രയിൽ നിന്ന്‌ പുറത്തേയ്ക്ക്‌ വരുമ്പോഴായിരുന്നു.  ഇവർക്കിടയിലെ
യാദൃശ്ചീകമെന്ന്‌ പറയാവുന്ന ആകസ്മീകത മരണത്തിലും കാണാം. ഏറെ നാളായി
തൃശ്ശൂർ അമല ആശുപത്രിയിൽ രോഗക്കിടക്കിയാലായിരുന്ന ആഴിക്കോടിന്റെ
നിശ്ചലമായ ശരീരവും പുറത്തേയ്ക്ക്‌ വന്നത്‌ അമല ആശുപത്രിയിൽ
നിന്നായിരുന്നു. സുകുമാർ അഴീക്കോടും എം.എൻ വിജയനും ലോകത്തൊട്‌ വിടപറയാൻ
തിരഞ്ഞെടുത്തത്‌ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നു.

       സന്ധിയില്ലാത്ത നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത വിമർശനവും
അഴീക്കോടിനും വിജയൻ മാഷിനും അനവധി എതിരാളികളെ സൃഷ്ടിച്ചിരുന്നു.
ആശുപത്രികിടക്കയിൽ അർബുദബാധിതനായി കഴിഞ്ഞ ദിവസങ്ങളിൽ ജീവിതത്തിൽ
കൊമ്പുകോർത്ത്‌ എല്ലാവരോടും ഏറ്റ്‌ പറച്ചിൽ നടത്താനും കാലുഷ്യത്തിന്റെ കറ
കഴുകി കളയാനും അഴീക്കോടിന്‌ അവസരം ലഭിച്ചു. എന്നാൽ
പത്രസമ്മേളനത്തിനിടയ്ക്ക്‌ നമ്മൾ എന്ത്‌ കൊണ്ട്‌ വാക്കുകൾ ഉച്ചത്തിൽ
പ്രയാഗിക്കണമെന്നും ഒ​‍ാർമ്മകളെ നവീകരിച്ച്‌ കൊണ്ടിരിക്കണമെന്നും
പറയുന്നതിനിടയ്ക്കാണ്‌ അപ്രതീക്ഷിതമായി വിജയൻ മാഷ്‌ മരണത്തിന്‌
കീഴ്പ്പെട്ടത്‌. അഴീക്കോടിനെപ്പോലെ വിമർശിച്ചവരോടും കലഹിച്ചവരോടും ഒന്നും
ഏറ്റുപറയാൻ സാധിക്കാതെ ജീവിച്ചിരുന്നപ്പോൾ ഉയർത്തിയ സ്വത്വത്തിനുള്ളിൽ
നിന്ന്‌ തന്നെ മരണത്തിന്‌ ഇരയാകുകയായിരുന്നു വിജയൻ മാഷ്‌. ജീവിതത്തിൽ
പുലർത്തിയ കാഴ്ചപ്പാട്‌ മരണത്തിലും ഒരു കാവ്യനീതി പോലെ ഇരുവരെയും
അനുഗ്രഹിച്ചു എന്ന്‌ പറയുന്നത്‌ ഭംഗിക്കുറവാകില്ല. അദ്ധ്യാത്മീകതയുടെ തലം
ജീവിതത്തിലും നിലപാടിലും പ്രകടിപ്പിച്ചിരുന്ന അഴീക്കോടിന്റെ അന്ത്യം
ആത്മീയമായി കാര്യങ്ങളെ സമീപിക്കുന്ന ഒരാൾ ഇഷ്ടപ്പെടുന്ന സ്വഭാവിക അന്ത്യം
എന്ന നിലയിലായിരുന്നു എന്ന്‌ നിസംശയം പറയാം. ആത്മീയമായ മുൻധാരണകളെയും
ചിട്ടവട്ടങ്ങളെയും തൃപ്തിപ്പെടുത്തുന്ന  അന്ത്യമായിരുന്നു
അഴീക്കോടിന്റേത്‌.

       എന്നാൽ ഭൗതീകമായ സാധ്യതകളെ മാത്രം ജീവിതത്തിൽ പ്രയോജനപ്പെടുത്തിയ വിജയൻ
മാഷിന്റെ അന്ത്യം അദ്ദേഹത്തിന്റെ നിലപാടുകളെ സാധൂകരിക്കുന്ന
രീതിയിലായിരുന്നു. പോരാട്ടത്തിനിടയ്ക്ക്‌ വീണ്‌ മരിക്കുന്ന ഒരു
വിപ്ലവകാരിയുടെ ഉജ്ജ്വലമായ അന്ത്യമായിരുന്നു വിജയൻ മാഷിന്‌ കാലം കാത്ത്‌
വച്ചിരുന്നത്‌.

       ജീവിതം കൊണ്ടും മരണം കൊണ്ടും വിജയൻ മാഷിനും അഴീക്കോടിനും കൽപ്പിച്ച്‌
നൽകാവുന്ന പ്രകടമായ സാമ്യ-​‍വൈജാത്യങ്ങളെ ആധികാരികമായി
രേഖപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. പ്രാചീന നാഗരികതയുടെ മടിത്തട്ടിൽ
അന്ത്യവിശ്രമം കൊള്ളുന്ന വിജയൻ മാഷും,വൈദേശിക സംസ്കാരത്തിന്റെ
അവശേഷിപ്പുകൾ കുറിച്ചിട്ട മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന അഴീക്കോടും ഇനി
മലയാളികളുടെ സാമൂഹ്യ വിമർശനത്തിന്റെ ഊരകല്ലുകളായി നിലനിൽക്കുമെന്ന്‌
ഉറപ്പാണ്‌; മലയാളിയും മലയാളവും ഉള്ള കാലത്തോളമെങ്കിലും.



--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...