Skip to main content

ഇരുട്ട്

അബ്ദുലത്തീഫ് നീലേശ്വരം

തുറന്നിട്ട ഗെയിറ്റിന്റെ വഴിയിലൂടെ ഇരു നില വീട് ലക്ഷ്യമാക്കി അയാൾ
അകത്തേക്ക് നടന്നു..
മുളംതണ്ടിന്റെ മുകളിൽ കെട്ടിയുയർത്തിയ ടാർ പോളിന്റെ മേൽക്കൂരയുള്ള
പന്തലിനുള്ളിൽ തിങ്ങി നിറഞ്ഞിരിക്കുന്നവരുടെ കല പില സംസാരങ്ങളാൽ
അന്തരീക്ഷം ശബ്ദ മുഖരിതമാണ്.
പല ടേബിളുകളിലായ ഭക്ഷണ വിഭവങ്ങൾ നിരത്തി വെച്ചിരിക്കുന്നു.
ഓരോ ടേബിളിനേയും പൊതിഞ്ഞ് ആറു പേർ വീധം കസേരകളിലിരുന്നു ഭക്ഷണം
കഴിക്കുന്നു. അങ്ങിനെയുള്ള ഓരോ കൂട്ടങ്ങൾ. പരിസരങ്ങളിൽ തങ്ങി
നിൽക്കുന്നു. ബിരിയാണിയുടേയും മസാലക്കൂട്ടുകളുടേയും ഹൃദ്യമായ മണം.
അയാൾ മറ്റുള്ളവർക്കൊപ്പം വലിയ നിരയിൽ അക്ഷമനായി കസേര ഒഴിയുന്നതും കാത്ത് നിന്നു.
ടേബിളിൽ നിരത്തി വെച്ച കൊതിയൂറുന്ന വിഭവങ്ങളിലേക്ക് അറിയാതെ കണ്ണുകൾ ചെന്നു.
ഒരു വലീയ തളികയിൽ കുന്നു പോലെ കൂട്ടിയ ബിരിയാണിയും വിളമ്പാനുള്ള സ്റ്റീൽ
തവികളും. സ്റ്റീൽ ടംബ്ലറിൽ മസാല പുരട്ടി, വറുത്ത് വേവിച്ചു വഴറ്റിയ
പോത്തിറച്ചി കഷ്ണങ്ങൾ. മറ്റൊരു പാത്രത്തിൽ തേങ്ങയരച്ചുണ്ടാക്കിയെടുത്ത
ആട്ടിറച്ചി കുറുമ. ഓരോ ആളുകൾക്ക് വീധം കുടിക്കാനായി ഓരോ മിനറൽ വാട്ടർ
ബോട്ടിൽ, സെവനപ്പിന്റെ ചെറിയ അലൂമിനിയ ബോട്ടിൽ യഥേഷ്ടം.
ബിരിയാണി കഴിക്കുന്ന പല മുഖങ്ങളിലും ആർത്തി തെളിഞ്ഞു കാണാം. വിഭവങ്ങൾ
തീരുന്ന മുറയ്ക്കനുസരിച്ചു വിളമ്പുകാർ കൊണ്ടു വന്നു ചൊരിയുന്നുണ്ട്.
യുദ്ധത്തിലേർപ്പെട്ട പോരാളികളുടെ ആവേശമായിരുന്നു പലർക്കും. ഊഴം കാത്തു
നിൽക്കുന്ന ചിലർ അസ്വസ്ഥതയോടെ പിറു പിറുത്തു. വിയർപ്പിൽ നനഞ്ഞൊട്ടിയ
മുറികൈയ്യൻ  കരി പുരണ്ട ഷർട്ടും, ഉടുമുണ്ട് മടക്കി കുത്തിയ വെളുത്തു
സുമുഖനായ ഒരു യുവാവ്, കസേരകളിലിരുന്ന് ഭക്ഷണം കഴിക്കുന്നവരോട് കുശലം
പറഞ്ഞു കൊണ്ട്, ഊഴം കാത്തു നിൽക്കുന്നവരുടെ അരികിലേക്കു വന്നു.
“ നിങ്ങളാരും തന്നെ ബേജാറാകേണ്ടാ..എല്ലാവർക്കും തിന്നാനുള്ള വിഭവങ്ങൾ
തയ്യാറായിട്ടുണ്ട്. നിങ്ങളെല്ലാവരും ക്ഷമയോടെ ഒന്ന് സഹകരിക്കണം.. തിരക്കു
കരുതി ആരും തന്നെ തിന്നാതെ പോകരുത്.”
കാത്തു നിൽക്കുന്നവരിൽ പലരുടേയും മുഖം പ്രസന്നമായി. ഓരൊ ടേബിളിനരികെ
ചെന്ന് വിളമ്പുകാർക്ക് ഓരോരോ നിർദ്ദേശങ്ങൾ യുവാവ് നൽകിക്കൊണ്ടിരുന്നു..
കസേരകളിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ ഓരോരുത്തരായി തീറ്റയിൽ
നിന്ന് പതുക്കെ വിരമിച്ചു തുടങ്ങി.
മുമ്പിൽ ഒഴിഞ്ഞു കിടന്ന കസേരകളിലൊന്നിൽ അയാൾ സ്ഥാനം കണ്ടെത്തി.
അപ്പോഴേക്കും മറ്റുള്ള കസേരകളിൽ ഒരു വൃദ്ധനും പേരമകനെന്ന് തോന്നിക്കുന്ന
ഒരു കുട്ടിയും, സമപ്രായക്കാരായ രണ്ട് തടിച്ച യുവാക്കളും വന്ന് ഇരുന്നു..
ടേബിളിന്റെ മുകളിൽ വിരിച്ച മുഷിഞ്ഞ പേപ്പറിലെ ഭക്ഷണാവശിഷ്ടങ്ങൾ
വൃത്തിയാക്കാൻ വേണ്ടി നിക്കറിട്ട ഒരു പയ്യൻ ഒരു വലീയ പ്ല്ലാസ്റ്റിക്
കൊട്ടയുമായി വന്നു.. കൈയ്യിലെ പ്ലാസ്റ്റിക് കൊട്ടയിലേക്ക് പഴയ പേപ്പറും
അതിൽ കിടന്ന ഭക്ഷണാവശിഷ്ടങ്ങളും ചുരുട്ടിയെടുത്തു കൊട്ടയിലിട്ടു. ടേബിളിൽ
പേപ്പർ നിവർത്തിയിട്ടു. മുകളിൽ ഭക്ഷണ വിഭവങ്ങൾ  ഓരോന്നായി വിളമ്പുകാർ
നിരത്തി വെച്ചു. ഓരോ കൈയ്യിലേക്കും ഓരൊ ഡിസ്പൊസബിൾ പ്ലാസ്റ്റിക് പേപ്പറും
ഗ്ലാസ്സും നൽകി
വൃദ്ധൻ കസേരയിൽ നിന്ന് എഴുന്നേറ്റു
ഓരോരുത്തരുടേയും ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റ് വാങ്ങി.. അതിലേക്ക്
ബിരിയാണിയും വഴറ്റിയ പോത്തിറച്ചി കഷ്ണങ്ങളും ആട്ടിറച്ചി കുറുമയും വിളമ്പി
നൽകി.

വിളമ്പുകാർ ഒരു കാർഡ്ബോർഡ് പെട്ടി തുറന്ന് മിനറൽ വാട്ടറിന്റെ വലിയ
ബോട്ടിലുകൾ വെളിയിലെടുത്ത് ഓരോ കൈയ്യിലും നൽകി.
വൃദ്ധൻ വലിയ രണ്ട് കോഴിക്കാൽ കഷ്ണങ്ങൾ പേരമകന്റെ പ്ലേറ്റിലേക്ക്
കോരിയിട്ടു. വീണ്ടും കൂടുതൽ കോരിയിട്ടു. മറ്റുള്ളവരുടെ മുഖത്ത് ഉറ്റു
നോക്കി ചമ്മൽ മറയ്ക്കാനെന്നോണം പറഞ്ഞു.
“ചെക്കൻ നേരാം വണ്ണം ഒന്നും തിന്നൂലാന്ന്…കോലം കണ്ട്ക്കില്ലേ? പെൻസിൽ
പോലെ നേർത്തിരിക്കുന്നത് ”
പിന്നെ പേരമകനെ ശാസിച്ചു  “ഒരു വറ്റ് കളയാതെ ബിരിയാണി മുയ്മനും തിന്നോളണം.
ഓന്ത് പോലെത്തെ ശരീരം കുറച്ചൂടെ പുഷ്ടി വെക്കട്ടേ..ഏതു നേരവും ചെക്കന്
ഓടിച്ചാടി കളിക്കണ ബിജാരമേയുള്ളൂ.”
ബിരിയാണി തിന്നാതെ, വിഷണ്ണനായിരിക്കുന്ന അയാളോട് വൃദ്ധൻ -
“അമാന്തിക്കാതെ വയറു നിറച്ചും തിന്നോളിൻ ട്ടോ..കേമവും കോപ്പുമുള്ള
തറവാട്ടുകാരനാ യൂസഫ് ഹാജി..ഇനി അടുത്തെങ്ങും ഇതു പോലത്തെ അവസരം ഒത്തെന്നു
വരില്ല.”

അയാൾ ബിരിയാണി ചെറിയ ഉരുളകളായി വായിലിട്ടു. സാവധാനം ചവച്ചു.
വൃദ്ധന്റെ പേരമകൻ അന്നം തൊണ്ടയിൽ കുടുങ്ങി, ശ്വാസമെടുക്കാൻ
പ്രയാസപ്പെട്ടു. കണ്ണുകൾ വെളിയിലേക്ക് തള്ളി വന്നു. അയാൾ വേഗം വെള്ളം
ഗ്ലാസ്സിൽ പകർന്നു.. അവന്റെ ചുണ്ടിൽ ചേർത്തു. അരുമയോടെ കഴുത്ത് നേർമയായി
തടവിക്കൊടുത്തു
ശ്വാസം പൂർവ്വ സ്ഥിതിയിലായ അവൻ നന്ദി സൂചകമായി അയാളെ നോക്കി പുഞ്ചിരിച്ചു
നിർവ്വികാരനായ വൃദ്ധനിൽ ദീർഘനിശ്വാസം പൊഴിഞ്ഞു.
“ ഞാൻ ശരിക്കും ബേജാറായി പോയി. എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു
“മോൻ ന്റെ കുഞ്ഞിനെ കാത്തു. പെരുത്ത് നന്ദിയുണ്ട് മോനേ”
വൃദ്ധൻ പേരമകനു നേരെ കണ്ണുരുട്ടി.
“അന്നം കാണുമ്പോ ആക്രാന്തമാണ്. മുമ്പിലേത് ആരെങ്കിലും വാരി
ബിദുങ്ങുമോയെന്ന പേടിയും.. ഇബ് ലീസ്!”
വിഭവങ്ങളിലേക്ക് ഭയവും നിരാശയും കലർന്ന നോട്ടത്തോടെ അവൻ കൈ കഴുകാനായി
പതുക്കെ എഴുന്നേറ്റു.
തടിച്ച യുവാക്കാൾ ഭക്ഷണത്തിൽ മാത്രം ശ്രദ്ധയൂന്നി. മറ്റുള്ളലതൊന്നും
തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലപാടിലാണ്.
“ ഓൻ നല്ലോണം പേടിച്ച്ക്കണ്. നിങ്ങള് മടിക്കാതെ തിന്നോളിൻ”
ഈ വീട്ടിൽ നടക്കുന്നത് ആരുടെ കല്ല്യാണമാണ്? യൂസഫ് ഹാജിയുടെ മകന്റേയോ ,
മകളുടേതോ ആവാം!.. അതല്ലെങ്കിൽ മരുമക്കളുടേത്!
എങ്ങിനെയാണു സംശയ നിവൃത്തി വരുത്തുക! തിരക്കിനിടയിൽ യൂസഫ് ഹാജിയെ
എങ്ങിനെയാണു കണ്ടെത്തുക. വൃദ്ധനോട് തിരക്കിയാൽ ശരിയായ മറുപടി
കിട്ടിയേക്കാം.
വേണ്ട അതു കൂടുതൽ വിനയാകും. തന്നെ കുറിച്ചുള്ള വൃദ്ധന്റെ ധാരണ തകരാൻ ആ
ഒരു കാരണം മതി. വലിഞ്ഞു കേറി വന്ന ഒരു തെണ്ടിയുടെ റോളിലായിരിക്കും പിന്നെ
തന്നെ കാണുക!സന്ദർഭോചിതമായി അന്വേഷിച്ചറിയുന്നതായിരിക്കും ഉചിതം.

അയാൾ തീറ്റമതിയാക്കി വേഗം എഴുന്നേറ്റു.
“മോന്.. എന്താ പറ്റിയത്.. ഒരു വിഷമം പോലെ..ഞാൻ ആദ്യം കണ്ടപ്പോഴെ
ശ്രദ്ധിക്കുകയായിരുന്നു.”
“വയറു നിറഞ്ഞ്ക്ക്ണ്”
തീറ്റയിൽ മുഴുകിയ വൃദ്ധൻ ആരോടെന്നില്ലാതെ പറഞ്ഞു.
“ഇപ്പോഴത്തെ പുള്ളാർക്ക് തിന്നാനൊന്നും വേണ്ട.. പിന്നെയെങ്ങിനെയാ ഉസാറുണ്ടാവുക.”
താൽക്കാലിക ഉപയോഗത്തിനായി സ്ഥാപിച്ച വാട്ടർ പൈപ്പിനരികിലേക്ക് കൈ
കഴുകാനായി അയാൾ ചെന്നു. പാന്റിന്റെ കീശയിൽ കിടന്ന ടൌവ്വൽ നിവർത്തി,
കൈയ്യിലേയും മുഖത്തേയും നനവുകൾ ഒപ്പിയെടുത്തു.

അയാൾക്കരികിലേക്ക് സുമുഖനായ യുവാവ് കടന്നു വന്നു. “എങ്ങിനെയുണ്ടായിരുന്നു
ഭക്ഷണ വിഭവങ്ങളൊക്കെയും…. വയറു നിറച്ചും കഴിച്ചില്ലേ?”
“വളരെ നന്നായിരുന്നു. വയറ്റിൽ ഇടമില്ലാത്ത കുഴപ്പമേയുള്ളൂ”
ഇവൻ യൂസഫ് ഹാജിയുടെ മകനോ മരുമകനോ ആവാം.ഇവനോട് തിരക്കിയാലോ?
“സൽക്കാരം തീർന്നൂന്ന് കരുതേണ്ട. ഫ്രൂട്ട്സെന്ന ഐറ്റം കൂടെ ഇനി ബാക്കീണ്ട്.”
അയാൾ സംസാരിക്കാൻ വാ തുറക്കും മുമ്പേ യുവാവ് നടന്നു തുടങ്ങിയിരുന്നു.
“താങ്കൾ എന്റെ കൂടെ പോന്നോളിൻ.”
പന്തലിന്റെ വേറൊരു മൂലയിലേക്ക് അയാൾ ആനയിക്കപ്പെട്ടു.
പന്തലിനുള്ളിലെ ടേബിളിനു മുകളിൽ വ്യത്യസ്ഥമായ പഴങ്ങളുടെ ശേഖരമുള്ള പല തരം
വട്ട തളികകൾ. ഒരു വട്ട തളികയിൽ ചെറിയ പന്തു പോലെ മുകളിലേക്ക്
കൂട്ടിയിരിക്കുന്ന തൊലി കളഞ്ഞ ഓറഞ്ചുകൾ, അടുക്കി വെച്ച പൈനാപ്പിൾ
കഷ്ണങ്ങൾ.. കറുത്ത മുന്തിരിക്കുലകൾ, മുത്തു പോലെയുള്ള ഉറുമാൻ
പഴക്കുരുക്കൾ, കശുവണ്ടി രൂപത്തിൽ മുറിച്ച ആപ്പിൾ കഷ്ണങ്ങൾ. തളികകൾക്കു
മുകളിലെ മുളന്തണ്ടിൽ തൂങ്ങിക്കിടക്കുന്ന പൂവൻ പഴത്തിന്റെ വാഴക്കുലകൾ.
അയാൾ ഒരു ചെറിയ ആപ്പിൽ കഷ്ണം എടുത്ത് വായിലിട്ടു. അയാളുടെ
തോന്നലുകളിലേക്ക് രോഗബാധിതനായ ബാപ്പ കടന്നു വന്നു. ഭക്ഷണം കാണുമ്പോൾ താൻ
വന്ന കാര്യം മറക്കുകയായിരുന്നു. അയാൾക്ക് കുറ്റബോധം തോന്നി.
കട്ടിലിൽ കിടന്ന ബാപ്പയുടെ അരികിലിരുന്ന് ഉമ്മ പറഞ്ഞു.
“മോനേ നീ ചെന്ന് യൂസഫ് ഹാജിയെ കാണണം. നല്ല ആശൂത്രിയിൽ ചികിത്സിച്ചാൽ
വലിവിനു ശമനമുണ്ടാകും. പെങ്ങന്മാരടക്കം ഏഴുവയറുകൾ കഴിയണത് നീ ഒരുത്തൻ
നയിച്ചിട്ടാണ്. എത്ര നാളാണിങ്ങനെ ഈ വലിവും വെച്ചോണ്ട്. യൂസഫ് ഹാജി ഈ
വഴിയൊക്കെ മറന്നൂന്നാ തോന്നണത്..”
ആയാസത്തോടെ ബാപ്പ എഴുന്നേൽക്കാൻ ശ്രമിച്ചു. കൈയ്യുയർത്തി വിലക്കി.
“മോനേ അങ്ങേരെ ശല്യപ്പെടുത്തരുത്. ചങ്ങായീന്നുള്ള പരിശത്തിൽ പല തവണ
സഹായിച്ചിട്ടുള്ളതാ.. തിരക്ക് കൊണ്ടാവും ഈ വഴിയൊന്നും വരാത്തത്.”
“സൈനബാ അതൊന്നും നീ വേഗം മറക്കരുതായിരുന്നു. ”
“ ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞതാ. നിങ്ങൾ എന്നോട് ക്ഷമിച്ചേര്.”

അയാൾ ഓർമ്മകളിൽ നിന്നും ഊർന്നിറങ്ങി.. സുമുഖനായ യുവാവ് പന്തലിനുള്ളിലെ
തിരക്കുകളിൽ ഒഴുകി നടക്കുന്നത് കണ്ടു.
യൂസഫ് ഹാജിയെ ഏറെ നേരം തിരഞ്ഞു. നിരാശയായിരുന്നു ഫലം. ഒടുവിൽ ഇരു നില
വീടിന്റെ പന്തലിനോട് ചേർന്ന ഒരു കോണിൽ ചാരു കസേരയിൽ അമർന്നിരിക്കുന്ന
യൂസഫ് ഹാജിയെ അപ്രതീക്ഷിതമായി കണ്ടെത്തി.
വളരെയധികം സന്തോഷത്തോടെ അദ്ദേഹത്തിന്റെ അരികിൽ ചെന്നു സലാം ചൊല്ലി സ്വയം
പരിചയപ്പെടുത്തിയതിനു ശേഷം ആഗമനോദ്ദേശം വെളിപ്പെടുത്തി. യൂസഫ് ഹാജി
എഴുന്നേറ്റു. തന്നിലേക്ക് അയാളെ ചേർത്തണച്ചു.
“സുലൈമാന്റെ മോനെ കണ്ടതിൽ പെരുത്ത് സന്തോഷംണ്ട് മോൻ ഭക്ഷണമൊക്കെ കഴിച്ചതാണോ?”
“കുറച്ചു മുമ്പ് കഴിച്ചു.”
“പഴയതു പോലൊന്നും ആരെയും തിരിച്ചറിയാൻ പറ്റ്ണില്ല. അധികാരം തെറിച്ച
രാജാവിന്റെ അവസ്ഥയിലാണ് ഞാൻ. മോനെ സഹായിക്കാൻ പറ്റാത്തതിൽ ഖേദമുണ്ട്.
ഇപ്പം മോന്റെ കൈയ്യിലാണു ഭരണം. വീടിന്റെയുള്ളിൽ കടക്കാൻ പോലും പറ്റാതെ,
തിരക്കിൽ നിന്നൊഴിഞ്ഞ് ഈ മൂലയിൽ ഇരിക്കുകയാണ് ഞാൻ.. നിന്റെ ബാപ്പാനെ
അടുത്ത് തന്നെ ഞാൻ കാണുന്നുണ്ട്. ”
അയാൾ മനോ വിഷമത്തോടെ മതിലിനു വെളിയിലേക്ക് നടന്നു.

ബസ്സ് കാത്ത് ബസ്സ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ സൌഹൃദത്തിലായ ഒരാളുമായി
യൂസഫ് ഹാജിയുടെ വീട്ടിലെ വിശേഷം ചോദിച്ചു.
ദഹിപ്പിക്കുന്ന ഒരു നോട്ടം! അയാൾ പുച്ഛം കലർത്തി പറഞ്ഞു.
“നിങ്ങളെവിടുന്ന് ഇറങ്ങി വരണത് ഞാൻ കണ്ടതാണ്. യൂസഫ് ഹാജിയുടെ
ദുഹയിരപ്പിക്കൽ ചടങ്ങാണ്. പറയത്തക്ക രോഗമൊന്നും ഉണ്ടായിരുന്നില്ല. ബാത്ത്
റൂമിൽ നിന്നിറങ്ങുമ്പോൾ നെഞ്ചിൽ ഒരു ചെറിയ കൊളുത്തൽ. ആശുപത്രിയിൽ എത്തും
മുമ്പേ തീർന്നു.”
 അയാൾ വാചാലനായി.
“അങ്ങേർക്ക് ഏഴു പെണ്മക്കളും ഒരു മകനുമാണ്. പന്തലിൽ ഓടിച്ചാടി
നടക്കുന്നോനാ മകൻ.. ബാപ്പയെ പോലെയൊന്നും അല്ല മോൻ. മഹാ അറുക്കീസ്.
സ്വർഗ്ഗം ബാപ്പയ്ക്ക് വാങ്ങിക്കൊടുക്കാനുള്ള പങ്കപ്പാടൊന്നും അല്ല.
ജനങ്ങൾക്കിടയിൽ കേമനാകാൻ കാട്ടുന്ന ചില കോപ്രായങ്ങൾ!”
അവിടെ കണ്ടു മുട്ടിയ ആ മനുഷ്യൻ?
 അയാളുടെ തോന്നലുകൾ കലങ്ങി മറിഞ്ഞു.
പെട്ടെന്ന് പോക്കറ്റിൽ കിടന്ന് മൊബൈൽ കരഞ്ഞു. മൊബൈൽ ബട്ടൻ അമർത്തി
ചെവിയിൽ വെച്ചു. ചെവിയിലേക്ക് ഉമ്മയുടെ നിലവിളി ഇരമ്പിയെത്തി.
“മോനെ അന്റെ ബാപ്പാ..”
അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…