പായിപ്ര രാധാകൃഷ്ണൻ
കേരളത്തിന്റെ ഗ്രാമീണ നന്മകളെ പ്രകാശിപ്പിച്ചുകൊണ്ട് മലയാളത്തിൽ രചിക്കപ്പെട്ട പ്രശസ്തമായൊരു കവിതയാണ് കുറ്റിപ്പുറത്ത് കേശവൻ നായരുടെ 'ഗ്രാമീണ കന്യക'. ഈ കവിതയിലെമ്പാടും മധുരഹൃദയനും ഹൃദയാലുവുമായ ഗ്രാമീണ ഗൃഹസ്ഥനെക്കുറിച്ച് സ്വാനുഭവത്തിൽ നിന്നും നീറ്റിയെടുത്ത വരികൾ നോക്കുക.
"പുറം കഠോരം പരിശുഷ്ക്കമൊട്ടു-
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടൻ കൃഷിക്കാരൊരു നാളികേര-
പാകത്തിലാണിങ്ങനെ മിക്കപേരും."
ആലുവായിൽ നിന്നും പറവൂർ കാൽനടയായി പോകുമ്പോൾ അപരിചിതനായ ഒരു ഗൃഹസ്ഥന്റെ ആതിഥ്യസൽക്കാരങ്ങളും പരുക്കൻ പ്രകൃതവുമാണത്രെ ഈ കവിതയ്ക്ക് പ്രേരകമായത്.
'മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞ ഹോ! സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു."
എന്നിങ്ങനെയാണോ ഗ്രാമീണ ചിത്രം ആരംഭിക്കുന്നത്.
"പാരമുണ്ടു പല മട്ടു ജീവിതാ-
ധാരമാം പലതരുക്കളെങ്കിലും
സാരനാകിയ ഭവാന്റെ ചേർച്ചയിൽ
കേരമേ പുകളെടുത്തു കേരളം."
കേരളപ്പെരുമയെക്കുറിച്ചുള്ള വരികളും കുറ്റിപ്പുറത്തിന്റേതുതന്നെയാണ്
"നലമിയന്നൊരു തെങ്ങുകൾ മുന്നമേ
ജലമൊഴിച്ചു വളർത്തുക മൂലമായ്
തലയിൽ നന്മധുരോദകപൂർണ്ണമാം
ഫലഗണത്തെ വഹിപ്പതു കാൺകനാം."
എന്ന പന്തളം കേരള വർമ്മയുടെ വരികളും ഇവിടെ ചേർത്തുവെച്ച് അനുസ്മരിക്കാവുന്നതാണ്.