26 Mar 2013

എന്റെ തെങ്ങ്‌


അനന്യ അനിൽ
ബഥനി ബാലികാമഠം സേൻട്രൽ സ്കൂൾ, നങ്ങ്യാർകുളങ്ങര, ആലപ്പുഴ - 690513
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ യുപിവിഭാഗത്തിൽ മൂന്നാംസ്ഥാനം നേടിയ ലേഖനം)


നമ്മൾ കേരളീയർക്ക്‌ എല്ലാം തരുന്ന കൽപവൃക്ഷമാണ്‌ കേരവൃക്ഷം. കേരളത്തിന്‌ ആ പേര്‌ കിട്ടിയത്‌ തെങ്ങിൽ നിന്നാണ്‌. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്‌ തെങ്ങ്‌. സെപ്തംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു.
തെങ്ങ്‌ ഒരു ഒറ്റത്തടി വൃക്ഷമാകുന്നു. ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിച്ച ത്രിശങ്കു എന്ന രാജാവ്‌ മൂലമാണ്‌ തെങ്ങുണ്ടായതെന്ന്‌ മറ്റൊരു ഐതിഹ്യം കൂടിയുണ്ട്‌. എന്നാൽ പരശുരാമനാണ്‌ കേരളത്തിൽ തെങ്ങുകൃഷി വ്യാപകമാക്കിയതെന്നും ഒരു വാദമുണ്ട്‌.
'തെങ്ങുവെക്കുന്ന മനുഷ്യരെല്ലാം
പൊങ്ങിടാതെയിരിക്കുന്നു സ്വർഗത്തിൽ' എന്ന വരികൾ പരശുരാമൻ രചിച്ചതെന്ന്‌ പറയപ്പെടുന്ന 'കൃഷിഗീത' എന്ന  ഗ്രന്ഥത്തിലുണ്ട്‌. തെങ്ങിൻ തൈ ശേഖരണം മുതൽ തേങ്ങ ഉത്പാദനം വരെ അതിൽ പ്രതിപാദിക്കുന്നുണ്ട്‌. വേദകാലത്തിനുമുൻപ്‌ തന്നെ ഭാരതത്തിൽ തെങ്ങുണ്ടായിരുന്നതായി കണക്കാക്കുന്നു. മഹാഭാരതം, രാമായണം, വിഷ്ണുപുരാണം, മത്സ്യപുരാണം, മാർക്കണ്ഡേയപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിവയിലും തെങ്ങിനെക്കുറിച്ച്‌ പരാമർശമുണ്ട്‌.
 ലോകത്ത്‌ ഏറ്റവും കൂടുതൽ ഉപയോഗമുള്ള പത്ത്‌ വൃക്ഷങ്ങളിൽ ഒന്നാണ്‌ തെങ്ങ്‌. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ നമുക്ക്‌ പ്രയോജനപ്പെടുന്നു. അതുകൊണ്ടാണ്‌ തെങ്ങിനെ കൽപവൃക്ഷമെന്ന്‌ വിളിക്കുന്നത്‌.
മനുഷ്യരുടെ തലയുടെ ആകൃതിയിലുള്ള തേങ്ങ പച്ചനിറത്തിൽ കട്ടിയേറിയ പുറന്തോടോടുകൂടിയാണ്‌ ഉണ്ടാവുക.പുറന്തോടിനുള്ളിൽ ധാരാളം നാരുകൾ ഉണ്ടാകും. ഉണങ്ങുമ്പോൾ ഇത്‌ ചാരനിറമാകും ഇതിനുള്ളിലാണ്‌ ചിരട്ടയുണ്ടാകുക.  ചിരട്ടയ്ക്കുള്ളിൽ വെളുത്ത്‌ മാംസളമായ കാമ്പ്‌ കാണാം. മധുരമുള്ള വെള്ളവും ഉണ്ടാകും. തെങ്ങിന്‌ കണ്ണുണ്ടെന്നാണ്‌ പല നാട്ടുകാരുടേയും വിശ്വാസം.  അതുകൊണ്ടായിരിക്കാം 'തെങ്ങ്‌ ചതിക്കില്ല' എന്ന പ്രയോഗം ഉണ്ടായത്‌. ഗുജറാത്തുകാർ തെങ്ങിനെ ആരാധിക്കുന്നവരാണ്‌. കടലിനെ ശാന്തമാക്കാൻ തീരപ്രദേശങ്ങളിലുള്ളവർ കടലിലേക്ക്‌ നാളികേരം എറിയുന്ന പതിവുണ്ട്‌. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട്‌ 'ഇളനീർ വരവ്‌, ഇളനീരാട്ടം' എന്നിങ്ങനെയുള്ള ചടങ്ങുകൾ നടത്താറുണ്ട്‌.
കുരങ്ങിനെപ്പോലെ ഇളിച്ചുകാട്ടുന്നതിന്‌ പോർച്ചുഗീസ്‌ ഭാഷയിൽ 'കൊക്കോസ്‌' എന്നാണ്‌ പറയുക. പൊളിച്ച നാളികേരം കണ്ടാൽ കുരങ്ങിന്റെ മുഖം പോലെ തോന്നുമല്ലോ? തെങ്ങിന്‌ ഇംഗ്ലീഷിലും ലാറ്റിനുമെല്ലാം കിട്ടിയ പേരുകൾ ഈ രൂപത്തിൽ വന്നതാണ്‌. കൊക്കോസ്‌ ന്യൂസിഫെറ എന്നാണ്‌ തെങ്ങിന്റെ ശാസ്ത്രീയ നാമം. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന തെങ്ങ്‌ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്നു. ദക്ഷിണേഷ്യയിൽ ആദ്യമായി കേരളത്തിലാണ്‌ തെങ്ങുകൃഷി തുടങ്ങിയത്‌. എന്നാൽ തെക്കേ അമേരിക്കയിൽ നിന്നാണ്‌ തെങ്ങ്‌ മറ്റ്‌ രാജ്യങ്ങളിൽ എത്തപ്പെട്ടതെന്നും പറയപ്പെടുന്നു.
50 മുതൽ 80 അടിവരെ ഉയരത്തിൽ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ഓല, തടി, പട്ട, തേങ്ങ, ചിരട്ട, പൂക്കുല തുടങ്ങി എല്ലാഭാഗങ്ങളും ഉപയോഗമുള്ളതാണ്‌. ചാരനിറത്തിൽ പരുപരുത്ത തൊലിയുള്ള തെങ്ങിന്‌ അടിഭാഗത്ത്‌ വണ്ണം കൂടുതലാണ്‌. മുകളിലേക്ക്‌ പോകുംതോറും വണ്ണം കുറഞ്ഞ്‌ വരികയും ചെയ്യും.  മേൽമണ്ണിൽ നിന്ന്‌ ഒന്നര മീറ്റർ താഴ്ചയിലാണ്‌ വേരുകൾ. തെങ്ങിന്റെ ഇലയ്ക്ക്‌ 'ഓല' എന്നാണ്‌ പറയുന്നത്‌. തെങ്ങിന്റെ മുകൾഭാഗം കണ്ടാൽ ഓലകൾ നിറഞ്ഞ്‌ ഒരു കുട തുറന്ന്‌ പിടിച്ചതുപോലെ തോന്നും. ഇത്‌ യഥാർത്ഥത്തിൽ ഒരു ഒറ്റ ഇലയല്ല. 200 മുതൽ 250 വരെ കുഞ്ഞിലകൾ ഒരു ഓലയിലുണ്ടാകും. പൂങ്കുലയുടെ അടിഭാഗത്ത്‌ ചെറിയ തേങ്ങയുടെ രൂപത്തിൽ പറ്റിപിടിച്ചിരിക്കുന്നവയാണ്‌ പെൺപൂക്കൾ. ഇതിന്‌ മച്ചിങ്ങ, വെള്ളയ്ക്ക, മെളിച്ചിൽ എന്നിങ്ങനെ പലപേരുകളുണ്ട്‌. മച്ചിങ്ങ പിന്നീട്‌ കരിക്ക്‌ ആയി, പിന്നെ തേങ്ങയാകുന്നു.
തെങ്ങിന്റെ തടി ഉപയോഗിച്ച്‌ ഫർണീച്ചർ ഉണ്ടാക്കുന്നു. പണ്ട്‌ വീടിന്റെ മേൽക്കൂര മേയാൻ തെങ്ങോലകൾ ഉപയോഗിച്ചിരുന്നു. ചിരട്ടകൾ തീ കത്തിക്കാനും കരകൗശലനിർമ്മാണത്തിനും ഉപയോഗിക്കുന്നു. തെങ്ങിന്റെ കൂമ്പ്‌ ഭാഗത്ത്‌ നിന്നും വെട്ടിയെടുക്കുന്ന കുരുത്തോലകൊണ്ട്‌ കളിപ്പാട്ടങ്ങളുണ്ടാക്കാം. തൂമ്പ, മൺവെട്ടി, കോടാലി, മഴു തുടങ്ങിയ കാർഷികോപകരണങ്ങൾക്ക്‌ കൈപ്പിടിയുണ്ടാക്കാനും തെങ്ങിൻ തടി ഉപയോഗിക്കുന്നു. ചകിരികൊണ്ട്‌ ചവിട്ടിയും പരവതാനിയും മറ്റ്‌ കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നു. ചകിരി വൃത്തിയാക്കുമ്പോൾ കിട്ടുന്ന അവശിഷ്ടമാണ്‌ ചകിരിച്ചോറ്‌. ചകിരിച്ചോറിൽ ധാരാളം പൊട്ടാഷ്‌ അടങ്ങിയിരിക്കുന്നതിനാൽ വളമായി ഉപയോഗിക്കുന്നു.
തേങ്ങയുടെ വാണിജ്യ പ്രധാന്യം കണക്കിലെടുത്ത്‌ അതിനെ പച്ചസ്വർണ്ണം എന്നുവിളിക്കാറുണ്ട്‌. തേങ്ങയുടെ കാമ്പ്‌ കറികളിൽ അരച്ച്‌ ചേർക്കാൻ ഉപയോഗിക്കുന്നു.കേരളീയർ പാചകത്തിന്‌ പ്രധാനമായും നാളികേരത്തിൽ നിന്നുണ്ടാക്കുന്ന വെളിച്ചെണ്ണയാണ്‌ ഉപയോഗിക്കുന്നത്‌.വയറിളക്കം, പ്രമേഹം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളുടെ ചികത്സയിൽ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്‌. തേങ്ങപ്പാലും ഔഷധഗുണമുള്ളതാണ്‌. സ്വാദിഷ്ടമായ നിരവധി ഉൽപന്നങ്ങൾ തേങ്ങയിൽ നിന്നുണ്ടാക്കാം.
1. തൂൾതേങ്ങ : നാളികേര കാമ്പ്‌ ചുരണ്ടിപ്പൊടിച്ച്‌ ഉണക്കിയെടുക്കുന്നതാണ്‌ തൂൾതേങ്ങ. ബിസ്ക്കറ്റ്‌, മിഠായി എന്നിവയൊക്കെയുണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
2. തേങ്ങപ്പാൽപൊടി : തേങ്ങപ്പാലിലെ ജലാംശം ഇല്ലാതാക്കിയാണ്‌ ഇതുണ്ടാക്കുന്നത്‌. തേങ്ങപ്പാൽ സംസ്ക്കരിച്ച്‌ ടിന്നിലാക്കിയതും വിപണിയിലുണ്ട്‌.
3. നാളികേര സിറപ്പ്‌ : തേങ്ങപ്പാൽ ഉപയോഗിച്ചാണ്‌ ഇതുണ്ടാക്കുന്നത്‌.
4. നാളികേര തേൻ : തേങ്ങപ്പാലിൽ നിന്നും നിർമ്മിക്കുന്ന ഈ തേൻ സാക്ഷാൽ തേനിനു പകരം ഉപയോഗിക്കാം.
5. തെങ്ങിൻ ചക്കര : തെങ്ങിൽ നിന്നെടുക്കുന്ന മധുരക്കള്ള്‌ തിളപ്പിച്ചാറ്റിയെടുത്താൽ ചക്കര കിട്ടും. സ്വാദുള്ള ഒരു വിഭവമായും ഔഷധമായും ഇതുപയോഗിക്കാം.
6. തെങ്ങിൻ കള്ള്‌ : വിടരാത്ത പൂക്കുല ചെത്തിയാണ്‌ തെങ്ങിൻ കള്ള്‌ എടുക്കുന്നുണ്ട്‌.
7. ലമണേഡ്‌ : തേങ്ങവെള്ളത്തിൽ പഞ്ചസാരയും ചെറുനാരങ്ങാനീരും ചേർത്തുണ്ടാക്കുന്നു.
8. യീസ്റ്റ്‌ : മാവ്‌ പുളിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന യീസ്റ്റ്‌ തേങ്ങവെള്ളത്തിൽ വളർത്തിയെടുക്കാം
9. വിനാഗിരി : വിളഞ്ഞ തേങ്ങയുടെ വെള്ളം തിളപ്പിച്ചാറ്റി അതീൽ യീസ്റ്റും പഞ്ചസാരയും ചേർത്താണ്‌ വിനാഗിരി ഉണ്ടാക്കുന്നത്‌.
ഇപ്രകാരം ബഹുവിധ ഉപയോഗങ്ങൾക്ക്‌ ഉതകുന്ന തെങ്ങ്‌ കൽപവൃക്ഷം തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...