എടപ്പാൾ സി. സുബ്രഹ്മണ്യൻ
ചുങ്കത്ത് ഹൗസ്, പെരുമ്പറമ്പ് പി.ഒ., എടപ്പാൾ വഴി, മലപ്പുറം ജില്ല - 679576
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ പൊതുവിഭാഗത്തിൽ മൂന്നാംസമ്മാനം നേടിയ കവിത)
തടി കരുത്തെത്ര നേടിയാലും
തല മേലോട്ടെത്ര പോയീടിലും
താഴെയീ മണ്ണിലിറുകി കിടക്കുന്ന
വേരാണെൻ ശക്തി വേരുമാത്രം.
പീലി നിവർത്തുമിലകളും പൊൻ-
കുടകളുയർത്തുന്ന പൂക്കളും
മധുരം വിളമ്പുന്ന കായ്കളും
മണ്ണിൻ മനസ്സെനിക്കേകി.
പുറം കഠോരം പരിശുഷ്കം
ഉള്ളലിവുണ്ടതിനുള്ളിൽ
തുള്ളിത്തുളുമ്പുന്ന സ്നേഹം
എൻ നാളികേരംപോലെ ഞാനും.
നെഞ്ചുനിവർത്തി ഞാൻ നിൽക്കാം
നാടിന് കാവലാളായി
എൻ നെഞ്ചിൽ ചവിട്ടി വന്നോളൂ
നൽകിടാം ഞാനെന്റെ സർവ്വം.
തീരത്ത് നിന്നെ ഞാൻ പണ്ടു
ദൂരേക്കു മാടി വിളിച്ചു
വന്നവർ പിന്നെയീ മണ്ണിൽ
ദുഷ്ടതയെത്രമേൽ കാട്ടി.
എങ്കിലും മണ്ണിന്റെ മാനം
വീണ്ടെടുക്കും കാഴ്ച കണ്ടു
തുളവീണ മാറുമായ് ഇന്നും
ധീര സ്മൃതി നുണയുന്നു
അംഗങ്ങളോരോന്നുമന്റെ
നിങ്ങൾക്ക് നൽകുവാനിഷ്ടം
പണ്ടേ കനിഞ്ഞെനിക്കേകി
'കൽപവൃക്ഷം' എന്ന നാമം.
ഒറ്റത്തടിയാണെങ്കിലും
ഒറ്റയ്ക്കു നിൽപ്പാണെങ്കിലും
സ്വാർത്ഥതയ്ക്കുള്ളോരു ചിഹ്നം
എന്നുമാത്രം പഴിയ്ക്കല്ലേ!