നാളികേര വിപണന രംഗത്ത്‌ അവസരങ്ങൾ തുറക്കുന്നു


ബീന എസ്‌.
നാളികേര വികസന ബോർഡ്‌, കൊച്ചി

നാളികേരത്തിന്റെ വിലയിടിവ്‌ കേരകർഷകന്‌ എന്നും കീറാമുട്ടിയാണ്‌. കൊപ്രയുടെ വിപണിവിലയെ അടിസ്ഥാനമാക്കി നാളികേരത്തിന്‌ വിലയിടുമ്പോൾ കർഷകന്‌ കിട്ടുന്നതോ തീരെ തുച്ഛമായ വിലയും. ഇതിന്റെ മറുവശമോ, മാർക്കറ്റിൽ നിന്ന്‌ ജനം കർഷകന്‌ കിട്ടുന്നതിന്റെ നാലോ അഞ്ചോ ഇരട്ടി വിലകൊടുത്ത്‌ നാളികേരം വാങ്ങുന്നു. ഇടത്തട്ടുകാരൻ ഇവിടെ ലാഭം കൊയ്യുന്നു. വിലയിടിയുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കെത്തന്നെ പച്ചതേങ്ങയ്ക്കെന്നും വിപണിയിൽ നല്ല ഡിമാൻഡ്‌ തന്നെ. കർഷകന്‌ പ്രയോജനപ്രദമായ വിധത്തിൽ ഫലപ്രദമായി ഈ സ്ഥിതിവിശേഷം ഉപയോഗപ്പെടുത്തുന്നില്ലെന്ന്‌ മാത്രം.

നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും നാളികേരത്തിന്‌ പ്രിയമേറുകയാണ്‌. കേരളത്തിൽ നിന്ന്‌ നാളികേരം കയറ്റുമതി ചെയ്യുന്ന ഗ്ലോബൽ എക്സ്പോർട്ട്സ്‌ ആന്റ്‌ ഇംപോർട്ട്സ്‌ ഉടമ ശ്രീ. സജി എബ്രഹാം ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ആസ്ഥാനമാക്കി കയറ്റുമതി വ്യാപാരം നടത്തുന്ന ഇദ്ദേഹം നാളികേര കയറ്റുമതി ചെയ്യാൻ ആരംഭിച്ചതു 1991ലാണ്‌. സി.ബി.ഐ.യിൽ ഇൻസ്പെക്ടറായിരുന്ന ശ്രീ. സജി എബ്രഹാം ജോലി രാജിവെച്ചാണ്‌ സഹോദരീഭർത്താവിന്റെ മത്സ്യ കയറ്റുമതിയിലേക്ക്‌ തിരിയുന്നത്‌. ആഴക്കടൽ സ്രാവുകളുടെ കരളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന സ്ക്വാലിൻ എന്ന എണ്ണ കയറ്റുമതി ചെയ്തിരുന്ന ഇദ്ദേഹം സ്രാവ്‌ വേട്ടയ്ക്ക്‌ ആഗോളനിരോധനം ഏർപ്പെടുത്തുകയും സ്രാവിന്റെ ലഭ്യത കുറയുകയും ചെയ്തസാഹചര്യത്തിൽ കയറ്റുമതി മേഖലയിൽ സാദ്ധ്യത വർദ്ധിച്ചുവന്നിരുന്ന നാളികേര കയറ്റുമതിയിലേക്ക്‌ മാറുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ"കടലിൽ കാണാമറയത്ത്‌ കിടക്കുന്ന ഒരുൽപന്നം കയറ്റുമതി ചെയ്യാമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ കരയിൽ കൺമുമ്പിലുള്ള നാളികേരം വിപണനം ചെയ്തുകൂടാ".
ആദ്യ കാലത്ത്‌ ചെറിയ തോതിലായിരുന്നു നാളികേരം കയറ്റുമതി ചെയ്തിരുന്നത്‌. 2000ത്തോടെ നാളികേര കയറ്റുമതിയിൽ സജീവമായി. 2011ൽ ചൈനയിലേക്ക്‌ ഒരു കണ്ടെയ്നറിൽ 20000 എന്ന തോതിൽ 15 കണ്ടെയ്നർ നാളികേരം കയറ്റുമതി ചെയ്തു. ചൈനയിലേക്ക്‌ ഇന്ത്യയിൽ നിന്ന്‌ ആദ്യമായി നാളികേരം കയറ്റുമതി ചെയ്തത്‌ താനാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പ്‌ വെയ്ക്കാത്തതിനാൽ ഇരട്ടി നികുതി കൊടുക്കേണ്ടി വന്നെന്നും വ്യാപാരം തികഞ്ഞ പരാജയമായിരുന്നുവേന്നും ശ്രീ. സജി ഓർമ്മിക്കുന്നു.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാളികേരത്തിന്‌ നല്ല കയറ്റുമതി മൂല്യമാണുള്ളത്‌. ഗൾഫ്‌ രാജ്യങ്ങൾ, യൂറോപ്പ്‌, തുർക്കി, ഈജിപ്ത്‌, അമേരിക്ക എന്നിവിടങ്ങളിലേയ്ക്കാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌. വിവിധ രാജ്യങ്ങളിലേക്ക്‌ വിവധ തരത്തിലാണ്‌ നാളികേരം അയയ്ക്കേണ്ടത്‌. ഈജിപ്തിൽ ചകിരി കൂടുതലുള്ള നാളികേരത്തിനാണ്‌ ഡിമാന്റ്‌, അവ കയർ ബാഗിൽ പായ്ക്ക്‌ ചെയ്യുകയും വേണം. അമേരിക്കയിലേയ്ക്കാകട്ടെ ചകിരി നന്നായി നീക്കം ചെയ്ത്‌ വൃത്തിയാക്കിയ തേങ്ങയാണ്‌ വേണ്ടത്‌.  അതും 800 ഗ്രാമിന്‌ മുകളിലുള്ളവ തന്നെ വേണം.


ഈ മേഖലയിൽ ശ്രീ. സജി എബ്രഹാം പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. തുർക്കിയിലേക്കുള്ള യാത്രയിൽ സമയദൈർഘ്യം ഏറെയുള്ളതിനാൽ തേങ്ങ കേടായിപ്പോകാതിരിക്കാൻ വാക്സ്‌ ചെയ്ത്‌ അയയ്ക്കുകയുണ്ടായി. മാസം തോറും 5 ലക്ഷത്തോളം നാളികേരമാണ്‌ ഇദ്ദേഹം കയറ്റുമതിചെയ്യുന്നത്‌. ഇതിൽ ഭൂരിഭാഗവും ഗൾഫ്‌ രാജ്യങ്ങളിലേക്കാണ്‌ പോകുന്നത്‌.
പൊള്ളാച്ചി, പാലക്കാട്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ ഇപ്പോൾ ഇവർ കയറ്റുമതിയ്ക്കായി നാളികേരം സംഭരിക്കുന്നത്‌. കേരളത്തിൽ തന്നെ ഒരു വിതരണശൃംഖല ഉണ്ടാക്കാൻ ഇവർക്ക്‌ താൽപര്യമുണ്ട്‌. കേരളത്തിലെ നാളികേരത്തിൽ എണ്ണ കൂടുതൽ ഉള്ളതിനാൽ ഇവയ്ക്ക്‌ ഡിമാൻഡ്‌ കുടുതലാണ്‌. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാളികേരോത്പാദക സംഘങ്ങളുമായി ചേർന്ന്‌ പ്രവർത്തിച്ചാൽ നാളികേരത്തിന്റെ തുടരെയുള്ള ലഭ്യത ഉറപ്പ്‌ വരുത്താനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒരു കിലോഗ്രാം നാളികേരത്തിന്‌ 16 രൂപ കൊടുക്കാൻ തയ്യാറുള്ള ശ്രീ സജി എബ്രഹാമിന്‌ ഒരൊറ്റ നിബന്ധനയേയൂളളൂ; നാളികേരം എത്തിക്കുന്നതിൽ തടസ്സമൊന്നുമുണ്ടാകരുത്‌, സ്ഥിരമായി ലഭിക്കണം. നമ്മുടെ നാളികേരോത്പാദക സംഘങ്ങൾക്ക്‌ ഇത്‌ ണല്ലോരവസരമാണ്‌. വിപണിയിലെ വിലയിടിവിലേക്ക്‌ ഒരു രജതരേഖയായി കയറ്റുമതി വിപണി മാറുമെന്ന്‌ പ്രതീക്ഷിക്കാം.

നാളികേരത്തിന്‌ പുറമേ വെളിച്ചെണ്ണയും തൂൾതേങ്ങയും കയറ്റുമതി ചെയ്യുന്ന ശ്രീ. സജിക്ക്‌ താൽപര്യമുള്ള മറ്റൊരുൽപന്നം ഫ്രാക്ഷനേറ്റഡ്‌ വെളിച്ചെണ്ണയാണ്‌. വെളിച്ചെണ്ണയിലെ ലോറിക്‌ ആസിഡ്‌, കാപ്രിലിക്‌ ആസിഡ്‌, കാപ്രിക്‌ ആസിഡ്‌ എന്നിവ വേർതിരിച്ചെടുക്കുന്ന ഉൽപന്നമാണ്‌ ഫ്രാക്ഷനേറ്റഡ്‌ വെളിച്ചെണ്ണ. ഇതിന്‌ വ്യാവസായിക മേഖലയിലും ഔഷധ നിർമ്മാണ മേഖലയിലും ഉയർന്ന ഡിമാന്റാണുള്ളത്‌. ശൈത്യരാജ്യങ്ങളിൽ ഈ ഉൽപന്നം വെളിച്ചെണ്ണ പോലെ തണുത്തുറഞ്ഞ്‌ പോകുന്നില്ലയെന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്‌. ഇതുകൂടാതെ, നാളികേര സംസ്ക്കരണ മേഖലയിലേക്ക്‌ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. കയറ്റുമതിയ്ക്കായി എടുക്കുന്ന നാളികേരത്തിൽ വലിപ്പം കുറഞ്ഞവ ഉപയോഗശൂന്യമായി ശേഷിക്കുകയാണ്‌ പതിവ്‌. പ്രാദേശിക വിപണിയിലും ഇവ വിൽക്കാൻ സാധിക്കില്ല. ഇത്തരം നാളികേരം ഉപയോഗിച്ച്‌ തേങ്ങാപ്പാൽ ഉത്പാദിപ്പിക്കുവാനുള്ള ഒരു പദ്ധതി ഇദ്ദേഹത്തിനുണ്ട്‌. കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്ത്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്ന ബയോപാർക്കും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.
മേൽവിലാസം: ശ്രീ. സജി എബ്രഹാം, ഗ്ലോബൽ എക്സ്പോർട്ട്സ്‌ ആന്റ്‌ ഇംപോർട്ട്സ്‌, നടയ്ക്കൽ പോസ്റ്റ്‌, ഈരാറ്റുപേട്ട - 686124, മൊബെയിൽ : 9447227854

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?