സണ്ണി ജോർജ്ജ്
കർഷകശ്രീ, ചെറുപുഴ, കണ്ണൂർ
നാളികേര കർഷകരുടെ ചിരകാല സ്വപ്നമാണ് കർഷകകൂട്ടായ്മയിൽ ഒരു കോക്കനട്ട് കമ്പനി രൂപീകരിക്കുകയെന്നത്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് ചെറുപുഴയിലെ കർഷക കൂട്ടായ്മ. നാളികേരോത്പാദക സംഘങ്ങളും (സിപിഎസ്) നാളികേര ഫെഡറേഷനും ചങ്ങാതിക്കൂട്ടവും യാഥാർത്ഥ്യമാക്കി വിസ്മയം തീർത്തവർക്ക് പ്രോഡ്യൂസർ കമ്പനിയും സാക്ഷാത്ക്കരിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പുരോഗമനേച്ഛുക്കളായ ഈ പ്രദേശത്തെ കർഷകർ കേരളത്തിലെ ആദ്യത്തെ പ്രോഡ്യൂസർ കമ്പനിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ചെറുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തേജസ്വിനി ഇക്കോഫാം ടൂറിസം സോസൈറ്റിയാണ് നാളികേര കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കുന്നത്.
തേജസ്വനി ഇക്കോഫാം ടൂറിസം സോസൈറ്റി
മലയോരത്തെ കർഷകരെ ഒത്തൊരുമിപ്പിച്ചുകൊണ്ട് സമ്പൂർണ്ണ ജൈവകൃഷി നടപ്പാക്കുന്നതിനും ഇക്കോ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകൃതമായ ജൈവകർഷകരുടെ സംഘടനയാണ് ചെറുപുഴ തേജസ്വനി ഇക്കോ ടൂറിസം സോസൈറ്റി. കർഷകർക്ക് പരിശീലനം നൽകി അവരെ സന്നദ്ധരാക്കുന്നതിന് പുറമേ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കാർഷിക പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും കൃഷി അനുബന്ധ മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സംഘടന ശ്രദ്ധവെയ്ക്കുന്നു. അനവധി പരിശീലന പരിപാടികൾക്ക് പുറമേ വിവിധ പദ്ധതികളും കർഷക ക്ഷേമത്തിനായി വിജയകരമായി സോസൈറ്റി നടപ്പാക്കിവരുന്നു.
ജൈവകൃഷി വികസന പദ്ധതി
2010-11 വർഷത്തിൽ പയ്യന്നൂർ ബ്ലോക്കിലെ ചെറുപുഴ പഞ്ചായത്തിൽ കൃഷിഭവന്റെ സഹായത്തോടെ 45 ഹെക്ടർ ലക്ഷ്യമിട്ട സ്ഥാനത്ത് 90 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി പദ്ധതി നടപ്പാക്കി സർട്ടിഫിക്കേഷൻ നേടുവാൻ സോസൈറ്റിയുടെ ശ്രമഫലമായി കഴിഞ്ഞു. രണ്ടാംഘട്ടമായി 75 ഹെക്ടർ സ്ഥലത്ത് പദ്ധതി അനുവദിച്ചപ്പോൾ 150 ഹെക്ടർ സ്ഥലത്ത് പദ്ധതി നടപ്പിലാക്കി സർട്ടിഫിക്കേഷന് സമർപ്പിച്ചിട്ടുണ്ട്. ജൈവ സർട്ടിഫിക്കേഷനുള്ള തേങ്ങയ്ക്ക് ഈ വർഷം കിലോഗ്രാമിന് 19 രൂപ വരെ ലഭിച്ചുവേന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
മുയൽ വളർത്തൽ, ഫാം വിസിറ്റ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്
സോസൈറ്റിയുടെ നേതൃത്വത്തിൽ മുയൽ വളർത്തൽ പദ്ധതി നടപ്പാക്കി വരന്നുണ്ട്. മാംസ സംസ്ക്കരണവും വിപണനവുമാണ് ലക്ഷ്യമിടുന്നത്. പ്രകൃതി മനോഹരമായ കൊട്ടത്തലച്ചിമലയും കാതംവയലും ഉൾപ്പെടുന്ന പ്രദേശം ഫാം വിസിറ്റിന് അനുയോജ്യമാണ്. കൊട്ടത്തലച്ചിയിൽ ആരംഭിച്ച ഗ്രീൻഹിൽ ഹോംസ്റ്റേയിൽ താമസിച്ച് പ്രകൃതിസൗന്ദര്യം നുകരുകയും നാടൻ ഭക്ഷണം രുചിക്കുകയും ചെയ്യാം. തേജസ്വിനി പുഴയിൽ മഴക്കാലത്ത് നടക്കുന്ന വൈറ്റ് വാട്ടർ റാഫ്റ്റിംഗ് സാഹസികതയും വിനോദവും കോർത്തിണക്കിയ ഒന്നാണ്
കാർഷിക നഴ്സറി
സോസൈറ്റിയുടെ അനുബന്ധ സ്ഥാപനമായി ചെറുപുഴ മേലേബസാറിന് സമീപം ചെറുപുഴ ഗാർഡൻസ് എന്ന പേരിൽ കാർഷിക നഴ്സറി പ്രവർത്തിച്ചുവരുന്നു. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളും നടീൽ വസ്തുക്കളും ഫലവൃക്ഷത്തൈകളും അലങ്കാരചെടികളും നഴ്സറിയിൽ ലഭ്യമാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന വിത്തുകളും തൈകളും നഴ്സറി വിതരണം ചെയ്യുന്നു. കുറിയ തെങ്ങിനങ്ങളായ മലയൻ പച്ച, മലയൻ മഞ്ഞ, മലയൻ ഓറഞ്ച് എന്നിവയുടെ ഗുണമേന്മയുള്ള 7000ത്തോളം തൈകൾ സ്റ്റോക്കുണ്ട്.
യന്ത്രവത്കൃത ചകിരി വ്യവസായ സഹകരണസംഘം, ക്ലിപ്തം നമ്പർ 1083
കയർ ബോർഡിന്റെ സഹകരണത്തോടെ യന്ത്രവൽകൃത ചകിരിനാര് ഉത്പാദക കേന്ദ്രം സോസൈറ്റിയുടെ നേതൃത്വത്തിൽ ചൂരപ്പടവിൽ പ്രവർത്തനസജ്ജമായി വരുന്നു.സർക്കാരിന്റെ എല്ലാ അനുമതിയും നേടിക്കഴിഞ്ഞ പ്രസ്തുത യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ മലയോരത്ത് പാഴാകുന്ന ചകിരി മൂല്യവർദ്ധിത ഉൽപന്നമായ ചകിരിനാരായി മാറും.
നാളികേരോത്പാദക സംഘങ്ങൾ
ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും പരക്കെ നാളികേരോത്പാദകസംഘങ്ങൾ രൂപീകരിക്കുവാൻ തേജസ്വിനി സോസൈറ്റി മുൻകൈ എടുത്തു. ഈ പ്രദേശത്ത് ഇപ്പോൾ 26 നാളികേരോത്പാദക സംഘങ്ങളിലായി 2000 നാളികേര കർഷകർ അംഗങ്ങളായുണ്ട്. ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയായ ചെറുപുഴ നാളികേര ഫെഡറേഷനും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫെഡറേഷൻ ആയ ചെറുപുഴ ഫെഡറേഷനിൽ നിലവിൽ 26 ഉത്പാദക സംഘങ്ങളും 2000 കർഷകരും 1.21 ലക്ഷം കായ്ക്കുന്ന തെങ്ങുകളും ഉണ്ട്. ചിട്ടയായ പ്രവർത്തനം മുഖമുദ്രയാക്കിയ ചെറുപുഴ ഫെഡറേഷന്റെ നേതൃത്വത്തിൽ 2013 ജനുവരി 12 ന് നടത്തിയ കർഷകസംഗമം ജനപങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൊണ്ടും ശ്രദ്ധേയമായിരുന്നു.
ചങ്ങാതിക്കൂട്ടം
തെങ്ങ് കയറ്റതൊഴിലാളികളെ സംഘടിപ്പിച്ച് നാളികേര വികസന ബോർഡിന്റെ പരിശീലനത്തിനയച്ച് രൂപീകരിച്ച ചങ്ങാതിക്കൂട്ടത്തിൽ നിലവിൽ 63 അംഗങ്ങളുണ്ട്. ചങ്ങാതിക്കൂട്ടം നിലവിൽ വന്നതോടെ തേങ്ങ പറിക്കാനാളില്ലാത്ത അവസ്ഥയ്ക്ക് മാറ്റം വന്നു. തൊഴിലാളികൾക്ക് ജോലി സ്ഥിരത ഉറപ്പായി. കൂലി ഏകീകരണം നടപ്പായി. നാളികേരോത്പാദക സംഘങ്ങൾക്കെല്ലാം ചങ്ങാതിക്കൂട്ടത്തിന്റെ സേവനം ഇപ്പോൾ ലഭ്യമാണ്. ചെറുപുഴയിൽ നടത്തിയ വിത്തുത്സവത്തോടനുബന്ധിച്ച് തൊഴിലാളികൾ കർഷകരിൽ നിന്ന് കരിക്ക് ശേഖരിച്ച് നടത്തിയ കരിക്ക് സ്റ്റാൾ പുത്തൻമാതൃകയായി.
തേജസ്വനി കോക്കനട്ട് പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ് (ടിപിസിഎൽ)
ചെറുപുഴ നാളികേര ഫെഡറേഷന്റെ നേതൃത്വത്തിൽ കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ മലയോര മേഖല കേന്ദ്രീകരിച്ച് തേജസ്വിനി കോക്കനട്ട് പ്രോഡ്യൂസർ കമ്പനി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്. നാളികേരോത്പാദക സംഘങ്ങളേയും നാളികേരോത്പാദകരേയും ചേർത്ത് ഇന്ത്യയിൽ ആദ്യത്തെ കമ്പനിയാണ് യാഥാർത്ഥ്യമാകുന്നത്. നിർദ്ദിഷ്ട കമ്പനിക്ക് അംഗീകൃതമായ മൂലധനം 10 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ഷെയറുകൾ നാളികേരോത്പാദക സംഘങ്ങൾക്കും വ്യക്തിഗത നാളികേരോത്പാദകർക്കും നൽകും. 50,000 രൂപയുടെ 2000 ഷെയറുകൾ ഉണ്ടാകും കമ്പനിക്ക്.
നാളികേര വികസന ബോർഡ്, കൃഷി വകുപ്പ്, നബാർഡ്, വ്യവസായ വകുപ്പ്, ജൈവ സർട്ടിഫിക്കേഷൻ സംഘടനകളായ ഇൻഡോസേർട്ട്, ഇന്ത്യൻ ഓർഗാനിക് പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ് (ഐഒപിസിഎൽ) തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാ
ഒന്നാംഘട്ടത്തിൽ സൾഫർ, പുക തുടങ്ങിയ മാലിന്യങ്ങൾ കലരാത്ത പരിശുദ്ധമായ വെളിച്ചെണ്ണ, ഓർഗാനിക് വെർജിൻ വെളിച്ചെണ്ണ, തൂൾതേങ്ങ, തേങ്ങാപ്പാൽ, ഓർഗാനിക് വിനാഗിരി, ചകിരി-ചിരട്ട ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
സർക്കാർ അനുമതി നൽകുന്നപക്ഷം നീര ഉത്പാദനവും സംസ്ക്കരണവും ആരംഭിക്കുവാൻ കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. നാളികേര കർഷകരെ 1000 തെങ്ങുകളുള്ള യൂണിറ്റുകളാക്കി തിരിച്ച് ജൈവകൃഷിരീതിയിൽ തേങ്ങ ഉത്പാദനം, ലേബർ ബാങ്ക്, ചങ്ങാതിക്കൂട്ടം ഉപയോഗിച്ച് കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വിളവെടുപ്പ് തുടങ്ങിയവ കമ്പനി ഉദ്ദേശിക്കുന്നു. ജൈവനാളികേരത്തിന് അധികവിലയും കർഷകർക്ക് സാമ്പത്തിക സുരക്ഷയും ഇത്തരത്തിൽ ഉറപ്പാക്കാനാകും. കൂടാതെ ചകിരിച്ചോർ ഉപയോഗിച്ച് ജൈവവള, ജീവാണുവളങ്ങളുടെ ഉത്പാദനം, ചകിരിനാര് ഉത്പാദനം, ചിരട്ടയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നിർമ്മാണം എന്നിവയും സാദ്ധ്യമാക്കാൻ ഉദ്ദേശിക്കുന്നു. രോഗ-കീടങ്ങളുടെ നിയന്ത്രണവും നിർമ്മാർജ്ജനവും കമ്പനിയുടെ പ്രവർത്തനമേഖലയിൽ നേരിട്ടേറ്റെടുക്കാനും കമ്പനി ലക്ഷ്യമിടുന്നു. തെങ്ങിന് ഇടവിളയായി ആയുർവേദ മരുന്നുകൾ കൃഷി ചെയ്ത് അവയുടെ സംഭരണം, വിപണനം, പ്രാദേശികമായി ലഭ്യമായ വിവിധ കാർഷികോൽപന്നങ്ങളുടെ സംഭരണം, സംസ്ക്കരണം, വിപണനം ഇവയൊക്കെ കമ്പനി ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നു. കാർഷികോപാധികളുടേയും കാർഷികോപകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത് ന്യായവിലയ്ക്ക് വിപണനം നേരിട്ട് നടത്തുവാനും കമ്പനിക്ക് പദ്ധതിയുണ്ട്.