26 Mar 2013

നീര തന്നെ പരിഹാരം


ദീപ്തി നായർ എസ്‌
മാർക്കറ്റിംഗ്‌ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

ഉത്പാദനക്ഷമതയിൽ ഒന്നാം സ്ഥാനത്തും  ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും കേരകൃഷി വിസ്തൃതിയിൽ മൂന്നാംസ്ഥാനത്തും നിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാൽ നാളികേര സംസ്ക്കരണ മേഖലയിൽ നമ്മുടെ രാജ്യം 22-​‍ാം സ്ഥാനത്താണ്‌ നിൽക്കുന്നത്‌. നാളികേര കർഷകർ കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി വിലത്തകർച്ചയിലൂടെ കടന്ന്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്‌. കൊപ്രയേയും വെളിച്ചെണ്ണയേയും അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയമാണ്‌ നാളികേരത്തിന്റെ നിലവിലുള്ള അനിശ്ചിതാവസ്ഥയ്ക്ക്‌ പ്രധാന കാരണം. കൂടുതൽ മൂല്യവർദ്ധിതോൽപന്നങ്ങളുടെ നിർമ്മാണത്തിലേയ്ക്ക്‌ നാളികേര മേഖല ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ സ്ഥിതിവിശേഷം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്‌.
മൂല്യവർദ്ധിതയുൽപന്നങ്ങളുടെ ശ്രേണിയിലേക്ക്‌ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്ക്ക്‌ കടന്നുകയറിയ ഉൽപന്നങ്ങളാണ്‌ നീരയും നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന തെങ്ങിൻ ചക്കര, പഞ്ചസാര തുടങ്ങിയവയും. നീരയേയും നീരയിൽ നിന്നുള്ള വിവിധതരം ഉൽപന്നങ്ങളേയും സംബന്ധിച്ച്‌ കഴിഞ്ഞ മാസികയിൽ വിശദീകരിച്ചിരുന്നുവല്ലോ. നാളികേരോത്പാദനത്തിൽ നമ്മോടൊപ്പം നിൽക്കുന്ന ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളൊക്കെ തന്നെ നീരയുടേയും നീരയിൽ നിന്നുള്ള മൂല്യവർദ്ധിതയുൽപന്നങ്ങളുടേയും മേഖലയിൽ പ്രബലമായിക്കഴിഞ്ഞു.
നിലവിൽ കേരളത്തിൽ നീര ഉത്പാദനത്തിനുള്ള തടസ്സം അബ്കാരി ആക്ടിലെ ചില വ്യവസ്ഥകളാണ്‌. തെങ്ങ്‌, ഈന്തപ്പന,പന എന്നീ ജാനസ്സിൽപ്പെട്ടവയുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിക്കാത്തതുമായ എല്ലാ പാനീയങ്ങളും അബ്കാരി നിയമത്തിൽ കള്ളിന്റെ പരിധിയിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നിയമപ്രകാരം അബ്കാരി നിയമത്തിനുകീഴിൽ ലൈസൻസ്‌ അനുവദിച്ചിട്ടുള്ള രജിസ്റ്റേർഡ്‌ ആയ ചെത്ത്‌ തൊഴിലാളികൾക്കു മാത്രമേ നീര ചെത്താനാകൂ. കർഷകന്‌ നീര ചെത്താനാവില്ല,  ഈ നിയമതടസ്സങ്ങൾ മാറ്റണമെന്ന്‌ നിരന്തരം നാളികേര വികസന ബോർഡും കേരകർഷകരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്‌ അബ്കാരി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച്‌ പഠിക്കാൻ എക്സൈസ്‌ കമ്മീഷണർ കൺവീനറായി കമ്മിറ്റി രൂപീകരിച്ചതു. കമ്മിറ്റി നീരയുടെ ഉത്പാദനം സംബന്ധിച്ച പഠന റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനനുസരിച്ചായിരി
ക്കും സർക്കാരിന്റെ നയപ്രഖ്യാപനമുണ്ടാവുക.
നീരയെക്കുറിച്ചുള്ള ചർച്ചകളും തർക്കങ്ങളും തുടങ്ങിയിട്ട്‌ വളരെ നാളുകളായി, കള്ള്‌ വ്യവസായത്തെക്കുറിച്ച്‌ പഠിക്കാനായി കേരള സർക്കാർ നിയോഗിച്ച എ.പി. ഉദയഭാനു കമ്മീഷന്റെ പഠനറിപ്പോർട്ടിൽ നീരയും നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മറ്റ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌ എന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.  ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കാർഷികവിളകളെക്കുറിച്ച്‌ പഠനം നടത്തിയ എം. എസ്‌. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലും നീര ഒരു ആരോഗ്യദായക പാനീയമായി ഉത്പാദിപ്പിക്കണമെന്നും നീരയിൽ നിന്നുള്ള മൂല്യവർദ്ധിതയുൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌.  പ്രമുഖ കാർഷിക വിദഗ്ദ്ധനും കൃഷിവകുപ്പ്‌ മേധാവിയുമായിരുന്ന ശ്രീ. ആർ. ഹേലി അദ്ദേഹത്തിന്റെ ഔദ്യോഗിക കാലഘട്ടത്തിലും തുടർന്നും നീരയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച്‌ വിശദമാക്കിയിട്ടുണ്ട്‌. കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പല നിയമസഭാ ചർച്ചകളിലും നീര ഒരു ചർച്ചാവിഷയമായി. അബ്കാരി നിയമത്തിലെ ഭേദഗതി ഒരു പരിഹാരമായി നിർദ്ദേശിക്കപ്പെട്ടുവേങ്കിലും ഇതുവരെ വ്യക്തമായ ഒരു നയപ്രഖ്യാപനത്തിലേക്ക്‌ എത്തിച്ചേരാനായില്ല. നിലവിൽ നിയമിക്കപ്പെട്ട കമ്മിറ്റിയിൽ നിന്നും നീരയ്ക്കനുകൂലമായ ഒരു നടപടിയുണ്ടാകുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.
നീര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ അനവധിയാണ്‌.
1.    വരുമാനവർദ്ധനവ്‌ : കേരകർഷകരുടെ ഭാഗത്ത്‌ നിന്ന്‌ വിശകലനം ചെയ്യുമ്പോൾ ഒരു ഹെക്ടറിലെ 80 തെങ്ങുകൾ ചെത്താൻ തിരഞ്ഞെടുത്താൽ (ഒരു തെങ്ങിലെ മൂന്ന്‌ പൂങ്കുലമാത്രം 6 മാസക്കാലം ചെത്തുന്നതിലൂടെ) ഹെക്ടറിന്‌ ലഭിക്കുന്ന വരുമാനം പ്രതിവർഷം 3.6 ലക്ഷം രൂപയാണ്‌ (1 ലിറ്റർ നീര പ്രതിദിനം തെങ്ങോന്നിൽ നിന്നും ലഭിക്കും എന്ന്‌ അനുമാനത്തിൽ). ഈ വരുമാനം 10.8 ലക്ഷം രൂപവരെ ലഭിക്കാം (3 ലിറ്റർ നീര തെങ്ങോന്നിൽ നിന്ന്‌ പ്രതിദിനം ലഭിച്ചാൽ). നല്ല രീതിയിൽ പരിരക്ഷിക്കപ്പെടുന്ന തെങ്ങിൻ തോപ്പുകളിൽ നിന്നും 3 മുതൽ 4.5 ലിറ്റർ വരെ പ്രതിദിനം തെങ്ങോന്നിൽ നിന്നും ലഭിക്കാവുന്നതാണെന്ന്‌ പ്രായോഗിക കണക്കുകൾ പറയുന്നു. 18 കോടി തെങ്ങുകളുള്ള കേരളത്തിൽ 1 ശതമാനം തെങ്ങുകൾ ആറുമാസക്കാലത്തെ ടാപ്പിംഗിന്‌ ഉപയോഗിച്ചാൽ സംസ്ഥാനത്തിന്‌ ലഭിക്കുന്ന വരുമാനം 2000 കോടിയോളം രൂപയാണ്‌. നീര നീരയായി തന്നെ വിൽക്കുന്നതിന്റെ കണക്കുകളാണിവ. നീരയിൽ കൂടുതൽ മൂല്യവർദ്ധന നടത്തി വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കുമ്പോൾ വരുമാനം പതിന്മടങ്ങ്‌ വർദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രസിദ്ധമായ പരസ്യത്തിൽ പറയുന്ന പോലെ "വീട്ടിൽ സ്വർണ്ണം വെച്ചിട്ട്‌ നാം നാട്ടിൽ തെണ്ടി നടക്കേണ്ട കാര്യമുണ്ടോ".
തെങ്ങ്‌ കേരകർഷകന്റേതാണ്‌. തെങ്ങിൻ പൂക്കുലയിൽ നിന്ന്‌ നീര ചെത്തിയെടുക്കുന്നത്‌ ചെത്തുകാരന്റെ സഹായത്തോടെയുമാണ്‌. 'നീര ടെക്നീഷ്യൻ' എന്ന്‌ ബോർഡ്‌ വിശേഷിപ്പിക്കുന്ന ഈ വിദഗ്ദ്ധന്റെ കാര്യപ്രാപ്തിയും ശ്രദ്ധയും അച്ചടക്കവും ഒരു പൂങ്കുലയിൽ നിന്നും ലഭിക്കുന്ന നീരയുടെ അളവിനെയും ഗുണനിലവാരത്തേയും സ്വാധീനിയ്ക്കുന്ന ഒരു പ്രധാന ഘടകമാകും. അതുകൊണ്ടുതന്നെ കേരകർഷകനും നീര ടെക്നീഷ്യനും ഒരു നിശ്ചിത അനുപാതത്തിൽ നീരയിൽ നിന്നുള്ള വരുമാനം പങ്കിട്ടെടുക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ടായാൽ തന്നെ ഈ വ്യവസായം സുസ്ഥിരമായി ശക്തമായി വളരും. കേരകർഷകന്‌ കേരവൃക്ഷത്തെ പരിപാലിക്കുന്നതിനുള്ള ശ്രദ്ധ കൂടും, നീര ടെക്നീഷ്യൻ തന്റെ കർമ്മം അതീവ ജാഗ്രതയോടെ ചെയ്യും, ഫലമോ ഇതിലുൾപ്പെടുന്ന എല്ലാവർക്കും സാമ്പത്തിക നേട്ടവും അതിലൂടെ സാമൂഹ്യപുരോഗതിയും.
തൊഴിലവസരങ്ങളും ഗ്രാമീണ
പുരോഗതിയും

കേരളത്തിൽ ആകെയുള്ള തെങ്ങുകളുടെ 1 ശതമാനം നീരയുത്പാദനത്തിന്‌ വിധേയമാക്കിയാൽതന്നെ സംസ്ഥാനത്ത്‌ 1 ലക്ഷം നീര ടെക്നീഷ്യന്മാരെ ആവശ്യമായി വരും. നീര എന്ന പാനീയം ടാപ്പിംഗിനുശേഷം വ്യക്തമായ ഒരു ഉത്പാദന പ്രക്രിയയിലൂടെ കടന്നുപോയിട്ടാണ്‌ ഉപഭോക്താവിലെത്തുന്ന പായ്ക്കറ്റിലാക്കിയ നീരയായി മാറുന്നത്‌.  ഉത്പാദന മേഖല കേന്ദ്രീകരിച്ച്‌ പ്രാഥമിക സംഭരണ കേന്ദ്രങ്ങൾ ആവശ്യമാണ്‌. നീര ടാപ്പിംഗിനുശേഷം പ്രാഥമിക സംഭരണ കേന്ദ്രത്തിലെത്തിച്ച്‌ അവിടെ ആദ്യപടിയായുള്ള പ്രാഥമിക സംസ്ക്കരണം നടത്തിയതിൻശേഷം ജില്ലാടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഒരു സംസ്ക്കരണ, പായ്ക്കിംഗ്‌ യൂണിറ്റിലേക്ക്‌ കൊണ്ടുപോയി തുടർ സംസ്ക്കരണവും പായ്ക്കിംഗും ചെയ്യുന്ന രീതി അവലംബിക്കാവുന്നതാണ്‌.
ഇത്തരത്തിൽ പ്രാഥമിക സംസ്ക്കരണ കേന്ദ്രങ്ങളിലും പായ്ക്കിംഗ്‌ യൂണിറ്റുകളിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ അനവധിയാണ്‌. ഗ്രാമീണ മേഖലയെ സംബന്ധിച്ചിടത്തോളം പുരോഗതിയുടെ പാതയിലേക്കുള്ള പ്രയാണമാണ്‌ എന്ന്‌ മാത്രമല്ല, വരുമാനം സ്ഥിരമായി പ്രതിദിനം ലഭിക്കുന്നുവേന്നതുകൊണ്ട്തന്നെ ജീവിതനിലവാരവും ആരോഗ്യനിലവാരവും പതിന്മടങ്ങ്‌ വർദ്ധിക്കുന്നു.  കൂടുതൽ വരുമാനം വരുന്നതിനനുസൃതമായി കാർഷിക മേഖലയിലെ നിക്ഷേപങ്ങളും വർദ്ധിക്കുന്നു. കാർഷിക മേഖലയിലെ നിക്ഷേപങ്ങളിലൂടെ വ്യവസായ പുരോഗതിയും ഉയർന്ന വളർച്ചാ നിരക്കും സാക്ഷാത്കരിക്കാവുന്നതാണ്‌.
12-​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ആസൂത്രിതമായ രീതിയിൽ നീരയുത്പാദനവും വിപണനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ പുരോഗതിയാണ്‌ നടപ്പിലാവുന്നത്‌. അന്തരീക്ഷ മലിനീകരണമോ മറ്റ്‌ പാരിസ്ഥിതിക പ്രശ്നങ്ങളോ തീരെയില്ലാത്ത ഒരു വ്യവസായമാണ്‌ നീരയിലൂടെ ലക്ഷ്യമിടുന്നത്‌.
സാമൂഹിക നേട്ടങ്ങൾ
നീര പോഷകദായകമായ ഒരു പാനീയമാണ്‌ എന്നതിൽ ആർക്കും തർക്കമില്ല.ധാതു ലവണങ്ങളും മൂലകങ്ങളും ധാരാളമടങ്ങിയിട്ടുള്ള, രക്തത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ അളവ്‌ കുറഞ്ഞ, പോഷകസമൃദ്ധമായ ഈ പാനീയം കൊച്ചുകുട്ടികൾ തുടങ്ങി ഗർഭിണികൾ, മുതിർന്നവർ എന്നിവർക്കൊക്കെ ഉപയോഗിക്കാവുന്നതാണ്‌. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യസുരക്ഷയ്ക്കുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന ഈ രാജ്യത്ത്‌ ആരോഗ്യദായകമായ ഈ പാനീയവും അതിൽ നിന്നുള്ള മൂല്യവർദ്ധിതയുൽപന്നങ്ങളും മാറ്റങ്ങളുണ്ടാക്കും. നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പഞ്ചസാര, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്‌, സിങ്ക്‌, ഇരുമ്പ്‌ എന്നീ ധാതുക്കളാൽ സമ്പുഷ്ടമാണ്‌. ശാരീരിക, ബൗദ്ധിക വളർച്ചയ്ക്ക്‌ നിർണ്ണായകമായ ഈ ലവണങ്ങൾ സമൃദ്ധമായി ലഭിക്കുന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതും ലഭ്യത ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്‌. കേരം സമൃദ്ധമായ കേരളത്തിൽ നീര തന്നെയല്ലേ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം
നീരയുത്പാദനത്തിലും മൂല്യവർദ്ധനവിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപടികളുമായി നാളികേര വികസന ബോർഡ്‌ മുന്നോട്ട്‌ പോകുകയാണ്‌.  കേരള സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നയപ്രഖ്യാപനം ഉണ്ടാകുന്നതിലൂടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താവുന്നതാണ്‌. നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കുന്നതിനും നീരയുടെ പ്രാഥമിക സംസ്ക്കരണ യൂണിറ്റുകളും ജില്ലാ തലത്തിൽ സംസ്ക്കരണ പായ്ക്കിംഗ്‌ യൂണിറ്റുകളും സ്ഥാപിക്കുന്നതിനുമായി സംസ്ഥാന ബജറ്റിൽ പദ്ധതി വിഹിതമുൾക്കൊള്ളിക്കണമെന്ന്‌ കേരള സർക്കാരിനോട്‌ ബോർഡ്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കേരകർഷകർ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...