26 Mar 2013

വെളിച്ചെണ്ണ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക്‌


എ. വി. രാമനാഥൻ
സീനിയർ കൺസൾട്ടന്റ്‌, എക്സ്പോർട്ട്സ്‌, നാളികേര വികസന ബോർഡ്‌

വെളിച്ചെണ്ണ വ്യവസായം എന്നും പ്രതിസന്ധിയിലായിരുന്നു. കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലകൾ എല്ലായ്പ്പോഴും ഏറിയും കുറഞ്ഞുമിരുന്നു. വെളിച്ചെണ്ണ വിലയെ അടിസ്ഥാനപ്പെടുത്തി തേങ്ങയ്ക്ക്‌ വില നിശ്ചയിക്കുന്ന നമ്മുടെ നാട്ടിൽ പാവം കേരകർഷന്റെ സ്ഥിതിയോ 'കോരന്‌ കുമ്പിളിൽ കഞ്ഞി' എന്ന നിലയിലും വെളിച്ചെണ്ണ വില ഏക്കാളത്തേക്കും താഴ്‌ന്ന നിലയിലെത്തി നിൽക്കുന്ന ഇക്കാലത്തും കൊപ്ര സംഭരണം പോലും കർഷകന്‌ താങ്ങാവുന്നില്ല. ഉത്പാദിപ്പിച്ച വെളിച്ചെണ്ണയാകട്ടെ ആവശ്യത്തിലധികം വിപണിയിൽ കെട്ടികിടക്കുന്നു. കൂനിന്മേൽ കുരുവേന്ന പോലെയാണ്‌ സർക്കാരിന്റെ കയറ്റുമതി, ഇറക്കുമതി നയങ്ങൾ. വെളിച്ചെണ്ണ കയറ്റുമതി കൊച്ചി തുറമുഖത്ത്‌ നിന്ന്‌ മാത്രമായി തുറമുഖ നിയന്ത്രണം ഏർപ്പെടുത്തിയതും അളവിൽ നിബന്ധന വെച്ചതും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമേയാണ്‌ മറ്റ്‌ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി ഏൽപ്പിക്കുന്ന ആഘാതം. ശുദ്ധീകരിച്ച ഭക്ഷ്യഎണ്ണ ഏഴര ശതമാനം മാത്രം ഇറക്കുമതി ചുങ്കത്തിലും അസംസ്കൃത ഭക്ഷ്യഎണ്ണകൾ തീരുവയില്ലാതെയും യഥേഷ്ടം ഇറക്കുമതി ചെയ്തത്‌ വെളിച്ചെണ്ണ വിലയെ കനത്ത തകർച്ചയിലേക്കാണ്‌ നയിച്ചതു.
വിലത്തകർച്ചയിൽ നട്ടം തിരിയുന്ന കേരകർഷകരെ കരകയറ്റാനായി നാളികേര വികസന ബോർഡ്‌ ബന്ധപ്പെട്ട വകുപ്പുകളിലും ജനപ്രതിനിധികൾ വഴി കേന്ദ്രസർക്കാരിലും സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി കർഷകർക്ക്‌ അനുകൂലമായ ചില തീരുമാനങ്ങൾ ഉണ്ടായി. കേന്ദ്രസർക്കാർ താഴെപ്പറയുന്ന നടപടികൾ സ്വീകരിച്ചു.
*   അളവിലോ പായ്ക്കിംഗിലോ നിയന്ത്രണം കൂടാതെ യഥേഷ്ടം വെളിച്ചെണ്ണ ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിൽ നിന്നും കയറ്റി അയയ്ക്കാവുന്നതാണ്‌.
*   വിവിധ ബ്രാൻഡുകളിലുള്ള അഞ്ച്‌ കിലോഗ്രാമിന്റെ പായ്ക്കുകളിലുള്ള വെളിച്ചെണ്ണയും 20000 മെട്രിക്‌ ടൺ എന്ന നിബന്ധനയില്ലാതെ എല്ലാ തുറമുഖങ്ങളിൽ നിന്നും യഥേഷ്ടം കയറ്റി അയയ്ക്കാം.
*   പൂജ്യം ശതമാനം മാത്രമായിരുന്ന ക്രൂഡ്‌ പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം രണ്ട്‌ ശതമാനമാക്കി ഉയർത്തി. ആർബിഡി പാമോയിലിന്റെ ചുങ്കത്തിൽ മാറ്റമൊന്നും വരുത്താതെ ഏഴര ശതമാനമായി നിലനിർത്തി.
*    ക്രൂഡ്‌ പാമോയിലിന്റെ ചുങ്കം കണക്കാക്കുന്ന വില നിലവിലുള്ള മെട്രിക്‌ ടണ്ണിന്‌ 447 അമേരിക്കൻ ഡോളറിൽ നിന്ന്‌ 802 അമേരിക്കൻ ഡോളറായി ഉയർത്തി.
പ്രസ്തുത പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന്‌ 2013ലെ ഓയിൽ വർഷം അവസാനിക്കുമ്പോൾ ഒന്നരലക്ഷം മെട്രിക്‌ ടൺ വെളിച്ചെണ്ണ കയറ്റുമതി ചെയ്യണമെന്ന്‌ ബോർഡ്‌ ലക്ഷ്യമിടുന്നു. വിവിധ ബ്രാൻഡുകളിലുള്ളതും അല്ലാത്തതുമായ 50,000 മെട്രിക്ടൺ വെളിച്ചെണ്ണ കേരളത്തിൽ നിന്ന്‌ അനായാസം കയറ്റുമതി ചെയ്യാൻ കഴിയും; രാജ്യത്തെ മറ്റ്‌ നാളികേരോത്പാദക സംസ്ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷം മെട്രിക്‌ ടൺ വെളിച്ചെണ്ണയും.
ബോർഡിൽ ലഭിക്കുന്ന അന്വേഷണങ്ങളിൽ നിന്ന്‌ മനസ്സിലാകുന്ന വസ്തുത ഭക്ഷ്യോപയോഗത്തിനും വ്യാവസായികോപയോഗത്തിനുമായി വെളിച്ചെണ്ണയ്ക്ക്‌ വൻ ഡിമാന്റുണ്ടെന്നാണ്‌. ഇന്ത്യയോടടുത്ത്‌ സ്ഥിതി ചെയ്യുന്ന, ഭാരതീയർ പ്രത്യേകിച്ച്‌ വിദേശ മലയാളികൾ ഏറെയുള്ള ഗൾഫ്‌ രാജ്യങ്ങളാകും പ്രധാന ആകർഷക കേന്ദ്രം. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളാണ്‌ വെളിച്ചെണ്ണ കയറ്റുമതിയുടെ 84.72 ശതമാനവും കയ്യാളുന്നത്‌.  ഗൾഫ്‌ രാജ്യങ്ങളിലുള്ള പ്രവാസി ഭാരതീയരുടെ ആധിക്യവും ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സുഗമമാക്കും. ഇന്ത്യയിൽ നിന്ന്‌, പ്രത്യേകിച്ച്‌ കേരളത്തിൽ നിന്നുള്ള വെളിച്ചെണ്ണ ഗുണമേന്മയിൽ ഉയർന്ന നിലവാരം പുലർത്തുന്നതായതിനാൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ദക്ഷിണാഫ്രിക്കയിലും മറ്റും അനായാസം വിപണി കയ്യടക്കാനാകും. വെർജിൻ വെളിച്ചെണ്ണയ്ക്കും ഇതേ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനാൽ ആരോഗ്യകരമായ ഒട്ടേറെ ഗുണഗണങ്ങൾ ഉള്ള വെർജിൻ വെളിച്ചെണ്ണയുടെ കയറ്റുമതിയിലും കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. കടൽത്തീരമില്ലാത്ത നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലേക്കും വെളിച്ചെണ്ണ കയറ്റുമതി വർദ്ധിപ്പിക്കാൻ നമുക്ക്‌ കഴിയണം.
ഫിലിപ്പീൻസ്‌ 13.5 ലക്ഷം മെട്രിക്‌ ടൺ വെളിച്ചെണ്ണയും ഇന്തോനേഷ്യ 6.93 ലക്ഷം മെട്രിക്‌ ടൺ വെളിച്ചെണ്ണയും മലേഷ്യ 1.32 ലക്ഷം മെട്രിക്‌ ടണ്ണൂം കയറ്റുമതി ചെയ്യുമ്പോൾ ലോകത്ത്‌ നാളികേരോത്പാദനത്തിൽ രണ്ടാംസ്ഥാനത്ത്‌ നിന്ന്‌ ഒന്നാം സ്ഥാനത്തേക്ക്‌ അവരോധിക്കപ്പെടുന്ന ഇന്ത്യയുടെ വെളിച്ചെണ്ണ കയറ്റുമതി കഴിഞ്ഞ വർഷം 8441 മെട്രിക്‌ ടൺ മാത്രമായിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഗൾഫ്‌ രാജ്യങ്ങളും യൂറോപ്പും റഷ്യയുമായി അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഇന്ത്യ വെളിച്ചെണ്ണ കയറ്റുമതിയിൽ മുൻപന്തിയിലെത്തുന്ന കാലം വിദൂരമല്ല.





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...