26 Mar 2013

നാളികേരോൽപന്നങ്ങൾ ഹിമവൽഭൂമി കീഴടക്കുന്നു




കുമാരവേൽ എസ്‌., ജി. ആർ. സിംഗ്‌  , ജയകുമാർ എസ്‌
1. ടെക്നിക്കൽ ആഫീസർ, 2. ഡെ. ഡയറക്ടർ, 3. ഫീൽഡ്‌ ആഫീസർ
നാളികേര വികസന ബോർഡ്‌, ഡൽഹി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ നാളികേര വികസന ബോർഡ്‌ രാജ്യത്തെ 63 ജനറം നഗരങ്ങളിൽ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ ജനപ്രിയമാക്കുന്നതിനുള്ള വിപണന തന്ത്രങ്ങൾക്ക്‌ രൂപം കൊടുത്ത്‌ വരികയാണ്‌. പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളം, തേങ്ങ ചിപ്സ്‌, തൂൾതേങ്ങ, വെർജിൻ വെളിച്ചെണ്ണ, തേങ്ങപ്പാൽപ്പൊടി, ബോൾകൊപ്ര, പായ്ക്ക്‌ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ, വിനാഗിരി എന്നീ പത്ത്‌ ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
രാജ്യത്തെ വടക്കൻ മേഖലയിൽ തലസ്ഥാന നഗരികളിൽ എല്ലാത്തരം നൂതന ഉൽപന്നങ്ങൾക്കും അനായാസം വിപണി കണ്ടെത്താനാകും. ഇവിടെ ജനങ്ങൾ പുതുമയുള്ളതും സമയലാഭമുണ്ടാക്കുന്നതും ആരോഗ്യപരമായ മേന്മകളുള്ളതുമായ ഭക്ഷ്യോൽപന്നങ്ങളുടേയും സൗന്ദര്യവർദ്ധക സാമഗ്രികളുടേയും നിരന്തരമായ അന്വേഷണത്തിലാണ്‌. ഇവിടെ വന്നെത്തുന്ന വിനോദസഞ്ചാരികളിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇവയ്ക്ക്‌ പ്രചാരവും ലഭിക്കുന്നു.
ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡെറാഡൂൺ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ്‌. കേന്ദ്ര വിനോദസഞ്ചാര വികസന മന്ത്രാലയം നടത്തിയ ഒരു സ്ഥിതിവിവരക്കണക്കെടുപ്പിൽ ഒരു വർഷം ഒന്നരക്കോടിയിലധികം ജനങ്ങൾ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കിയിരിക്കുന്നു; ഇതിൽ രണ്ട്‌ ലക്ഷത്തോടടുത്ത്‌ വിദേശികളായിരുന്നു. വിദേശ സഞ്ചാരികളിൽ 10 ശതമാനത്തോളം യുഎസ്‌എയിൽ നിന്നും 8 ശതമാനത്തോളം വീതം ബ്രിട്ടനിൽ നിന്നും ആസ്ട്രേലിയയിൽ നിന്നുമുള്ളവരായിരുന്നു. സഞ്ചാരികൾ മൊത്തം ചെലവിന്റെ യഥാക്രമം 18.3 ശതമാനവും 6.7 ശതമാനവും ഭക്ഷണ, പാനീയങ്ങൾക്കും സംസ്ക്കരിച്ച ആഹാരത്തിനുമായിരുന്നു ചെലവഴിച്ചതു.
വിവിധ നാളികേരോൽപന്നങ്ങളുടെ ഡിമാന്റും ലഭ്യതയും സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫെബ്രുവരി മാസത്തിൽ ബോർഡ്‌ അനൗപചാരിക സ്ഥിതിവിവരക്കണക്കെടുപ്പ്‌ നടത്തുകയുണ്ടായി. കരിക്ക്‌, നാളികേരം, വെളിച്ചെണ്ണ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, തേങ്ങപ്പാൽ, തേങ്ങപ്പാൽപൊടി, തേങ്ങ ചിപ്സ്‌, കൊപ്ര, തൂൾതേങ്ങ എന്നീ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പഠനം നടത്തിയത്‌.
കരിക്ക്‌
നഗരത്തിലെ ഏക കരിക്ക്‌ മൊത്ത വ്യാപാരി തന്ന വിവരമനുസരിച്ച്‌ കരിക്കിന്റെ വിപണനം നഗരത്തിൽ നന്നായി നടക്കുന്നുണ്ട്‌. വേനൽക്കാലത്ത്‌ ഒരു ട്രക്ക്‌ കരിക്ക്‌ (10 ടൺ) വിൽക്കാൻ സാധിക്കുന്നുണ്ട്‌. കർണ്ണാടകത്തിൽ നിന്നാണ്‌ കരിക്ക്‌ എത്തിക്കുന്നത്‌. കർണ്ണാടകത്തിൽ നിന്ന്‌ കരിക്ക്‌ എത്താൻ ഒരാഴ്ചയോളം സമയമെടുക്കും. കരിക്കിന്റെ വിലയാകട്ടെ സംസ്ഥാന സർക്കാർ ചുമത്തുന്ന 5 ശതമാനം വാറ്റിന്‌ പുറമേ ഒരു ട്രക്കിന്‌ 60,000 മുതൽ 70,000 രൂപ വരെ വരും.
മഴക്കാലത്തും ശൈത്യകാലത്തും കച്ചവടം കുറവാണ്‌. അതിനാൽ ഡൽഹിയിൽ നിന്ന്‌ ചെറിയ തോതിൽ കരിക്ക്‌ കൊണ്ടുവരികയാണ്‌ ചെയ്യുന്നത്‌. സ്വന്തമായി ഡിസൈൻ ചെയ്ത പുഷ്കാർട്ടിൽ നഗരത്തിൽ 10 ഇടങ്ങളിലായി കരിക്കിന്റെ ചില്ലറ വിൽപനയും നടത്തുന്നുണ്ട്‌. കരിക്കിന്റെ ചില്ലറ വിൽപന വില, വലിപ്പവും കാമ്പിന്റെ ലഭ്യതയും അടിസ്ഥാനമാക്കി 35 രൂപ മുതൽ 40 രൂപവരെ വരും. ഹരിദ്വാറിലും മസൂറിയിലുമായി കരിക്ക്‌ വിൽപന കേന്ദ്രങ്ങൾ വേറെയുമുണ്ട്‌. പരേഡ്‌ ഗ്രൗണ്ടിൽ പതിവായി മേളകൾ നടക്കുമ്പോൾ കരിക്കിന്റെ വിൽപന വൻതോതിൽ നടക്കുന്നു.
നാളികേരം
ഡെറാഡൂണിലെ കാർഷികോൽപന്ന മാർക്കറ്റിംഗ്‌ കമ്മിറ്റിയിലെ ചില വ്യാപാരികൾ നാളികേരവ്യാപാരം നടത്തുന്നുണ്ട്‌. കർണ്ണാടകയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമാണ്‌ വ്യാപാരികൾ പതിവായി നാളികേരം വാങ്ങുന്നത്‌. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള ഉത്സവകാലത്താണ്‌ നാളികേര വിൽപന കൂടുതൽ നടക്കുന്നത്‌.  ദീപാവലി ആഘോഷത്തിന്റെ സമയത്ത്‌ ഒക്ടോബറിലും നല്ല വിൽപന നടക്കുന്നു. കഴിഞ്ഞ രണ്ട്‌ വർഷത്തെ നാളികേരത്തിന്റെ വരവും വിലയും പട്ടിക-1 ൽ കൊടുത്തിരിക്കുന്നു.
നാളികേരത്തിന്റെ വിൽപനയിൽ 2011 നേക്കാൾ 45 ശതമാനം വർദ്ധന 2012ൽ ഉണ്ടായി (110 ടൺ). 2012 ഡിസംബറിലാണ്‌ ഏറ്റവും കുറഞ്ഞ വരവ്‌ രേഖപ്പെടുത്തിയത്‌ (6 ടൺ). ഏപ്രിലിൽ ഏറ്റവും കൂടുതലും (21.1 ടൺ). വരവിൽ 2012 ൽ വർദ്ധനയുണ്ടായെങ്കിലും വിലയിൽ മാറ്റമുണ്ടായില്ല. 2012 മേയിൽ മെട്രിക്‌ ടണ്ണിന്‌ 5100 രൂപയുണ്ടായിരുന്നത്‌ ആഗസ്റ്റിൽ 9050 രൂപയായി വർദ്ധിച്ചു.
നാളികേരം വിവിധ ആവശ്യങ്ങൾക്ക്‌ വ്യത്യസ്ത തോതിൽ തൊണ്ടോടുകൂടിയാണ്‌ വിൽപന നടത്തുന്നത്‌. കൂടുതൽ  കാലം സൂക്ഷിച്ച്‌ വെയ്ക്കുന്നതിന്‌ 50 ശതമാനം തൊണ്ടോടുകൂടിയതും പൂജാ കാര്യങ്ങൾക്കായി 10 ശതമാനം തൊണ്ട്‌ നീക്കിയതും 90 ശതമാനം വരെ തൊണ്ടുനീക്കിയതുമായ നാളികേരത്തിനാണ്‌ ഡിമാന്റ്‌. 42 കിഗ്രാം, 52 കി.ഗ്രാം, 60 കി. ഗ്രാം, 75-80 കി. ഗ്രം ചാക്കുകളിലാണ്‌ നാളികേരം പായ്ക്ക്‌ ചെയ്ത്‌ വരുന്നത്‌. ചില്ലറ വിപണിയിൽ നാളികേരത്തിന്റെ വില 15 രൂപ മുതൽ 20 രൂപ വരെയാണ്‌.
കൊപ്രയും തൂൾതേങ്ങയും
ഉണ്ടകൊപ്രയും തൂൾതേങ്ങയും പലചരക്ക്‌ കടകളിൽ വൻതോതിൽ വിൽപന നടത്തുന്നുണ്ട്‌. ഡെറാഡൂണിൽ ഈ ഉൽപന്നങ്ങളുടെ പ്രധാന മൊത്ത വ്യാപാര വിപണി റാം ലീല ബസാർ ആണ്‌. ഇവിടെ ചില വിതരണക്കാർ ഇവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇവരാണ്‌ മൊത്തവ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും ഉൽപന്നങ്ങൾ നൽകുന്നത്‌. ഒരു മാസം ശരാശരി 1000 കിലോഗ്രാമോളം കൊപ്രയുടേയും 1500 കിലോഗ്രാമോളം തൂൾതേങ്ങയുടേയും വിൽപന നടക്കുന്നുണ്ട്‌. ആഘോഷാവസരങ്ങളിൽ ഇതിന്റെ മൂന്ന്‌, നാല്‌ ഇരട്ടി വിൽപനയാണ്‌ നടക്കുക. ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും മൊത്തവ്യാപാരവില കിലോഗ്രാമിന്‌ 75 രൂപ മുതൽ 85 രൂപ വരെയാണ്‌. ചില്ലറ വിൽപന വില കിലോഗ്രാമിന്‌ 85 രൂപ മുതൽ 100 രൂപ വരെയും. മാളുകളിലും ചില്ലറ വിൽപന ശാലകളിലും ഏതെങ്കിലും പ്രത്യേക ബ്രാൻഡിലുള്ള ഉൽപന്നങ്ങളൊന്നും ലഭ്യമല്ല. ഉണ്ടക്കൊപ്രയും തൂൾതേങ്ങയും ആവശ്യമനുസരിച്ചുള്ള തൂക്കത്തിൽ വിൽപന നടത്തുകയാണ്‌ ചെയ്യുന്നത്‌. ഉണ്ടക്കൊപ്ര പ്രസാദ പായ്ക്കറ്റുകളിൽ ഡ്രൈഫ്രൂട്ടായി ഉപയോഗിക്കുന്നു. തൂൾതേങ്ങയുടെ ഉപയോഗം ബേക്കറികളിൽ മധുരപലഹാരങ്ങളും ബിസ്ക്കറ്റുകളും ഉണ്ടാക്കാനാണ്‌. തൂൾതേങ്ങ മൊത്തത്തിൽ വാങ്ങി ചില്ലറ പായ്ക്കറ്റുകളിൽ പായ്ക്ക്‌ ചെയ്ത്‌ വിൽക്കുന്ന കച്ചവടക്കാരുമുണ്ട്‌.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ഭക്ഷ്യയെണ്ണ എന്ന നിലയ്ക്ക്‌ ഉപയോഗിക്കുന്നില്ല. തലമുടിയിലും ദേഹത്തും പുരട്ടുന്നതിനായി സൗന്ദര്യവർദ്ധക സാമഗ്രിയെന്ന നിലയ്ക്കാണ്‌ ഉപയോഗം. നിരവധി ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക്‌ നല്ല വിപണിയുണ്ട്‌. ജനപ്രീതിയാർജ്ജിച്ച ഒരു ബ്രാൻഡിന്റെ എണ്ണ (ഇരുപത്‌ ശതമാനം വെളിച്ചെണ്ണയുടേയും കുരുമുളകിൽ നിന്നുള്ള സുഗന്ധ തൈലത്തിന്റേയും മലങ്കങ്കാണിതൈലത്തിന്റേയും മിശ്രണം)യ്ക്ക്‌ തണുപ്പേറിയ പർവ്വതപ്രദേശങ്ങളിൽ നല്ല ഡിമാന്റുണ്ട്‌. പക്ഷേ, വെളിച്ചെണ്ണയുടെ ആരോഗ്യദായക ഗുണങ്ങളെക്കുറിച്ച്‌ അധികമാർക്കും അറിയില്ല. വെർജിൻ വെളിച്ചെണ്ണയെക്കുറിച്ചും നഗരവാസികളിൽ വിരലിലെണ്ണാവുന്നവർക്ക്‌ മാത്രമേ, അറിവുള്ളൂ, എങ്കിൽപ്പോലും നഗരത്തിൽ ഇതിന്റെ ലഭ്യതയെക്കുറിച്ചറിയാൻ അവർ താൽപര്യം പ്രകടിപ്പിച്ചു.
പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം

പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം നഗരവാസികൾക്ക്‌ പരിചിതമാണ്‌. ഡെറാഡൂണിലെ ഒരേയൊരു വിതരണക്കാരൻ കഴിഞ്ഞ മൂന്ന്‌ വർഷങ്ങളായി ഇന്ത്യൻ ഉൽപന്നങ്ങളും വിദേശ ഉൽപന്നങ്ങളും നഗരത്തിലെ 10-12 ചില്ലറ വിൽപനശാലകൾക്ക്‌ നൽകുന്നുണ്ട്‌. ഇന്ത്യൻ ഉൽപന്നങ്ങളിൽ ടെൻഡോ, പ്യൂറിച്ച്‌ എന്നിവ 250 മി. ലി. പായ്ക്കിന്‌ 35 രൂപയ്ക്ക്‌ വിൽക്കുന്നു. വിദേശ ഉൽപന്നങ്ങൾ പാം, ഗ്രേസ്‌ എന്നിവയാണ്‌; ഇവയിൽ കരിക്കിൻകാമ്പും അടങ്ങിയിട്ടുണ്ട്‌. 300മി.ലി. ഗ്ലാസ്സിനും 330 മി. ലി. കാണിനും 55 രൂപയാണ്‌ വില. ഹരിദ്വാറിലേക്കും മാസ്സൂറിയിലേക്കും ഇവ പോകുന്നുണ്ട്‌. ഒരു മാസം 100 പെട്ടികളോളം പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളത്തിന്റെ വിൽപന നടക്കുന്നുണ്ട്‌. വേനൽക്കാലങ്ങളിൽ 40 മുതൽ 50 കാർട്ടണുകളും.
തേങ്ങപ്പാലും തേങ്ങപ്പാൽപൊടിയും
നഗരവാസികൾക്ക്‌ ഈ ഉൽപന്നങ്ങൾ പരിചിതമാണെന്ന്‌ മാത്രമല്ല,പലരും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്‌. ഡാബർ ഹോംമെയ്ഡ്‌ എന്ന ബ്രാൻഡാണ്‌ നഗരത്തിൽ ലഭ്യം. ഒരു മാസം ശരാശരി 50-60 ടെട്രാ പായ്ക്കുകളുടെ (48 രൂപയുടെ 250 മി.ലി പായ്ക്കറ്റ്‌) വിൽപന നടക്കുന്നുണ്ട്‌. മാഗി ബ്രാൻഡിലുള്ള തേങ്ങപ്പാൽപൊടി നിരവധി വിൽപന കേന്ദ്രങ്ങളിൽ ലഭ്യമാണ്‌ (72 രൂപയുടെ 100 ഗ്രാം പായ്ക്കറ്റ്‌).
തേങ്ങചിപ്സ്‌
തേങ്ങചിപ്സിനെക്കുറിച്ച്‌ നഗരവാസികൾക്ക്‌ അറിവില്ല. നഗരത്തിൽ ലഭ്യമാണെങ്കിൽ വാങ്ങാനുള്ള താൽപര്യം പലരും പ്രകടിപ്പിച്ചു.
കരിക്കിൻ വെളളത്തിന്റേയും നാളികേരത്തിന്റേയും മറ്റ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളുടേയും വിപണിയിൽ വർദ്ധനയുണ്ടാകുന്നതായി നമുക്ക്‌ മനസ്സിലാക്കാൻ കഴിയും. പക്ഷേ; ഡെറാഡൂൺ പോലെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉൽപന്നങ്ങളുടെ ഇപ്പോഴുള്ള സപ്ലൈ അപര്യാപ്തമാണ്‌. മാത്രമല്ല, നാളികേരോൽപന്നങ്ങളുടെ പോഷകഗുണങ്ങളും ആരോഗ്യ സംരക്ഷണഗുണങ്ങളും സംബന്ധിച്ച പ്രചരണ പ്രവർത്തനങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്‌. ഇന്ത്യൻ ഉൽപന്നങ്ങളുടെ ബ്രാൻഡുകളെക്കുറിച്ച്‌ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കണം. പായ്ക്കേജിംഗ്‌ ആകർഷകവും മെച്ചപ്പെട്ടതുമാക്കണം; വിലയും ആകർഷകമായിരിക്കണം. ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള പാചകക്കുറിപ്പുകളും പ്രചരിപ്പിക്കണം. വിദേശ ബ്രാൻഡിലുള്ള തേങ്ങപ്പാൽപൊടിയുടെ പാക്കറ്റിനുമേൽ രണ്ട്‌ പാചകക്കുറിപ്പുകളെങ്കിലും ഉണ്ടാകും, ഉൽപന്നം വാങ്ങി പരീക്ഷിച്ച്‌ നോക്കാൻ ഇത്‌ ഉപഭോക്താവിനെ പ്രേരിപ്പിക്കും.
ആദ്യമായി ഉൽപന്നങ്ങൾ വാങ്ങുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടി ചെറിയ ട്രയൽ പായ്ക്കറ്റുകൾ കുറഞ്ഞവിലയ്ക്ക്‌ പുറത്തിറക്കാൻ നിർമ്മാതാക്കൾക്ക്‌ ശ്രദ്ധിക്കാവുന്നതാണ്‌. ശൈത്യകാലത്ത്‌ വെളിച്ചെണ്ണ തണുത്തുറയുന്നത്‌ തടയുന്നതിനായി അനുയോജ്യമായ പായ്ക്കറ്റുകളിൽ പായ്ക്ക്‌ ചെയ്യേണ്ട കാര്യം പരിഗണിക്കാവുന്നതാണ്‌. മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളെ കുറഞ്ഞത്‌ മൂന്ന്‌ വർഷത്തേയ്ക്കെങ്കിലും വാറ്റിൽ നിന്നൊഴിവാക്കാൻ സംസ്ഥാന ഗവണ്‍മന്റുകളിൽ ബോർഡ്‌ സമ്മർദ്ദം ചെലുത്തിയാൽ രാജ്യത്തൊട്ടാകെ കേരോൽപന്ന വിപണി വളരും. ഡെറാഡൂൺ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളുടെ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും ണല്ലോരു വിപണന കേന്ദ്രമായി ഉയരും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...