ഡോ.വേണു തോന്നയ്ക്കൽ
പാമ്പുകൾ പത്ത് സെന്റീമീറ്റർ മുതൽ ഒമ്പത് മീറ്റർ വരെ പല വലിപ്പത്തിലുണ്ട്. ദക്ഷിണ അമേരിയ്ക്കയിൽ കാണുന്ന അനകൊണ്ടകളാണ് പാമ്പുകളിൽ ഏറ്റവും വലിപ്പമുള്ളത്. ഇവ വിഷമില്ലാത്ത പാമ്പുകളാണ്. ആമസോൺ നദിയ്ക്ക് ഇരുകരകളിലേയും വനഗർഭങ്ങളിൽ അനകൊണ്ടകൾ സ്വന്തം വലിപ്പത്തിന്റെ അഹങ്കാരത്തിൽ ഇഴഞ്ഞു നടക്കുന്നു. ഒമ്പത് മീറ്റർ നീളമുള്ള അനക്കൊണ്ടകളുണ്ട്. ഇവയ്ക്ക് ഒരു മാനിനെ വളരെ ലാഘവത്തോടെ വിഴുങ്ങാനാവുന്നു. വിഷമുള്ള പാമ്പുകളിൽ ഏറ്റവും വലുത് രാജവെമ്പാലയാണ്. കിംഗ് കോബ്ര. ഒഫിയോഫാഗസ് ഹന്ന എന്നാണ് ശാസ്ത്രനാമം. 5.6 മീറ്റർ നീളം വരും.
ഇന്ത്യയിലെ പാമ്പുകളിൽ ഏറ്റവും വലുത് റെറ്റിക്കുലേറ്റഡ് പിതൺ ആണ്. ഇതാണ് പെരുമ്പാമ്പ്. വിഷമില്ലാത്ത ജാതിയാണ്. ഇവയെക്കുറിച്ച് ഇന്നും നമ്മുടെ നാട്ടിൽ ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്. കാട്ടിൽ മരം വെട്ടാൻ പോയവരായിരുന്നു ഇത്തരം കഥകളുടെ സൃഷ്ടാക്കൾ.
ആഫ്രിക്കയിലെ ഏറ്റവും വലിയ പാമ്പാണ് ബ്ലാക്ക് മംബ Dendroaspis polylepis എന്ന് ശാസ്ത്രനാമം. ഇത് വിഷപാമ്പാണ്. വിഷപാമ്പുകളിൽ ലോകത്തൊന്നാമൻ രാജവെമ്പാലയെങ്കിൽ ഇവൻ രണ്ടാമനാണ്. നീളം നാലര മീറ്റർ (4.5 മീ) വരും. ഏകദേശം 1.6 കിലോഗ്രാം ഭാരം വരും. ഈ പാമ്പാണ് വലിപ്പത്തിൽ ഒന്നാമനെന്ന് ചില ശാസ്ത്രഗ്രന്ഥകാരന്മാർ എഴുതി കണ്ടിട്ടുണ്ട്. അത് ശരിയല്ല. എന്നാൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന ഒരു പാമ്പാണിത്. മണിക്കൂറിൽ 16 കി.മീ മുതൽ 20 കി.മീറ്ററാണ് വേഗത. ഈ പാമ്പിന് ഒരാളെ കടിയ്ക്കണമെന്നു നിനച്ചാൽ ഓടി രക്ഷപ്പെടാനാകില്ല.
ഇവരാരുമല്ല നാഗരാജാവ്. അത് TITANOBA എന്നയിനം പാമ്പാണ്. അതിന് നീളം 15 മീറ്റർ. അതായത് 49 അടി. മനുഷ്യന്റെ ഉയരം 6 അടി എന്നതാണ് കണക്കാക്കുന്നത്. ഈ പാമ്പ് ഇന്ന് ജീവിച്ചിരിപ്പില്ല. ഈ പാമ്പിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുന്നു. മരിച്ച് മണ്ണടിഞ്ഞ നാഗരാജാവിന് സ്തുതി.
ഏറ്റവും ചെറിയ പാമ്പ് ടൈനി വേം സ്നേക്ക് ആണ്. ഒരു മണ്ണിരയുടെ വലിപ്പം. തിളങ്ങുന്ന പച്ചയോ മങ്ങിയ തവിട്ടുനിറമോ ആണ്. മരങ്ങളിലും മണ്ണിനടിയിലും സമുദ്രങ്ങളിലും കഴിയാനുള്ള അനുകൂലനങ്ങളും പ്രാപ്തിയുമുണ്ട്. എലികൾ, പക്ഷികൾ, മത്സ്യങ്ങൾ, മറ്റ് പാമ്പുകൾ എന്നിവ ഇവയെ ആഹാരമാക്കുന്നു.
കെരറ്റനിൽ തീർത്ത പരുക്കൻ ശൽക്കങ്ങൾ കൊണ്ടാണ് പാമ്പിന്റെ ചർമ്മമുണ്ടാക്കിയിരിക്കുന്നത്. ശരീരത്തിനടിവശത്തുള്ള ശൽക്കങ്ങളുടെ ഘടന പാമ്പിന്റെ സഞ്ചാരത്തിന് സഹായിക്കുന്നു. നടക്കാൻ കാലുകളില്ലാത്തതിനാൽ ശൽക്കങ്ങളാണ് യാത്രയ്ക്ക് സഹായിക്കുന്നത്. പാമ്പുകൾ നിരന്തരം വളർന്നു കൊണ്ടേയിരിക്കുന്നു. ശരീരവളർച്ചയ്ക്കനുസരിച്ച് ചർമ്മം വളരുന്നില്ല. അതിനാൽ ചർമ്മം യൂറിഞ്ഞു കളയുന്നു. അതാണ് പടം പൊഴിച്ചിൽ അഥവ മോൾട്ടിംഗ്. പാമ്പിന്റെ കീഴ്ച്ചുണ്ടിൽ നിന്നുമാണ് പടം പൊഴിച്ചിൽ ആരംഭിക്കുന്നത്. അത് വാലറ്റംവരെ നീളുന്നു.
ഒരു കൊച്ചുതല ശരീരവലിപ്പം വച്ചു നോക്കുമ്പോൾ തീരെ ചെറിയ മസ്തിഷ്കം. ഒട്ടും പരിണാമമില്ലാത്ത ജൈവപിണ്ഡം. ശ്രവണേന്ദ്രിയമില്ല. അന്തരകർണ്ണമുണ്ട്. അതിനാൽ വായുവിൽ കൂടി വരുന്ന ശബ്ദം കേൾക്കാനാവില്ല. എന്നാൽ തറയിൽ ഉണ്ടാവുന്ന ചെറിയ ശബ്ദം പോലും അറിയാനാവുന്നു. കൺപോളകളില്ലാത്ത കണ്ണുകൾ. നിശ്ചല രൂപത്തേക്കാൾ ചലിക്കുന്ന ദൃശ്യങ്ങളാണ് കണ്ണുകളിൽ നന്നായി തെളിയുന്നത്. അതാണ് മുൻ ലേഖനത്തിൽ പാമ്പാട്ടിയുടെ മകുടിയ്ക്കൊത്ത് പാമ്പ് ആടുന്നതിന്റെ രഹസ്യം. പാമ്പിന് ശ്വാസകോശങ്ങളിലൂടെ ചിലതരം ശബ്ദങ്ങൾ അറിയാവുന്നതാണ്.
പാമ്പിനെ ശ്രദ്ധിക്കുക. വെറുതെയിരിക്കുമ്പോഴും അഗ്രം പിളർന്ന നാവ് പുറത്തേയ്ക്കിട്ട് അനക്കുന്നത് കാണാം. ഗന്ധമറിയാനും ഇരതേടാനും ഇത് സഹായിക്കുന്നു. കീഴ്താടി പിളർന്നാണ് നാവ് പുറത്തേയ്ക്ക് നീളുന്നത്.
മാംസഭോജിയാണ്. തരത്തിനു കിട്ടിയാൽ ചെറിയ ജീവികളെ പിടിച്ചു വിഴുങ്ങും. തവളയോ എലിയോ തരംപോലെ. നമ്മുടെ ആഹാരശീലംപോലെ മൂന്നു നേരമൊന്നും വേണ്ട. വേണ്ടിവന്നാൽ മാസങ്ങളോളം ആഹാരമില്ലാതെ കഴിയാനും റെഡി. അവയ്ക്ക് ചവയ്ക്കാനാവില്ല. ഇരയെ മൊത്തത്തിൽ വിഴുങ്ങുകയാണ്. ജീവിയുടെ വലിപ്പത്തിനൊത്ത് വായ പൊളിയ്ക്കാൻ പാമ്പിന് കഴിയുന്നു.
ഇണചേരലിനുശേഷം മുട്ടകളിടുന്നു. ഒരേ ജാതിയിലെ പാമ്പുകൾ തമ്മിലേ ഇണചേരുകയുള്ളു. പ്രജനന കാലത്ത് പെൺപാമ്പ് തന്റെ ഗന്ധഗ്രന്ഥിയിൽ നിന്നും ഒരു തരം ഗന്ധം പുറപ്പെടുവിക്കുന്നു. തന്മൂലം ആൺപാമ്പുകളാൽ ആകർഷിക്കപ്പെടുന്നു. അങ്ങനെ ഒരു നാഗസുന്ദരിയ്ക്കായി ഒരുപാടു സുന്ദരന്മാർ മത്സരിച്ചെന്നും വരാം.
വെള്ളനിറത്തിലെ മുട്ടകൾ ലെത്തർമാതിരിയോ പഞ്ഞിമാതിരിയോ ആണ്. മുട്ടത്തോട് അത്തരത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. കോഴിമുട്ട മാതിരി തട്ടിയാൽ പൊട്ടില്ല. അതിനാൽ മുട്ട കൂടുതൽ ഭദ്രമാണ്. എങ്കിലും പാമ്പിന്റെ ശത്രുക്കളായ കീരി, മോനിറ്റർ ലിസാർഡ് എന്നിവയുടെ ആഹാരമാവാറുണ്ട്.
അണലി, കടൽപാമ്പുകൾ, സാന്റ് ബോ എന്നിവ പ്രസവിക്കുന്നവയാണ്. ഇത് യഥാർത്ഥ പ്രസവമല്ല. അതാണ് ഓവോ വിവി പാരിറ്റി. ശരീരത്തിൽ ഒരറയിൽ മുട്ടി നിക്ഷേപിയ്ക്കപ്പെടുകയും അവിടെ മുട്ടിവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരികയും ചെയ്യുന്നു. മുട്ടയിടുന്നത് ഓരോപാരിറ്റിയും കുഞ്ഞുങ്ങൾ പ്രസവിയ്ക്കപ്പെടുന്നത് വിവി പാരിറ്റിയുമാണ്.
തുടരും....