മീരാകൃഷ്ണ
ഞാനറിഞ്ഞില്ല
ഞാനൊന്നുമറിഞ്ഞില്ല
ഞാനിന്നൊന്നുമറിഞ്ഞില്ല
ഞാറ്റൊലിപാട്ടിന്റെ
തേങ്ങലു കേട്ടില്ല
ഞാറപക്ഷികൾ
ചിലച്ചതും കേട്ടില്ല
ഞാൻവെച്ച വിളക്കിൻ
വെളിച്ചവും വന്നില്ല
എന്നെ ഞാനെന്നേ മറന്നു.
മൗനമുറയുന്ന തീരത്തു
ഞാനൊരിത്തിരി നേരമിരുന്നു
മൂകവിഷാദനഭസ്സിൽ നോക്കി
യൊരിത്തിരി നേരമിരുന്നു.
കാലപ്രവാഹത്തിൽ
കണ്ണുനീർ തടാകത്തെ
കൈക്കുമ്പിളാൽ ജീവിത
ചെപ്പിലടച്ചതുമറിഞ്ഞില്ല.
അല്ലെങ്കിൽ ഞാനെന്നെ
എന്നേ മറന്നു.
നാവൂറുപാടി
പുകഴ്ത്തി വളർത്തിയോർ
നിന്ദ്യമാം കഥയാക്കി
മാറ്റുന്നു ജന്മത്തെ
നാമൊന്നെന്നു ചൊല്ലി
നടന്നൊരെൻ നിഴൽ
പാടിനെപോലും
ഭയക്കുന്നു ഞാനിന്ന്.
വിശ്വഭ്രമണപഥങ്ങളിൽ
നിന്നാണോ അഗ്നിനക്ഷത്രമെൻ
നെഞ്ചിൽ പതിച്ചതു
നെഞ്ചിലെ ചിതയിലെ
ഭസ്മമെടുത്തു ഞാൻ
കണ്ണീരാൽ ചാലിച്ചെഴുതി.
എൻ നെറ്റിയിൽ സിന്ദൂരമായ്
ആ തിലകക്കുറിയുടെ
മാറ്റളന്നീടുവാൻ
നിന്റെ കണ്ണിലെ കാമത്തിൻ
കനലുകൾക്കാവില്ല
നിന്റെ നെഞ്ചിലെ ക്രോധത്തിൻ
കനലിനുമാവില്ല.
ഇന്നെൻ കിനാവിന്റെ
ബലികുടീരങ്ങളിൽ
നെഞ്ചു തകർന്നു തളർന്നു
വീഴുമ്പോഴും
ധർമ്മബോധത്തിന്റെ
മാറാപ്പും പേറി ഞാൻ
കർമ്മകാണ്ഡത്തിന്റെ
വീഥികൾ താണ്ടുന്നു.
ഉറഞ്ഞുതുള്ളുന്നൊരു
കോമരം കയ്യിലെ
ഒരു ബലിപക്ഷിയായ്
പിടയുന്നു ഞാനിന്ന്
ഒരുതരി രക്തവുമൂറ്റി
യെടുക്കുമ്പോൾ
ഒരു വട്ടംകൂടി ചിരിക്കട്ടെ
കോമരം.
എന്റെയീ വ്രണിത തീർത്ഥാടന
സ്നാനഘട്ടങ്ങളിൽ
വ്രതശുദ്ധികാക്കുന്ന
താപസിയായ് ഞാൻ
വല്മീകങ്ങളെ തേടിനടന്നു
ഞാൻ കൈയിലൊരു പഴയ
കമണ്ഡലുവും നെഞ്ചിൽ
തുടിപ്പേറും രുദ്രാക്ഷവുമായ്
കാവിചുറ്റിയ മനവുമായ് തേങ്ങി ഞാൻ...
കാവിചുറ്റിയ മനവുമായ് തേടി ഞാൻ...
ഓടി ഒളിച്ചീടുവാനൊരു പർണ്ണശാലയെ...