എ.നാസർ
കെ.വാസുദേവന്റെ എടുപ്പുകുതിരകൾ എന്ന നോവലിനെക്കുറിച്ച്
ഒരു കാലത്ത് ഉത്സവങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാതിരുന്ന ഒരിനമായിരുന്നു എടുപ്പുകുതിര. ഇന്നും ചില പ്രദേശങ്ങളിൽ എടുപ്പുകുതിരകൾ ആവേശമായി നിലനിൽക്കുന്നു. ദൂരദിക്കുകളിൽനിന്നു പോലും കുതിരയെടുപ്പുകാണാൻ ആളുകളെത്തുന്നു. സാധാരണ കുതിരയുടെ പലമടങ്ങു വലുപ്പമുള്ള എടുപ്പുകുതിരയെ തയാറാക്കാൻ ധാരാളം കലാകാരന്മാരുടെ കൂട്ടായ്മയുണ്ടാകും. നാടാകെ നടന്നു പണംപിരിച്ച്, കുതിരയെത്തീർക്കാൻ ചാക്കും തുണിയും മറ്റലങ്കാരസാമഗ്രികളും ശേഖരിച്ച്, ഉറക്കമിളച്ച്, ഉത്സവത്തിന് എടുപ്പുകുതിരയെ നൂറുകണക്കിനാളുകൾ ചേർന്നു ചുമലിലേറ്റി, ഉത്സവം കൊഴുപ്പിച്ച്, ഒടുവിൽ തളർന്നു കിടന്ന് ഉറക്കം. ഉറങ്ങിയെഴുന്നേറ്റു നോക്കുമ്പോൾ, ഉത്സവത്തിന്റെ ആരവാരങ്ങളും അദ്ധ്വാനവും, ഒഴുക്കിക്കളഞ്ഞ പണവും ഓർമ്മകളിൽ ബാക്കി.
ഇവിടെയാണ് കെ.വാസുദേവന്റെ എടുപ്പുകുതിരകൾ എന്ന ബൃഹദ്നോവലിന്റെ പ്രസക്തി. കാരണം ഈ നോവൽ അനാവരണം ചെയ്യുന്നത്, അധികാരത്തിന്റെയും പണത്തിന്റെയും ആൾബലത്തിന്റെയും മഹോത്സവമായിത്തിർന്നിരിക്കുന്ന രാഷ്ട്രീയമണ്ഡലത്തെയാണ്. കണ്ടിട്ടും നാം തിരിച്ചറിയാതെപോകുന്ന കൺകെട്ടുവിദ്യകളെയാണ്. എടുപ്പുകുതിരകളിൽ തെളിഞ്ഞുവരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഏതു കാലത്തും ഒന്നുതന്നെയാണെന്ന് നോവലിസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു. അണികൾ നേതാക്കളെ എടുപ്പുകുതിരകളായി ഒരുക്കിയെടുക്കുന്നു. ആളും അർത്ഥവും ധാരാളം ഊർജ്ജവും ചെലവഴിച്ച് നേതാക്കളെ സൃഷ്ടിച്ചെടുക്കുന്ന അണികൾ, ഒടുവിൽ തിരിച്ചറിവിന്റെ അനിഷേദ്ധ്യമുഹൂർത്തങ്ങളിൽ വേവലാതിയോടെ ചിന്തിക്കുന്നു: എന്തിനായിരുന്നു എല്ലാം?
നിരാശാഭരിതമായ ചിന്തകളിലേയ്ക്ക് അനിവാര്യമായും എത്തിച്ചേരുന്ന കഥാപാത്രങ്ങളെ മിഴിവോടെ കെ.വാസുദേവൻ വരച്ചിടുന്നുണ്ട്.
സ: സി.എം.രാമകൃഷ്ണൻ ചെങ്കൊടിയേന്തി നയിക്കുന്ന ജാഥകണ്ട് ആവേശംമൂത്ത് ശ്രീധരൻ ജാഥയിലേയ്ക്കു നടന്നുകയറുന്നത് എത്രയോ ചെറുപ്പത്തിലാണ്- എട്ട് സി-യിൽ പഠിക്കുമ്പോൾ. ആ ജാഥയിൽക്കയറി പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ മുദ്രാവാക്യം വിളിക്കുന്നവനായി. അടുത്ത വർഷം വിദ്യാർത്ഥി ഫെഡറേഷന്റെ സെക്രട്ടറിയായി. അതിനു പിന്നിൽ പ്രവർത്തിച്ചതു സ: ജയദേവനായിരുന്നു എന്നു പിന്നീടറിഞ്ഞു. അവൻ വളരുകയായിരുന്നു-പാർട്ടിക്കുവേ
ലളിതയുടെ അനുജത്തി ജയന്തിയെയും കശുവണ്ടിത്തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃനിരയിലേയ്ക്കു കൊണ്ടുവന്നത് സ: ജയദേവനായിരുന്നു. കശുവണ്ടിഫാക്ടറിയിലെ കാവൽക്കാരൻ, അഞ്ചുകെട്ടിയ കൊച്ചുകുഞ്ഞുപിള്ളയുടെ മരണശേഷം, അയാളുടെ കുടുംബത്തിൽ അഞ്ചു ഭാര്യമാരും തമ്മിലുള്ള അവകാശത്തർക്കത്തിൽ ഇടനിലക്കാരനായി വന്നതും പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയതും സ:ജയദേവനായിരുന്നു. കൊച്ചുകുഞ്ഞുപിള്ളയുടെ മൂത്തമകൻ ചെല്ലപ്പന്റെ തത്കാലം വഴങ്ങിക്കൊടുത്തത്, പകയും പ്രതികാരവും ഉള്ളിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു. അയാളെ ഉപയോഗിച്ച് സ.വാഴത്തോപ്പ് ജനാർദ്ദനൻ ജയദേവനെ ഇല്ലാതാക്കുന്നത്, പുതിയ കാലത്തെ ഉന്മൂലനതന്ത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒരു ഉന്മൂലനവും നേരിട്ടായിരിക്കില്ല. സ.വാഴത്തോപ്പ്, തനിക്കു സ്വാധീനിക്കാവുന്ന സഖാക്കൾവഴി നേതൃനിരയിലേയ്ക്കെത്തുന്നത് പാർട്ടിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതിരിക്കില്ല. ഒരവസരത്തിൽ സ: ജയന്തിയുടെ പേരു തന്നെ നിർദ്ദേശിക്കപ്പെട്ടതാണ്. ചീനിപ്പുരയ്ക്കൽ കശുവണ്ടിഫാക്ടറിയിൽ തൊഴിലാളികളെ സംഘടിപ്പിക്കുകയും, സംഘടിതശക്തി ചോർന്നുപോകാതെ അവരെ ഒന്നിപ്പിക്കുകയും, സംഘടിത വിലപേശൽശക്തിയായി അവരെ മാറ്റിയതും, അവർക്കിടയിൽ അനിഷേദ്ധ്യ സ്വാധീനശക്തിയായി മാറുകയും ചെയ്ത സ: ജയന്തി മികച്ച ഒരു നേതാവുതന്നെയായിരുന്നു എന്നതിൽ തഴക്കംവന്ന സഖാക്കൾക്ക് ഒരു തർക്കവുമുണ്ടായിരുന്നില്ല. എന്നാൽ, പെണ്ണുങ്ങൾ നേതൃനിരയിലേയ്ക്കു വരുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ല എന്ന പുത്തൻ സിദ്ധാന്തം ആരൊക്കെയോ അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. എന്നല്ല, ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദമെടുത്ത്, സമാന്തരകോളേജ് അദ്ധ്യാപകനായി പ്രവർത്തിച്ചുവന്ന വാഴത്തോപ്പിനു പ്രവർത്തന പാരമ്പര്യമില്ല എന്ന വാദവും ഉയർന്നുവന്നതാണ്. അണികളിൽ നിശ്ശബ്ദമായ ഒരു വിള്ളൽ അതുവഴി രൂപപ്പെടുകയായിരുന്നു.
തുടർന്ന്, പാർട്ടിയിൽ പുത്തൻ നേതൃത്വം സ്വാധീനം ചെലുത്തുന്നതും, അണികളിൽ പലരും മനംമടുത്ത് നിശ്ശബ്ദരാകുന്നതും, സ: ജയന്തി തൊഴിലാളിസംഘടനാപ്രവർത്തനം അവസാനിപ്പിച്ച് സെന്റ് ജോർജ് കാഷ്യൂ ഫാക്ടറിയിലേയ്ക്കു മാറി നിശ്ശബ്ദയാകുന്നതും നാം കാണുന്നു. ഒടുവിൽ, അവളുടെ കൊലപാതകത്തിലേയ്ക്കു നയിക്കുന്ന ആസൂത്രണംവരെ സ: വാഴത്തോപ്പിൽനിന്നുണ്ടായതാണ്. പക്ഷേ, അയാളെ സ: ജയന്തിതന്നെ കൊലപ്പെടുത്തുന്ന സന്ദർഭത്തിലേയ്ക്കു കാര്യങ്ങൾ വന്നുഭവിക്കുകയായിരുന്നു. സാഹചര്യത്തെളിവുകൾ സ: രാഘവനെതിരെയായിരുന്നു. അയാളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ: ജയന്തി, തന്റെ മനുഷ്യസ്നേഹിയായ മുതലാളി ഗീവർഗ്ഗീസിനെ സമീപിച്ചു. എല്ലായിടത്തും പണിമുടക്കു നടക്കുമ്പോൾ, തൊഴിലാളികൾക്ക് അവർ ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ നൽകി സെന്റ് ജോർജ് ഫാക്ടറി സുഗമമായി പ്രവർത്തിച്ചു. അത്തരം സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്ത്, മുതലാളിക്കും തൊഴിലാളികൾക്കും ഇടയിൽ ഒരു പാലംതീർത്തവളായിരുന്നു സ: ജയന്തി. എന്നിട്ടും ഇപ്പോൾ മുതലാളി കൈ മലർത്തി. തനിക്കു കേസിലും മറ്റും ഇടപെടാൻ കഴിയില്ല. അത് തന്റെ ഫാക്ടറിയുടെ പ്രവർത്തനംതന്നെ ഇല്ലാതാക്കും. പഴയ ചേളാവു കച്ചവടത്തിലേയ്ക്കു മടങ്ങിപ്പോകാൻ താൻ ആഗ്രഹിക്കുന്നില്ല........
മുതലാളിത്തം തൊഴിലാളിപ്രേമം പ്രദർശിപ്പിക്കുന്നത്, തന്റെ ലാഭം നിലനിർത്താൻ മാത്രമാണ്; തൊഴിലാളിയെ സ്നേഹിക്കുന്നതുകൊണ്ടല്ല. മുതലാളിത്തം അതിന്റെ വർഗ്ഗസ്വഭാവം ഏതു സമയത്തും പുറത്തെടുക്കും എന്ന പാഠംകൂടി കലാപരമായി കെ.വാസുദേവൻ മനുഷ്യസ്നേഹിയും ഉദാരമതിയുമായ ഗീവർഗ്ഗീസ് മുതലാളിയുടെ സൃഷ്ടിയിലൂടെ നമ്മെ പഠിപ്പിക്കുന്നു.
എടുപ്പുകുതിരകളിലെ കേന്ദ്രസ്ഥിതമായ രാഷ്ട്രീയസംഭവങ്ങൾ അരങ്ങേറുന്ന ഇടത്തേയ്ക്ക് ധാരാളം കൈവഴികൾ ഒഴുകിവന്നെത്തുന്നുണ്ട്. ആ കൈവഴികൾ ഉദ്ഭവിക്കുന്നത്, ഉദ്ദണ്ഡേശ്വരത്തുനിന്നാണ്. ഉദ്ദണ്ഡേശ്വരത്തിന്റെ പ്രാചീനതകളിൽനിന്നും, അന്നത്തെ കൊണ്ടുംകൊടുത്തുമുള്ള ജീവിതപാരസ്പര്യങ്ങളിൽനിന്നും, ആ പാരസ്പര്യങ്ങളിലെ നിശ്ശബ്ദതകളിലും വായ്ത്താരികളിൽനിന്നുമൊക്കെ ഊർജ്ജമുൾക്കൊണ്ട് ആ കൈവഴികൾ വന്നെത്തുന്ന കാഴ്ച പലപ്പോഴും ഹൃദ്യമാകുന്നുണ്ട്.
സ.ശ്രീധരന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. അവൻ ചില സഖാക്കളുമൊത്ത് രാത്രിയിൽ പോസ്റ്ററൊട്ടിക്കാനിറങ്ങുന്ന സന്ദർഭം നോവലിസ്റ്റ് അവതരിപ്പിക്കുന്നത് ചില നോസ്റ്റാൾജിയകൾ സൃഷ്ടിച്ചുകൊണ്ടാണ്. പോസ്റ്ററുകൾ ഒട്ടിച്ചുകഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും രാത്രി രണ്ടുമണി. വീട്ടിലെല്ലാവരും നല്ല ഉറക്കം.
തിണ്ണയുടെ വെളിയിൽ വച്ചിരുന്ന പായെടുത്ത് മുറ്റത്തെ വരിക്കപ്ലാവിന്റെ ചുവട്ടിൽ വിരിച്ചു. നക്ഷത്രങ്ങളെ അധികനേരം നോക്കിക്കിടക്കാൻ കഴിഞ്ഞില്ല. നല്ല കുളിരുതോന്നിയപ്പോൾ ഉടുമുണ്ട് അഴിച്ച് തലവഴി വലിച്ചിട്ടു പുതച്ചു. പിന്നെ അറിയാതെ കണ്ണകളടഞ്ഞ് ഉറങ്ങിപ്പോയി.
ആലയിലെ ചാരത്തിൽ കിടന്ന വളർത്തുനായ എഴുന്നേറ്റ് ശ്രീധരന്റെ അരികെ വന്നു. അവനെ ഒന്നു മണപ്പിച്ചിട്ട് പായിൽ അവനോടു ചേർന്നു കിടന്നു.
പിന്നെയുമുണ്ട് ഇന്നു നമുക്കു നഷ്ടമായ ധാരാളം ഗ്രാമചിത്രങ്ങൾ. സൂസന്ന അയച്ച തപാൽക്കവർ സ്വസ്ഥമായി പൊട്ടിച്ചുനോക്കാൻ വെമ്പി ഭാസ്കരൻ നടന്നുനടന്നുവന്ന് ചന്തയ്ക്കടുത്തെത്തി. ചന്തയിൽ ഒരാൾ ചപ്ലാക്കട്ടയടിച്ചു ശബ്ദമുണ്ടാക്കി ഒരു കൊലപാതകത്തിന്റെ കഥ, ഗാനരൂപത്തിൽ അവതരിപ്പിക്കുകയാണ്. അയാൾക്കു ചുറ്റും ധാരാളം ആളുകൾ കൂടിനിൽപ്പുണ്ട്. അവരിൽ പലരും ഗായകന്റെ കൈയിൽനിന്നു പാട്ടുപുസ്തകം വാങ്ങുന്നുണ്ട്.
അങ്ങനെ ഒരു കാലമുണ്ടായിരുന്നു. നാട്ടിൽ എവിടെയെങ്കിലും ഒരു കൊലപാതകം നടന്നാൽ, അതു ഗാനരൂപത്തിലാക്കി പാട്ടുപുസ്തകം അച്ചടിച്ച്, ചന്തയിലെത്തി ചപ്ലാക്കട്ടകൊണ്ടു താളമിട്ടു പാടി, ജനങ്ങളെ തങ്ങളിലേയ്ക്ക് ആകർഷിച്ചു പാട്ടുപുസ്തകം വിറ്റ കലാകാരന്മാർ ഒരു കാലത്തെ നാടൻ ജീവിതത്തിന്റെ സാംസ്കാരികച്ചിഹ്നമായിരുന്നു. ഇന്നത്തെ ചാനൽ അവതാരകരുടെ പ്രാഗ് രൂപം!
ജാണുപ്പണിക്കത്തി അധികം ചായം ചാലിച്ചുചേർക്കാതെ സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രമാണ്. നാടൻഭാഷയിൽ പറയുന്നതുപോലെ, നാവിനു ലൈസൻസില്ലാത്ത ഒരു ജന്മം. മക്കൾ തോററുതോറ്റാണെങ്കിലും തുടർന്നു പഠിക്കണമെന്നു പറയുമ്പോൾ പണച്ചെലവിനെക്കുറിച്ചു പറഞ്ഞു വായ്ത്താരി മുഴക്കുന്ന ജാനു. മക്കൾ ഓരോരുത്തരായി നാടുവിട്ടുപോകുമ്പോൾ വീടു പട്ടിണിയാക്കാൻ ഇടവരുത്തുന്നവരെന്നു പറഞ്ഞു ശാപവചനങ്ങൾ ഉരുവിടുന്ന ജാനു. പിന്നീട് അപ്രതീക്ഷിതമായി അവർ അച്ഛന്റെ പേരിൽ പണമയയ്ക്കുമ്പോൾ തള്ളയെ മറന്നവന്മാരെന്നു ശകാരിക്കുന്ന ജാനു. ഭർത്താവിന്റെ കൈയിൽനിന്ന്, അയാൾ കള്ളുകുടിച്ചു തീർക്കുമെന്ന ന്യായം പറഞ്ഞ് അതു മുഴുവനും കൈക്കലാക്കുന്ന ജാനു. നാട്ടുജീവിതം രൂപപ്പെടുത്തിയ ആ വ്യക്തിത്വത്തിൽ ഒളിച്ചുവയ്പുകളില്ല. നാട്യങ്ങളില്ല. ജാനു ജാനു മാത്രമാണ്.
ലളിതയും മിഴിവുറ്റ കഥാപാത്രമാണ്. അയൽക്കാരൻ ശ്രീധരനുമായി രഹസ്യജീവിതം പങ്കുവയ്ക്കുമ്പോൾത്തന്നെ വിവാഹിതയാവുകയും, ശ്രീധരന്റെ രണ്ടു മക്കളെ പ്രസവിക്കുകയും ചെയ്തവൾ. ശ്രീധരന്റെ കാപട്യത്തിൽ മനം നൊന്ത്, ഒരവസരത്തിൽ അയാളുടെ കുഞ്ഞുങ്ങളെയല്ല താൻ പ്രസവിച്ചതെന്നും, ഒരേ സമയം അയാളെയും, അവൾക്കിഷ്ടമല്ലാത്ത ഭർത്താവിനെയും ഒരേ സമയം താൻ കബളിപ്പിക്കുകയായിരുന്നുവേന്നും പറഞ്ഞ് ശ്രീധരനെ ഞെട്ടിക്കുന്ന ലളിത, പല സന്ദർഭങ്ങളിലും ശ്രീധരനെയും നമ്മളെയും അവൾ വെട്ടിലാക്കുന്നു. മറ്റൊരു മാതൃകയില്ലാത്ത നാടൻ കഥാപാത്രമായി ലളിത നോവലിൽ നിറഞ്ഞാടുന്നു.
നോവലിലെ ഉപാഖ്യാനങ്ങളിൽപ്പോലും, കൗതുകം ജനിപ്പിക്കുന്ന തെളിവുറ്റ കഥാപാത്രങ്ങൾ പിന്നെയുമുണ്ട്, ധാരാളം.
ഇങ്ങനെ മിഴിവുറ്റ പഴയകാല ജീവിതമുദ്രകൾ പതിച്ചുവയ്ക്കുന്നതിനിടയ്ക്ക് ചിലപ്പോഴൊക്കെ കെ.വാസുദേവനു നിയന്ത്രണം വിട്ടുപോകുന്ന സന്ദർഭങ്ങളും ഈ നോവലിൽ വിരളമല്ല. സ:ശ്രീധരനും ലളിതയും തമ്മിലുള്ള രഹസ്യസമാഗമവേളകളിൽ അവർ തമ്മിൽ നടത്തുന്ന സംഭാഷണങ്ങൾ സഭ്യതയുടെ സീമകൾ കടന്നുപോകുന്നുണ്ട്. താഴേത്തട്ടിലുള്ള ജീവിതത്തിൽ അതു സംഭാവ്യമാണ്. എന്നാൽ ആ ജീവിതം കലയിലേയ്ക്കു കൊണ്ടുവരുമ്പോൾ നല്ലതുപോലെ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്. അവരുടെ ബാഹ്യചേഷ്ഠകൾ വർണ്ണിക്കുമ്പോഴും ഇത്തരത്തിൽ ആത്മനിയന്ത്രണം കൈവിട്ടുപോകുന്നതു കാണാം.
സുദീർഘമായ ഒരു കാലത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രദേശത്തെ ജീവിതം അവതരിപ്പിക്കുന്ന എടുപ്പുകുതിരകൾ എന്ന നോവൽ, തൊഴിലാളിവർഗ്ഗരാഷ്ട്രീയം പ്രമേയമാക്കുമ്പോൾത്തന്നെ ചരിത്രപരമായ ഒരു മാനം കൈവരിക്കുന്നുണ്ട്. അങ്ങനെ സവിശേഷമായ ഒരു പാറ്റേൺ സ്വീകരിക്കുന്ന എടുപ്പുകുതിരകൾ ഇപ്പോഴുള്ള വിധം അവസാനിപ്പിക്കേണ്ടിയിരുന്നില്ല. എഴുപതുകളിലെ കുറ്റാന്വേഷണ-മെലോഡ്രമാറ്റിക് സിനിമകളിലേതു പോലെയുള്ള ഒരന്ത്യം. അത്തരം ഒരന്ത്യം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നു ബോദ്ധ്യപ്പെടുത്തുന്നതായി തുടക്കവും. തുടക്കത്തിലെ കഥാപാത്രങ്ങൾ ആരെന്ന് അന്ത്യത്തിൽ മാത്രം വ്യക്തമാകുന്ന തരത്തിലെ സംവിധാനം ഇത്തരം ഒരു നോവലിന് സവിശേഷചൈതന്യം നൽകുന്നില്ല. എന്നല്ല, അങ്ങനെയല്ലാതിരുന്നെങ്കിലും എടുപ്പുകുതിരകൾക്ക് അതിന്റെ പ്രസക്തി നഷ്ടപ്പെടുമായിരുന്നില്ല.
ഒടുവിൽ ഇങ്ങനെയും തോന്നി: ഇന്ന് കൊട്ടും കുരവയുമായി എഴുന്നള്ളിച്ചിറക്കുന്ന ലോകപ്രശസ്തങ്ങളായ നോവലുകൾ എന്ന ആംഗ്ലോ-ഇന്ത്യൻ എടുപ്പുകുതിരകളെ അപേക്ഷിച്ച്, കെ.വാസുദേവന്റെ എടുപ്പുകുതിരകൾ എന്ന മലയാളനോവൽ എത്രയോ മുന്നിൽ! നോവലിന്റെ വലിപ്പംമൂലം അവിടവിടെ വന്ന ചില കൈപ്പിഴകൾ കൊണ്ടുമാത്രം ആഖ്യാനത്തിലെ ചാരുത, കഥാപാത്രങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനം എന്നിവയൊന്നും ചോദ്യം ചെയ്യപ്പെടാനാവില്ല.
കൊല്ലം സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച എടുപ്പുകുതിരകൾക്ക് അതിന്റെ ഉള്ളടക്കം കലാപരമായി ധ്വനിപ്പിക്കുന്ന മുഖചിത്രം രൂപകൽപന ചെയ്തുകൊണ്ട് സൂർദാസും വിനുവും പ്രകടിപ്പിച്ചിരിക്കുന്ന ഭാവനയും അഭിനന്ദനീയമായിരിക്കുന്നു.