തോമസ് പി.കൊടിയൻ
എന്നാൽ ക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു;
അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: "ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും......." (മത്തായി:18-21)
തുടർന്ന്, സുവിശേഷകൻമാരായ മത്തായിയും ലൂക്കായും എഴുതിയ സുവിശേഷങ്ങളിൽ ആ തിരുപ്പിറവിയെ നാം തിരിച്ചറിയുന്നത് ഇപ്രകാരമാണ്.
നിയമങ്ങൾ അനുസരിക്കുന്ന എളിയവനായ ഒരു പ്രജ, പൂർണ്ണഗർഭിണിയായ തന്റെ പ്രിയതമയെയും ചേർത്ത് സേൻസസിൽ പേരു ചേർക്കുന്നതിന് ദാവീദിന്റെ പട്ടണമായ ബെത്ലഹെമിലേക്കു പോവുകയായിരുന്നു. ലോകമാസകലമുള്ള ജനങ്ങൾ അവരുടെ പേര് സർക്കാർ രേഖകളിൽ ചേർക്കണമെന്ന അഗസ്റ്റസ് സീസറിന്റെ കൽപ്പനയനുസരിച്ചായിരുന്നു ആ യാത്ര. (അയാൾക്ക് അവരി ൽ നിന്നെല്ലാം കപ്പം പിരിക്കേണ്ടതുണ്ടായിരുന്നു. ഇന്നത്തെപ്പോലെ തന്നെ....)
അതീവസൗമ്യനായ അവനു പേർ ജോസഫ് എന്നായിരുന്നു. വഴിയിൽ അവന്റെ ഇണയ്ക്ക് പ്രസവവേദനയനുഭവപ്പെട്ടു. വീടുകളിലും സത്രങ്ങളിലും അങ്ങനെയൊരു കാര്യത്തിന് ഇടം കിട്ടായ്കയാൽ അവർ ഒരു കാലിത്തൊഴുത്തിൽ അഭയം തേടി.
ഇന്നും ക്രിസ്തുമസ് രാവുകൾ, നമ്മെ ഈറ്റില്ലം തേടി നടന്ന ഒരു പാവം അമ്മയുടെയും, ആ അമ്മയുടെയും അവളുടെ ഉദരഫലമായ മറ്റൊരു പ്രാണന്റെയും കാവലാളായി നടന്ന ഒരു പിതാവിന്റെയും സാന്നിദ്ധ്യം അനുഭവിപ്പിക്കുന്നു.
വൃശ്ചികമാസത്തിന്റെ സ്വാഭാവികതയായ തണുതണുത്ത രാവുകളിലൊന്ന്. നിശ്ശബ്ദതയുടെ കട്ടിയേറിയ ആവരണം. കളങ്കലേശമില്ലാത്ത കുഞ്ഞാടുകളുടെയും മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുകളുടെയും സൗമ്യപ്രകാശം. അതിനുള്ളിലേക്ക് വിണ്ണിൽ നിന്നും ആ നക്ഷത്രം അടർന്നുവീണു. ദൈവത്തിന്റെ പ്രിയപുത്രൻ. മാനവരാശിയുടെ മഹാസന്തോഷം!
പിറവിയുടെ വേദനയിൽ ആ നക്ഷത്രം അതിന്റെ മനുഷ്യമാതാവിനെ നോക്കി കരഞ്ഞുവോ? തന്റെ ഇണയായി വന്നുചേർന്ന പെണ്ണിനു മാനക്ഷതം വരാതിരിക്കുന്നതിനു വേണ്ടി അവളെയും അവളുടെ കടിഞ്ഞൂൽക്കനിയേയും പ്രാണനും മേലെ തന്നോടു ചേർത്തുനിർത്തി ക്ലേശഭരിതമായേക്കാവുന്ന ഒരു ജീവിതത്തിനു തീരുമാനമെടുത്ത മനുഷ്യപിതാവിനെ നോക്കി നിറഞ്ഞ നന്ദിയോടെ ചിരിച്ചുവോ? അറിയില്ല. എന്തായാലും മണ്ണിന്റെയും വിണ്ണിന്റെയും മഹാസന്തോഷം പഞ്ചഭൂതങ്ങളിൽപ്പിറന്ന് കൈകാലുകൾ ഇളക്കി കളിക്കുന്നത് കുഞ്ഞിന്റെ മാതാപിതാക്കൾക്കു ശേഷം ആദ്യം കണ്ടത് ആ കുഞ്ഞ് പിറവിയെടുത്ത കാലിത്തൊഴുത്തിലെ നിശ്ശബ്ദജീവികളായിരുന്നു.
കവികൾ ആ രാത്രിയെ ശാന്തരാത്രിയെന്നും തിരുരാത്രിയെന്നും വിളിച്ചു. ദൈവദൂതൻ ആട്ടിടയരെ ഉണർത്തി ആ തിരുപ്പിറവിയുടെ ദിവ്യസന്ദേശമറിയിച്ചതു കൊട്ടാരക്കെട്ടിനകത്തേക്കുള്ള വഴിയറിയാഞ്ഞിട്ടാവുകയില്ല. ഹെറോദാവും അഗസ്റ്റസ് സീസറും വിളിപ്പാടകലെ കിടന്നുറങ്ങുമ്പോൾ അക്ഷരജ്ഞാനത്തിന്റെ കാപട്യമില്ലാത്ത നാടൻജന്മങ്ങളെ തിരഞ്ഞെടുത്തുണർത്തിയത്, മനുഷ്യജന്മങ്ങളുടെ ഉൾപ്പൊരുളുറങ്ങുന്നത് എളിമയിൽ മാത്രമാണെന്ന തിരിച്ചറിവുകൊണ്ടായിരിക്കാം.
കാലം, ദൈവപുത്രന്റെ ജനനം നിഷ്കളങ്കതകൾ കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു. എളിയവയുടെയും എളിയ ജന്മങ്ങളുടെയും മഹത്വം വിളിച്ചുപറയുകയായിരുന്നു. നിഷ്കളങ്കതകളിൽ ദൈവം എങ്ങനെ വ്യാപരിക്കുന്നുവേന്ന് മനുഷ്യസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.
എന്നിട്ടും നാം എളിമയെക്കുറിച്ചു വല്ലതും പഠിച്ചുവോ, വലിമയെക്കുറിച്ചല്ലാതെ? സംശയം. നാം
നിസ്സാരമായ ചിലചിലസംഗതികൾക്കുവേണ്ടി നിരന്തരം പോരടിച്ചുകൊണ്ടേയിരിക്കുന്നുണ്
ഞായറാഴ്ച ദിവസം അയൽക്കാരനോടു ലഹളകൂടിക്കൊണ്ടിരുന്ന ഒരു ക്രിസ്ത്യാനി കുർബ്ബാനയ്ക്കു സമയമായപ്പോൾ "ബാക്കി ഞാൻ വന്നിട്ടു പറയാമെടാ" എന്നു വെല്ലുവിളിച്ചുകൊണ്ടു കുർബ്ബാനയ്ക്കു പോകുന്നതിലെ അന്തഃസാരശൂന്യത നമുക്കിന്നും കൂട്ടാവുന്നു. നിന്റെ സഹോദരന്റെ പാദം കഴുകുന്നില്ലെങ്കിൽ നീയെനിക്കു പ്രിയപ്പെട്ടവനാകുന്നില്ലെന്നും
ചില മനുഷ്യർക്ക് ആ അരുളപ്പാടുകൾ വാചകക്കസർത്തിനും വയറ്റുപിഴപ്പിനും ഉപാധിയാവുന്നു. പൊതുസ്ഥലങ്ങളിലും മേടകളിലും നിന്ന് അവർ ഇപ്പോഴും അവ വിറ്റു കാശാക്കുന്നുണ്ട്. ക്രിസ്തു ജനിച്ചില്ലായിരുന്നുവേങ്കിൽ പട്ടിണികിടക്കുകയോ കൂലിപ്പണിക്കുപോകേണ്ടിവരികയോ ചെയ്യേണ്ടിവരുമായിരുന്ന ചില വിരുതന്മാർ!
ക്രിസ്തു ജനിച്ചതു ഒരു പുൽക്കൂട്ടിലായിരുന്നു.....
മറ്റു ചിലർ അരക്കിലോയിലധികം വരുന്ന സ്വർണ്ണമാലയിലും അംശവടിയിലും, സാമാന്യജനത്തെ ഭയപ്പെടുത്തുന്നതിനായി കണ്ണഞ്ചിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതായ നെടുങ്കൻ കുപ്പായങ്ങളിലും അമ്പരപ്പിക്കുന്ന മണിമേടകളിലും കോടികളുടെ വാഹനങ്ങളിലും സസുഖം വാണരുളുന്നു. അവിടെയിരുന്ന് കൽപ്പനകൾ പുറപ്പെടുവിക്കുന്നു. ഇലക്ഷനുകളിൽ സ്വസമുദായത്തിന്റെ മസിൽ പെരുപ്പിച്ചുകാട്ടിയും കണ്ണുരുട്ടിക്കാട്ടിയും ഉദ്ദിഷ്ടകാര്യങ്ങളെ ചൊൽപ്പടിയിലാക്കുന്നു. (എല്ലാവരുമെന്നല്ല ഇതിനർത്ഥം. ഇവർക്കിടയിലും മനുഷ്യസ്നേഹികളും സമൂഹത്തോടു പ്രതിബദ്ധതയുള്ളവരും, എനിക്കൊരിക്കലും അപ്രാപ്യമായ മാനസിക വിശുദ്ധിയുമുള്ള അനേകം നേതാക്കളുണ്ട്.)
ക്രിസ്തുവിന് രാഷ്ട്രീയമുണ്ടായിരുന്നോ? അറിഞ്ഞിടത്തോളം, എല്ലാക്കാലങ്ങളിലും അവൻ ചന്തസ്ഥലങ്ങളിലും സാമാന്യജനങ്ങൾക്കിടയിലുമായിരുന്നു . അവൻ സൗമ്യോദാരമായ ചോദ്യങ്ങൾ ചോദിക്കുകയും, സാമാന്യജനങ്ങളെ ജീവിതം എന്തല്ല എന്നു പഠിപ്പിക്കുന്നതിനായി അഴകും അർത്ഥവുമുള്ള കഥകളും ഉപമകളും പറഞ്ഞുകൊണ്ട് കടൽക്കരയിലും മലമുകളിലും ഇരിക്കുന്നതുമായിട്ടാണ് കാണപ്പെടുന്നത്. അടിച്ചു തകർക്കപ്പെടുവാൻ വേണ്ടി മാത്രമായിരുന്നു അവൻ കൊട്ടാരക്കെട്ടിലേക്ക് ആട്ടിത്തെളിക്കപ്പെട്ടത്.
ക്രിസ്തു ജനിച്ചതു പുൽക്കൂട്ടിലായിരുന്നു.....
ഇനിയും ചിലരുണ്ട്. ചില സന്യാസികൾ. കാവി വസ്ത്രങ്ങളിൽ, കഴുത്തിൽ മരക്കുരിശുമായി ചിലർ. അവർ നഗ്നപാദരായി നടക്കുന്നു. ചില സന്യാസിനിമാരുണ്ട്. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പോലുള്ള സംഘടനകളിലെ അംഗങ്ങൾ. അവർ അടുത്തുനിൽക്കുമ്പോൾ എനിക്ക് ക്രിസ്തുവിനെ തോന്നും. ക്രിസ്തുവിനെ എനിക്കു ശ്വസിക്കുവാൻ സാധിക്കും. അവർ അധികം സംസാരിക്കാറില്ല. അവർ പ്രവർത്തിക്കുന്നു. പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്
എല്ലാ മതങ്ങളിലും നന്മയുടെ വിശുദ്ധഗന്ധം പ്രാണനോളം പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന എത്രയോ എത്രയോ പേർ വേറെയുമുണ്ട്.
മൂലമറ്റത്തുള്ള ഒരു കപ്പൂച്ചിയൻ പുരോഹിതൻ തന്റെ ആശ്രമത്തിലെ അന്തേവാസികളെ 'എന്റെ മക്കളേ' എന്നുവിളിക്കുമ്പോൾ അവിടെ ഒരു പുൽക്കൂടു പിറക്കുന്നത് ഞാനറിഞ്ഞതാണ്. ആ പുരോഹിതന്റെ ചിരിയും ആ കുഞ്ഞുമക്കളുടെ തിരിച്ചുള്ള മുഖപ്രകാശനങ്ങളും എനിക്കിന്നും കാണാപ്പാഠമാണ്. അപ്രകാരമുള്ള ആശ്രമങ്ങളും സേവനങ്ങളുമായി അവരും അവരെപ്പോലുള്ളവരും നമ്മുടെ ഈ ഭൂമിയിൽത്തന്നെയുണ്ട്. ആരവങ്ങളില്ലാതെ. തിരച്ചൊന്നും കൊതിക്കാതെ അവരങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതു
ഇതു ക്രിസ്ത്യൻ പുരോഹിതർക്കിടയിലെ മാത്രം തിരിച്ചുവ്യത്യാസങ്ങളല്ല. എല്ലാ മതവിഭാഗങ്ങളിലും ഇത് ഇപ്രകാരമൊക്കെത്തന്നെ നിലനിൽക്കുന്നുണ്ട്. എല്ലായിടങ്ങളിലും നന്മകളുമുണ്ട്. നന്മനിറഞ്ഞവരുമുണ്ട്.
പറഞ്ഞുവരുന്നത് കമ്പോളവത്കരിക്കപ്പെട്ട ക്രിസ്തുമസ്സിനെക്കുറിച്ചാണ്. തൊടിയിടകളിൽ
നിന്നും വെട്ടിക്കൊണ്ടുവന്ന വേലിപ്പത്തലുകളിൽ ഉയിർക്കൊണ്ടിരുന്ന പുൽക്കൂടുകളിൽ നിന്നും പാതിരാത്രികളിൽ അയൽവീടുകളിലേക്കു നടത്തിയ ആ യാത്രകളോളം നിഷ്കളങ്കമായ യാത്രകൾ പിന്നെ നടത്തിയിട്ടില്ല. അത്രയ്ക്കങ്ങ് ഉള്ളുണർന്നു പാടിയിട്ടുമില്ല.
"അല്ലൽപ്പാതിര നേരത്ത്.... പുല്ലിൻമേലൊരു പൊന്നുണ്ണി
ഹല്ലേലുയ്യ പാടുക..... ആനന്ദം കൊണ്ടാടുക...."
ഇപ്പോൾ പണ്ടത്തെ ആ പുൽക്കുടുകൾ പോയി തൽസ്ഥാനത്ത് ഇൻസ്റ്റന്റ് പുൽക്കൂടുകൾ വന്നു. പിളർക്കപ്പെടുന്ന വേദനയിൽ മനംനൊന്തു കരഞ്ഞ ഈറ കൂട്ടിയോജിപ്പിക്കപ്പെട്ടപ്പോൾ നക്ഷത്രമായിപ്പരിണമിച്ചപ്പോൾ ചിരിച്ചിരുന്ന ചിരി ഇന്ന് ഫാക്ടറികൾ നിർമ്മിച്ചിറക്കുന്ന കടലാസ് നക്ഷത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞുങ്ങൾക്കു നഷ്ടപ്പെട്ട ഒരു ക്രിയേറ്റിവിറ്റി....
ഇപ്പോൾ, കരോളുകൾ പിരിവുകൾക്കുള്ള ഒരു ഉപാധിയാണ്. അത് പള്ളിയിൽ നിന്നായാലും ക്ലബ്ബുകളിൽ നിന്നായാലും അങ്ങനെ തന്നെയാണ്. അതോടെ ആ കരോളിന്റെ ലാളിത്യം നഷ്ടപ്പെടുന്നു, സാംഗത്യം നഷ്ടപ്പെടുന്നു, അതിന്റെ സന്തോഷം നഷ്ടപ്പെടുന്നു....ലോകത്തിനൊരു നയാപ്പൈസ ചിലവില്ലാതിരുന്ന ഒരു തിരുപ്പിറവി എപ്രകാരമാണ് ഇപ്രകാരമായതെന്ന് അറിയില്ല.
പിരിവുകളില്ലാത്ത, ആ തിരുജനനത്തിന്റെ സന്തോഷം മാത്രം തരുന്ന ഒരു കരോളുമായി, കൈയിലൊരു നാരങ്ങ മിഠായിയെങ്കിലുമായി ഒരു ക്രിസ്തുമസ്സ്‌അപ്പൂപ്പൻ വീടിന്റെ പടികടന്നുവന്നെങ്കിലെന്ന് ഒരു കൊതി....
വിശേഷദിവസങ്ങൾ കമ്പോളക്കാരും ചാനലുകരും പങ്കിട്ടുകഴിഞ്ഞു. പണവുമായി കമ്പോളത്തിൽ ചെല്ലേണ്ടതേയുള്ളു. അവിടെ എന്തും കിട്ടും റെഡിമെയ്ഡ് ക്രിസ്തുമസ്സ്, ഈസ്റ്റർ, ഓണം, വിഷു... എല്ലാം.... ആ വിപണികളിൽ ക്രിസ്തുമസ്സ് കേക്കുകൾ വേവുന്നുണ്ട്. ആശംസാക്കാർഡുകളുണ്ട്, നക്ഷത്രങ്ങളുണ്ട്, ബഹുരൂപികളും വർണ്ണാങ്കിതരുമായ ഉണ്ണികളും അമ്മമറിയമാരും യൗസേപ്പുപിതാക്കളുമുണ്ട്...
പിന്നെ, എല്ലാറ്റിനുമുപരിയായി 'നീയില്ലെങ്കിലെനിക്കെന്താഘോഷമെ
ഇനിയുമൊന്നുണ്ട്; ക്രിസ്തുവിന്റെ തിരുപ്പിറവിക്കു സാക്ഷ്യം വഹിച്ച ആ നിശ്ശബ്ദ ജന്മങ്ങൾ ഇത്ര ഏറിയ അളവിൽ കുരുതി ചെയ്യപ്പെടുന്ന ഒരു കാലം വേറെയേതാണ്?
സമാനമായ പരിതോവസ്ഥകളിൽത്തന്നെ ഒരു ഈസ്റ്റർ കൂടി വരുന്നു. ഗത്സെമനയിൽ താൻ അനുഭവിക്കേണ്ട പ്രാണവേദനകളെയോർത്തു രക്തം വിയർത്തവന്റെ, താൻ ഏകനല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി തന്നോടൊപ്പം ഉണർന്നിരുന്നു തന്റെ പ്രാർത്ഥനയിലെങ്കിലും പങ്കാളികളാകണമേയെന്നു ശിഷ്യരോടു സഹായം ചോദിച്ച പെസഹാകുഞ്ഞാടിന്റെ സഹതാപാർഹമായ ഏകാകിതയുടെ ഭയാനകത ആരുമറിഞ്ഞില്ല. ശിഷ്യർ ഉറങ്ങിപ്പോയി. അവർക്കു മുന്നിൽ വന്ന് അവൻ തന്റെ വ്യസനം പങ്കുവയ്ക്കുകയും ചെയ്തു. എന്നിട്ടും അവർ ഉറങ്ങിപ്പോയി.
ഏറെത്താമസിയാതെ തലയോട്ടിമലയിൽ, അറുക്കപ്പെടുന്നതിന്റെ വേദനയിൽ അവൻ ഉറക്കെ നിലവിളിക്കുന്നതും കേട്ടു....
പുൽക്കൂട്ടിൽ ജനിച്ചവൻ മലമുകളിൽ മരിച്ചു. ലോകത്തിന്റെ നെറുകയിൽ....
ഇത്, അവന്റെ ഓർമ്മകളിൽ മധുരപലഹാരക്കടകളിൽ കുരിശുറൊട്ടികൾ വേവുന്ന കാലം. ലാഭത്തിനു വിൽക്കപ്പെടേണ്ടതിന്.
പൊള്ളാച്ചിയിലും പുതുക്കോട്ടയിലും പട്ടുക്കോട്ടയിലും ഈസ്റ്ററിന് അറുക്കപ്പെടേണ്ട മാടുകളുടെ വിലപേശലുകളുടെ രക്തഗന്ധം അതിരുകൾ താണ്ടി വരുന്നു.
കമ്പോളവത്കരിക്കപ്പെട്ട ബലികളുടെയും ത്യാഗങ്ങളുടെയും ആഘോഷങ്ങളല്ലേ നമുക്കുചുറ്റും പലവിധത്തിൽ.... മതത്തിൽ മാത്രമല്ല.....