Skip to main content

ഏഴാം മാളികമേലേ.......


സുരേഷ്‌ കീഴില്ലം


ഫോൺ ബെൽ.
പക്ഷേ ഫോണെടുക്കാൻ കേശുമ്മാന്‌ ഭയമാണ്‌.
ഒരു നിക്യഷ്ട ജീവിയുടെ നിലവിളി കേട്ടിട്ടെന്നവണ്ണം കേശുമ്മാനാകെ
അലോസരപ്പെടും. നാഴികയ്ക്ക്‌ നാൽപ്പതുവട്ടമാണ്‌ ഈ നിലവിളി. മിക്കവാറും
കേശുമ്മാനോരാളെ ഫ്ലാറ്റിലുണ്ടാകു. ഒടുവിൽ ഭയന്ന്‌, അറച്ച്‌,
അടുപ്പിക്കരുതാത്ത എന്തോ ഒന്നുപോലെ, ചെവിത്തണ്ടയിലെ രോമങ്ങളിൽപ്പോലും
മുട്ടാതെ, ഹലോൺ...
വസുന്ധര ആർ വാര്യരില്ലേ...?
ഇല്യാലോ..... കേശുമ്മാൻ ഫോൺ വയ്ക്കും.
നർമ്മദയില്ലേ അവിടെ...?
ഇല്യാലോ..... കേശുമ്മാൻ ഫോൺ വയ്ക്കും.
ഇതാരാപ്പാ... കാർന്നോർട്ടെ ശബ്ദമാണല്ലോ...? വട്ടൊള്ളതാ...? നിങ്ങക്ക്‌
വേറെ ആരേം കിട്ടീല്ലേ, വീടുനോട്ടത്തിന്‌..? എന്നിങ്ങനെ ഒത്തിരി
ക്രോസുവിസ്താരങ്ങൾ പുറത്തുനിന്ന്‌ കിട്ടിയതിനെ തുടർന്നാണ്‌
വസുന്ധര.ആർ.വാര്യരെന്ന അമ്മയും നർമ്മദയെന്ന മകളും കൂടി കേശുമ്മാനെ
കാര്യങ്ങളൊക്കെ പഠിപ്പിച്ചെടുക്കാമെന്ന്‌ കരുത്തിയത്‌.
കേശുമ്മാനെന്തിനാ, ഇത്ര ധ്യതി...? ചോദിച്ചൂടെ, ആരാ... എവ്ടെന്നാ,
എന്തിനാന്നൊക്കെ...
കേശുമ്മാൻ സമ്മതിച്ചു. ആവാം...ആവാം...
വഴുവഴുപ്പുള്ള വ്യത്തികെട്ട എന്തോ ദ്രാവകംപോലെ റസീവറിൽ നിന്നു വന്ന ശബ്ദം
കേശുമ്മാന്റെ ചെവിക്ക്‌ അസ്കിതയുണ്ടാക്കിയിട്ടും കേശുമ്മാൻ ചോദിച്ചു.
ആരാ..? എവിട്ന്നാ...? എന്തിനാ...?
പക്ഷേ എന്നിട്ടും കുഴപ്പം.
വൈകിട്ടു വസുന്ധരാ വാരസ്യാര്‌ ക്ഷീണത്തോടെ സെറ്റിയുടെ പതുപതുപ്പിൽ വീണ്‌
മലയ്ക്കുമ്പോൾ ചോദിയ്ക്കും.
കേശുമ്മാനെ, ആരെങ്കിലും വിളിച്ചോ...? വാരസ്യാർക്ക്‌ ചായയെ
ടുക്കുന്ന ധ്യതിയിൽ കേശുമ്മാൻ പറയും- ഇല്യാലോ...
പിറ്റേന്ന്‌, എന്നാല്വെന്റെ വസുന്ധരേ... ഞാനാ കാരണവരോട്‌ പ്രത്യേകം
പറഞ്ഞേൽപ്പിച്ചതാണല്ലോ..
എത്ര രൂപേടെ ലോസാണ്ടായേ...?
കേശുമ്മാനെ ന്റെ കേശുമ്മാനെ... ഇപ്പൊ ഇങ്ങ്നെയായോ കുഴപ്പം...
കേശുമ്മാന്റെ കുഴപ്പങ്ങൾ ഇത്രടം കൊണ്ടൊന്നും തീരണില്ല.
ഫാനിന്റെ കാറ്റടിച്ചാ കേശുമ്മാൻ ചുമയ്ക്കും. ചുമച്ച്‌ തൊണ്ടയിൽ ഊറുന്ന
കഫവുമായി, ഫ്ലാറ്റിന്റെ ജനാല തുറക്കും കേശുമ്മാൻ.
വടക്കേപ്പുഞ്ചയിൽ നിന്ന്‌ ശുളുശുളാ വീശണ കാറ്റ്‌...കാറ്റിനോട്‌
മല്ലിട്ട്‌ നീട്ടി ഒരൊറ്റത്തുപ്പ്‌. വടക്കേമുറ്റത്തിന്റെ
കെട്ടിനുമപ്പുറം, കൊന്നത്തെങ്ങിന്റെ ചോട്ടിലു വീഴും തുപ്പല്‌.
ന്താ യീ കാട്ടണെ കേശുമ്മാനെ...തുപ്പല്ലേ...തുപ്
പല്ലേ...
വടക്കേപുഞ്ചയിൽ നിന്നുള്ള കാറ്റില്ല. വടക്കേ മുറ്റമില്ല. മുറ്റമേയില്ല.
ത്രിശൂലം പോലെ മുകളിലേയ്ക്കു കുതികൊണ്ട്‌ നിൽക്കുന്ന ഒരു
വൈദ്യുതികാലിന്റെ മേലഗ്രം. ഒരു നാലഞ്ചാള്‌ താഴെ.
അതിനും താഴെ വാര്യത്തെ കുളത്തിന്റെ താഴത്തെപ്പടിയിൽ പെണ്ണുങ്ങള്‌
അലക്കാനും കുളിക്കാനും കൊണ്ടുവച്ച സോപ്പ്‌ പെട്ടി. പൊട്ടനുറുമ്പിന്റെ ഒരു
വെകിളിപിടിച്ചോട്ടം. ചോണനുറുമ്പിന്റെ പടയോട്ടം.
എന്താദ്​‍്‌... ഞാനെവിട്യാത്‌...?
കേശുമ്മാനെ...തുപ്പണത്‌ വാഷ്ബെയ്സണേല്‌... ഇതേ നാടല്ല....നാട്ടിലെ വാര്യല്ല...
ത്ഫു... വാഷ്ബേയ്സണിൽ ഒതുക്കിത്തുപ്പുന്നു കേശുമ്മാൻ. അതിൽ  ഉരുണ്ട്‌
വഴുക്കുന്ന കഫക്കട്ട കണ്ട്‌ മനം പുരട്ടുന്നു. കേശുമ്മാന്‌...
ഒടുവിൽ ബ്‌വേം...ബ്‌വേം... എന്ന്‌ കുടലാകെ മലക്കംമറിഞ്ഞ്‌ നീണ്ട ഛർദ്ദി.
അതു കണ്ട്‌ നർമ്മദയുടെ അടിവയറ്റിൽ നിന്നും ഒരറപ്പ്‌ ഉരുണ്ട്‌ കയറി
തൊണ്ടക്കുഴിയിൽ തേട്ടി. അസഹ്യതയാൽ ചുളിഞ്ഞുപോയ സ്വന്തം മുഖം,
കിടപ്പുമുറിയിലെ നിലക്കണ്ണാടിയിൽ പ്രതിഫലിച്ചതു കണ്ട്‌ വസുന്ധര
വാര്യസ്യാർ ഞെട്ടി. മനുഷ്യന്‌ വയസ്സായാലെത്തെ ഒര്‌ കാര്യേ...
തനിക്ക്‌ വയസ്സായോ?
വസുന്ധരാ വാരസ്യാർ ഒന്നു സംശയിച്ചു.
ഏയ്‌ ഇല്യാന്നേ... വസുന്ധരാ വാരസ്യാർ കേശുമ്മാനിലേയ്ക്ക്‌ മലക്കംമറിഞ്ഞ്‌
ആലോചിച്ചു.
കേശുമ്മാനെ ഇനി എന്താ ചെയ്യാ...?
അമ്മ തന്ന്യാ കുഴപ്പോണ്ടാക്യേ... എന്തിനാ നാട്ടീന്ന്‌ ഈ കേശുമ്മാനെ...
വസുന്ധരയുടെ പിറുപിറുപ്പുകളിലേയ്ക്ക്‌ നർമ്മദ കടന്നുകയറുന്നു.
നിന്റെ മുത്തശ്ശി നിർബന്ധിക്കുമ്പോ...
രഘുരാമൻ വാര്യര്‌ പ്ലെയിൻ തകർന്ന്‌ മരിച്ച്‌, വസുന്ധരയെന്ന മകൾക്കും
നർമ്മദയെന്ന പേരക്കിടാവിനും ഒരാൺതുണയില്ലാണ്ടായപ്പോ...
അപ്പൊ ചെന്നു നിന്ന്‌ തുണയാവാൻ പറ്റ്യ ഒരാള്‌...
ലക്ഷ്മിക്കുട്ടി വാരസ്യാര്‌ അടുക്കള ജനാലയിലൂടെ കണ്ടതാണല്ലോ, വിറകു കീറി
ഒതുക്കുന്ന കേശുവിന്റെ ഒരു മെയ്ക്കരുത്ത്‌.
മറ്റൊരിയ്ക്കൽ നിലവറയ്ക്കകത്തെ ഇരുട്ടിൽ നിന്നും തന്നെ കൈപിടിച്ച്‌
കയറ്റുമ്പോഴത്തെ കൈക്കരുത്ത്‌.
എല്ലാത്തിനും പുറമെ, തിരുവാതിരക്കുളിരിൽ കയ്യും മെയ്യും കത്തിപ്പടർന്ന്‌
ലക്ഷ്മിക്കുട്ടിയിലേക്ക്‌ പകർന്ന ഉൾക്കരുത്ത്‌.
രഘുരാമനില്ലാണ്ട്‌...ന്താ വസുന്ധരേ ഇയ്യീ പറേണേ... നഗരത്തിൽ നിങ്ങൾ​‍്‌
രണ്ടു പെണ്ണുങ്ങൾ​‍്‌ ഒറ്റയ്ക്കോ... ഒന്ന്വേങ്കി നെങ്ങളിങ്ങോട്ട്‌
വർവ്വാ... നിവ്യത്തീല്ല്യാന്നാണെങ്കി കേശു കൂടെ വരും..... അത്‌ വേണം.
കേശു മതിയെന്ന്‌ ലക്ഷ്മിക്കുട്ടി വാരസ്യാർക്കറിയാം. ഏതു നഗരത്തിലായാലും..
ഏതു നരകത്തിലായാലും..
അയാളുടെ തണലിൽ കുട്ടികൾക്ക്‌ ഒരാപത്തും വരില്ല.
മുത്തശ്ശി വരുത്തിവച്ച ഒരാപത്തേ....
സഹികെട്ട്‌, കെറുവിച്ച്‌ കാലിനു മുകളിൽ കാൽ കയറ്റിവച്ച്‌ നർമ്മദ
സെറ്റിയിലേക്ക്‌ ചാരി. മുട്ടിനു മുകളിൽ, വലിഞ്ഞ്‌ നിന്ന കടുംനീല
മിഡിയ്ക്ക്‌ താഴെ അവളുടെ മെല്ലിച്ച തുടകൾ കണ്ടപ്പോൾ കേശുമ്മാന്‌
തോന്നുന്നത്‌ സഹതാപമാണ്‌.
ധനു നിലാവ്‌ ഒഴുകിപ്പടർന്ന, ലക്ഷ്മിക്കുട്ടിയുടെ മാദകമായ തുടകളുടെ ഓർമ്മ
കേശുമ്മാന്റെ നരച്ച നെഞ്ചിന്‌ താഴെ ഒരു മാത്ര കൊളുത്തി വലിച്ചു.
ഇപ്പോൾ രാത്രിയാണ്‌.
നർമ്മദയുടെ മുറിയിൽ പൊട്ടിത്തെറിയ്ക്കുന്ന സ്റ്റീരിയോ.
താടിയും മുടിയും നീട്ടിവളർത്തിയ ഒരാൾ. മുഖത്ത്‌ രോമമില്ലാത്ത മറ്റൊരാൾ..
ഒറ്റക്കാതിൽ കടുക്കനുമായി ഇനിയൊരാൾ.
താളാത്മകമായി കെട്ടുപിണഞ്ഞാടുന്ന നർമ്മദയുടെ ശോഷിച്ച തുടകളും.
പാവം കുട്ടി...കേശുമ്മാൻ ജനാലക്കരികിൽ നിന്ന്‌ കിടുകിടുത്തു.
താളപെരുക്കങ്ങളിൽ നിന്നും പുറത്തുകടന്നൊരാൾ ഇപ്പോൾ ഇഴഞ്ഞ്‌ കയറുന്നത്‌
വസുന്ധരാ വാരസ്യാരുടെ മടക്കുകൾ വീണ ഉദരത്തിലെ വ്യത്തികെട്ട
കത്രികപ്പാടിലേയ്ക്കാണ്‌.
കേശുമ്മാൻ താഴേയ്ക്കു നോക്കി.
ചീറിപ്പായുന്ന വാഹനങ്ങൾ...
തലതാഴ്ത്തി നിൽക്കുന്ന തെരുവ്‌ വിളക്കുകൾ...
അല്ലല്ലോ...
കവുങ്ങിൻ തോട്ടവും പുഴയും കടന്ന്‌, തീക്കറ്റയും വീശി ആർത്തു വരുന്ന ഒരാൾക്കുട്ടം..
പിടഞ്ഞെഴുന്നേറ്റ്‌, പുറത്തും ചന്തിയിലും പറ്റിപ്പിടിച്ച കരിയിലകൾ
തുത്തുമാറ്റി, കേശുവും ലക്ഷ്മിക്കുട്ടിയും ഇപ്പോൾ, ദാ ഓട്ടം തന്നെ ഓട്ടം.
സർപ്പക്കാവിന്റെ കടുത്ത ഇരുട്ടിൽ നിന്നും പുറത്തു വന്ന കേശുമ്മാൻ, ഏഴാം
നിലയിൽ നിന്നും ഒടിഞ്ഞ്‌ മടങ്ങിവീണ ഗോവണിപ്പടികളിലാണിപ്പോൾ....
തീക്കറ്റകൾ വീശി ആൾക്കൂട്ടം പാഞ്ഞുപാഞ്ഞ്‌...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…