സൃഷ്ടി


ശ്രീജിത്ത്‌ മൂത്തേടത്ത്‌

ഹയ്യടാ.. !!
ബ്രഷിൽനിന്നും അബദ്ധത്തിൽ തെറിച്ചുവീണ ചായങ്ങൾ താൻവരച്ചുകൊണ്ടി രിക്കുന്ന
ചിത്രത്തിൽ വർണ്ണ പുഷ്പങ്ങൾ തീർത്തത്‌ കണ്ട്‌ ചിത്രകാരൻ
തുള്ളിച്ചാടി.....

   കുന്നിൻചറിവിൽ കാറ്റാടി മരങ്ങളുടെ തണലിൽ, വെളിച്ചേമ്പുകളും, ഐരാണി
പൂക്കളും നിരയിട്ട താഴ്‌വരയിൽ, വടക്കുഭാഗത്തായി, രാവിലെമുതൽ വൈകുന്നേരം
വരെ കൃത്യമായി കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും പ്രകാശം ലഭിക്കുന്ന
രീതിയിൽ ഉറപ്പിച്ചിരിക്കുന്ന ഡ്രോയിംഗ്‌ ബോർഡിലെ ക്യാൻവാസിനു മുന്നിൽ
ചായങ്ങൾ നിറ ഞ്ഞ പാലറ്റും, ബ്രഷുകളുമായി ഏറെ നേരം അസ്വസ്ഥനായിരുന്നു
അയാൾ.
വരച്ചുകൊണ്ടിരിക്കുന്ന ഉദ്യാനത്തിന്റെ ചിത്രത്തിൽ വിദൂരതയിലെ പൂക്കൾ എങ്ങനെ
വരച്ചുചേർക്കുമെന്ന്‌ ആകുലപ്പെട്ടിരിക്കവെയാണ്‌ കാലിൽ കട്ടുറുമ്പ്‌
കടിച്ചതും...... ....ഹയ്യോ.... എന്ന നിലവിളിയോടെ കയ്യിലിരുന്ന ചായംനിറഞ്ഞ
ബ്രഷ്‌ ശക്തിയായി കുടഞ്ഞതും....!!!

അതുതീർത്ത വർണ്ണപുഷ്പങ്ങൾ കലാകാരനെ അതിശയപ്പെടുത്തി....

     സായാഹ്നത്തിൽ പ്രണയസമ്മാനവുമായി റോസാപ്പൂക്കളുടെ ബൊക്കയുമായി
അയാളെ കാണാൻ വന്ന കാമുകി ചിത്രത്തെ ഏറെ അഭിന്ദിച്ചു. അവൾ ഏറ്റവും
പുകഴ്ത്തിയത്‌ വിദൂരതയിൽ വരച്ചിട്ട ആ പൂക്കളെയായിരുന്നു. വിദൂരതയിൽ,
അന്തി  സൂര്യൻ കനൽ കൂട്ടിയ മേഘങ്ങൾക്കു താഴെ ഇത്രയും ആകർഷകമായി ആ പൂക്കൾ
വരച്ച കലാകരന്റെ കഴിവിനെ അവൾ പലവുരു പ്രശംസിച്ചു.
        അകലെ ചക്രവാളത്തിൽ അന്തി ചെഞ്ചായം തേച്ചപ്പോൾ, കുന്നിൻചെറിവിൽ
കുറുക്കന്മാർ കൂവാൻതുടങ്ങിയപ്പോൾ, മണ്ണട്ടകളും ചീവീടുകളും
സംഗീതമുതിർക്കാൻ തുടങ്ങിയപ്പോൾ, കലാകാരൻ കൂടണഞ്ഞു. വിദൂരതയിലെ
പൂക്കളെപ്പറ്റി കാമുകി പറഞ്ഞ പ്രശംസാവചനങ്ങളായിരുന്നു മനസ്സു നിറയെ.
കുടുസ്സു മുറിയിൽ, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനരികെ, ഒടിഞ്ഞു
വീഴാറായ കസേരയിൽ, മേശമേൽ തലചായ്ച്ചിരിക്കവെ അയാൾക്ക്‌ ചിരിവന്നു.
ഒരർത്ഥത്തിൽ തന്റെ ഇതുവരെ യുള്ള ജീവിതവും ഇതുപോലെയുള്ള
ഒരുപാടബദ്ധങ്ങളുടെ സൃഷ്ടിയായിരുന്നുവല്ലോ.
        പ്രഭാതസൂര്യൻ ജനാലപ്പഴുതിലൂടെ ദീർഘചതുരം വെളിച്ചക്കഷ്ണം മുഖത്തേ
ക്കെറിഞ്ഞപ്പോൾ, വെളിച്ചവും ചൂടും സഹിക്കാൻ പറ്റാതായപ്പോൾ അയാൾ
എഴുന്നേറ്റ്‌ വാച്ചിൽ നോക്കി. വൈകിപ്പോയി.. അക്കാദമി ചിത്രപ്രദർശനം
പത്തുമണിക്കാണ്‌... അയഞ്ഞ ജൂബയും, ജീൻസും ധരിച്ച്‌ ചിത്രവുമായി ഉടൻ
പുറപ്പെട്ടു.
         ടൗൺഹാളിൽ വച്ചു നടന്ന ചിത്ര പ്രദർശനത്തിൽ അയാളുടെ ഉദ്യാനചിത്ര
ത്തിലെ വിദൂരതയിലെ പൂക്കൾ ഏറെ പ്രശംസ നേടി. ഏറ്റവും നല്ല ചിത്രമായി അതു
തിരഞ്ഞെടുക്കപ്പെട്ടു. കളാണിരൂപകർ വിദൂരപുഷ്പങ്ങളുടെയിടയിൽ ഒളിഞ്ഞു
കിടന്ന മഹത്തായ ആശയങ്ങളെപ്പറ്റി നിരൂപണങ്ങൾ എഴുതി. ചിന്തകന്മാർ
സെമിനാറുകൾ നടത്തി. ചാനലുകളിൽ സജീവ ചർച്ചകൾ നടന്നു. തലനരച്ച, താടിനീട്ടിയ
ബു.ജി. കളുടെ അഭിമുഖങ്ങൾക്കൊപ്പം ചിത്രകാരന്റെ മുഖവും ടി.വി. സ്ക്രീനിൽ
നിറഞ്ഞു....
ചിത്രം ഒളിപ്പിച്ചു വച്ച അഭൗമ രഹസ്യങ്ങളെപ്പറ്റി സിനിമകൾ
നിർമ്മിക്കപ്പെട്ടു. ലേലത്തിൽ കോടികൾക്കാണ്‌ ചിത്രം വിറ്റുപോയത്‌.
അന്താരാഷ്ട്രതലത്തിലും നിരവധി ചർച്ചകൾ നടന്നു...

ബഹളങ്ങൾക്കിടയിൽ ഏറെക്കാലമായി ചായങ്ങൾ തൊടാതെ ചിത്രകാരൻ പ്രശസ്തി യിൽ
ആറാടുകയായിരുന്നു... ചിത്രം നേടിക്കൊടുത്ത പണവും പ്രശസ്തിയും അയാളുടെ
വേഷത്തിലും, ഭാവത്തിലും മാറ്റം വരുത്തി. കുടുസ്സുമുറി ജീവിതം
അവസാനിപ്പിച്ച്‌ അയാൾ മുന്തിയതരം ഹോട്ടലു കളിൽ താമസം തുടങ്ങി. തന്റെ
നീണ്ട തലമുടിയും, താടിയും മാത്രം അയാൾ ഒരലങ്കാരം പോലെ കൊണ്ടു നടന്നു.
അതും വിലകൂടിയ ഷാംപൂവും, മറ്റ്‌ രോമ സംരക്ഷണ ലേപനങ്ങളും ഉപയോഗിച്ച്‌
സംരക്ഷിച്ച്‌..
        അങ്ങനെയിരിക്കെ ഒരുദിനം കലാകാരന്‌ ഒരു പുതിയ ചിത്രം കൂടി
വരയ്ക്കാ ൻ ഓർഡർ ലഭിച്ചു. കോടികൾ ആയിരുന്നു പ്രതിഫലമായി വാഗ്ദാനം
ചെയ്യപ്പെട്ടത്‌. ചിത്രകാരൻ മതിമറന്നു. കൂറ്റൻ ക്യാൻവാസും ചുമന്നു
കൊണ്ട്‌ അയാൾ കാറ്റാടി മരങ്ങളുടെ തണലുള്ള പഴയ കുന്നിൻ ചരിവിലേക്ക്‌
കുതിച്ചു. വീണ്ടും തന്റെ ചിത്രം സൃഷ്ടിക്കാൻ പോകുന്ന
കോളിളക്കങ്ങളായിരുന്നു മനസ്സു നിറയെ.... പണം... പ്രശസ്തി... ചാനലുകൾ...
സെമിനാറുകൾ... ഹാ....
       കലാകാരൻ ഡ്രോയിംഗ്‌ ബോർഡ്‌ നിലത്തുറപ്പിക്കാൻ ശ്രമിക്കവെ
സമീപത്തെ വെളിച്ചേമ്പിൽ നിന്നും ഒരു കുഞ്ഞൻ തവള ചാടിരക്ഷപ്പെട്ടു.
അടുത്തെവിടെയോ പുല്ലുമേയുകയായിരുന്ന പൂവാലിപ്പശു ഒന്നമറി... താഴെ
കൈതപ്പൊന്തയിൽ നിന്നുമുയർന്ന പോക്കാച്ചിയുടെ പ്രോം വിളികളും
കാറ്റാടികളുടെ ചില്ലകൾ തീർത്ത നനുത്ത സംഗീതവും ആകാശത്ത്‌ മഴമേഘങ്ങൾ
വരച്ചിട്ട നീണ്ടതും കുറിയതുമായ രൂപങ്ങളിൽ പടിഞ്ഞാറൻ സൂര്യൻ സൃഷ്ടിച്ച
കനൽച്ചായങ്ങളും ഒന്നും ഇത്തവണ ചിത്രകാരനെ ആകർഷിച്ചില്ല. ധൃതിയിൽബോർഡിൽ
ക്യാൻവാസുറപ്പിച്ച്‌ പാലറ്റിൽ ചായങ്ങളെടുത്ത്‌, തുളുമ്പാൻ പാകത്തിൽ
ബ്രഷുകളിൽ അവ പകർന്ന്‌, കലാകാരൻ തയ്യാറെടുത്തുനിന്നു...
അപ്പോഴും അയാൾ ഇടംകാലുകൊണ്ട്‌ നിലത്ത്‌ പുല്ലുകൾക്കിടയിൽ എന്തോ
പരതുന്നുണ്ടായിരുന്നു...
വീണ്ടുമൊരു അബദ്ധത്തെ ധ്യാനിച്ചുകൊണ്ട്‌...
കട്ടുറുമ്പുകളെ തിരഞ്ഞുകൊണ്ട്‌....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?