ഒ.വി.ഉഷ
തകർന്നു നിലം പരി-
ശായൊരെൻ ജീവസ്സിന്റെ
ചിതറിക്കിടക്കുന്ന
തുണ്ടുകൾ വാരിക്കൂട്ടി
അദ്ഭുതംകൊണ്ടേനന്നു:
രൂപമേറ്റുവോ ഞാനാം
സൃഷ്ടി! ആ മാറ്റത്തിന്റെ
നടുക്കലിരുന്നെത്ര
കരഞ്ഞു! കണ്ണീരിലു-
ടെത്ര നാളുകൾ വീണു
കൊഴിഞ്ഞു പേമാരിയൊ-
ന്നമർന്നതിന്നാണല്ലോ.
ഇനിയും ചവിട്ടേറ്റു
തകരാം, പണിപ്പെട്ടു
മെനയും സ്നേഹത്തിന്റെ
ഗർവ്വമെത്രയോവട്ടം.
എന്തിനോ ദുഃഖംപോലും
സാർത്ഥകം! വൈരുദ്ധ്യവു-
മെന്റെ ദുസ്സഹമായ
സാന്ദ്രതപോലും കാമ്യം!