Skip to main content

മൂന്നാം മുറ

അക്ബർ ചാലിയാർ


“വല്ലാത്തൊരു മഴതന്നെ ഇക്കൊല്ലം”. മഴവെള്ളം നിറഞ്ഞ ബക്കറ്റു മാറ്റി മറ്റൊരെണ്ണം വെക്കുമ്പോള്‍ ഉമ്മ മഴയെ പ്രാകിക്കൊണ്ടിരുന്നു. തുലാവര്‍ഷം ഇടതടവില്ലാതെ പെയ്യുകയാണ്. നല്ല ഇടിയും മിന്നലുമുണ്ട്‌. മേല്‍ക്കൂരയിലെ ഓടു ഒരെണ്ണം പൊട്ടിയിരിക്കുകയാണ്. അതിലൂടെയാണ് ‍ മഴവെള്ളം അകത്തു വെച്ച പാത്രത്തില്‍ വീഴുന്നത്. “എത്ര ദിവസായി പൊട്ടിയ ഓടു മാറ്റാന്‍ പണിക്കാരെ വിളിക്കുന്നു. മഴക്കാലം കഴിയാതെ ഓട്ടിന്‍ പുറത്തു കയറാന്‍ അവര്‍ക്ക് പറ്റില്ലത്രേ”. ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ഈ ഓടു മാറ്റിയിട്ടു തന്നെ കാര്യം. ഞാന്‍ തീരുമാനിച്ചുറച്ചു. വൈകീട്ട് മഴ അല്‍പം മാറിനിന്ന തക്കം നോക്കി ഞാന്‍ ആ മഹാ ദൌത്യത്തിന് തുടക്കം കുറിച്ചു. ഒരു ഗോവണി എടുത്തു ഓട്ടിന്‍പുറത്തു ചാരി വെക്കുമ്പോള്‍ ഉമ്മ ചോദിച്ചു
“എന്താ അനക്ക് പണി” ?
“ഞാന്‍ പൊട്ടിയ ഓടു മാറ്റിയിടാന്‍ പോകുവാ ഉമ്മാ.. ”
“മുണ്ടാതെ പൊയ്ക്കോ അവടന്ന്. ഓടു നനഞു കുതിര്‍ന്നു നിക്കാ. പോരാത്തതിന് നല്ല പൂപ്പലുമുണ്ടാകും. വേണ്ടാത്ത പണിക്കു നിക്കണ്ടാ.”
“ഇല്ലുമ്മാ.. അതിനല്ലേ ഈ കയറു. ഉമ്മ ഒന്നും പേടിക്കണ്ടാ. ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം”.
അങ്ങിനെ ഉമ്മയെ സമാധാനിപ്പിച്ചു ഞാന്‍ മുന്നോട്ടു നീങ്ങി. കയര്‍ മുകളിലത്തെ നിലയിലെ ജനലില്‍ കെട്ടി താഴോട്ടു ഇട്ടു. മോഹന്‍ലാല്‍ അഭിനയിച്ച മൂന്നാം മുറ എന്ന സിനിമയിലെ രംഗമായിരുന്നു അപ്പോഴത്തെ എന്‍റെ പ്രചോദനം. ഞാന്‍, ഇല്ലാത്ത മസിലൊക്കെ വീണ്ടും വീണ്ടും പെരുപ്പിച്ചു നോക്കി ഉറപ്പു വരുത്തി.
“ഇക്കാക്കാ വേണ്ടാട്ടോ. ഓടു വഴുക്കും” ദേ വീണ്ടും പിന്‍ വിളി. ഇത്തവണ പെങ്ങളാണ്.
“നീ പോടീ”. അങ്കക്കലി പൂണ്ടു നില്‍ക്കുന്ന ആരോമലുണ്ടോ ഉണ്ണിയാര്‍ച്ച പറഞ്ഞാല് ‍ പിന്മാറുന്നു. മുന്നോട്ടു വെച്ച കാലു മുന്നോട്ടു തന്നെ. പക്ഷെ എല്ലാവരും പറയുന്ന സ്ഥിതിക്ക് സംഗതി അല്‍പം റിസ്ക്കാണ് എന്നറിയാം. ജീവിതത്തില്‍ അല്‍പം റിസ്ക്കൊക്കെ എടുത്തില്ലെങ്കില്‍ പിന്നെ എന്തോന്ന് ജന്മം. ഞാന്‍ ഓട്ടിന്‍ പുറത്തു കയറാന്‍ തന്നെ തീരുമാനിച്ചു. എന്‍റെ ധീരതയില്‍ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി.
ധീരമായ എന്‍റെ മുന്നേറ്റത്തെ ആദരപൂര്‍വ്വം നോക്കി നില്‍ക്കുകയാണ് പാവം അനിയന്മാര്‍. “ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ഇക്കാക്ക” എന്ന ഭാവത്തില്‍ എന്നെ നോക്കുന്ന അവര്‍ക്ക് “ഓടു മാറ്റുന്നത് കണ്ടു പഠിച്ചോടാ” എന്ന ഒരു ഉപദേശം കൊടുത്ത് ഞാന്‍ ഗോവണി വഴി മുകളിലേക്ക് കയറി. പിന്നെ മുകളിലത്തെ ജനലില്‍ കെട്ടിയ കയറില്‍ പിടിച്ചു ഓട്ടിന്‍ പുറത്തു കയറി നിന്നു. താഴോട്ടു നോക്കി. അനിയന്മാര്‍ അപ്പോഴും എന്നെ ആദരപൂര്‍വ്വം നോക്കുകയാണ്. ധീരനായ എന്‍റെ അനിയന്മാരായി ജനിച്ചതില്‍ അവരപ്പോള്‍ അഭിമാനിച്ചു കാണും.
ഞാന്‍ കയറില്‍ പിടിച്ചു പതുക്കെ മുകളിലേക്ക് നീങ്ങി. കാലിനു നല്ല വഴുവഴുപ്പുണ്ട്. അങ്ങിനെ ഒരു വിധം പൊട്ടിയ ഓടിനു അടുത്തെത്തി. ഒരു കൈ കയറില്‍ പിടിച്ചു മറ്റേ കൈ കൊണ്ട് തകര്‍ന്ന ഓട്ടു കഷ്ണങ്ങള്‍ താഴേക്കു വലിച്ചെറിഞ്ഞു. പിന്നെ പുതിയ ഓടു വെക്കണം. അപ്പോഴാണ്‌ ഒരു നഗ്നസത്യം ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കിയത്. പുതിയ ഓടു വെക്കണമെങ്കില്‍ രണ്ടു കയ്യും വേണം. കയറില്‍ പിടിച്ച കൈ വിട്ടാല്‍ എന്‍റെ കാര്യം പോക്കാ.
ദയനീയമായി താഴോട്ടു നോക്കി. PSLV വിക്ഷേപിച്ചു ആകാശത്തേക്ക് നോക്കിയിരിക്കുന്ന ശാസ്ത്രത്ജ്ഞാന്മാരെപ്പോലെ ഉമ്മയും പെങ്ങന്മാരും അനിയന്മാരുമടക്കം വലിയൊരു ജനാവലി എന്‍റെ ദൌത്യം താഴേന്നു നിരീക്ഷിക്കുന്നുണ്ട്. ഇനി പരാജയം സമ്മതിച്ചു താഴേക്കു ഇറങ്ങിയാല്‍ അതിലും വലിയ ഒരു നാണക്കേട്‌ വേറെ ഇല്ല.
എന്‍റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി. മുന്നോട്ടും പിന്നോട്ടും വെക്കാനാവാത്ത അവസ്ഥ. പിന്മാറാന്‍ എന്‍റെ ദുരഭിമാനം സമ്മതിക്കുന്നുമില്ല. ഒടുവില്‍ “ചത്താലും വേണ്ടില്ല ഈ ഓടു മാറ്റിയിട്ടു തന്നെ കാര്യം” എന്ന ഉറച്ച തീരുമാനം ഞാനെടുത്തു. ഞാന്‍ ഓടു യഥാസ്ഥാനത്തു വെച്ചു. ഇനി തൊട്ടടുത്ത ഓടു ഒന്ന് പൊക്കി പുതിയ ഓടു ഫിറ്റാക്കണം. അതിനായി കയറില്‍ നിന്നും പതുക്കെ പിടി വിട്ടു. പിന്നെ ഓടു പൊക്കാന്‍ തുടങ്ങിയതെ ഓര്‍മ്മയുള്ളൂ. ഠിം….. ഒരു ഒച്ച കേട്ടു. കാലു സ്ലിപ്പായി എന്‍റെ മൂക്ക് ഓടില്‍ ഇടിച്ചു.
പിന്നെ വീഗാലാന്റിലെ വാട്ടര്‍ റൈഡ് പോലെ നേരെ താഴേക്കു ഒരു കുതിപ്പായിരുന്നു. ഓടിലൂടെ ഭൂമി ലക്ഷ്യമാക്കിയുള്ള ആ വരവില്‍ എങ്ങിനെയോ ഞാന്‍ മലര്‍ന്നു കിടന്നു. നേരെ വന്നത് ചാരിവെച്ച കോണിയിലേക്ക്. അതില്‍ തട്ടി ഒന്നൂടെ ഉയര്‍ന്നു പോള്‍വാട്ടിന്റെ ലോക റെക്കോര്ഡ് തകര്‍ത്ത് ഞാന്‍ ഒരു നിലവിളിയോടെ ഭൂമിയില്‍ പതിച്ചു. വിമാനം റണ്‍വേ തെറ്റി ഇടിച്ചിറങ്ങിയ പോലുള്ള ആ ക്രാഷ് ലാണ്ടിങ്ങില്‍ എല്ലാവരും അല്‍പ നേരം സ്തംഭിച്ചു നിന്നു പോയി.
ഞാന്‍ അവിടെ അല്‍പ നേരം ശവാസനത്തില്‍ കിടന്നു. ബോധം പോയിട്ടല്ല. ആര്‍ക്കൊക്കെ എന്നോട് സ്നേഹമുണ്ടെന്ന് അറിയണമല്ലോ?. കൂട്ടത്തില്‍ ഉമ്മയുടെ കരച്ചിലാണ് ഏറ്റവും ഉച്ചത്തില്‍ കേട്ടത്. ഇനിയും കിടന്നാല്‍ ആംബുലന്‍സ് വരും എന്നു മനസ്സിലായതോടെ ഞാന്‍ എണീറ്റ്‌ ഓടി. അപ്പോഴാണ്‌ കാര്യമായി ഒന്നും പറ്റിയില്ലെന്നു എനിക്ക് തന്നെ മനസ്സിലായത്‌. മൂക്കിനു മുകളില്‍ അല്‍പം തൊലിയിളകി ഒരു ചെറിയ മുറിവ് ഉണ്ടായി എന്നതൊഴിച്ചാല്‍ കാര്യാമായി ഒന്നും സംഭവിച്ചില്ല.
രാത്രി പിന്നെയും കനത്ത മഴ പൈതു. ഓട്ടിന്‍ പുറത്തു ചറപറാ മഴ പെയ്യുന്ന ശബ്ദവും കേട്ടു ഞാന്‍ മൂടിപ്പുതച്ചു ഉറങ്ങി. രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അടുക്കള ഒരു സ്വിമ്മിംഗ് പൂള്‍ ആയിരിക്കുന്നു.
ഇതെന്താ ഉമ്മാ ചാലിയാര്‍ കര കവിഞ്ഞു ഒഴുകിയോ?. ഞാന്‍ ചോദിച്ചു. ഉമ്മ എന്നെ ക്രൂരമായൊന്നു നോക്കി. പിന്നെ മുകളിലേക്ക് നോക്കാന്‍‍ പറഞ്ഞു. എനിക്ക് ചിരി വന്നു പോയി. നേരത്തെ അവിടെ ഒരു ഓടു പൊട്ടി നിന്നിരുന്ന സ്ഥാനത്തു ഇപ്പൊ നാലഞ്ചു ഓടുകള്‍ കാണാനേ ഇല്ല. എന്‍റെ വീഴ്ചയില്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ഓടു പോയ ഭാഗത്ത് കൂടെ ആകാശം നോക്കി അനിയന്‍ പറഞ്ഞു
“ഇന്നും നല്ല മഴ ഉണ്ടാകും. മഴക്കാറ് കാണുന്നു”. ഗലീലിയോയെ പോലെ അകത്തു നിന്നുകൊണ്ടുള്ള അവന്‍റെ വാന നിരീക്ഷണം എനിക്കത്ര പിടിച്ചില്ല.
ഉം എന്തിനാ? ഞാന്‍ ചോദിച്ചു.
“അല്ല രണ്ടു ഓടു കൂടി വീഴ്ത്തിയിരുന്നെങ്കില്‍ നമുക്ക് അകത്തു നിന്നും കുളിക്കാമായിരുന്നു അല്ലേ ഇക്കാക്കാ”. കിട്ടിയ അവസരം മുതലെടുത്ത്‌ അവന്‍ എനിക്കിട്ടു താങ്ങി.
************************************************
മൂക്കിന്റെ മുറിവ് പെട്ടെന്ന് ഉണങ്ങി. പട്ടിക മാറ്റി ഓടു ഇളക്കി മേഞ്ഞു തറവാട് അതിന്‍റെ യുവത്വം വീണ്ടെടുത്തു. സൂര്യന്‍ പതിവ് പോലെ ഉദിച്ചും അസ്തമിച്ചും കാല ചക്രത്തെ പതുക്കെ കറക്കിക്കൊണ്ടിരുന്നു. മഞ്ഞും വേനലും മഴയുമായി വര്‍ഷങ്ങള്‍ കടന്നു പോയി. തുലാവര്‍ഷ മേഘങ്ങള്‍ പലതവണ ആകാശത്തു സമ്മേളിച്ചു തിമിര്‍ത്തു പെയ്തു. വേനലും വര്‍ഷവും ഏറ്റു വാങ്ങി ചാലിയാര്‍ നിറഞ്ഞും മെലിഞ്ഞും അതിന്‍റെ ഒഴുക്ക് നിര്‍വിഗ്നം തുടര്‍ന്ന് കൊണ്ടേ ഇരുന്നു.
എന്നിലും മാറ്റങ്ങളുണ്ടായി. ഞാന്‍ ആനന്ദം വിങ്ങുന്ന കൌമാരം വിട്ടു ആവേശം ആര്‍ത്തലക്കുന്ന യവ്വനത്തിലേക്ക് കടന്നു. വിട്ടു മാറാത്ത മൂക്കടപ്പും ജലദോഷവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഒടുവില്‍ അതെന്നെ എത്തിച്ചത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍. പരിശോധനക്ക് ശേഷം അതുവരെ പുറംലോകം അറിയാതിരുന്ന ഒരു സത്യം ഡോക്ടര്‍ വെളിപ്പെടുത്തി. മറ്റൊന്നുമല്ല. പഴയ വീഴ്ചയില്‍ എന്‍റെ മൂക്കിന്റെ പാലം തകര്‍ന്നിരിക്കുന്നു. ഒരു ചിന്ന ഓപറേഷന്‍ വേണം. ചിന്ന ഓപറേഷല്ലേ. കൂടെ പോരാനൊരുങ്ങിയ ഭാര്യയെ വരെ വിലക്കി നിശ്ചിത ദിവസം വൈകുന്നേരം ഞാന്‍ അനിയനെയും കൂട്ടി ആശുപത്രിയില്‍ അഡ്മിറ്റായി.
പിറ്റേന്ന് ഓപറേഷന്‍ ആണെന്ന ടെന്‍ഷനൊന്നും എന്നെ ബാധിച്ചില്ല. ആശുപത്രി കിടക്കയില്‍ വീഡിയോ ഗൈമും കളിച്ചു ഞാനും അനിയനും പൊട്ടിച്ചിരിച്ചു സമയം പോക്കുമ്പോള്‍ അതിലെ പോയ സിസ്റ്റര്‍ ഒന്നെത്തി നോക്കി പറഞ്ഞു.
“ആഹാ നാളെ ഓപറേഷന്‍ ആണെന്ന ബോധമൊന്നുമില്ലേ?.
“ബോധമുണ്ടായിരുന്നെങ്കില് ഞാന്‍ ഈ അവസ്ഥയില്‍ എത്തുമായിരുന്നോ” എന്നു ചോദിക്കാനാണ് തോന്നിയത്. അവര്‍ തിരികെ വന്നത് ഒരു സൂചിയുമായാണ്. അതെന്റെ ചന്തിയില്‍ കുത്തിയതോടെ എനിക്ക് വല്ലാതെ ഉറക്കം വരാന്‍ തുടങ്ങി. ഉള്ള ബോധം പോകുന്നതിനു മുമ്പ് ഞാന്‍ അനിയനോട് പറഞ്ഞു. “ഇതു എന്നെ തള്ളിയിടാനുള്ള പരിപാടിയാ മോനെ”
രാവിലെ സിസ്റ്റര്‍ വന്നു വിളിച്ചുണര്‍ത്തി രണ്ടു ഗുളികകള് കൂടി‍ തന്നു. അതോടെ പൊതുവേ ബോധമില്ലാത്ത എന്‍റെ ബാക്കിയുള്ള ബോധവും പോയി. “പവനായി” മാത്രമല്ല ഞാനും അങ്ങിനെ ശവമായി. വെടിവെച്ച കാട്ടുപോത്തിനെ അറവു ശാലയിലേക്ക് കൊണ്ട് പോകുന്നത് പോലെ എന്നെ അവര്‍ സ്ട്രക്ച്ചറില് കിടത്തി ഓപ്രേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകുമ്പോള്‍ നിറ കണ്ണുകളോടെ പിന്നാലെ വന്ന അനിയനോടു “ഇത്ര വലിയ ഓപറേഷനായിട്ടും കൂടെ ആരും വന്നിലെ” എന്നു ചോദിച്ചപ്പോഴാണ് ഓപറേഷന്റെ ഗൌരവത്തെ പറ്റി അവന്‍ അറിയുന്നത്. അതൊരു മേജര്‍സര്‍ജറി ആയിരുന്നത്രെ.
അബോധാവസ്ഥയില്‍ കിടന്ന ഒരു പകല്‍. ദേഹത്തിന്റെ ഭാരമില്ലാതെ ഏതോ ഇരുണ്ട ഗുഹയിലൂടെ ഞാന്‍ വിദൂരതയിലേക്ക് അതി വേഗം പൊയ്ക്കൊണ്ടിരുന്നു. ഭീകരമായ നിശബ്ദതയില്‍ ഒരു പൊങ്ങുതടിയെപ്പോലെ ഇരുളിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ വായുവിലൂടെ തെന്നി നീങ്ങിയുള്ള ഉപബോധ മനസ്സിന്റെ ദ്രുതഗമനം. ദേഹം വിട്ടു ഞാന്‍ അങ്ങകലെ എത്തിയിരിക്കുന്നു. അകലെ വെളിച്ചത്തിന്റെ കൈത്തിരി നാളം പോലുമില്ല. ശൂന്യതയില്‍ ഒഴുകി നടക്കുകയായിരുന്നു ഞാനപ്പോള്‍. ആ നിശബ്ദതയില്‍ വിദൂരതയില്‍ നിന്നെങ്ങോ ഒരു വിളി ഞാന്‍ കേട്ടു. പിന്നെ അതു അടുത്തടുത്ത് വന്നു. മാലാഖയാണോ. ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു. ആശങ്കാകുലമായ ഒരു മുഖം. അതെന്റെ ഭാര്യയായിരുന്നു.
രാത്രി പത്തുമണിക്കു ശക്തമായ വയറു വേദനയോടെയാണ് എന്റെ ബോധം തെളിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്തത്ര ശക്തി ഉണ്ടായിരുന്നു ആ വേദനക്ക്. ഇളകിയാല്‍ മൂക്കില്‍ നിന്നും ചോര ഒലിക്കും, അതിനാല്‍ തല ആരോ പിടിച്ചു വെച്ചിരിക്കുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. ഒടുവില്‍ കിടന്ന കിടപ്പില്‍ ഞാന്‍ ഛര്‍ദ്ദിച്ചു. ഒരു പാട് രക്തം പുറത്തേക്ക് ഒഴുകിയപ്പോള്‍ ആരുടെയൊക്കെയോ തേങ്ങല്‍ ഉയര്‍ന്നു. പ്രാര്‍ഥനയും. രക്തം ഛര്‍ദ്ദിച്ചതോടെ വയറു വേദന പമ്പയും പെരിയാറും കടന്നു. എനിക്ക് ആശ്വാസമായി. സര്‍ജറി ചെയ്യുമ്പോള്‍ വയറിലേക്ക് ഇറങ്ങിയ രക്തമായിരുന്നത്രേ പ്രശ്നക്കാരന്‍. ഏഴാം ദിവസം ഞാന്‍ ആശുപത്രി വിട്ടു.
************************
ജീവിതത്തില്‍ നിന്നും എടുത്തു എഴുതിയ ഒരു അദ്ധ്യായമാണിത്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…