മർഫി(*) റേഡിയോ.

ശ്രീകൃഷ്ണദാസ് മാത്തൂർ

അഛനുപേക്ഷിച്ചുപോയ 
മർഫി റേഡിയോയിൽ 
ഒരു കുഞ്ഞു ചിരിക്കുന്നു, 
അതിനിരുട്ടു കീറിയ 
ടോർച്ചിന്റെ മുഖം, 
സിലോണിൽ ചെവിവട്ടം പിടിച്ച്‌ 
നിന്നുപോയ സ്റ്റേഷൻ സൂചി. 
വിസരിച്ചുപോയ സിഗ്നലോളം 
തിരിയെന്നു ഗദ്ഗദപ്പെടൽ. 

തിരശ്ശീലവീഴാത്ത 
ഒരുനാടകോൽസവത്തിന്റെ 
ഇടവേളയിൽ മയങ്ങാൻ കിടന്നു, 
സ്റ്റേഷനടച്ചപ്പോളേൽക്കുന്നു, 
അശരീരികൾ നിന്നിരുന്നു. 
റേഡിയോയും ടോർച്ചും 
ഒരു മൂളിപ്പാട്ടും - 
ഒരു വരത്തുപോക്കിന്റെ വടുവും 
മാഞ്ഞുപോയതിന്റെ ഓർമ്മ, 
കേടായ മർഫി റേഡിയോ.. 
വലുതാവാത്തൊരു കുഞ്ഞ്‌ 
ഇപ്പൊഴുമതിലിരുന്നു ചിരിക്കുന്നു. 

പറമ്പിൽ ദീപങ്ങൾ മുളച്ചത്‌, 
മൺകൂനകളിൽ തെങ്ങുകിളർന്നത്‌, 
പാൽനെല്ലുരസ്സിവന്ന, 
പദസ്വനങ്ങൾ നിലച്ചത്‌, 
ചിലരുണക്കാനിട്ട തുണികൾ 
മറ്റുചിലരെടുത്തുടുത്തത്‌, 
കറകൾ കൈമാറിപ്പോന്നത്‌... 
പൊടി തട്ടി, തട്ടുമ്പുറ- 
ക്കാലത്തെ മഥിച്ചെടുക്കുമ്പോൾ, 
പൊങ്ങിവരും കേടായ റേഡിയോ, 
മർഫി റേഡിയോ, 
തുടച്ചെടുക്കുമ്പോൾ, തെളിയുന്നത്‌ 
അഛൻ പകർത്തിക്കൊണ്ടുപോയ 
ചിരി, 
അതേപോലെ, ശരിപ്പകർപ്പ്‌... 

കേടായിട്ടും ഇത്‌ 
വാർത്തകൾ വായിക്കുന്നു, 
ഒരു തട്ടുമ്പുറക്കാലത്തിനപ്പുറം 
ചാടികടന്ന് 
നൊമ്പരം റിപ്പോർട്ട്‌ ചെയ്യുന്നു... 

************* 

കുറിപ്പ്‌: (*) പണ്ടത്തെ "മർഫി" ബ്രാണ്ട്‌ റേഡിയോ. ചിരിക്കുന്ന കുഞ്ഞിന്റെ മുഖമാണു` അതിന്റെ എംബ്ലം. 


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ