18 Mar 2012

മഞ്ഞിനുമീതെ നിലാവ്

അഷർ ഓൺലൈൻ

മല്‍ബു ഇത്രവേഗം മടങ്ങുമെന്ന് ആരും നിരീച്ചതല്ല.
എല്ലാവരെയും അറിയിച്ച്, കൊട്ടിഘോഷിച്ചു കൊണ്ടുള്ള ഒരു മടക്കം.
അഞ്ച് കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിന്റെ കോട്ടിട്ട ചൊങ്കന്‍ പടമാണല്ലോ പത്രത്തില്‍ അച്ചടിച്ചു വന്നിരിക്കുന്നത്.
എന്നാലും ഇതെങ്ങനെ സാധിച്ചുവെന്ന് തിരക്കാത്തവരില്ല.
പ്രവാസത്തിനു ഇത്രവേഗം ഒരു ഫുള്‍ സ്റ്റോപ്പ് ? അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചോദിച്ചു. ഇരുപതും മുപ്പതും വര്‍ഷമായിട്ടും മടക്കയാത്രയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ തലയില്‍ പെയിന്റടിച്ചു നടക്കുന്നവരുടെ ഇടയില്‍.
മല്‍ബു മറുപടി പുഞ്ചിരിയിലൊതുക്കി.
കുത്തികുത്തി ചോദിക്കുന്നവരോട് പറയും. ജീവിതം ഇവിടെ ഹോമിക്കാനുള്ളതല്ല. അഞ്ച് വര്‍ഷത്തെ പരിധി നിശ്ചിയിച്ചോണ്ടാ ഞാന്‍ വിമാനം കയറിയത്. അഞ്ച് തികയാന്‍ ഇനി ഒരു മാസം കൂടിയുണ്ട്. പോയിട്ടുവേണം മോനെ സ്‌കൂളില്‍ ചേര്‍ക്കാന്‍. ശിഷ്ടകാലം എന്റെ മല്‍ബിയോടൊപ്പം സുഖജീവിതം.
പിന്നെ പിന്നെ, പറഞ്ഞാ മതി. സുഖ ജീവിതം. പൊരിയുന്ന ചൂടും കുത്തനെ ഉയരുന്ന സാധനങ്ങളുടെ വിലയും. ആറു മാസം തികച്ചു നില്‍ക്കാനാവില്ല. നീയൊക്കെ അനുഭവിക്കും.
എന്നാലും നീ ചെറുപ്പമല്ലേ. നല്ലോണം ആലോചിച്ചോണ്ടു തന്നെയാണോ തീരുമാനമെടുത്തത്. പലര്‍ക്കും മടങ്ങിപ്പോയിട്ട് അവിടെ നില്‍ക്കക്കള്ളി കിട്ടിയിട്ടില്ല. വല്ലതും ഉണ്ടോ നാട്ടില്‍. അവിടെ പോയി എന്തു ചെയ്യാനാ പ്ലാന്‍.
നല്ല സുഹൃത്തുക്കളുടെ അന്വേഷണവും ഉപദേശവും തുടര്‍ന്നു.
അങ്ങനെയിരിക്കെയാണ് മല്‍ബുവിനു പേരുദോഷം വരുത്തിക്കൊണ്ട് ലുങ്കി ന്യൂസുകളുടെ പ്രവാഹം തുടങ്ങിയത്.
വെറുമൊരു ഹൗസ് ഡ്രൈവറായ മല്‍ബു ഇത്ര വേഗം എങ്ങനെ പ്രവാസത്തിന് ആണിയടിക്കും. അതിന്റെ ഗുട്ടന്‍സ് ലുങ്കി ന്യൂസ് ഉമടകള്‍ക്ക് ഒരു തരത്തിലും പിടികിട്ടുന്നില്ല. അവര്‍ പലമാതിരി കഥകള്‍ പരത്തി. രഹസ്യവിവരങ്ങളുടെ കുത്തൊഴുക്ക്.
അറബിച്ചി വലിയ ഒരു കിഴി നല്‍കിക്കാണും.
അല്ലെങ്കില്‍ അവിടെനിന്ന് എന്തേലും അടിച്ചു മാറ്റിക്കാണും.
തായ്‌ലന്റ് ലോട്ടറി കിട്ടിക്കാണും.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ കൊടുത്ത് നല്ലോണം സമ്പാദിച്ചിട്ടുണ്ടാകും.
ഇതില്‍ അവസാനം പറഞ്ഞതാണ് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. അല്ലാതെ അറബിച്ചി കിഴുക്കല്ലാതെ കിഴി നല്‍കിയിട്ടേയില്ല. സൂപ്പര്‍മാര്‍ക്കറ്റീന്ന് സോപ്പ് പൊടിയും പാല്‍പ്പൊടിയും ഓഫറില്‍ വാങ്ങി മറിച്ചു വിറ്റാല്‍ കിട്ടുന്നതിന് ഒരു കണക്കില്ലേ ഇഷ്ടാ. നട്ടാല്‍ മുളക്കാത്തെ നുണയൊന്നും ഇങ്ങനെ എഴുന്നള്ളിക്കരുത്. ജോലി കഴിഞ്ഞ് ഒഴിവുള്ള സമയത്ത് ഓഫറുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തേടി പോകാറുണ്ട്. അതു മനസ്സിലാക്കിയ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ഒരാള്‍ക്ക് വാങ്ങാവുന്ന ഒരിനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
അവന്‍ വല്ലതും അടിച്ചുമാറ്റിക്കാണുമെന്നും അതുകൊണ്ടാണ് വേഗം തടി സലാമത്താക്കുന്നതെന്നും ലുങ്കി ന്യൂസ് പരന്നത് മനസ്സിലാക്കി തന്നെയാണ് മല്‍ബുവിന്റെ മനസ്സില്‍ ഐഡിയ ഉദിച്ചത്. ഒളിച്ചോടി പോകുന്നതല്ലെന്നും എല്ലാവരെയും അറിയിച്ചുകൊണ്ടുതന്നെയാണ് പോക്കെന്നും നാലാളെ ബോധ്യപ്പെടുത്തുക.
ഒരു ഫോട്ടോ പത്രത്തില്‍ വരുത്തുക. അങ്ങനെ അടുത്ത കൂട്ടുകാരെ വിളിച്ച് പാര്‍ട്ടി ഏര്‍പ്പാടാക്കി. ബ്രോസ്റ്റും സെവനപ്പും.
അങ്ങനെയാണ് അടുത്ത ദിവസം പടം സഹിതം വാര്‍ത്ത വന്നത്.
അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന മല്‍ബുവിനു കൂട്ടുകാര്‍ യാതായയപ്പ് നല്‍കി.
ബ്രോസ്റ്റിനു മീതെ സെവനപ്പും വലിച്ചു കുടിച്ച ശേഷം പല്ലില്‍കുത്തി രസിക്കുന്നതിനിടെ കൂട്ടുകാര്‍ ചോദിച്ചപ്പോള്‍ മല്‍ബു അറിഞ്ഞോ അറിയാതെയോ തന്റെ വിജയഗാഥ അവതരിപ്പിച്ചു. മഞ്ഞിനുമീതെ നിലാവ് പെയ്തതു പോലെ.
അതിന്റെ തുടക്കവും വളര്‍ച്ചയും തിളങ്ങുന്ന ഇന്ത്യയിലാണ്. ഗള്‍ഫിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉള്ള കാശ് തട്ടിക്കൂട്ടി ഇത്തിരി സ്ഥലം വാങ്ങിയിരുന്നു. അന്ന് മൂന്ന് ലക്ഷത്തിനു കിട്ടിയ റബര്‍ തോട്ടത്തിനു ഇപ്പോള്‍ വില 75 ലക്ഷമായിട്ടുണ്ട്.
ഇവിടെ വന്നതിനുശേഷം രണ്ട് ലക്ഷത്തിനു വാങ്ങിയ 10 സെന്റിന് 20 ലക്ഷവുമായി. ഇനി ജീവിക്കാന്‍ ഇതൊക്കെ മതി. എന്താ പോരേ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...