കമലാലയം രാജന്‍
നനഞ്ഞ പുസ്തകങ്ങള്‍
നെഞൊട്ടി ഉണങ്ങിയ
നടവഴികളില്‍ ..
ആദ്യ പ്രണയത്തിന്റെ
കാല്‍പ്പാടുകള്‍
ചെളിവെള്ളം നിറയാനായ്
കുഴിഞ്ഞു കിടന്നിരുന്നു
കുഴികള്‍
മഴവെള്ളത്തെ
അണ കെട്ടി നിര്‍ത്തിയ കാലത്ത്
അണ തകര്‍ത്തൊഴുകിയ പ്രണയം
പൊള്ളുന്ന ഹൃദയ ച്ചൂടില്‍ ബാഷ്പ്പീകരിച്ചു പോയി ..
മാറോടണയ്ക്കപ്പെട്ട പുസ്തകങ്ങള്‍
ഉണങ്ങിയെങ്കിലും
നനഞ്ഞ പാവാടകള്‍
ഉണങ്ങാതെ
പാതിറ്റാണ്ടുകളായി ഈറന്‍ തെറിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു
ചെമ്മണ്‍കുഴികള്‍ താര്‍ പുരണ്ട
കല്‍ക്കഷ് ണങ്ങളാല്‍ മറയ്ക്കപ്പെട്ടു
നനഞ്ഞ പാവാടകള്‍
പ്രതീക്ഷിച്ച വെളിമ്പുറങ്ങളില്‍
കണ്ണുകള്‍ നടന്നു തളരുന്നു ...
പ്രൈമറി സക്കൂളിലെ കലപിലകള്‍
ആയുസ്സൊടങ്ങാതെ കാത്തിരിയ്ക്കുന്നത്
കരളില്‍ കവിതകള്‍ അട വെയ്ക്കപ്പെടുന്നതു കൊണ്ടാണ്
വിരിയുന്ന സ്വപ്ന ങ്ങള്‍ക്ക്
പാവാടകളുടെ നനവും
നെഞൊട്ടിയുണങ്ങിയ
പുസ്തകങ്ങളുടെ ചൂടും
ആത്മാവാകുന്നു ...