ഇന്ദിരാ ബാലൻ
ആരാണ് കവി? കവി അന്തരാ ദർശിക്കുന്നവൻ. അറിയുകയും., ശബ്ദിക്കുകയും, വർണ്ണിക്കുകയും ചെയ്യുന്നവനാണ് കവി. അറിവ് ദർശനമാകുന്നു. കവി, ക്രാന്തദർശിയാണ്. ക്രാന്തദർശനം കടന്നുകാണലാണ്. ഭട്ടതൗതന്റെ പ്രസിദ്ധ്മായ കാരിക നോക്കുക:
"നാ നൃഷിഃ കവിരിത്യുക്ത
മൃഷിശ്ച്ചകില ദർശനാത്
ദർശനാത് വർണ്ണനാദ് വാപി
രൂഢാ ലോകേ കവിശ്രുതിഃ
വിചിത്ര ഭാവ ധർമ്മാംശ
തത്വ പ്രഖ്യാ ച ദർശനം"
ഋഷിയല്ലാത്തവൻ കവിയല്ല.ദർശനശക്തിയാണ് ഒരാളെ ഋഷിയാക്കുന്നത്`. ഓരോ കവിയും തന്റേതായ ലോകത്തെ സങ്കൽപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു. സങ്കൽപ്പനത്തിനും, സംരചനക്കും ഒരുതൃതീയചക്ഷുസ്സ് കവിക്കുണ്ടായിരിക്കണം. "കവി" പദത്തിന് നിരവധി നിഷ്പത്തികൾ കാവ്യശാസ്ത്രകാരന്മാർ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ ലക്ഷണ ശാസ്ത്രങ്ങൾ പഠിച്ചല്ല ഒരു കവി ജനിക്കുന്നത്. യഥാർത്ഥകവിയുടെ സ്വഭാവഘടകങ്ങൾ ഈ ശാസ്ത്രങ്ങൾക്കനുസരിച്ചാകുന്നു എന്നതാണ് വാസ്തവം. കവികൾ ഏറെ പേരും അവധൂതരെപ്പോലെയാണ്. ആ ഗണത്തിൽ പെടുത്താവുന്ന സമാരാധ്യ കവിയാണ്` പി. കുഞ്ഞിരാമൻ നായർ.
കവിത്രയത്തിന്റെ കാലത്തോടു കൂടി മലയാളകവിതാശാഖ പരിവർത്തനത്തിന്റെ വിശാലാന്തരീക്ഷത്തിലേക്ക് കടക്കുകയും, കവിതാശാഖയിൽ പുതിയ ചാലുകളും, മാനങ്ങളും കൈവരിക്കുകയും ചെയ്തു. ഇവിടെ നിന്നും കാവ്യശിക്ഷണം നേടിയ കവികൾ ഒരു പുത്തൻ കാവ്യാവബോധം വളർത്തിയെടുക്കുകയും, അതു പ്രയോജനപ്പെടുത്തി കൂടുതൽ മേനി കൊയ്തെടുക്കുവാൻ നിരന്തരം ശ്രമിക്കുകയും ചെയ്തു. ഈ നിരയിലെ അദ്വതീയരായ കവികളാണ് ജി. ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ബാലാമണിയമ്മ, പി. എന്നിവർ. ആഖ്യാനകവിതകളുടേയും, ഭാവാത്മക കവിതകളുടേയും കാലമായിരുന്നു അത്.
ആത്മനിഷ്ഠമായ സ്വച്ഛന്ദ വികാര ധാരയുടെ അനിയന്ത്രിത പ്രവാഹം മലയാളത്തിലെ ആധുനിക കാൽപ്പനിക ശാഖയിൽ പരമാവധി ശുഭ്രതയോടേയും, തെളിമയോടേയും ഭാരതീയ സംസ്ക്കൃതിയുടെ ഹിമവത് ശ്രേണിയിൽ ഉറവയെടുത്തത് പി.യുടെ കവിതകളിലൂടേയാണെന്ന് കണ്ടെത്താം. വിചാരധാരാരൂപത്തിൽ രാഷ്ട്രജീവിതത്തേയും, സാമൂഹ്യ സമസ്യയേയും, വ്യക്ത്യനുഭവത്തേയും കോർത്തിണക്കി ഇവ മൂന്നിന്റേയും അന്തർദ്ധാരയായ ആധുനിക ജീവിതത്തിന്റെ സംഘർഷം പ്രകടമാകുന്ന രചനകൾ നിരവധി അദ്ദേഹത്തിന്റേതായിട്ടുണ്ട്. എന്നിട്ടും ചിലരെല്ലാം പി.യെ കേവലമൊരു "ഭക്തകവി" മാത്രമായി മുദ്ര കുത്തുന്നു.
പി.കുഞ്ഞിരാമന്നായർ |
അദ്ദേഹത്തിന്റെ ഭക്തി ലോകത്തോടായിരുന്നു. വിഗ്രഹത്തിലധിഷ്ഠിതമായ സാധാരണ ഭക്തിയല്ല. എല്ലാറ്റിൽ നിന്നുമകന്ന് ഉയർന്ന ധ്രുവ ദീപ്തിയിലിരുന്ന് സർവ്വസാക്ഷിയായി, നിസ്സംഗനായി ലോകനിരീക്ഷണം ചെയ്യുന്നവനാണ് കവി. അവിടെയാണ് കുഞ്ഞിരാമൻ നായരുടേയും സഥാനം. പരിസ്ഥിതി വിജ്ഞാനം, സ്ത്രീ വാദചിന്ത, അധിനിവേശ വിരുദ്ധ മനോഭാവം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ അവബോധം അദ്ദേഹത്തിന്നുണ്ടായിരുന്നുവെന്
ചിരന്തനമായ ഒരന്വേഷണത്തിന്റെ സഞ്ചാര പഥങ്ങൾ തേടിയുള്ളതായിരുന്നു പി.ക്കു കവിത. നിത്യത തേടിയുള്ള അനുസ്യൂതമായ യാത്ര. കവിതയും, ജീവിതവും പരസ്പരപൂരകമായി. ഈ അഭേദകൽപ്പനയുടെ പൊരുളെന്തെന്നറിയാതെ പി. കവിതകളുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാനാവില്ല. ജീവിതവും കവിതയും ഒന്നായലിഞ്ഞു ചേർന്ന് അന്തരാത്മാവിൽ നിന്ന് തിളച്ചു പൊന്തുന്ന മധുരാനുഭൂതിക്കു വേണ്ടി അലയുന്നവനാണ് ഏതൊരു കവിയും. മരണത്തിനും അഥവാ വൈരൂപ്യത്തിനും സൗന്ദര്യം ദർശിക്കുവാൻ കവി മനസ്സിനു കഴിയും. ആത്മദുഃഖങ്ങളോടെന്ന പോലെ അപരദുഃഖളോട് എഴുത്തുകാരന്റെ മനസ്സ് സാത്മീഭവിക്കുന്നു. ഈ സമരസപ്പെടൽ പി.കവിതകളിൽ കാണാൻ കഴിയും. "നിങ്ങളുടെ കവിതയിൽ പ്രകൃതിയുണ്ട്. മനുഷ്യനില്ല എന്ന വിമർശനത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. "പ്രകൃതിയിൽ അവൻ അടങ്ങുന്നു. "ബുദ്ധിജീവി" എന്ന് സ്വയം വാഴ്ത്തി ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യൻ , മനുഷ്യപ്രകൃതി- അത് വിശ്വപ്രകൃതിയിലൊതുങ്ങുന്നു"മനു
വ്യക്തിപരതയെ സാമൂഹ്യപരതയായി കണ്ടറിവാൻ, മാതൃഭൂമിയെ തന്റെ അമ്മയായിട്ടും, തെരുവുകുഞ്ഞുങ്ങളിൽ സ്വന്തം മക്കളെ ദർശിക്കാനുമുള്ള ആന്തരിക വിശുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് ശരിയായ ആദ്ധ്യാത്മികത, പ്രഅർത്ഥനയല്ല ശരിയായ പ്രവർത്തനമാണ് "ആദ്ധ്യാത്മികത"
"നീല വിണ്ടലമൊരൊറ്റ മേൽപ്പുരയുള്ള
വീടത്രെ ലോകം, കെടാവിളക്കോ വിശ്വപ്രേമം"....എന്ന വരികളിലൂടെ "വസുധൈക കുടുംബക" മെന്ന ഭാരതീയ സങ്കൽപ്പത്തെ തന്നെയാണ് കവി വിവക്ഷിക്കുന്നത്. ആധുനിക മനുഷ്യൻ നിർമ്മിച്ച ദേശാതിർത്തികൾ തകർത്ത് വിശ്വപ്രകൃതിയിലെ സകല ചരാചരങ്ങളും ഒരുമിച്ചു കഴിയുന്ന ലോകം തന്നെയാണ് കവി വിഭാവന ചെയ്യുന്നത്`. ഇടുങ്ങിയതും, വിഭാഗീയവുമായ , ചിന്താഗതികളൊ ആശയസംഘട്ടനമോ , പക്ഷപാതിത്വമോ അവിടേയില്ല. "അചേതനങ്ങളെ മാനവീകരിക്കുകയത്രേ കവി കർമ്മം. പുൽക്കൊടിയിൽ പ്രപഞ്ചം ദർശിക്കുന്ന മിസ്റ്റിക് ഭാവം തന്നെയാണിത്. തനതംശങ്ങൾ കാലഹരണപ്പെടുമ്പോഴും . ലോകത്ത് മാറി വരുന്ന ശാസ്ത്രാഭിമുഖ്യത്തേയും .പുരോഗനേച്ഛയേയും കവി എതിർക്കുന്നില്ല.
സാമൂഹിക ജീവിതത്തിന്റെ തകർച്ചയും, മനുഷ്യന്റെ വികലവും നിർദ്ദയവുമായ പ്രവർത്തനങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ ഭർത്ത്സിക്കാനും പി. തയ്യാറാവുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിത വീക്ഷണം പ്രകടമ്മാക്കുന്ന ഒരു രചനയാണ് "മൺകുടത്തിന്റെ വില" എന്ന കവിത എന്ന് ഡോ: ലീലാവതി ടീഛ്ചർ അഭിപ്രായപ്പെടുന്നു. നേരത്തെ വ്യക്തമാക്കിയ രാഷ്ട്രജീവിതത്തേയ്യും, സമൂഹസമസ്യയേയും , വ്യക്ത്യനുഭവത്തേയും കോർത്തിണക്കി ഇവ മൂന്നിന്റേയും അന്തർദ്ധാരയായ ആധുനിക ജീവിതത്തിന്റെ സംഘർഷം പ്രകടമാക്കുന്ന പ്രധാനപ്പെട്ട രണ്ടു ദീർഘ കാവ്യങ്ങളാണ് "കളിയച്ഛനും, നരബലിയു". കപടഭക്തികൾ കൂർക്കം വലിച്ചുറങ്ങുന്ന കാഴ്ച്ചകൾ; വേലി തന്നെ വിളവു തിന്നുന്ന അവസ്ഥകൾ- ഈയൊരു സാമൂഹികയാഥാർത്ഥ്യം ഉരുകിക്കൂടി മനസ്സിലടിഞ്ഞ് അവിടെ ഉയിർക്കൊണ്ട ആദിരൂപമാണ്` "നരബലി" ഭീമമ്മായ അപരാധം ഏതോ അവ്യാകൃതമായ അന്തഃശ്ച്ചോദനയാൽ ചെയ്യുക, അതിന്റെ കാഠിന്യമോർത്ത് പിന്നീട്` തീവ്രമായി പശ്ച്ചാത്തപിക്കുക-- ഈ മനോവൃത്തി കവിയുടെ ജീവിതത്തിൽ പലവട്ടം ഉണ്ടായി. അത്തരമൊരു സന്ദർഭത്തെ "സാധാരണീകരണം" എന്ന കവിപ്രക്രിയയിലൂടെ ലോകാനുഭവമാക്കി രചിച്ചതാണ് (1952)"കളിയച്ഛൻ". പ്രത്യക്ഷത്തിൽ സിദ്ധിമാനായിരുന്നിട്ടും ഗുരുശാപമേൽക്കേണ്ടി വന്ന ഒരു കഥകളി നടൻ ,പിന്നീട് അനുഗ്രഹം തേടി ഗുരുപാദത്തെ ശരണം പ്രാപിക്കുന്ന കഥയാണിത്. ആത്മീയതയാണ് മുന്നിട്ടു നിൽക്കുന്ന ശ്രുതി. എന്നാൽ ആച്ഛാദിത ശ്രുതിയായി നമ്മുടെ സമകാലിക ദേശീയ രാഷ്ട്രീയത്തിലെ ധാർമ്മികാധഃപതനവും വരുന്നുണ്ട്,
"ഒക്കില്ലൊരിക്കലും മേലിലെനിക്കിനി
ഇക്കളിയോഗത്തിലൊത്തു കളിക്കുവാൻ"
എന്ന വ്യക്തിത്വവാദത്തിലാണ്` തുടക്കം. ഒക്കില്ലെന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ ഒന്നിനും കഴിയില്ല. എന്നാൽ ഒത്തുകളിക്കേണ്ടത് "കളിയോഗത്തിലെ" ആവശ്യവുമാണ്. ഇത് വിശാലമായ അർത്ഥതലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സമൂഹത്തിനൊപ്പം ജീവിക്കുമ്പോൾ , വ്യക്തിത്വവാദത്തിന് പ്രസക്തിയില്ല. സഹകരണവും, ത്യാഗവുമാണ് വേണ്ടത്. തന്റെ ദുരന്തത്തെ ഈ കഥാപാത്രം നേരിട്ട് ആഖ്യാനം ചെയ്യുന്നിടത്ത് ഈ മനുഷ്യൻ നവീനഭാരതീയന്റെ ഒരു പ്രതിനിധികൂടിയാകുന്നുണ്ട്. രാഷ്ട്രവ്യക്തിത്വം തന്നെയാണ് അവിടെ മറക്കുന്നത്. അപ്പോൾ, ഭാരതം അതിന്റെ വ്യക്തിത്വത്തെ മറന്ന് -ആത്മസ്വരൂപത്തെ മറന്ന്--നിയോഗം മറന്ന് -ആർക്കോ വേണ്ടി ഓരോരോ വേഷംകെട്ടി സ്വയം നശിക്കുന്നുവെന്നും , അത്യുദാത്തങ്ങളായ തന്റെ ആദർശങ്ങളെ വെടിഞ്ഞു എന്നുമുള്ള ആശയം ഇവിടെ ഉരുത്തിരിയുന്നു. ഈ ദുരന്തം ഭാരതത്തിന്റെ ദുർദ്ദശയുമായി ഒത്തിണങ്ങുന്നു.
ഇങ്ങിനെ എണ്ണിയാൽ തീരാത്തത്ര ആശയപ്രപഞ്ചം സൃഷ്ടിച്ച പി.ക്കുഞ്ഞിരാമന നായരെന്ന കവി കേവലം ചെറിയ വൃത്തങ്ങളിലൊതുക്കപ്പെടേണ്ടയാ