Skip to main content

തീവണ്ടി കാണിച്ചു തരുന്ന കാഴ്ച്ചകള്‍

രഘുനാഥ് പലേരിതീവണ്ടിയോളം എനിക്ക് ഇഷ്ടപ്പെട്ട ഒരു വാഹനം വേറെ ഇല്ല. മുന്‍പ് മിക്ക സഞ്ചാരങ്ങളും അഛനൊപ്പം ആയിരുന്നു. ഒരു മഴയില്‍ ഒരു കുടപിടിച്ച് ഒരുമിച്ചു ഒന്നായി നടക്കുന്ന രണ്ടുപേര്‍പോലെ ആയിരുന്നു ആ യാത്രകള്‍ എല്ലാം. ഇപ്പോള്‍ അഛനു പകരം തീവണ്ടിമാത്രം. ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നു. തീവണ്ടി കാണിച്ചു തരുന്ന കാഴ്ച്ചകള്‍ അപാരമാണ്. പക്ഷെ കാണാന്‍ ഉള്ള കരുത്തും ഉള്‍ക്കൊള്ളാന്‍ മിഴിവും ഉണ്ടാവണം. ജനലിലൂടെ നമുക്ക് നമ്മളെ തന്നെ കാണാം എന്നതാണു തീവണ്ടിയുടെ പ്രത്യേകത. അടച്ചു പൂട്ടിയുള്ള മുറിയെക്കാള്‍ നല്ലത് തുറന്നു വെച്ച മുറികള്‍ തന്നെയാണ്. പുറത്ത്‌ തിമര്‍ത്ത്‌ പിറകൊട്ടോടുന്ന കാറ്റും ഭൂമിയും തരുന്ന കൌതുകം പറഞ്ഞറിയിക്കാന്‍ കഴിയില്ല. തീവണ്ടിക്കൊപ്പം താഴ്ന്നും ഉയര്‍ന്നും ഓടുന്ന കറന്റ് കമ്പികളും ടെലഫോണ്‍ കമ്പികളും നോക്കി ഇരിക്കുക എന്റെ വിനോദമാണ്. അവ ഒരു നൃത്ത ലഹരിയില്‍ ആണെന്നു തോന്നും അപ്പോള്‍ . തീവണ്ടി എനിക്ക് എത്രയോ ചങ്ങാതിമാരെ തന്നിട്ടുണ്ട്. കാണാറേ ഇല്ലാത്ത എത്രയോ പേരെ വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ചിട്ടുണ്ട്. അപൂര്‍വ്വം ടിക്കറ്റ്‌ പരിശോധകര്‍ ടിക്കറ്റ്‌ വായിക്കുന്നതിനിടെ, ഇപ്പോള്‍ എന്തേ… കഥകള്‍ കാണുന്നില്ലെന്ന്, എന്നോട് ചോദിച്ചിട്ടുണ്ട്.മുന്‍പ്‌ തീവണ്ടി മുറികള്‍ ഒരു വീട് പോലെ ആയിരുന്നു. കയറേണ്ട താമസം അത് വീടായി. എവിടേക്കാ.. എങ്ങോട്ടേക്കാ.. ഇതാ ഇവിടിരുന്നോളൂ… വല്ലതും കഴിക്കണ്ടേ …
പിന്നെ പൊതി തുറക്കലായി. മറ്റു വീടുകളിലെ പാചക രുചി അറിയുകയായി ….
മയക്കു മരുന്നു പുരട്ടിയ ബിസ്ക്കറ്റ് വന്നതോടെ ആ സന്തോഷം വേരറ്റു. ഇപ്പോള്‍ നമ്മള്‍ തന്നെ നമ്മളില്‍ നിന്നും നല്ല ഭക്ഷണം വാങ്ങി കഴിക്കാതായി.. തീവണ്ടി നമ്മളെ ഭയപ്പെടുത്തുകയായി….
തീവണ്ടിയില്‍ മരണവും ജനനവും ഞാന്‍ കണ്ടിട്ടുണ്ട്. മരണം ഒരിക്കല്‍ കാസര്‍ഗോഡ്‌ പോകുമ്പോള്‍ ആയിരുന്നു. ജനനം ആദ്യമായി ബോംബെക്ക് പോകുമ്പോഴും. ഒരിക്കല്‍ ഞാന്‍ ഇരുന്നത് കൈ വിലങ്ങു വെച്ച് രണ്ടു പോലിസുകാര്‍ക്ക്‌ ഇടയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് മുന്‍പില്‍ ആയിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടു. പറമ്പിന്റെ അതിരിലെ ഒരു മരത്തെ ചൊല്ലിയുള്ള കശപിശയില്‍ ഒരാളെ ഇടിച്ചു ചമ്മന്തി ആക്കിയതിനാണു ആ വിലങ്ങ് . ആ മരം അവിടെ ഇപ്പോള്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അയാളുടെ ഉത്തരം ഒരു ഗീതാ വചനം പോലെ തോന്നിച്ചു…
“ഇല്ല. കാറ്റില്‍ വീണു… ”
ഒരിക്കല്‍ ഇരിപ്പിടത്തിന്റെ വിള്ളലില്‍ കൈ കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെ തടവിയും ഉമ്മ വെച്ചും സേലം വരെ ഞാന്‍ എത്തിച്ചിരുന്നു. അവിടെ വെച്ച് റെയില്‍വേക്കാര്‍ വന്ന്‍ ആ കുഞ്ഞിക്കൈ ഭദ്രമായി പുറത്തെടുത്തു. ആ കുഞ്ഞിപ്പോള്‍ റെയില്‍വേയില്‍ തന്നെ വല്ല ജോലിയും ചെയ്യുന്നുണ്ടാവും. :)
വളരെ നേരം മുന്നോട്ടോടി, തീവണ്ടികള്‍ പണ്ട് മറു വണ്ടിക്ക് വഴിമാറി കൊടുക്കാന്‍ പിറകോട്ടും ഓടുമായിരുന്നു. വളരെ കൌതുകമായിരുന്നു. എനിക്കാ കാഴ്ച്ച. ഇപ്പോള്‍ ഞാന്‍ കയറുന്ന തീവണ്ടികള്‍ പിറകൊട്ടോടാറില്ല. എന്നാല്‍ എന്റെ മനസ്സ്‌ ഓടാറുണ്ട് ….
ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഞാനും ഡേവിഡും വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ തീവണ്ടിയില്‍ ഓറഞ്ച് വിറ്റിരുന്നു. ഒരിക്കല്‍ നാലഞ്ച് ഓറഞ്ച് വാങ്ങിയ ഉമ്മച്ചി പണം തരാന്‍ മടിശ്ശീല തുറക്കുമ്പോഴേക്കും വണ്ടി വിട്ടതും.. അത് തുറക്കാന്‍ കഴിയാതെ ഞങ്ങളെ ദയനീയമായി നോക്കിയതും മറക്കാന്‍ കഴിയില്ല…
……………………….
അവര്‍ ഏത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആയിരിക്കും ആ മടിശ്ശീല തുറന്നിട്ടുണ്ടാവുക . എന്റെ മടിശ്ശീല തുറക്കാനും ഇനി എത്ര സ്റ്റേഷന്‍ കാണും …

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…