ഷാജഹാൻ നന്മണ്ടൻ
പ്രണയത്തിന്റെ ഭാവങ്ങള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും.പക്ഷേ അതിനു പലപ്പോഴും മാനുഷിക ഭാവങ്ങള്‍ കൈവരാരുണ്ട് എന്നത് റോസിലിയിലൂടെ അയാളറിഞ്ഞു.
റോസിലി പ്രണയിച്ചത് നിഴലുകളെയായിരുന്നു.സൂര്യന്‍ ഉദിച്ചുയര്‍ന്നു മധ്യാഹ്നത്തിലേക്കുള്ള യാത്രയുടെ ഇടവേളകളിലും ,മദ്ധ്യാഹ്നം ചെരിഞ്ഞു അസ്തമയത്തിലേക്കുള്ള ഇടവേളകളിലും ,ചാഞ്ഞും ചെരിഞ്ഞും ,കുത്തനെയും നിഴലുകള്‍ അവളോടൊട്ടിക്കിടന്നു.
നിഴലുകള്‍ നിശബ്ദമാണ്.അവയെ നമുക്ക് പുണരാം ,ചുംബിക്കാം ,നമ്മുടെ ഇന്ഗീതം പോലെ ഉപയോഗിക്കാം.ജീവനില്ലെങ്കിലും അവ നമ്മെയും പുണരും.ചുംബിക്കും ..എന്തിനേറെ ഒരു ത്രുപ്തിപ്പെടുത്തല്‍ വരെ ഞാന്‍ അനുഭവിക്കാരുണ്ട് . റോസിലി ആത്മഗതം ചെയ്യാറുള്ളത് അയാള്‍ ഓര്‍ത്തു.
മൂത്തകുട്ടികള്‍ സ്കൂളില്പോയ ശേഷം ഇളയകുട്ടിയെ മുറ്റത്തെ ചാമ്പമരത്തിലെ ഊഞ്ഞാലില്‍ കിടത്തി കഞ്ഞി കൊടുക്കും നേരമാണ് റോസിലിയുടെ നിഴലുകലോടുള്ള പ്രണയമാരംഭിക്കുക നിഴലുകള്‍ റോസിലിയോട് പിണങ്ങിയൊളിക്കുക മഴക്കാലമായിരുന്നു.പിന്നെ അമാവാസികളിലും.
നിലാവുള്ള നിശകളില്‍ ജാലകങ്ങള്‍ തുറന്നു വെച്ചു പുറത്തെ നിഴലുകളെ നോക്കിയാണ് അവള്‍ അയാളുമായി രമിക്കാറുള്ളത്.
അമാവാസി രാത്രികളില്‍ കട്ട പിടിച്ച ഇരുട്ടിനിടയില്‍ കണ്ണുകള്‍ ഇറുക്കിയടച്ചവള് നിഴലുകളെ മനസ്സിലേക്കാവാഹിച്ച് തൃപ്തിയടഞ്ഞു.
നിഴല്‍ കുറ്റിയറ്റ് പോയ നട്ടുച്ചകളില്‍ തൊടികളില്‍ വിരുന്നു വരുന്ന സായന്തനങ്ങളിലെ നിഴലുകള്‍ സര്‍പ്പങ്ങളെ പോലെ പുണരുവാന്‍ അക്ഷമയായി കാത്തിരുന്നു.
മുറ്റത്തെ ചാമ്പമരം മുറിച്ചുനീക്കി ,കണികണ്ടുണര്‍ന്ന നിഴലുകള്‍ ഓര്‍മ്മകളിലേക്ക് മാത്രം സൂക്ഷിക്കുവാന്‍ തുടങ്ങിയ ദിവസമായിരുന്നു സൈകതത്തില്‍ അയാളുടെ കൂടെ റോസിലിയും ജീവിക്കാന്‍ തുടങ്ങിയത്.നിഴലുകളില്ലാത്ത സൈകതം പ്രണയമില്ലാത്ത മനസ്സ് പോലെ വെറുങ്ങലിച്ചു കിടന്നു.പകരം അര്‍ബുദം ഒരു നിഴല്‍ പോലെ അവളെ പിന്തുടര്‍ന്നിരുന്നു.
സൈകതത്തില്‍ അവളെ തൊട്ടിരുന്നു ഒരു നിഴല്‍ പോലെ ശുശ്രൂഷിക്കാന്‍ അയാള്‍ മാത്രമായിരുന്നു.ഇടനെഞ്ഞിലൊരു നിഴല്‍മാത്രമായി റോസിലിയും അവശേഷിച്ചപ്പോള്‍ അയാളും നിഴലുകളെ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു