അജിത് കെ.സി
കഥയുടെ ലവണിത ചിട്ടവട്ടങ്ങളെ നിരാകരിച്ചുകൊണ്ട് എഴുത്തിന്റെ പുതു വഴിയില്‍ ഒരു താരം ഉദിക്കുന്നുണ്ട്. ലവണാകരം നീന്തിയ രാവിന്റെ കയ്പ്പാര്‍ന്ന അനുഭവങ്ങളില്‍ സ്ഫുടമാര്‍ന്ന വാക്കുകള്‍ കൊണ്ട് ഒരു പകല്‍പ്പൂരം തീര്‍ത്ത് ലവണത്തിന്റെ നാനാര്‍ത്ഥങ്ങളെ ഈ കഥാകൃത്ത് വരികളില്‍ ഉള്‍ച്ചേര്‍ക്കുന്നു, അഴകും ഉപ്പും നീറ്റലുമായി. നിധീഷ് ജി യുടെ ലവണതീരം ബ്ലോഗില്‍ കണ്ട നാലു കഥകളാണ് എന്നെ വായനയില്‍ വിസ്മയിപ്പിച്ചത്.
വവ്വാക്കാവ് എന്ന ദശാസന്ധി എന്ന അനുഭവ കഥ കാവല്‍ കൈരളി മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനയാണ്. ചതഞ്ഞ ബുക്കും ചോന്ന മുത്തുമാലയും ചേര്‍ത്ത ലവണ ഭൂയിഷ്ഠമായ കഥയില്‍ കാക്കകളുടെ കടലിരമ്പങ്ങള്‍ക്കുമപ്പുറം നീറ്റുന്ന ഉപ്പായി, ചോരവാര്‍ന്ന ശരീരത്തിലെ തുറിക്കുന്ന കണ്ണുകളും നേര്‍ത്ത വാവല്‍ച്ചിറകുകളായി പറന്നകലുന്ന പകല്‍ക്കാഴ്ചയും വായനയ്ക്കു ശേഷം പറയുന്നത് ഭാഷയുടെ നേരിമയും ഒഴുക്കും ദിശാബോധവുമാണ്. കഥയുടെ അവസാനവരികളില്‍ ഒരു ചലിക്കുന്ന ക്യാമറ പോലെ, നിശ്ചലമായ ശരീരത്തില്‍ നിന്നും ആ പെണ്‍കുട്ടിയെ തിരയുന്ന കണ്ണുകളിലേക്കും ഉള്ളം കൈയ്യിലെ ചോന്ന മുത്തുമാലയിലേക്കും വാകമരങ്ങളിലെ കാക്കകളിലേക്കും മാറി മാറി ഫോക്കസ്സു ചെയ്യുന്ന കാഴ്ച ഒരു കഥയെഴുത്തിന്റെ സംവിധാനമികവു തന്നെ. വവ്വാല്‍ ചിറകു വിടര്‍ത്തി പറന്നുപോകുമ്പോള്‍ അപകടത്തില്‍ പെട്ടവന്റെ ദേഹത്തെ വെടിഞ്ഞു ഒപ്പം പറക്കുന്ന ഭാവനയുടെ ദശാസന്ധി.മാതൃനാട് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാവലാള്‍ എന്ന കഥയും ജീവിതവും ഭാവനയും ഇഴപിരിക്കാനാവാത്ത മറ്റൊരു ലവണമാണ്. ജീവനും മരണവും ഒരേ പോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു ഷെല്‍ അതാണു ഓരോ ജന്മവും. സ്‌നേഹത്തിനും സഹിഷ്ണുതയ്ക്കും ശേഷമാണു നിയമത്തിനു സാധൂകരണം. എന്നാല്‍ നിയമപാലകര്‍ ഇന്നു അധികാരവര്‍ഗ്ഗത്തിന്റെ ആയുധമായും ‘നഗരക്കുരുക്കുകളിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും’ സമൂഹത്തിനു കല്ലെറിയാനുള്ള പ്രതിരൂപങ്ങളായും രൂപാന്തരപ്പെട്ടിരിക്കുന്നു. സാമൂഹികനീതിപോലും നിഷേധിക്കപ്പെട്ട്, സ്വകുടുംബ സന്തോഷങ്ങളെ അടിയറവെച്ചു് കടുത്ത മാനസിക വ്യഥകളില്‍ ആത്മധൈര്യം നഷ്ടപ്പെട്ട കാവലാളുകളുടെ ഒരു ലേഔട്ട് കഥയുടെ ബാരിക്കേഡിനു പിന്നില്‍. ഫണനാഗങ്ങള്‍ കാവലാളുകളായിരുന്ന ഒരു കാലഘട്ടത്തിന്റെ പിന്‍ഗാമി അഭയം തേടി, തന്റെ നിധി നിയമപാലകനെ ഏല്‍പ്പിച്ചു പിന്മടങ്ങുന്ന ഒരു കാഴ്ച. അതിനപ്പുറം, ഓരോ ജീവനും തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നത് സൃഷ്ടിയുടെ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളിലാണെന്ന ബോധം. അതാണു കഥാകാരനു കഥയില്‍ കണ്ടു കിട്ടുന്നതും വായനക്കാരനു കഥയിലൂടെ കരഗതമാകുന്നതും.
പുകമഞ്ഞു പോലെയെന്ന കഥ പുനര്‍വായന ആവശ്യപ്പെടുന്ന ഒരു കഥയാണ്. യാന്ത്രികതയുടെ ചുരം കയറാത്ത കഥയുടെ നേര്‍വഴിയിലൂടെ ‘ശ്രദ്ധാലു’വായ കഥാകാരനൊപ്പം യാത്ര ചെയ്യുമ്പോള്‍ കാണപ്പെടുന്ന ജനാലക്കാഴ്ചകള്‍. ഒരു നാടോടിയുടെ കിളിയെപ്പോലെ വര്‍ണ്ണച്ചീട്ടുകളെടുത്ത്, ഉചിതമായ ‘ട്രാന്‍സിഷന്‍’ നല്‍കി ജീവിതവുമായി ബന്ധിപ്പിക്കുന്ന ചാരുത. പല ഫ്രെയ്മുകളില്‍ മാറി മാറി യാത്ര ചെയ്യുമ്പോഴും വഴിവളവുകളിലെ മഞ്ഞു തുളച്ചുകൊണ്ടു ഓര്‍ക്കപ്പുറത്തു മുരണ്ടു വരുന്ന, അധിനിവേശത്തിനാവാതെ തളര്‍ന്ന ലോറികളും അധിനിവേശത്തില്‍ തളര്‍ന്നുപോയ പ്രകാശവും. ജീവിത സഹയാത്രികള്‍ മിത്തുകളായിമാറുന്നതു കഥാന്ത്യം. ഫോഗുലാമ്പുകള്‍ തെളിയിച്ചു തന്നെ യാത്ര ചെയ്തില്ലെങ്കില്‍ പുക മഞ്ഞു മൂടിയ വഴിയില്‍ ഒറ്റ നോട്ടത്തില്‍ നഷ്ടപ്പെട്ടേക്കാവുന്ന കുറെ കാഴ്ചകളുണ്ട് ഈ കഥയില്‍!
വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ് ഹൈഡ്ര. ഇതിഹാസങ്ങളും ചരിത്രവും ദിവാസ്വപ്നങ്ങളും കഥയില്‍ പരസ്പരം കലഹിച്ച്, സൂക്ഷ്മ ദര്‍ശനത്തിന്റെ ഒടഞ്ചിയില്‍ കോരിയെടുത്ത കഥാതന്തുവിനെ സ്ഫടിക സമാനം വരിപാഥേയമായി കരുതുകയും ജിജ്ഞാസയുടെ നീര്‍ക്കുമിളയില്‍ ഊതിവീര്‍പ്പിച്ചു് ക്ഷണികം അനുവാചക ഹൃദയത്തില്‍ ‘നൊടിനേരത്തില്‍ തവിടുപൊടിയാ’ കുന്ന നഷ്ടബോധം നിറച്ച് പിന്‍വായനക്കു പ്രേരിപ്പിക്കുന്ന ആഖ്യാനചാരുതയ്ക്കും ഇല്ലാ കവചങ്ങള്‍ നല്‍കി മനസ്സിനെ പടയ്ക്കിറക്കുന്ന ‘റോയല്‍ സ്ടാഗി’ ന്റെ അദൃശ്യ പരിഹാസത്തിനും അതിന്റെ വര്‍ത്തമാന ബന്ധത്തിനും പ്രസക്തിയും പുതുമയുമുണ്ട്. കഥാകാരനൊപ്പം യാത്രമാത്രം ലക്ഷ്യമാക്കാത്ത പരിചിതരും അപരിചിതരുമായ ഒട്ടേറെപ്പേരും കഥയുടെ റെയില്‍വേ ‘പ്ലാറ്റ് ഫൊര്‍മി’ല്‍ ഉണ്ട്. സുഖദമായ ഭാഷയുടെ ഈര്‍ക്കിലടയാളങ്ങളാല്‍ കഥയുടെ മുറ്റം വൃത്തിയുള്ളതാണു്.
ഒന്നൊന്നിനെ ഭാഷയിലും വിഷയത്തിലും രീതിയിലും നിരാകരിക്കുന്ന വ്യത്യസ്തമായ രചനകള്‍. നാളെ, മലയാള കഥാസാഹിത്യത്തില്‍, ജീവിതത്തിന്റെയും ഭാഷയുടെയും നേരുപ്പായി ഉണ്ടാകുമെന്ന് പ്രത്യാശ നല്‍കുന്നുണ്ട് ഈ യുവാവിന്റെ കഥകള്‍; അനുഭവത്തിന്റെ ആഴക്കടലില്‍ നിന്നു തീരത്തേക്ക് വന്നലയ്ക്കുന്ന തിരകളെ വരിബന്ധങ്ങളുടെ ഉപ്പളങ്ങളില്‍ നിറയ്ക്കുവാന്‍ കഴിയുമെന്നും.