ജ്യോതിർമയി ശങ്കരൻ
നഷ്ടപ്പെടുന്ന ബാല്യങ്ങൾ
ശിഥിലമായിക്കൊണ്ടേയിരിയ്ക്കുന്ന കുടുംബബന്ധങ്ങൾ നമ്മെ അമ്പരപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. വാർദ്ധക്യം എന്ന കടമ്പ നമുക്കായികാത്തിരിയ്ക്കുന്നുണ് ടെന്നു വിശ്വസിയ്ക്കാൻ പലരും തയ്യാറാകാത്തതു പോലെ. സിനിമ, ടി.വി. ,മാധ്യമങ്ങൾ, ഇ-മെയിലുകൾ തുടങ്ങി എവിടെയും ഇതൊക്കെ വാർത്തകളല്ലാതായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ സത്യം പലപ്പോഴും നമ്മുടെ കണ്ണു നിറപ്പിയ്ക്കുന്നു.
മനസ്സിൽ കൊളുത്തിട്ടു വലിയ്ക്കുന്നവിധം വേദനാജനകമായ പല കാഴ്ച്ചകളേയും നഗരം കാണിച്ചു തരാറുണ്ടെങ്കിലും നാലു ദിവസം മുൻപുണ്ടായ ഈ സംഭവം ഇന്നോർമ്മ വരാൻ കാരണം ഇന്നത്തെ മുംബൈ മിറർ ഇംഗ്ലീഷ ന്യൂസ് പേപ്പറിലെ ഒരു വാർത്തയാണ്. മുംബൈ സന്ദർശനാർത്ഥമെത്തിയ രാഹുൽ ഗാന്ധിയുമായുണ്ടായ ഒരു നിമിഷത്തെകൂടിക്കാഴ്ച്ച ഒരു അനാഥബാലന്റെ ഭാവിയെ ആകമാനം മാറ്റി മറിച്ചെന്ന പ്രധാന തലക്കെട്ടിലെ വാർത്ത. ഏതാനും മാസങ്ങൾക്കു മുൻപായി അച്ചനും അധികം വൈകാതെ അമ്മയും നഷ്ടപ്പെട്ട ബാലൻ ഉപജീവനാർത്ഥം സബർബൻ തീവണ്ടികളിൽ ഹെയർ ക്ലിപ്സ് വിറ്റ് ജീവിച്ചു വരികയായിരുന്നു. വിധിച്ചതു വരുക തന്നെ ചെയ്യുമെന്നതിനാലാകാം രാഹുൽ സന്ദർശനത്തെക്കുറിച്ചുള്ള കൌതുകത്താൽ അങ്ങോട്ട് ആകർഷിയ്ക്കപ്പെടുകയായിരുന്നു ബാലൻ. എങ്ങിനെയോ രാഹുലിന്റെ കൺമുന്നിലെത്തിപ്പെടാനും ശ്രദ്ധിയ്ക്കപ്പെടാനും ഇടവരികയും ഈ കൂടിക്കാഴ്ച്ച നിർത്തി വയ്ക്കപ്പെട്ട അവന്റെ സ്കൂൾ പഠനം ഈ തുടരാൻ ഒരു കാരണമാകുകയും ചെയ്തു. മാത്രമല്ല, അവന്റെ പഠന റിപ്പോർട്ടുകൾ കൃത്യമായി തനിയ്ക്കെത്തിയ്ക്കണമെന്നും രാഹുൽ നിർദ്ദേശിച്ചിട്ടുണ്ടത്രെ! രാഷ്ട്രീയക്കാളിക്കാർക്കിടയിൽ ഇതൊക്കെ നിത്യസംഭവങ്ങളാണെങ്കിലും ഒരു ബാലനു രക്ഷപ്പെടാൻ അവസരം കിട്ടിയെന്ന സത്യം എന്നെ സന്തോഷിപ്പിച്ചു. ഒപ്പം അത്തരം ഒട്ടനവധി നിർഭാഗ്യവാന്മാരായ കുട്ടികളെയോർത്ത് മനസ്സിൽ വിഷമം തോന്നുകയും ചെയ്തു.
നാലുദിവസം മുംൻപ് വൈകുന്നേരത്തെ ഒരു നടത്തത്തിന്നിടയിൽ അന്ധേരി സ്റ്റേഷൻ പരിസരത്തു വച്ച് എന്റെ മുന്നിലൂടേ റോഡ് ക്രോസ് ചെയ്തു പോയ ഒരു പത്തുവയസ്സുകാരൻ ബാലൻ എന്നെ നോക്കി ദയനീയമായി ചിരിച്ചുവോ? പോക്കറ്റിൽ നിന്നും എന്തോ വലിച്ചെടുക്കുന്നതിനിടയിൽ നിലത്തെന്തോ വീണതു ശ്രദ്ധിയ്ക്കപ്പെടാനിടയായപ്പോൾ അവനെ തിരിച്ചു വിളിയ്ക്കാനാഞ്ഞതാണു ഞാൻ. പക്ഷേ നിലത്തു വീണ വസ്തുവിലെന്റെ കണ്ണുടക്കിയപ്പോൾ ഒരു നിമിഷം ഞാൻ സ്തബ്ദ്ധയായെന്ന് പറയാതെ വയ്യ. ഒരു സിറിഞ്ചായിരുന്നു അത്. മുന്നിലൂടെ പോകുന്ന ബാലനിൽ ഡ്രഗ് അഡിക്ഷന്റെ അടയാളങ്ങൾ ഉണ്ടായിരുന്നുവോ? ഉവ്വെന്നെനിയ്ക്കു തോന്നിയതായിരിയ്ക്കും, ഞാൻ സമാധാനിയ്ക്കാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സു കൂട്ടാക്കുന്നില്ലല്ലോ? ഇത്തരം ഒട്ടനവധി തെരുവ് സന്തതികളെ ഈ നഗരം സൃഷ്ടിയ്ക്കുന്നുണ്ടെന്ന അറിവാകാം എന്നെ ഇങ്ങനെ വിചാരിയ്ക്കാൻ തോന്നിച്ചത്. ഒന്നു തീർച്ച, ഈ ബാലൻ ഉറങ്ങുന്നത് ലക്ഷണം വെച്ചു നോക്കുമ്പോൾ തെരുവിലാകാൻ തന്നെ സാധ്യത. പക്ഷേ വിലകൂടിയ ലഹരി മരുന്ന് ഇവനു വാങ്ങാനാകില്ല. പകരം മറ്റെന്തെങ്കിലും സാധനമാകാം.അഥവാ അതിനായി അവനു മോഷ്ടിയ്ക്കേണ്ടി വരുമായിരിയ്ക്കും. അതാണോ അവനെ തെരുവിലെത്തിച്ചത്? അതോ അവനെ വളർത്തുന്ന യാചക മാഫിയ അവനു പിന്തുണയ്ക്കായുണ്ടോ? നേരെ തിരിച്ചും ആകാമല്ലോ? മോഷണത്തിന്നായി അല്ലെങ്കിൽ യാചകവൃത്തിയ്ക്കായി അവനെ ലഹരിയ്ക്കടിമപ്പെടുത്തിയതുമാകാം . എന്റെ ചിന്തകൾ കാടു കയറി. രാത്രി ഉറങ്ങാനായില്ല. ഇപ്പോൾ ഒരു നിമിഷം കൊതിച്ചു പോവുകയാണ്, ഇവൻ ആയിരുന്നു രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നത് എങ്കിൽ, എന്ന്.
കഴിഞ്ഞയാഴ്ച നാസിക്കിൽ നിന്നും റോഡ് വഴി വരുന്ന സമയം, റോഡു വക്കിൽ വിവിധ തരം പഴങ്ങൾ നിരത്തിവച്ചിരിയ്ക്കുന്ന ഫ്രൂട് സ്റ്റാളിലെ വയസ്സനെ സഹായിയ്ക്കുന്ന കൊച്ചു ബാലനും ഇതേപോലെ എന്നിൽ ചിന്തകൾ വിടർത്തി. ഇവന്റെ ബാല്യം ഇവനു നഷ്ടപ്പെടുകയാണോ? ഇവൻ സ്കൂളിൽ പോകുന്നുണ്ടാകുമോ? കരിക്കു വെട്ടിത്തരാനും വാങ്ങിയ ഫ്രൂട്സ് പാക് ചെയ്തു തരാനും കണക്കു കൂട്ടി കാശ് വാങ്ങാനും അവൻ കാണിച്ച മിടുക്ക് സ്കൂളിലും അവനുണ്ടാകുമോ? അതോ മുഴുവൻ സമയവും ജോലി ചെയ്യുന്ന ഇവന് കളിയ്ക്കാൻ പോലും സാധിയ്ക്കുന്നുണ്ടാകില്ലേ ? മനസ്സിൽ സമാധാനിച്ചു, ഇതവന്റെ ഒഴിവു വേളകളിൽ കുടുംബത്തിനായുള്ള സഹായം മാത്രമായിരിയ്ക്കുമെന്ന്. ബാലവേലയെകുറിച്ച് ചിന്തിച്ചാൽ മനസ്സമാധാനം നഷ്ടമാകും, തീർച്ച.
പെൺകുട്ടികളുടെ കാര്യം അതിലും കഷ്ടം.ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷത്തിൽ 7 ലക്ഷത്തിലധികം പെൺകുഞ്ഞുങ്ങളാണ് അമ്മയുടെ വയറിൽ വെച്ചു തന്നെ നശിപ്പിയ്ക്കപ്പെടുന്നത്. നിയമപരമല്ലാതെ നടത്തപ്പെടുന്ന സോണോഗ്രാഫി ടെസ്റ്റുകളേയും ഭ്രൂണഹത്യകളേയും ഇനിയും ആർക്കും നിയന്ത്രിയ്ക്കാനാകുന്നില്ലല്ലോ ? പെൺകുഞ്ഞായി ജന്മമെടുത്തതിനാൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ മരിയ്ക്കുന്നവർ വേറെ.ഇനി അഥവാ രക്ഷപ്പെടുന്നവരിൽ വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുന്നവർ, കൂലിവേല ചെയ്യാൻ നിർബന്ധിതരാകുന്നവർ, താഴെയുള്ള സഹോദരങ്ങളെ നോക്കാൻ നിർബന്ധിതരായി കൊച്ചു വയസ്സിൽത്തന്നെ പ്രാരാബ്ധിതരാകുന്നവർ ഒക്കെ വേറെ. പേപ്പറെടുത്തൊന്നു നോക്കിയാൽ ഒന്നരവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരൻ എന്നും കാണാറില്ലെ? ചിത്രം വ്യക്തമാണല്ലോ?
നഷ്ടബാല്യങ്ങൾ കാലഘട്ടത്തിന്റെ ശാപമായി മാറിയിരിയ്ക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും ഇതു ശാപമാകാറുണ്ട്. പഠന-മത്സരരംഗങ്ങൾ ഉള്ളവനേയും ജീവിയ്ക്കാനുള്ള വിശപ്പിന്റെ വിളി ഇല്ലാത്തവനേയും ബാധിയ്ക്കുന്നു. ബാലവേല നിഷേധിയ്ക്കപ്പെടുന്നതിനൊപ്പം തന്നെ സ്കൂൾ ജീവിതവും ഇല്ലാത്തവനു കൊടുക്കാനായെങ്കിൽ എത്ര നന്നായേനെ. അതിനായി ആർ മുൻ കൈ എടുക്കും? രാഹുൽ ഗാന്ധിയുടെ മുന്നിൽച്ചെന്നെത്താൻ എല്ലാർക്കുമാകില്ലല്ലോ? പല സോഷ്യൽ ഓർഗനൈസേഷൻസും വ്യക്തികളും പറ്റാവുന്ന തരത്തിൽ പലതും ചെയ്യുന്നുണ്ടായിരിയ്ക്കുമെങ്കി ലും ഗവണ്മെണ്ട് ഇതിനെ ഇനിയും വേണ്ടത്ര ഗൌരവത്തോടെ വീക്ഷിച്ചിട്ടില്ല..അതാണല്ലോ പലയിടത്തും ഇവരെക്കാണാനാകുന്നതും.
ബാല്യം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെപ്പറ്റി പരിതപിയ്ക്കുന്നതിനൊപ്പം നമുക്കെന്തു ചെയ്യാനാകുമെന്നു കൂടി ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു . വൊളെണ്ടറി ഓർഗനൈസേഷനുകളും ഗവണ്മെന്റും ഒത്തുചേർന്ന് ധനിക-ദരിദ്ര ഭേദം മറന്ന് ബല്യത്തിനെല്ലാം ഒരേ നിറം കൊടുത്തിരുന്നുവെങ്കിൽ എന്നാശിയ്ക്കുകയാണ്. നിർബന്ധിത പട്ടാളസേവനം എന്നൊക്കെപ്പറയുന്നതുപോലെനിർബന് ധിത സ്കൂൾ ജീവിതം എന്നൊരു കാലം വരുമോ? അവിടെ ഒക്കെ മറന്നു ബാല്യമാസ്വദിയ്ക്കുവാൻ അവർക്കാകുമോ?എന്നിട്ട് അബ്രഹാം ലിംകൺ തന്റെ മകന്റെ ടീച്ചർക്കെഴിയ കത്തിലെപ്പോലെ നമുക്കും മോഹിയ്ക്കാം. എനിയ്ക്കു ഇ-മെയിൽ വഴി കിട്ടിയ ആ കത്തിന്റെ വിവർത്തനമൊന്നു നോക്കൂ…:
”എല്ലാവരും
നീതിമാന്മാരല്ലെന്നും
സത്യസന്ധരല്ലെന്നും
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.
അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.
വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.
പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.
സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.
മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.
എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന് നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.
സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.
ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.
അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.
ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.”
നാളെയുടെ പൌരന്മാരെ വാർത്തെടുക്കാനായുള്ള ശ്രമം. അതു വരെ നമുക്കു നഷ്ടപ്പെട്ട ആ ബാല്യങ്ങളെയോർത്തു കണ്ണീരൊഴുക്കാനേയാകൂ…മറക്കാതിരി യ്ക്കുക, നിങ്ങളും ഞാനും ഒക്കെ ഈ മാറ്റത്തിന്നായി ശ്രമിയ്ക്കേണ്ടവർ തന്നെ.