20 Apr 2012

ഓര്‍മ്മയിലൊരു ജോസെഫ്

ഷാജി നായരമ്പലം


ഇന്നു ഞാന്‍ വീണ്ടും നടന്നെത്രയോ ദിനങ്ങളില്‍
നഗ്നമാം പാദങ്ങളാല്‍ താണ്ടിയ വഴികളില്‍.
വള്ളിമുള്‍പ്പടര്‍പ്പുകള്‍, തോടുകള്‍, ഇടം വലം
തുള്ളിനിന്നീടും പച്ചപ്പുഞ്ചനെല്‍പ്പാടങ്ങളും
മണ്മറഞ്ഞുവോ? മനച്ചെപ്പിലെക്കാന്‍വാസില്‍ നി-
ന്നോര്‍മ്മയില്‍ നിറയുന്നു,ണ്ടീവഴിപ്രാന്തങ്ങളില്‍
പമ്പരം കറക്കിയും, ഗോലികള്‍ സ്വരുക്കൂട്ടി
വമ്പനായ്ക്കളിക്കൂട്ടക്കിരീടം സ്വയം വച്ചും
ഞാനലഞ്ഞതാ,ണെന്തോ വീഥിയില്‍ പുറമ്പോക്കില്‍
കാണുമോ ജോസഫിന്റെയന്ത്യവിശ്രമസ്ഥലം?

കാഴ്ച്കകള്‍ മാറീ, നടപ്പാതകള്‍ മറഞ്ഞുപോയ്
തീര്‍ച്ചയാണവിടെയാ വീഥിയില്‍ ഓരത്തായി
കാട്ടുപുല്ലിടതൂര്‍ന്നുവെങ്കിലും തലനീട്ടി
നില്‍പ്പിതാ ജോസെഫിന്റെ സ്മാരകം നശിക്കാതെ.

ഭൂമിയില്‍പ്പണിക്കാര്‍ക്ക് കുടിപാര്‍ക്കുവാന്‍ പട-
പ്പാളയം ചുവപ്പിച്ചു ചെങ്കൊടിപിടിച്ചവന്‍,
നെഞ്ചിലെക്കൂട്ടില്‍പ്പോലീസാഞ്ഞിടിച്ചപ്പോള്‍ ചങ്കു-
പൊട്ടുമാറുറക്കെയന്നിങ്ക്വിലാബ് വിളിച്ചവന്‍,
കാലാമാകുലം നോക്കി നില്‍ക്കവേ രണഭൂവില്‍
വീണുപോയ് ജോസെഫ് , കയ്യില്‍ചെങ്കൊടി വിടാതെയും,
കണ്ണിലെത്തീയില്‍ ജന്മിക്കോട്ടകള്‍ വിറപ്പിച്ചും
മണ്ണിലയടിമകള്‍ക്കുള്‍ക്കരുത്തുറപ്പിച്ചും.

കാത്തുവയ്ക്കില്ല്ല കാലമുണ്മയെ, മഹത്വങ്ങള്‍
ശക്തമായിടിവെട്ടി പെയ്തൊഴിഞ്ഞൊഴിഞ്ഞു പോം.

പുത്രന്റെ ജഢം പേറി ചെന്നൊരാപ്പിതാവിന്റെ
തപ്തമാം ഹൃദയത്തെ കുത്തി നോക്കിയും, കീറി-
പ്പറിഞ്ഞ പ്രമാണങ്ങള്‍ നിറയെ നിരത്തിയും
ആറടിമണ്ണും പള്ളി വന്യമായ് നിഷേധിക്കെ,
നെഞ്ഞിലെക്കുരിശൂരിയെറിഞ്ഞും, ജോസെഫിനെ
നെഞ്ഞിലേറ്റിയോര്‍ക്കായി ഒഴിഞ്ഞു കൊടുത്തയാള്‍.

അന്നു പൊങ്ങിയതാണീ കണ്ണുനീര്‍ക്കുടീര,മെന്‍
മുന്നിലായ് ക്കാണ്മൂ, ജോസെഫ് ഓര്‍മ്മയില്‍ നിറയുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...