20 Apr 2012

റെഡി വൺ ടു ത്രീ

 റോഷൻ പി.എം

പഠനം കഴിഞ്ഞ് ജോലിയൊന്നും കിട്ടാത്തതിനാല്‍, ‘പണിയെടുക്കാതെ കോടികള്‍ വാരുന്ന നാരായണമൂര്‍ത്തിയെ’ മനസ്സാവരിച്ച് സ്വന്തമായൊരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്ന കാലം. സ്ഥിരവരുമാനമെന്ന് പറയാന്‍ കുറേ ബഗ്ഗുകള്‍ മാത്രം. അഞ്ജു നാട്ടില്‍ വരുമ്പോഴൊക്കെ ഞങ്ങളൊരുമിച്ച് എവിടെയെങ്കിലുമൊക്കെ ടൂര്‍ പോവാറുണ്ട്. അഞ്ജുവെന്ന പേര് കേട്ട് തെറ്റിദ്ധരിക്കണ്ട. ആറടി പൊക്കവും അതിലൊട്ടും കുറയാത്ത തടിയും ഉള്ള ഒരൊന്നാന്തരം കാര്‍കോടകന്‍. എന്റെയത്ര ബുദ്ധിയില്ലാത്തത് കൊണ്ട് പാവത്തിന് എന്‍ട്രന്‍സൊന്നും കിട്ടിയില്ല. ആയകാലത്തൊരു ബികോമും കൊണ്ട് ഗള്‍ഫിലെത്തി. ഏതോ ഒരു മന്ദബുദ്ധി അറബിയെ പറ്റിച്ച്, നാഷണല്‍ ബാങ്കില്‍ ജോലിക്ക് കേറി. തലവര! കുറ്റം പറയരുതല്ലോ നാട്ടില്‍ വരുമ്പോള്‍ എല്ലാം സ്വന്തം ചിലവില്‍ ടൂര്‍ കൊണ്ട് പോവും. ഈ യാത്രകളില്‍ പരമാവധി ഒന്നോ രണ്ടോ തവണ സോഡാ സര്‍ബത്ത് വാങ്ങിച്ചു കുടിക്കാന്‍ ഉള്ള പൈസയേ എന്റെ കയ്യില്‍ കാണാറുള്ളൂ. കൂടെയുള്ള മറ്റ് ജീനിയസ്സുകളുടെ കയ്യിലത് പോലും കാണാറില്ലാത്തത് കൊണ്ട് വലിയ അപകര്‍ഷതാ ബോധമൊന്നും അന്ന് തോന്നിയിരുന്നില്ല.
ഇത്തവണത്തെ സഹയാത്രികര്‍ നിസ്സാര്‍, അന്‍വര്‍, ഫയാസ് ആന്‍ഡ് എളക്കി നൌഷാദ്. അഞ്ജുവിന്റെ പോലെ തന്നെ, ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന മറ്റൊരു കസിനാണ് നിസാര്‍, നിസാറിന്റെ സഹപാിയാണ് ഫയാസ്, എഞ്ചിനീയറിംഗ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്(!!) ഞാനും അന്‍വറും. എല്ലാവരും ഒന്നിനൊന്ന്, ഒന്നിനും കൊള്ളാത്തവര്‍. എങ്കിലും എളക്കിയെയങ്ങിനെ സാമാന്യവല്‍ക്കരിച്ച് മൂലക്കിരുത്താന്‍ കഴിയില്ല. അത് വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത എളക്കിയായിരുന്നു, ആ യാത്രയിലെ എന്റെ പ്രധാന ആകര്‍ഷണം. അത്രമാത്രം അപവാദദാന  കഥകള്‍ കേട്ടിരിക്കുന്നു എളക്കിയെകുറിച്ച്.
എളക്കിക്ക് എങ്ങിനെയീ പേര് വന്നുവെന്നോ, ആരാണിട്ടതെന്നോ അറിയില്ല. എളക്കിയെയറിയാത്തവരായി ഇന്നാട്ടിലാരുമില്ല, നൌഷാദിനെയറിയാത്തവരാണെങ്കില്‍ ഇമ്പിടിയുണ്ട്  താനും. അതുകൊണ്ടിനി എളക്കിയെന്ന പേരിന്റെ വേര് തേടുന്നതില്‍ വലിയര്‍ത്ഥം കാണുന്നില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു? പൊടിമീശക്കാരന്‍ എളക്കിക്കെത്ര പ്രായം കാണും? സ്‌കൂളില്‍ അന്‍വറിന്റെയും, അതിന് മുന്‍പ് അവന്റെ രണ്ടു ഇക്കാമാരുടെയും സഹപാിയായിരുന്നു. അതിനും മുന്‍പ് … അറിയില്ല. എളക്കിയുടെ സേവനം സ്‌കൂളിന് തുടര്‍ന്നുമാവശ്യമുള്ളത് കൊണ്ട്, അന്‍വറിന്റെ ഉമ്മ കൂടിയായ ഹെഡ്മിസ്‌ട്രെസ്സ്, തന്നെ വീണ്ടും വീണ്ടും തോല്‍പ്പിച്ചിരുന്നുവെന്നാണ് എളക്കിയുടെ വാദം. അന്‍വറിത് നിഷേധിച്ചിരുന്നുവെങ്കില്‍ കൂടിയും, എളക്കിക്ക് പകരക്കാരനെ കണ്ടെത്താനാര്‍ക്കും കഴിയില്ലെന്നത് കൊണ്ട് എളക്കിയുടെ വാദം എനിക്ക് വിശ്വാസയോഗ്യമായിരുന്നു. തല്‍ക്കാലം എളക്കിയുടെ പ്രായം കഥ നടക്കുമ്പോള്‍ അന്‍വറിന്റെ മൂത്ത ഇക്കയുടെ വയസ്സായ മുപ്പത്തിയഞ്ചായി നിജപെടുത്തുന്നു.
എന്താണ് എളക്കിയുടെ ജോലി? സദാസേവനനിരതനായ എളക്കിക്ക് വ്യവസ്ഥാപിതമായൊരു ജോലി ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. രാവിലെ കുളിച്ചോ അല്ലാതെയോ ബസ്സ്‌സ്‌റ്റോപ്പിലെത്തേണ്ട താമസം, ചുള്ളനെയാരെങ്കിലും കൊത്തിയെടുത്തോണ്ട് പോകും. പിന്നെ രാത്രി വീട്ടിലെത്താന്‍ കഴിഞ്ഞാല്‍ ഭാഗ്യം, അങ്ങിനെയൊരു നിര്‍ബന്ധമൊട്ടില്ല താനും. ഇതിനിടയില്‍ എപ്പോഴോ പ്രേമിച്ചു, പ്രേമിച്ച പെണ്ണിനെ കെട്ടി, കെട്ടിയ പെണ്ണില്‍ കുട്ടിയും ആയി. സമയക്കുറവും, തിരക്കും, തൊഴിലില്ലായ്മയുമൊന്നും ഒന്നിനുമുള്ള ഒഴിവ്കഴിവുകള്‍ ആയിരുന്നില്ല എളക്കിക്ക്. സെമിത്തേരിപാടത്തെ ഏക സെഞ്ച്വറിയിലൂടെയും, ചേരമാന്‍ ഗ്രൌണ്ടിലെ സിസ്സര്‍കട്ട് ഗോളിലൂടെയുമെല്ലാം അന്നാട്ടിലെ ചരിത്രത്തിന്റെ ഭാഗമായി മാറാനും എളക്കിക്ക് കഴിഞ്ഞു.

ഒഴിവുകാലത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ല ഒരു പ്രവാസിക്കും. ഒഴിവിനെത്തുന്ന ഗള്‍ഫുകാര്‍ക്ക് എളക്കിയും, എളക്കിക്ക് ഗള്‍ഫുകാരും പരസ്പരപൂരകമാണ്. എയര്‍പോര്‍ട്ടില്‍ കാറുമായി വിളിക്കാനെത്തുന്നിടത്ത് തുടങ്ങുന്ന സേവനം, യാത്രയയപ്പിനുള്ള എയര്‍പോര്‍ട്ട് യാത്ര വരെ നീണ്ട്‌നില്‍ക്കും. എളക്കിയുടെ നിസ്വാര്‍ത്ഥമായ സൗഹൃദം, പലപ്പോഴും പൊസ്സസീവായ ഭാര്യമാര്‍ക്കും മാതാപിതാക്കള്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എളക്കിക്ക് കിട്ടുന്ന പരിഗണനയില്‍ അസൂയ പൂണ്ട നാട്ടിലെ മറ്റ് ചെറുപ്പക്കാര്‍ പറ്റുന്നിടത്തെല്ലാം വെച്ച് എളക്കിയെ പരിഹസിച്ചു. പക്ഷെ എളക്കിയുമായുള്ള സൌഹൃദം മുറിയാതെ സൂക്ഷിക്കാന്‍ എല്ലാ ഗള്‍ഫുകാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ചിലര്‍ വിലക്കുകള്‍ തൃണവല്‍ഗണിച്ചു കൊണ്ടും, അതിന് കഴിയാത്തവര്‍ സന്ധ്യ മയങ്ങിയ നേരത്ത് ചേരമാന്‍ ഗ്രൗണ്ടില്‍ രഹസ്യമായിട്ടും. തിരക്കേറിയ ഈ ജീവിതത്തിനിടയിലും കിട്ടുന്ന ഇടവേളകളില്‍, സഹകരണബാങ്കില്‍ നിന്ന് സ്വന്തം പേരിലും, സ്വന്തക്കാരുടെ പേരിലും ഐശ്വര്യാ ലോണുകള്‍ തരപെടുത്തി ടൂര്‍ പോവുന്ന എളക്കിയോട് അസൂയ തോന്നാതിരിക്കുന്നതെങ്ങിനെ? അത്തരക്കാര്‍ തന്നെയാവണം, മണ്ടത്തരത്തിന് പകരം എളക്കിത്തരം എന്ന വാക്ക് നാട്ടില്‍ പ്രചുരപ്രചാരത്തിലാക്കിയത്. പക്ഷെ വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളാനും, തന്റെ കര്‍മ്മമില്ലാപഥത്തില്‍ വര്‍ദ്ധിതവീര്യത്തോടെ മുന്നേറാനും ഉള്ള കഴിവ് വര്‍ഷങ്ങള്‍ കൊണ്ട് എളക്കി സ്വായത്തം ആക്കിയിരുന്നു.
എളക്കിയെ കുറിച്ച് പറയാനിനിയുമുണ്ടൊരുപാടെങ്കിലും, ഇനിയെങ്കിലും കഥയിലേക്ക് കാര്യത്തിലേക്ക് കടക്കട്ടെ
യാത്ര വാല്‍പാറയിലേക്ക് വാഴച്ചാല്‍ ഷോളയാര്‍ കാനനപാതയിലൂടെ. ബാക്കി അവിടെ ചെന്നിട്ട് തീരുമാനിക്കാം. മുന്‍പും ഞങ്ങളൊരുമിച്ച്  പലയിടത്തും പോയിട്ടുണ്ട്. സ്ഥലത്തെ പ്രധാന ഹോട്ടലുകളില്‍ കയറി മൃഷ്ടാനം ഭുജിച്ച്, ശീതികരിച്ച മുറിയില്‍ സുഖമായി കിടന്നുറങ്ങി, വീണ്ടും കഴിച്ച്, വീണ്ടുമുറങ്ങി അങ്ങിനെയങ്ങിനെ ടൂര്‍ തീര്‍ന്ന് പോവാറാണ് പതിവ്. വഴിയിലൊരോ ഹോട്ടലിന്റെ ബോര്‍ഡ് കാണുമ്പോഴും അഞ്ജുവിന്റെ ചോദ്യം ഉയരും. എടാ നിനക്ക് ദാഹിക്കുന്നില്ലേ? വിശക്കുന്നുണ്ടോ? ചായ കുടിച്ചാലോ? ഉത്തരം എന്ത് തന്നെയായാലും ഹോട്ടലിന്റെ മുന്‍പില്‍ വണ്ടി നിര്‍ത്തിയിരിക്കണം. ഇത്തരം ഗതകാലസ്മരണകളാണ് മനുഷ്യവാസമില്ലാത്ത ഈ റൂട്ട് തന്നെ തിരഞ്ഞെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.
ഒരു പഴയ ജീപ്പ് ആണ് ഇത്തവണത്തെ ഔദ്യോഗികശകടം. വാഴച്ചാല്‍ ചെക്‌പോസ്റ്റില്‍ വനപാലകര്‍ കാണിച്ചിടത്തെല്ലാം ഒപ്പിട്ട്, പെട്ടെന്ന് തന്നെ കാട് കേറി. ഭാഗ്യം വണ്ടിയുടെ ബുക്കും പേപ്പറുമൊന്നും ചോദിച്ചില്ല. എന്റെ ഒറിജിനല്‍ ലൈസന്‍സ് ആണെങ്കിലെടുക്കാനും മറന്നു, കൂട്ടത്തില്‍ മറ്റാര്‍ക്കും അന്ന് ലൈസെന്‍സില്ല.
എളക്കി പകര്‍ന്നു തരുന്ന ധൈര്യം മാത്രമാണ് കൈമുതല്‍., ഈ വഴിയിനി ചെക്കിങ്ങ്  ഒന്നുമുണ്ടാവില്ല. കേരള അതിര്‍ത്തി കൂടി കടന്ന്, തമിഴ്‌നാട് എത്തി കിട്ടിയാല്‍ പിന്നെ പേടിക്കേണ്ട
അത് ശെരിയാ തമിഴ്‌നാട് സി ഐ ഡികളായ ദാസനും വിജയനും എളക്കിയുടെ അടുത്ത കൂട്ടുകാരാണ്. ഒരു പരിഹാസത്തോട് കൂടിയല്ലാതെ എളക്കിയോട് സംസാരിക്കാന്‍ അന്‍വറിന് അറിയില്ല.

പക്ഷെ ഇത്തരം പരിഹാസങ്ങളൊന്നും എളക്കിയെ ഒന്ന് സ്പര്‍ശിക്കുന്നു പോലുമുണ്ടായിരുന്നില്ല. എടാ അവിടത്തെ പോലീസ് പിടിച്ചാലും പരമാവധി അഞ്ച് രൂപ. പത്ത് രൂപ കൊടുത്താല്‍ ഒരു സല്യൂട്ട് ഫ്രീ. അത് പോലെ വല്ലതും ആണോ കേരള പോലീസ്, ചുരുങ്ങിയത് അമ്പത് രൂപ കൊടുക്കണം. എത്ര കൊടുത്താലുമില്ലെങ്കിലും തെറിവിളിയാദ്യം തന്നെ കിട്ടും. ഈ വഴിയൊക്കെ സിനിമ ഷൂട്ടിങ്ങിന് വേണ്ടി പല തവണ ഞാന്‍ വന്നിട്ടുള്ളത് ആണ്.
ഒരു പാട് സിനിമകളില്‍ പ്രോഡക്ഷന്‍ എക്‌സിക്യുട്ടിവായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും എളക്കിക്കുണ്ട് പോലും. എളക്കിയുടെ ഈ അവകാശവാദം അന്‍വറിന്റെ മൌനം ശെരി വച്ചു. അവിടെ നിന്നങ്ങിട് എളക്കി കത്തികേറുകയായിരുന്നു. ഞങ്ങള്‍ക്ക് തികച്ചും അപരിചിതമായിരുന്ന സിനിമാലോകമാണ്  വിഷയം. പറയുന്നത് എളക്കിയായത് കൊണ്ടും, പറഞ്ഞത് നടികളെ കുറിച്ചായത് കൊണ്ടും സമയം പോയതറിഞ്ഞില്ല, വിശന്ന് തുടങ്ങി. വഴിയിലാണെങ്കില്‍ ഒരു പട്ടിച്ചാത്തനെ പോലും കാണുന്നുമ്മില്ല. ഈ വഴിയില്‍ ഒരു ചായക്കട സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. പുറകിലിരിക്കുന്ന നിസാറിന്റെ വയറ്റില്‍ നിന്ന്, മുതല കരയുന്ന ഒച്ച കേട്ട് തുടങ്ങി. ചാലക്കുടിയില്‍ സിഗരറ്റ് വാങ്ങിക്കാന്‍ നിര്‍ത്തിയപ്പോള്‍, വല്ലതും കഴിക്കാമെന്ന്! പറഞ്ഞ അവനെ ഞാനാണ് നിരുത്സാഹപെടുത്തിയത്. ദൈവമേ എന്ത് സമാധാനം ഇവരോട് ഞാന്‍ പറയും!
അനിവാര്യമായ ആ ദുരന്തം മുന്നില്‍ കണ്ട് കൊണ്ട് തന്നെ ഞാന്‍ എളക്കിയോട് ചോദിച്ചു. എടാ ഇവിടെ അടുത്ത് കഴിക്കാന്‍ വല്ലതും കിട്ടോ?
അപ്പര്‍ ഷോളയാര്‍ എത്താണ്ട് പച്ചവെള്ളം കിട്ടില്ല
നിസ്സാറിന്റെ അടക്കിപിടിച്ച അമര്‍ഷം ഒരലര്‍ച്ചയായി മാറി. കുറച്ച് വിശേഷണങ്ങള്‍ക്ക് ശേഷം…. എടാ റോഷാ പണ്ടാറകാലാ പട്ടിണി കിടക്കാനായിരുന്നെങ്കില്‍ നിനക്ക് പണി എടുക്കുന്നിടത്ത് തന്നെ നിന്നാല്‍ പോരായിരുന്നോ, ടൂറിന് പോന്നതെന്തിനാടാ. വീണ്ടും കുറച്ച് പുകഴ്ത്തലുകള്‍..
ഭാഗ്യം! അഞ്ജു ഒന്നു മുരണ്ടതല്ലാതെ കടുപ്പിച്ചൊന്നും പറഞ്ഞില്ല. ഫയാസിനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ, വാടി തളര്‍ന്നിരിക്കുന്നു. അന്‍വറിനെ നോക്കാന്‍ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ട്, അതിന് തുനിഞ്ഞില്ല.

അല്‍പ്പനേരത്തെയാണെങ്കില്‍ പോലും അതിഭീകരമായ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് എളക്കി ബാഗ് തുറന്ന് സാമാന്യം വലിയ ഒരു പൊതി എടുത്ത് പുറകിലേക്ക് കൊടുത്തു. യാത്രയില്‍ കഴിക്കാന്‍ ഭാര്യ, വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് കൊടുത്ത പുട്ടും കറിയുമാണ്. രണ്ട് പേര്‍ക്കുള്ളതെ കാണൂ, തല്‍കാലം നിങ്ങള്‍ മൂന്ന് പേരത് വച്ച് അഡ്ജസ്റ്റ് ചെയ്യൂ. എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആ പുട്ടിന്റെ പങ്ക് വേണോയെന്ന് എളക്കി ചോദിച്ചില്ല. മറ്റാരില്‍ നിന്നും ഞാനത് പ്രതീക്ഷിച്ചും ഇല്ല.
പുട്ടിന്റെ അധികാരത്തോടെ, എന്നാല്‍ വിനയം കൈവിടാതെ തന്നെ എളക്കി തുടര്‍ന്നു. സാധാരണ യാത്ര ചെയ്യുമ്പോള്‍ കഴിവതും, ഞാന്‍ ഫ്രൂട്ട്‌സ് മാത്രമേ കഴിക്കാറുള്ളൂ.
പുട്ട് തിന്നുന്ന തിരക്കിനിടയിലും അന്‍വറിടപെട്ടു. യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, അവന്റെ വീട്ടില്‍ മിക്കവാറും ചക്ക തന്നെയാണ് ഭക്ഷണം.
അക്ഷോഭ്യനായി എളക്കി തുടര്‍ന്നു. വണ്ടി ചാലക്കുടി നിര്‍ത്തിയപ്പോള്‍ കൊറച്ച് പ്ലംസ് വാങ്ങിച്ച് ബാഗില്‍ വച്ചിട്ടുണ്ടായിരുന്നു. പ്ലംസ് കഴിച്ചാല്‍ രണ്ടുണ്ട് ഗുണം ദാഹവും മാറും, വിശപ്പും മാറും. മമ്മുക്കാക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു ഫ്രൂട്ട് ആണിത്.
എന്റെ ഭാവനക്കും അപ്പുറത്തായിരുന്നു എളക്കിയുടെ അറിവും, അനുഭവങ്ങളും. യാത്ര തുടങ്ങി ഈ ചെറിയ സമയം കൊണ്ട് എത്ര പ്രാവശ്യമാണ് ഈ മനുഷ്യനെന്നെ അമ്പരപ്പിച്ചത്! എളക്കി ബാഗില്‍ നിന്ന് പ്ലംസ് എടുത്ത് കൊറിച്ചു കൊണ്ടേ ഇരുന്നു. നിനക്ക് വേണ്ടേ? എന്ന ഒരു ചോദ്യം ഓരോ പ്രാവശ്യവും ഞാന്‍ പ്രതീക്ഷിച്ചു. എപ്പോഴത്തെയും പോലെ തന്നെ എളക്കിയെന്നെ അമ്പരപ്പിച്ചുകൊണ്ട് തന്നെ ഇരുന്നു . കവറില്‍ ഇനി ശേഷിക്കുന്നത് വെറും രണ്ട് എണ്ണം. ആത്മാഭിമാനം കൊണ്ട് വിശപ്പിന്റെ വിളി അടക്കാന്‍ കഴിയില്ലല്ലോ, ഇനി വൈകിയാല്‍ ശെരി ആവില്ല. ചോദിച്ചു വാങ്ങിക്കുക തന്നെ. എന്റെ കാര്യം മറന്ന് പോയതാവാനെ തരമുള്ളൂ. കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടിയില്ല ഒരേമ്പക്കത്തിന്റെ അകമ്പടിയോടു കൂടി പുറകില്‍ നിന്ന് നീണ്ടു വന്ന അഞ്ജുവിന്റെ കൈകള്‍ പ്ലംസുമായി പുറകോട്ട് പോയി. വയര്‍ നിറഞ്ഞ് കഴിഞ്ഞാല്‍ അല്‍പ്പം മധുരം നിര്‍ബന്ധമാണ് പോലും.. ഞാനൊന്നും മിണ്ടിയില്ല..

ദാഹിച്ചിട്ട് വയ്യ, വെള്ളം കുടിച്ചാലും രണ്ടുണ്ട് ഗുണം. ‘എടാ കൊറച്ച് വെള്ളം തന്നേടാ’
അയ്യോ ബാക്കിയുണ്ടായിരുന്ന വെള്ളം വെച്ചാണ് പുട്ട് കഴിച്ച് കഴിഞ്ഞിട്ട് കൈ കഴുകിയത്. സോറി റോഷാ.. ശേ ഇനി എന്ത് ചെയ്യും? എടാ നിനക്ക് ദാഹിക്കുന്നുണ്ടോ?
കൊഴപ്പല്ല്യാ.. ഉറക്കം വരാതിരിക്കാന്‍ ഒന്ന് മുഖം കഴുകാമെന്ന് കരുതി ചോദിച്ചതാണ്. പണ്ടേ സഹതാപപ്രകടനങ്ങള്‍ അസ്സഹനീയം ആണെനിക്ക്. വിശപ്പും ദാഹവും ബാക്കിയാക്കി, സംഭാഷണം അവിടെ അവസാനിപ്പിച്ചു.
ഞാന്‍ വണ്ടിയുടെ സ്പീഡ് കൂട്ടി, എത്രയും പെട്ടെന്ന് അപ്പര്‍ ഷോളയാര്‍ എത്തേണ്ടത് ഇപ്പോളെന്റെ മാത്രമാവശ്യം ആണല്ലോ! ഒരു സിഗരറ്റിന് തീ കൊളുത്തി. വിശന്ന് പൊരിയുമ്പോള്‍ ഒരു സിഗരറ്റ് വലിച്ചാല്‍, മുടിഞ്ഞ ഒരു തലവേദന വരും. അത് വന്ന് കിട്ടിയാല്‍ രക്ഷപെട്ടു, പിന്നെ വിശപ്പിന്റെ ബുദ്ധിമുട്ട് അറിയുകയേ ഇല്ല.
വയര്‍ നിറഞ്ഞപ്പോള്‍ ഫയാസ്സിന് നീരാടാനൊരു പൂതി. ഇത്തവണയും എളക്കി തന്നെയെന്റെ രക്ഷക്കെത്തി. ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടാല്‍, ഇവിടെയൊക്കെ പെട്ടെന്ന് വെള്ളം കേറും. അത്‌കൊണ്ടാരും കുളിക്കാനിറങ്ങണ്ട. അപ്പോഴേക്കും അന്‍വറടക്കം സകലരും എളക്കിയുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവരായി മാറിയിട്ടുണ്ടായിരുന്നു.
കുത്തനെയുള്ള കേറ്റം കേറി തുടങ്ങി. വളരെ നല്ല കുഴികള്‍ക്കിടയില്‍, ഇടക്കിടക്ക് മോശം റോഡ് വന്നും പോയ്‌കൊണ്ടിരുന്നു. വിചാരിച്ച വേഗതയില്‍ യാത്ര പുരോഗമിക്കുന്നില്ല. ഇതൊന്നും അവരെ ബാധിക്കാത്ത കാര്യമായത് കൊണ്ടാവണം, നിറവയറന്മാര്‍ ജന്മനാടിന്റെ ചൂടും ചൂരുമുള്ള ഭക്തിഗാനങ്ങള്‍ പാടി തുടങ്ങി. പാട്ടിന്റെ കാര്യത്തില്‍ കൊടുങ്ങലൂര്‍ക്കാരെ പിന്തള്ളി ആലുവക്കാരന്‍ ഫയാസാണ് മുന്നേറുന്നത്. കൊടുങ്ങല്ലൂരിന്റെ മാനം രക്ഷിക്കാന്‍ എളക്കിയോട് അന്‍വര്‍ അപേക്ഷിക്കുന്നുണ്ട്, എന്ത് കൊണ്ടോ എളക്കി അതിലൊരു താല്‍പര്യവും കാട്ടിയില്ല.
കാര്യമായ മറ്റെന്തോ ചിന്തയിലാണ് കക്ഷി, അക്ഷമനായി ഇടക്കിടക്ക് വാച്ച് നോക്കുന്നുണ്ട്. ഒരോ മയില്‍കുറ്റി കാണുമ്പോഴും ചാടിയെണീറ്റ് നോക്കും, പിന്നെയും നിരാശനായി ചാരിയിരിക്കും. ഇവിടത്തെയൊക്കെ ഒരു കിലോമീറ്റര്‍ ഒരൊന്നൊന്നര കിലോമീറ്ററാണ് പണ്ടാരം! എളക്കി പിറുപിറുക്കുന്നത് ഞാന്‍ കേട്ടു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, എളക്കിയാകെ വിയര്‍ത്തുകുളിച്ചിരിക്കുന്നു! കൈകളിലെയും മുഖത്തെയും ഞരമ്പുകളെല്ലാം പിടച്ച് പുറത്തേക്കു ചാടി നില്‍ക്കുകയാണ്.
എന്ത് പറ്റി എളക്കി? വണ്ടി നിര്‍ത്തണോ?
‘വേണം നിര്‍ത്തണം.’ എളക്കി കരയാനായിരിക്കുന്നു.
ഞാന്‍ വണ്ടി അവിടെ തന്നെ ചവിട്ടി നിര്‍ത്തി. പുറകിലത്തെ പാട്ട് മത്സരം നിലച്ചു.
എന്ത് പറ്റിയെടാ.. അന്‍വറിന്റെ തൊണ്ട ഇടറിയോ!
എനിക്കിപ്പ തൂറണം
അന്‍വറും അഞ്ജുവും തലകുത്തി നിന്ന് ചിരിക്കുകയാണ്.
എനിക്ക് വല്ലാത്ത ഒരാശ്വാസമാണ് തോന്നിയത്. ഹൃദയാഘാതത്തില്‍ കുറഞ്ഞതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അത് കൊണ്ടായില്ലല്ലോ, എളക്കിക്ക് ആശ്വസിക്കാനുള്ള വകുപ്പിപ്പോഴുമായിട്ടില്ല. ഒരു തുറന്ന് പറച്ചിലില്‍ അടങ്ങുന്നൊരു വികാരമല്ലല്ലോ ഇത്.
ഈ ചെറിയ യാത്രക്കിടയില്‍ തന്നെ പലവട്ടം എന്റെ രക്ഷക്ക് എത്തിയ എളക്കിയെ ഈ ഘട്ടത്തില്‍ കൈവിടാന്‍ ആവില്ല. നീ കുറച്ച് നേരം കൂടി ക്ഷമിക്ക്, അതിനിടയില്‍ നമ്മുക്ക് കുറച്ച് വെള്ളം സംഘടിപ്പിക്കാന്‍ നോക്കാം
എടാ കൊറേ നേരം ആയി ഞാന്‍ ക്ഷമിക്കുന്നു, ഇവിടെ അടുത്തൊന്നും വെള്ളം കിട്ടാന്‍ സാധ്യത കാണുന്നില്ല. ആരുടേയും സമനില തെറ്റിപോകാവുന്ന ഈ പ്രതിസന്ധിഘട്ടത്തിലും, എളക്കി വിവേകപൂര്‍വ്വം കാര്യങ്ങള്‍ നീക്കുന്നത് കണ്ടു ഞാന്‍ അന്തം വിട്ടു പോയി. കര്‍ണന് കവചകുണ്ടലങ്ങള്‍ പോലെ, പ്രിയപ്പെട്ട തന്റെ ജീന്‍സ് അഴിച്ച് മാറ്റി ലുങ്കി ധരിച്ചു. ഞാനിനി വണ്ടിക്ക് പുറകിലുള്ള സ്‌റ്റെപ്പിനി ടയറില്‍ ഇരുന്നോളാം. താഴെയെവിടെങ്കിലും വെള്ളം കണ്ടാല്‍ ഞാന്‍ പറയും, വണ്ടി അപ്പോള്‍ നിര്‍ത്തിക്കോണം. എളക്കിയെന്നോട് ശട്ടം കെട്ടി
എളക്കിയുടെ നിര്‍ദേശം അംഗീകരിച്ചു ഞാന്‍ വണ്ടി എടുത്തു. പുതുതായി വന്ന എക്‌സ്‌ഹോസ്റ്റിന്റെ തള്ളല്‍ കാരണമാണോ, അതോ എളക്കിയുടെ വികാരം ജീപ്പ് നെഞ്ചിലേറ്റിയത് കൊണ്ടാണോയെന്നറിയില്ല, വണ്ടി പൂര്‍വാധികം ശക്തിയില്‍ മുന്നോട്ട് കുതിച്ചു.
എടാ എളക്കി..പ്ലംസിനു മൂന്നുണ്ട് ഗുണം ദാഹവും മാറും, വിശപ്പും മാറും, പിന്നെ … അന്‍വര്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചു.

വല്ലാണ്ട് ചിരിക്കണ്ടടാ, പുട്ട് തലേല്‍ കേറും. ഇരമ്പി വന്ന ദേഷ്യം ഞാനടക്കി.
അധികം താമസിച്ചില്ല, എളക്കി അലറി വിളിച്ചു. വണ്ടി നിര്‍ത്തെടാ. വണ്ടി നിര്‍ത്താന്‍ വേണ്ടി കാത്തില്ല. ചാടിയിറങ്ങിയ എളക്കി, ഇടതൂര്‍ന്ന ഇല്ലി കാട്ടിലൂടെ താഴേക്ക് ഊളിയിട്ടിറങ്ങി. വണ്ടിയൊതുക്കി നിര്‍ത്തി ഞങ്ങളെല്ലാവരും ഓരോ പൊകയും വിട്ട് എളക്കിയെയും കാത്ത് നിന്നു. മഴക്കാലമായത് കൊണ്ട് റോഡിനിരുവശവും തിങ്ങി നിറഞ്ഞു നില്‍ക്കുകയാണ് ഈറ്റ. ഇതിനിടയിലൂടെ വെള്ളമുള്ള ഒരു ചാല്‍  ഇവനെങ്ങിനെ കണ്ടുപിടിച്ചാവോ? ഇത്തരം ആവശ്യങ്ങളാണല്ലോ, പല കണ്ടുപിടിത്തളും നടത്താന്‍ മനുഷ്യരെ നിര്‍ബന്ധിതരാക്കിയത്.
പാവം എളക്കി ഇത്രയൊക്കെ അനുഭവിച്ചിട്ടും അന്‍വറിന് തൃപ്തിയായിട്ടില്ല. എളക്കി ഇറങ്ങി പോയ വഴിയിലേക്ക് നോക്കി അന്‍വര്‍ എന്തൊക്കെയോ അലറുന്നുണ്ടായിരുന്നു. എടാ എളക്കി സൂക്ഷിച്ചോ, ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടിട്ടുണ്ട്… പിന്നെയുമെന്തൊക്കെയോ പുലമ്പി കൊണ്ട് അവന്‍ തന്നെ തലതല്ലി ചിരിക്കുന്നുണ്ട്, മറ്റവന്‍മാരും കൂടെ കൂടും. തിന്ന പുട്ടിനോട് നന്ദി ഇല്ലാത്തവന്മാരോടൊപ്പം കൂടാന്‍, തരാത്ത പ്ലംസിനോടുള്ള നന്ദിയെന്നെ അനുവദിച്ചില്ല. ഇവനെയൊന്നും തിരുത്താനാവില്ലെന്നുറപ്പുള്ളത് കൊണ്ട്, അതിന് ശ്രമിക്കാതെ ഞാന്‍ മാറി നിന്നു!. വരണ്ട തൊണ്ടയും, ഒട്ടിയ വയറുമായി അധികം കാത്ത് നിക്കേണ്ടി വന്നില്ല. ഈറ്റ കൊമ്പുകള്‍ വകഞ്ഞു മാറ്റി, വിരിഞ്ഞ മാറും ചുണ്ടത്തൊരു പുഞ്ചിരിയും ആയി എളക്കി വന്നു. എന്തൊരു ശാന്തത, എന്തൊരു തേജസ്സാണിപ്പോള്‍ ശ്രീ ശ്രീ എളക്കി നൌഷാദിന്റെ മു ഖത്ത്.
അളിയാ ഇതിലും വലിയൊരു സുഖം, ഈ ദുനിയാവിലില്ല, ഇത് സത്യം സത്യം സത്യം. എളക്കിയുടെ വാക്കിലെ ആത്മാര്‍ഥത ഞങ്ങള്‍ തിരിച്ചറിഞ്ഞു. കൂട്ടത്തില്‍ വിവാഹിതനായ എളക്കിയുടെയീ പ്രഖ്യാപനത്തോട് കൂടി വര്‍ഷങ്ങളായി മനസ്സില്‍ കുടിയുറപ്പിച്ചിരുന്ന ഒരന്ധവിശ്വാസം പടിയിറങ്ങി.
എടാ എളക്കി, ഈ തിങ്ങി നിറഞ്ഞ ഈറ്റ കാട്ടിനിടയില്‍ നീയെങ്ങിനെ വെള്ളം കണ്ടു?
ആര് വെള്ളം കണ്ടു, ഞാനെന്റെ അന്ത്യം കണ്ടു. പിന്നെ വെള്ളത്തിനായി കാത്ത് നിന്നില്ല.
അപ്പോ..
ഇല്ല കഴുകിയിട്ടില്ല..
ഷോക്കടിച്ച മാതിരി, ഞങ്ങളെല്ലാവരും ഒരടി പുറകോട്ട് ചാടി മാറി. ഈ കൊടും കാട്ടില്‍ എളക്കിയെ ഉപേക്ഷിക്കുന്നത് ശെരിയാണോ? അപകടം മണത്ത എളക്കി, ദയനീയമായി എന്നെയൊന്ന് നോക്കി.
എന്നോട് ക്ഷമിക്കൂ എളക്കി, പല്ല് തേക്കാതിരിക്കുന്നത് പോലെയോ, കുളിക്കാതിരിക്കുന്നത് പോലെയോയുള്ള ഒരു തെറ്റല്ല ഇത്. ഈ കോലത്തില്‍ നിന്നെ വണ്ടിയില്‍ കേറ്റാന്‍ പറ്റില്ല.
എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കി. ദിവസം അഞ്ച് നേരമെടുക്കുന്ന വുളുവിന്റെ വൃത്തി പോരാത്തത് കൊണ്ട്, ഇടക്കിടക്ക് കയ്യും മുഖവും കഴുകികൊണ്ടിരിക്കുന്ന ബാക്കിയുള്ളവരുടെ തീരുമാനം പറയേണ്ടതില്ലല്ലോ. പച്ചിലകള്‍ കൊണ്ട് പരമാവധി വൃത്തിയാക്കിയിട്ടുണ്ട് എന്ന വാദമൊന്നും അംഗീകരിക്കാന്‍ ആരും തയ്യാറായില്ല.

എളക്കിക്ക് വണ്ടിയുടെ പുറകില്‍ തൂങ്ങി നില്‍ക്കാന്‍ ഉള്ള അവകാശം അംഗീകരിച്ചു കൊടുക്കണം. അടുത്ത വെള്ളം കാണുന്നിടത്ത് വെച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം വണ്ടിയില്‍ കേറ്റും. മധ്യസ്ഥനായ എന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥിതികള്‍ മനസ്സില്ലാമനസ്സോടെ എല്ലാവരും സമ്മതിച്ചു. പുറകില്‍ തൂങ്ങി നില്‍ക്കുന്ന എളക്കിയുമായി യാത്ര തുടര്‍ന്നു.
ഹാവൂ.. കാട് തെളിഞ്ഞു തുടങ്ങി, ഒരു ചെറിയ ജനവാസകേന്ദ്രം. വീടുകളോട് ചേര്‍ന്ന്, റോഡ് സൈഡില്‍ ഒരു പൊതു ടാപ്പ് കണ്ടു. ഞാന്‍ മെല്ലെ വണ്ടിയൊതുക്കി നിര്‍ത്തി. നമ്രശീര്‍ഷനായി, ഒരു നാണത്തോടെ എളക്കിയെന്റെ അടുത്ത് വന്ന് നിന്നു.
എന്തിനാടാ ഇവിടെ ചുറ്റിപറ്റി നില്‍ക്കുന്നത്. ഇനി നിന്നെയെടുത്തോണ്ട് പോയി കഴുകിച്ച് തരണോ?
ഒരു പ്രശ്‌നമുണ്ട് റോഷാ. ഇവിടെയുള്ളവരുടെയെല്ലാം ഏക കുടിവെള്ള സ്രോതസ്സ് ഈ പൈപ്പ് വെള്ളമാവും. നാട്ടുകാര്‍ മുഴുവനും നമ്മളെ തന്നെ നോക്കി നില്‍ക്കുകയാണ്, കണ്ടോ?
അത് കൊണ്ട്?
ഇതിനടിയിലിരുന്ന് ഞാന്‍ ചന്തി കഴുകുന്നത് കണ്ടാലാകെ പ്രശ്‌നമാവും. ഇതൊരു തനി കാട്ടിന്‍പുറമാണ്, അവന്മാരാരെങ്കിലും വൈകാതെ തന്നെ വന്ന് കാര്യം തിരക്കും. നമുക്ക് കളയാന്‍ അധികം സമയമില്ല. ഉടനെ തന്നെയെന്തെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ കാര്യം…
എളക്കി നീ വളച്ചു കെട്ടാതെ കാര്യം പറ
എടാ നമ്മുക്ക് രണ്ട് പേര്‍ക്കും കൂടി ടാപ്പിന്റെയടുത്ത് പോകാം. നീ റെഡി വണ്‍ ടൂ ത്രീ പറഞ്ഞ് ടാപ്പ് പൊക്കണം. ആ സമയം കൊണ്ട് ഞാന്‍, പെട്ടെന്നിരുന്നു കഴുകി തീര്‍ത്തോളം. നാട്ടുകാരോടിയെത്തുമ്പോഴേക്കും നമ്മുക്ക് ജീപ്പുമെടുത്ത് വിടാം. എളക്കി ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
ദൈവമേ, ഇവനോടല്‍പ്പം കരുണ കാണിച്ചതോ ഞാന്‍ ചെയ്ത തെറ്റ്. പുറകിലത്തെ സീറ്റിലേക്ക് നോക്കിയപ്പോള്‍, പാവം അന്‍വര്‍ ഉറങ്ങുകയാണ്, എത്ര വിളിച്ചാലുമെണീക്കുമെന്ന് തോന്നുന്നില്ല. ബാക്കി മൂന്നു പേരും രൂക്ഷമായെന്നെയൊന്ന് നോക്കി. നീ തന്നെ ചുമന്നാല്‍ മതി എന്ന് പറയാതെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കൂടുതലെന്തെങ്കിലും പറയുന്നത് കൊണ്ട് ഗുണമുണ്ടാവുമെന്ന് തോന്നുന്നില്ല. ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു വച്ച് കൊണ്ട് തന്നെ ജീപ്പില്‍ നിന്നിറങ്ങി, പരിസരം ഒന്ന് വീക്ഷിച്ചു. ഈ നാട്ടുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ, ഇവന്മാരെന്തിനാണ് ഞങ്ങളെയും തുറിച്ചു നോക്കിയിങ്ങനെ നില്‍ക്കുന്നത്.
വിറയാര്‍ന്ന ചുവടുകളും, അതൊളിപ്പിക്കാന്‍ കനപ്പിച്ചൊരു മുഖവുമായി ഞാന്‍ ടാപ്പിനടുത്തെക്ക് നടന്നു. നമുക്ക് സമയം തീരെ കിട്ടുമെന്ന് തോന്നുന്നില്ല. എല്ലാം ഫടാഫട്ട് എന്നായിരിക്കണം. ബാക്കി നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. എളക്കിയെല്ലാം സമ്മതിച്ചു.
ടാപ്പിന് തൊട്ടടുത്തായി എപ്പോള്‍ വേണമെങ്കിലും ഇരിക്കാന്‍ പാകത്തില്‍ എളക്കി സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു മൂളിപാട്ടും പാടി ടാപ്പിനടുത്തെക്ക് എത്തിയ ഞാന്‍, ആകാശത്തിലേക്ക് നോക്കി റെഡി വണ്‍ ടൂ ത്രീ പറഞ്ഞ് ടാപ്പ് പൊക്കി.
പറഞ്ഞ് തുടങ്ങിയപ്പോഴേക്കും, സമയം തീരെ കളയാതെ എളക്കി കഴുകി തുടങ്ങി. മിടുക്കന്‍
ശൂ.. ശൂ..
ഇവനിതെന്തിന്റെ സൂക്കേട് ആണ്. കഴുകി കഴിഞ്ഞാല്‍ ഓടി വണ്ടിയില്‍ കേറണതിന് പകരം എന്നെ വിളിക്കുന്നതിതെന്ത് കാണിക്കാനാണ്. രണ്ടും കല്‍പ്പിച്ച് ആകാശത്ത് നിന്ന് കണ്ണ് പറിച്ച് ഞാന്‍ ടാപ്പിനടിയിലേക്ക് നോക്കി..
ദൈവമേ !!!!!!!!!!! ടാപ്പില്‍ നിന്ന് ശൂ.. ശൂ.. എന്ന് പറഞ്ഞ് കുറച്ച് കാറ്റ് മാത്രമേ വരുന്നുള്ളൂ… എളക്കിയാണെങ്കില്‍ ഇതൊന്നും അറിയുന്നില്ല. ഓടിയടുക്കുന്ന നാട്ടുകാരിലാണ് ശ്രദ്ധയത്രയും. അവരോടിയിങ്ങെത്തും മുന്‍പ് കഴുകി തീര്‍ക്കാന്‍ ഉള്ള വെപ്രാളത്തില്‍ ആണ് പാവം.
എളക്കിയെ വിളിക്കാനൊന്നും നിന്നില്ല. ഞാനന്തം വിട്ടോടി വണ്ടിയില്‍ കേറി, വണ്ടി മുന്നോട്ടെടുത്തു. സത്യം പറഞ്ഞാല്‍ ഇത്തവണ എളക്കി വണ്ടിയിലുണ്ടാവണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നില്ല. പക്ഷെ എളക്കിക്ക്, എളക്കിക്ക് മാത്രം അങ്ങിനെയൊരു നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട്, അവന്‍ എങ്ങിനെയെക്കെയോ വണ്ടിയുടെ പുറകില്‍ തൂങ്ങി കേറി.
ഇടത്കയ്യിലൊരു പ്ലാസ്റ്റിക് കിറ്റ് കെട്ടി, ഒറ്റകയ്യില്‍ ജീപ്പിന് പുറത്ത് തൂങ്ങികിടന്നുകൊണ്ടായിരുന്നു എളക്കിയുടെ ബാക്കി യാത്ര.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...