21 Apr 2012

എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ


കോൺഗ്രസ്സ്‌ പാർട്ടിയും പാർട്ടി കോൺഗ്രസ്സും 

       കോൺഗ്രസ്സ്‌ എന്ന്‌ കേട്ടാൽ തലചെടിയ്ക്കുകയും ഓക്കാനം വരുകയും ചെയ്യുന്ന
സഖാക്കൾക്ക്‌  അതൊന്ന്‌ തലതിരിച്ചിട്ട്‌, 'പാർട്ടികോൺഗ്രസ്സ്‌'
ആക്കികൊടുത്താൽ കുശാലായി. കോൺഗ്രസ്സ്‌ പാർട്ടി ബൂർഷ്വായും
പാർട്ടികോൺഗ്രസ്സ്‌ വിബുർഷ്വായും ആണ്‌, എന്നാണ്‌ സഖാക്കളെ
ധരിപ്പിച്ചിരിക്കുന്നത്‌. നാട്ടിൽ 'ഹരിശ്രീ' എന്ന്‌ തെറ്റുകൂടാതെ എഴുതാൻ
അറിയാവുന്നവരെല്ലാം എഴുത്തുകാരും, എഴുത്തുകാരായ സകലസാമന്തന്മാരും
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കുറേശ്ശെ കുറേശ്ശെയോ ആജീവനാന്തമായോ അംഗത്വം
സിദ്ധിച്ചവരുമാണ്‌. അവർക്കു മാത്രമാണ്‌ എഴുതാനും വായിയ്ക്കാനും
പ്രസംഗിയ്ക്കാനും അവകാശമുള്ളത്‌. അവരെ മലപോലെ വളർത്തുന്നതും
പാർട്ടിയ്ക്ക്‌ കണ്ണുപിടിയ്ക്കാത്തവരെ എലിപോലെ ആട്ടിപ്പായിയ്ക്കുന്നതും
കമ്മ്യൂണിസത്തിലെ കാതലായ ആശയമാണ്‌.

       എന്തായാലും ബൂർഷ്വാപാർട്ടിയായ കോൺഗ്രസുകാരെ സകലവിധത്തിലും
നാണിപ്പിയ്ക്കുംവിധമാണ്‌ വിബൂർഷ്വാ സ്വഭാവം പേരിന്‌ നെറ്റിയിൽ
തൊട്ടിട്ടുള്ള പാർട്ടികോൺഗ്രസ്സ്‌ മഹാമഹം കോഴിക്കോട്‌
ആടിത്തിമിർക്കുന്നത്‌. മാമാങ്കം ജനുവരിയും കഴിഞ്ഞ്‌
ഏപ്രിൽമാസത്തിലാണെങ്കിലും ഏതാണ്ട്‌ അഞ്ചാറു മാസം മുമ്പേ തന്നെ ചുവരായ
ചുവരുകളും നാൽക്കവലകളും പോസ്റ്റുകുറ്റിയും വേലിപ്പത്തലുംവരെ ചുവപ്പാക്കി
ചായം തേച്ച്‌ കൊടിതോരണങ്ങൾ കെട്ടി ആഘോഷിച്ചുവരുന്നുണ്ട്‌. റോഡായ
റോഡുമുഴുവനും തോരണങ്ങളും ബോർഡുകളുമാണ്‌. ഈ കണ്ടതായ ബോർഡുകൾ മാത്രം
വടക്കേഅറ്റം മുതൽ തെക്കേ അറ്റംവരെ എണ്ണിയാൽ, ഏതാണ്ട്‌ ഒരു
നൂറുകോടിചിലവുവരും. കോഴിക്കോട്‌ നഗരവും നാട്ടിൻപുറവും പൂർണ്ണമായും
പാർട്ടി പതിച്ചെടുത്ത്‌ വർണ്ണാഭമാക്കിയതിന്‌ വേറൊരു നൂറുകോടി കൂടി
കണക്കെഴുതിയാലും ഈ മാമാങ്കത്തിന്റെ ചിലവ്‌ നിർണ്ണയിയ്ക്കാനാവില്ല.
വിബൂർഷ്വാ പാർട്ടിയുടെ മാമാങ്കത്തിന്‌ എണ്ണിയാൽ തീരാതെ എണ്ണാതെ
ചിലവിടുന്ന ഈ കോടികൾ എവിടുന്നാണ്‌ എന്ന്‌ ചോദിക്കാൻ ഒറ്റ
യു.ഡി.എഫുകാരന്റെയും നാവുപൊങ്ങില്ല. പൊങ്ങണ്ട, പൊങ്ങരുത്‌. എഴുത്താളന്മാർ
എല്ലാവരും ഈ ഉപ്പും ചോറും തിന്ന്‌ ശീലമായതിനാൽ അവരുടെ നാവിൽ നിന്നും
ചോദ്യങ്ങളുണ്ടാവില്ല. കോർപ്പറേറ്റുകൾക്കും സാമ്രാജ്യതത്ത്വനും എതിരെ
വാതോരാതെ നാവുതളരാതെ പാർട്ടി കോൺഗ്രസ്സ്‌-ചെങ്കോട്ടയിലും നിരന്തരം
വാചകമടിയ്ക്കുന്നവർക്ക്‌ ഇനിയും എന്താണ്‌ കോർപ്പറേറ്റ്‌ സാമ്രാജ്യത്വ
സ്വഭാവങ്ങൾ എന്ന്‌ മനസ്സിലായില്ലെങ്കിൽ അവർ കമ്മ്യൂണിസ്റ്റാകാൻപോലും
അർഹരല്ലാത്തവരാണ്‌, ടാഗോർ തിയറ്ററും  മാനാഞ്ചിറമൈതാനവും മാത്രം കണ്ടാൽ
എന്താണ്‌  കോർപ്പറേറ്റെന്നും, ഈവന്റ്‌ മാനേജ്‌മന്റെന്നും
മനസ്സിലാകുമെന്ന്‌ ഇനി ഒരിയ്ക്കൽ കൂടി പറയാൻ ബിനോയ്‌ വിശ്വത്തിനും
കഴിഞ്ഞെന്ന്‌ വരില്ല.

       നാട്ടിലെ, എഴുത്തുകാരേ, നമസ്കാരം! നിങ്ങളാരും ഇക്കഴിഞ്ഞ കുറെ മാസങ്ങളായി
കേരളക്കരയിലില്ലെന്ന്‌ വിശ്വസിയ്ക്കുന്നു. അഞ്ചാറു മാസം പോട്ടെ;
ഇക്കഴിഞ്ഞ എട്ട്‌ പത്തു ദിവസം കോഴിക്കോട്‌ വഴിയും  നിങ്ങൾ യാത്ര
ചെയ്തിട്ടുണ്ടാവില്ല. ഇത്രയും പണം പാവങ്ങളുടെ പാർട്ടി, വഴിനീളെ, തോരണം
തൂക്കിയും ബോർഡുവച്ചും ചിലവിടുമ്പോൾ,  അതിലൊരോഹരി നാട്ടിലെ മഹാമാന്യ
എഴുത്തുകാർക്കും  പങ്കുള്ളതാണല്ലോ. ചാനൽ വിദഗ്ധന്മാരും എഴുത്തുകാരേക്കാൾ
ഒരുപടി മുന്നോട്ട്‌ കടന്ന്‌ മാമാങ്കത്തെ പല ആങ്കിളിലും
വർണ്ണിച്ചുകൊണ്ടിരിയ്ക്കുകയാണ്‌. ചിലവായ പണത്തിൽ അവർക്കും
കണ്ണുകടിയുണ്ടായിട്ട്‌ കാര്യമില്ലല്ലോ. എന്തായാലും കോൺഗ്രസ്സ്‌ പാർട്ടി
ഇനി ആത്മഹത്യ ചെയ്യുന്നതാണ്‌ നല്ലത്‌. പത്തെൺപത്‌ വർഷമായി ബൂർഷ്വാ
വിളികേട്ടിട്ടും ഇതുപോലൊന്ന്‌ സംഘടിപ്പിയ്ക്കാൻ നിങ്ങൾക്കായോ,
'തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും' എന്ന പഴയ ചൊല്ലുപോര,
കോൺഗ്രസ്സിനെ തല്ലാൻ. കോൺഗ്രസ്സിൽ ഒരു ചുണക്കുട്ടിയെങ്കിലും ഉണ്ടെങ്കിൽ
അവൻ മാനാഞ്ചിറകുളത്തിൽ ചാടി ആത്മഹത്യ ചെയ്യണം. പാർട്ടി കോൺഗ്രസ്സ്‌
പൊടിപൊടിയ്ക്കുന്നത്‌ നാട്ടുകാരുടെ പണത്തിലാണ്‌ എന്ന്‌ ആരും
വ്യാമോഹിയ്ക്കേണ്ടതില്ല. പഴയ ബക്കറ്റ്‌ പിരിവ്‌ നിർത്തിയിട്ട്‌ കാലം
എത്രയായി. ഒരു രൂപാ നോട്ട്‌ ഇപ്പോൾ ആർക്കും വേണ്ടതാനും.

       റഷ്യയിൽ നിന്ന്‌ ഛർദ്ദിച്ചു കളഞ്ഞ ആശയങ്ങളിൽ നിന്നും ചൈനയിൽ നിന്ന്‌
തൂത്തെറിഞ്ഞ ടോയ്‌ലറ്റ്‌ പേപ്പറിൽ നിന്നും ഇനി ആവേശം കൊള്ളേണ്ടതില്ല എന്ന
തീരുമാനം നന്നായി. ക്യൂബയിൽ മാർപാപ്പയെക്കാണാൻ കമ്മ്യൂണിസ്റ്റുകാർ
തടിച്ചു കൂടിയത്‌ നാം കണ്ടതല്ലേ. ഇവിടെയും മാർപാപ്പ വരട്ടെ. പല
ബിഷപ്പുമാരേയുംകൊണ്ട്‌ മാർപാപ്പയെ കാണിയ്ക്കാൻ പാർട്ടി കോൺഗ്രസ്സിലെ
ഉന്നതരുണ്ടാകും.
       മതം വിഷമാണ്‌! എന്ന്‌ വെറുതെ ഭ്രാന്തു പറയാതെ; മദ്യം വിഷമാണെന്ന്‌
പറഞ്ഞിട്ട്‌ എന്തായി. ഇപ്പോൾ നാല്‌ ചക്രം വേണമെങ്കിൽ ആ വിഷം വിൽക്കണം.
അത്‌ കുടിയ്ക്കാനും ആള്‌ വേണം. അതുപോലെ തന്നെയീ മതവും. അടുക്കും തോറും
അമൃതാണെന്ന്‌ ബോധ്യമാകും. പാർട്ടിക്ക്‌ ഇനി വേണ്ടത്‌ അഞ്ചു
കൊല്ലത്തിലൊരിയ്ക്കൽ വോട്ട്‌ ചെയ്യാൻ ആള്‌ മാത്രമാണ്‌. അത്‌ ഏതു വിഷം
വന്നു ചെയ്താലും മതി കോൺഗ്രസ്സിന്‌ പറ്റാത്തത്താണ്‌ പാർട്ടി കോൺഗ്രസ്സ്‌
ചെയ്യുന്നത്‌. മനസ്സിലായോ എഴുത്തുകാരാ, ഇനി ഒറ്റ വഴിമാത്രം. ഒരു
മുദ്രാവാക്യമെങ്കിലും എഴുതാൻ പഠിയ്ക്കണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...