സി.രാധാകൃഷ്ണൻ
പരന്ന വയലിനു നടുവിലുള്ള ഉയർന്ന വരമ്പിലൂടെ കിഴക്കോട്ടു
നടക്കുകയായിരുന്നു ഒമ്പതുകാരനായ ഞാൻ. സൂര്യൻ ഉദിക്കുന്നതിനു
തൊട്ടുമുമ്പ്. കിഴക്ക് ആകെ തുടുത്തിരിക്കുന്നു. ആകാശമേലാപ്പിലെ
ചോപ്പുരാശി ഉയരങ്ങളിലേക്ക് പോകെ നീലയിൽ ലയിക്കുന്നു. ഇടയിലെ വെളുത്ത
മേഘക്കീറുകൾ ചുവപ്പിന്റെ പല തോതുകൾ അണിഞ്ഞിരിക്കുന്നു.
നേരെ മുന്നിൽ ധർമ്മശാസ്താവിന്റെ അമ്പലം. നന്നേ ചെറിയ ആ അമ്പലത്തിനു
ചുറ്റും കാട്. പുഴയിലെ അമ്പലത്തിന്റെ തെക്കുവശത്തേക്ക് വാലുപോലെ നീണ്ട
ഒരു തുരുത്ത്. അതിൽ വൻമരങ്ങൾ ഉയരങ്ങളിലെ വെളിച്ചത്തെ ആർത്തിയോടെ
പുൽകുന്നു. അവയുടെ ശിരസ്സുകൾ അപ്പോഴേ സൂര്യനെ കാണുന്നുണ്ടാവണം!
പുഴക്കരയിൽ അമ്പലനടയിലുള്ള ആലിനുചുവടെ ഉതിർന്ന ആലിൻ കായ്കൾ ഉടഞ്ഞും
ചിതറിയും കിടക്കുന്നു. ആലിൻപഴം തിന്നാൻ നൂറുകണക്കിനു പക്ഷികളുടെ മേളം.
ആൽച്ചുവട്ടിലൂടെ എന്റെ നടത്തം പതിവുപോലെ പുഴക്കരയിലെത്തി. ഓർമ്മവച്ച
നാൾമുതൽ പതിവുള്ളതാണിത്. മഴയായാലും മഞ്ഞായാലും ഭേദമില്ല. രാവിലെ പുഴയിൽ
കുളിച്ച് അമ്പലത്തിൽ തൊഴും. മന്ത്രം മുത്തച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്.
ശാസ്താരം പ്രണതോസ്മ്യഹം.
കരയിൽ നിന്നും പത്തുനൂറുവാര മാറി പുഴയിലാണ് അമ്പലം. ഇടയിലോ നീർച്ചാൽ
വലിയ തിരക്കില്ലാതെ ഒഴുകുന്നു. ആ ഒഴുക്കിൽ ആകാശം ഒഴുകിപ്പോകുന്ന പ്രതീതി.
പക്ഷെ എത്ര ഒഴുകിയിട്ടും ആകാശം എങ്ങും പോകുന്നുമില്ല!
ഒരുനിമിഷം വെറുതെ കളയാതെ കല്ലൊതുക്കുകളിറക്കി വെള്ളത്തിലേക്കു ചാടി.
മറുകരയിലേക്കു നീന്തി അവിടത്തെ കരിങ്കൽപ്പടവിൽ കയറി നിന്നു പിഴിഞ്ഞു
തോർത്തി എന്നു വരുത്തി അമ്പലനടയിൽ തൊഴുകുകയാണ് പതിവ്. അന്നു പക്ഷേ ഞാൻ
എന്തിനെന്നറിയാതെ കരയിൽ വെറുതെ നിന്നു. എന്റെ തലയ്ക്കു മുകളിൽ പന്തലിച്ചു
പൂവിട്ടു വിലസുന്ന വെള്ളമരുതുമരം എന്നെ പിടിച്ചു നിർത്തിയതുപോലെ.
അമ്പലത്തുരുത്തിലെ പച്ച, വെള്ളത്തിന്റെ നീല, ആകാശത്തെ ചുവപ്പും
അരുണിമയും, വീതിയേറിയ പുഴയിലെ വെണ്മണലിന്റെ ശുദ്ധി, എല്ലാറ്റിലുമുപരി
കുലകുലയായി വിരിഞ്ഞു നിൽക്കുന്ന മരുതിൻപൂക്കളുടെ നൈർമ്മല്യം. പക്ഷികളുടെ
സംഘഗാനമല്ലാതെ ഒരു ശബ്ദവും കേൾക്കാനില്ല. അങ്ങനെ ഇരിക്കെയാണ് സൂര്യന്റെ
ശിരസ്സ് പുഴയുടെ കിഴക്കെ കരയിലെ പച്ചയുടെ നിരയിൽ നിന്ന്
പൊങ്ങിവരുന്നതും അതിന്റെ നേർപ്പകർപ്പ് പുഴയിൽ പ്രതിഫലിക്കുന്നതും.
എന്തിനെന്നില്ലാതെ ഒരു അപൂർവ്വമായ സന്തോഷം എന്നിൽ ഉറവ പൊട്ടുന്നത് ഞാൻ
അറിഞ്ഞു. നിമിഷങ്ങൾ കൊണ്ട് അത് എന്നെ മുക്കിമൂടി. പക്ഷെ,
ശ്വാസംമുട്ടല്ല അന്നേവരെ അറിയാത്ത എന്തൊ ഒരു സുഖമാണ് തോന്നിയത്. ആ
സുഖത്തിൽ ഞാൻ ഇല്ലാതായിപ്പോയി! അന്നേവരെ കേൾക്കാത്ത അതിമനോഹരമായ ഒരു രാഗം
എനിക്കു ചുറ്റും അലയടിച്ചു. ശ്വാസം നിലയ്ക്കുന്നതും കണ്ണുകൾ
നിറഞ്ഞൊഴുകുന്നതും തുടക്കത്തിൽ അറിയുന്നുണ്ടായിരുന്നു. കുറച്ചു
കഴിഞ്ഞപ്പോൾ അതിനെക്കുറിച്ചും ഒരു അറിവുമില്ല, ചൂടോ തണുപ്പോ ഇല്ല, ശരീരമേ
ഇല്ല!
ശക്തിയായി മഴ പെയ്യുന്നു എന്ന തോന്നലോടെയാണ് ഉണർന്നത്. നടവഴിയിലെ
വെറും പൂഴിയിലാണ് കിടപ്പ്. കുളിച്ചുതൊഴാൻ വന്നവർ ചുറ്റും കൂടി
നിൽക്കുന്നു. മുഖത്ത് വീണ്ടും തീർത്ഥക്കിണ്ടിയിൽ നിന്ന് നീർ
തളിക്കുന്നത് ശാന്തിക്കാരൻ തിരുമേനി. ഉഭൗ തൗനവീചനീതോ നായം ഹന്തി നഹന്യതേ
എന്നു ജപിക്കുന്നുമുണ്ട്.
സൂര്യൻ തെങ്ങുയരം പൊങ്ങിയിരിക്കുന്നു. ഉൾനാമ്പുകളിലെ മഞ്ഞുതുള്ളികൾ
ആവിയായിരിക്കുന്നു. ആകാശം വാസ്തവങ്ങളുടെ നിർദ്ദയനിറം
കയ്യാളിയിരിക്കുന്നു.
ആരോ ചോദിച്ചു, എന്തുപറ്റി ഈ കുട്ടിക്ക്?
'പറ്റിയത് എന്തായാലും', വേറെ ആരോ പറഞ്ഞു, 'ആ വെള്ളത്തിൽ
ചാടിയതിൽപ്പിന്നെ ആവാതിരുന്നത് നന്നായി'.
'ശാസ്താവ് കാത്തു!'
'അതെയതെ!'
കുളിക്കാനും തൊഴാനും അന്ന് അംഗരക്ഷകരുടെ വലയം ഉണ്ടായി. അവർ തന്നെയാണ്
വീട്ടിലേക്ക് കൂടെ വന്ന് വിവരമറിയിച്ചതു.
അമ്മയേങ്ങിക്കരച്ചിലായി. മുത്തശ്ശി വിധിയെഴുതി. 'ഇന്ന് ഇനി
സ്കൂളിലൊന്നും പോകേണ്ട. തിരുനാവായ മൂസ്സിനെക്കണ്ട് വിവരം പറഞ്ഞിട്ട്
ബാക്കിക്കാര്യം നിശ്ചയിക്കാം".
എന്നെക്കാൾ എത്രയോ മുമ്പ് ഉണർന്ന് ദിനകൃത്യങ്ങൾ കഴിച്ച് കുളിയും
ജപവും കഴിഞ്ഞ് വയൽ നോക്കാൻ പോയ മുത്തച്ഛൻ വന്നപ്പോൾ ഇതാണ് അവസ്ഥ.
മുത്തച്ഛൻ എന്നെ വിളിച്ച് മടിയിൽ കയറ്റി ഇരുത്തി ചോദിച്ചു, 'എന്താ
ഉണ്ടായ്യേ?'
ഉണ്ടായതൊക്കെ ഞാൻ പറഞ്ഞു.
മുത്തച്ഛൻ ഉറക്കെ ചിരിച്ചു. ഇതാണോ കാര്യം!
മുത്തശ്ശിയും അമ്മയും ആ ചിരി കേട്ട് അടുത്തുകൂടി.
കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ല! മുത്തച്ഛൻ പറഞ്ഞു, 'അപൂർവ്വമായ ലയം
ഒത്തുകിട്ടി, അത്രതന്നെ! മഹാഭാഗ്യം! അതിന് നിങ്ങളെന്താ കരേണത്? ഒരു
മുസ്സിനേം കാണേം വേണ്ട!'
'ഇനീം വല്ലേടത്തും വീണാലോ?' 'വല്ലേടത്തുമൊന്നും വീഴില്ല,' മുത്തച്ഛൻ
ഉറപ്പു പറഞ്ഞു. 'അമ്മ ഉറക്കുമ്പൊ അമ്മയുടെ മടിയിലല്ലേ വീഴു!'
പിന്നെ മുത്തച്ഛൻ എന്നോടു ചോദിച്ചു, വീഴും മുമ്പ് അവസാനമായി എന്താണ് കണ്ടത്?
'ആകാശത്തോളം വലിയ ഒരു വെളുത്തപൂവ് മാനത്ത് വിടരുന്ന കണ്ടു' 'അതിന്റെ
കൂടെ എന്തു കേട്ടു?' 'മുഴക്കമുള്ള ഒരു ശംഖുവിളി. അപ്പോഴത്തെ ഭാവമാണ്
നിന്റെ ശരിയായ അവസ്ഥ, മുത്തച്ഛൻ എനിക്ക് നെറുകയിൽ ഒരു മുത്തം തന്നു. '
അത് നിലനിന്നാൽ പിന്നെ സങ്കടം എന്നൊന്ന് ഇല്ലേ ഇല്ല!'
മുഴുവനായി നില നിർത്താൻ ഇത്രകാലം ശ്രമിച്ചിട്ടും ആയില്ല. പക്ഷെ ഒക്കും
എന്നുതന്നെയാണ് പ്രതീക്ഷ. മനുഷ്യനായിപ്പിറന്ന ആർക്കും ഒക്കുമെന്നല്ലേ
മുത്തച്ഛൻ പറഞ്ഞത്.