കുടചൂടിയ വീട്‌


സത്യൻ മാടാക്കര

കുടചൂടി ചമഞ്ഞൊരുങ്ങി നിൽക്കുന്ന വീടിനോട്‌
കല്ല്‌ പറഞ്ഞു;
എത്രയോ കാലം ഭൂമിക്കടിയിലിരുന്ന്‌
ഞാൻ മൂളിയ കവിത മറന്നു പോയല്ലോ
എന്നെ ചേർത്തടച്ചുള്ള നിന്റെ പ്രണയം
എന്റെ സാന്നിദ്ധ്യമാണല്ലോ
മരം പറഞ്ഞു.
അവകാശവാദമൊന്നുമില്ല
നന്ദിയുണ്ടായാൽമതി
മണ്ണ്‌ അതേ പറഞ്ഞുള്ളു.
ഓല, ഓട്‌, കോൺക്രീറ്റ്‌
എന്തായാലും താങ്ങിപ്പിടിച്ചല്ലേയൊക്കു
മോന്തായം സൂചിപ്പിച്ചു
അകത്തുള്ളവരും ഇറങ്ങിപ്പോയവരും
എത്തേണ്ടിടമാണ്‌ വീട്‌
അത്‌ ചരിത്ര പാഠമെന്ന്‌ പറമ്പ്‌
ഞങ്ങളെ മറക്കല്ലേ
ചങ്ങാതികളല്ലേയെന്ന്‌
പശു, ആട്‌, കോഴി, കാക്ക, പൂച്ച.
കുടക്കളിക്കിടയിലും ഓർമ്മ നിലനിർത്താൻ
നാടിനൊപ്പം ഞങ്ങളില്ലേ
മഴ,വെയിൽ,ഇടി, മിന്നൽ
ഒരു പ്രഷറും വേണ്ട, മനസ്സയച്ചിട്ടോളൂ
എന്നറിയിച്ച്‌
മഞ്ഞിൽ കിളിച്ച്‌ പതുക്കെ പൂക്കളുടെ മുശായിര.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?