ദി മദർ


എം.കെ.ചന്ദ്രശേഖരൻ

എം.കെ.ചന്ദ്രശേഖരൻ എഴുതിയ , ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 'ദി മദർ' എന്ന നോവലിന്റെ ആദ്യ അദ്ദ്ധ്യായം

ഇനി എന്റെ യാത്ര പുതിയൊരു ലോകത്തേക്കാണ്‌. അവനെ തേടിയുള്ള യാത്ര. അവനെ
കണ്ടുമുട്ടുമ്പോൾ എനിക്ക്‌ ചിലത്‌ ചോദിക്കാനുണ്ട്‌. എന്റെ വേദനയും
കഷ്ടപ്പാടും എനിക്ക്‌ താങ്ങാവുന്നതിലും അപ്പുറമാണെന്ന്‌ എന്നെക്കാൾ
കൂടുതൽ അറിയാവുന്നത്‌ അവനല്ലേ...? നിന്നെ സ്നേഹിച്ചതും വിശ്വസിച്ചതും
പ്രാർത്ഥിച്ചതുമാണോ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്‌? കുരിശിൽ കിടന്നപ്പോൾ
നീ സഹിച്ച വേദന മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ
ഹൃദയത്തിലേക്കാണ്‌ ആഴ്‌ന്നിറങ്ങുന്നത്‌. ഈ പ്രപഞ്ചത്തിന്റെ രക്ഷകനായി
പിറന്ന നിനക്ക്‌ നിന്നെത്തന്നെ രക്ഷിക്കാനായില്ലെങ്കിൽ എന്റെ വിശ്വാസം
എന്നെ രക്ഷിക്കില്ല എന്നാണോ?
       ഇപ്പോൾ ഇരുട്ട്‌ മാത്രമാണെന്റെ ചുറ്റിനും. ഇരുട്ടിനാൽ ആവരണം
ചെയ്യപ്പെട്ട ശൂന്യത എന്നെ പഠിപ്പിക്കുന്നത്‌ വേറൊന്നാണ്‌.
       നീ ഒരു മിഥ്യയാണ്‌. ഈ മിഥ്യയായ വിശ്വാസത്തെയാണ്‌ ഇത്രയും നാൾ ഞാൻ കൊണ്ടു
നടന്നത്‌. എന്നോട്‌ പൊറുക്കൂ.
       സ്വർഗ്ഗരാജ്യത്തേക്കുള്ള യാത്ര എനിക്ക്‌ തുടങ്ങാനാവുന്നില്ല.
യാത്രയ്ക്കായ്‌ തുനിയുമ്പോൾ മുന്നിൽ തെളിഞ്ഞ്‌ വരുന്നത്‌ ശൂന്യതയാണ്‌.
ഇരുട്ട്‌ നിറഞ്ഞ ശുദ്ധശൂന്യത.
       എന്റെ വിശ്വാസത്തിലധിഷ്ഠിതമായ പ്രാർത്ഥന എനിക്കെതിരെ തിരിഞ്ഞ്‌
എന്നെത്തന്നെ പരിഹസിക്കുന്നു. വേദനകൊണ്ട്‌ പുളയുമ്പോൾ നട്ടെല്ലിലെ വേദന
എന്റെ ശരീരത്തെ ആകെ ബാധിക്കുന്നു. എന്റെ ആത്മാവിനെത്തന്നെ മൂർച്ചയുള്ള
കത്തിയാൽ കുത്തിനോവിക്കുന്നതുപോലെ. ഭൂമിയിൽ പാവങ്ങൾ
പാവങ്ങളായവർക്കുവേണ്ടി അഹോരാത്രം പാടുപെട്ടതിന്റെ ശിക്ഷയാണോ നീ എനിക്ക്‌
തരുന്നത്‌? - ഇപ്പോൾ ഞാനറിയുന്നു- ഇക്കണ്ട
നാളുകളിലെല്ലാം-ഒരായുസ്സുമുഴുവനും നിന്നെത്തേടി നടക്കുകയായിരുന്നു ഞാൻ. ആ
നീയാണ്‌ ഇല്ല എന്ന്‌ തെളിഞ്ഞുവരുന്നത്‌. നീയില്ലെങ്കിൽ ആത്മാവുമില്ല,
ജീസസ്‌-നീയും ഒരു മിഥ്യയാണ്‌.
ഞാൻ ശൂന്യതയിലേക്ക്‌ തന്നെ കൂപ്പുകുത്തുന്നു. ഒരു തിരിച്ചുപോക്ക്‌
സാധ്യമല്ലല്ലോ. ബോധാബോധമണ്ഡലങ്ങളിൽ ഞാൻ ശൂന്യതയിലേക്ക്‌ തന്നെ
കൂപ്പുകുത്തുന്നു. ഇരുട്ട്‌ നിറഞ്ഞ ശൂന്യത. ബോധാബോധ മണ്ഡലങ്ങളിൽ
സത്യത്തിനും മിഥ്യയ്ക്കും ഇടയിലൂടെയുള്ള യാത്ര. യാത്ര തുടരുന്നു.
യുഗങ്ങളോളം നീണ്ടു നിൽക്കുന്ന യാത്ര. അവിടെ ആ കനത്ത ശൂന്യതയിൽ ഇരുട്ടിൽ
എവിടെയോ ഒരു തിരിവെട്ടം.
വെണ്മയുടെ വിശുദ്ധിയുമായി, സാന്ത്വനം പകരുന്ന ഗീതവുമായി എന്നരികിലേക്ക്‌ വരുന്നവർ.
'ദൈവമേ! എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല മാലാഖമാർ സ്വർഗ്ഗത്തിൽ നിന്നും
എന്നെ തേടി വരുന്നു. അപ്പുറം ജീസസ്സിന്റെ കരുണാർദ്രമായ നോട്ടം. ജീസസിന്റെ
കൈകൾ നീണ്ടുവന്ന്‌ എന്നെ തലോടുന്നു. എന്റെ അന്തരാത്മാവിനെ തൊട്ടു
തഴുകുന്നു'.
       ദൈവമേ-ഞ്ഞാൻ ഇത്‌ വരെ ചിന്തിച്ചതും പുലമ്പിയതുമെല്ലാം തെറ്റ്‌, തെറ്റ്‌,
തെറ്റ്‌. ഈശോയെ ഇനിയും എന്നെ പരീക്ഷിക്കല്ലേ? ഈശോയുടെ സാന്ത്വനം പകരുന്ന
വാക്കുകളാണ്‌ ഞാൻ കേൾക്കുന്നത്‌.
'ഞാനും നീയും ഒന്നുതന്നെ'.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ