20 Apr 2012

വിഷാദ ഗീതം




വി.ദത്തൻ

എവിടെ വച്ചെൻ ചിരിയുടഞ്ഞു തകർന്ന,-
തെന്നെന്നുള്ളിൽ വേദന ചില്ലു പാകിയതിങ്ങനെ?

      സുഖസമൃദ്ധികൾ കാണുവാൻ രഥ-
      മേറി മോഹന രാജവീഥി കടക്കവേ
      വഴി മുടക്കിയ വികൃത സത്വം
      മനുഷ്യനെന്നു മനസ്സിലാക്കിയ സമയമോ?
      ചതിയിലെന്നെയൊടുക്കുവാനായ്
      പതിവു ചുംബനമഭിനയിക്കാൻ
      പതിതമാനസനായ ശിഷ്യ
      നടുത്തു വന്നൊരു നാളിലോ?

എവിടെ വച്ചെൻ ചിരിയുടഞ്ഞു തകർന്ന,-
തെന്നെന്നുള്ളിൽ വേദന ചില്ലു പാകിയതിങ്ങനെ? 

       തെരുവിൽ നാറും കോണിലൊന്നിൽ
       പ്രതിഫലത്തിനു മടിയഴിച്ചെ-
       ന്നുടലിലൊട്ടി സുഖം പകർന്ന
       തരുണി തൻ മുഖമിരുളെ വെന്നു
       തിരിച്ചറിഞ്ഞൊരു രാവിലോ

എവിടെ വച്ചെൻ ചിരിയുടഞ്ഞു തകർന്ന,- 
തെന്നെന്നുള്ളിൽ വേദന ചില്ലു പാകിയതിങ്ങനെ?  

       മിഴികൾ പലവുരു പതിവു തെറ്റി
       മിഴിച്ചു,ശ്വാസം വിട്ടു വീശു
       ന്നെന്നെ മുട്ടി,തലയുരുട്ടി കാലു നീട്ടി
       ചലനമറ്റു കിടക്കുമച്ഛനെ,
       മിഴിതുടച്ചു വിതുമ്പുമമ്മയെ,
       പരിചരിച്ച തളത്തിൽ വച്ചോ?
       ഋണനിവാരണ ബലിയിൽ വെട്ടിയ
       ചെറിയ വീടിൻ പടി കടക്കെ,
       എന്റെ ശൈശവ ചാപലത്തിനു
       മെന്റെ യൗവ്വന വൻ മദത്തിനു
       മെന്നുമെന്നും സാക്ഷി നിന്നൊ-
       രതിന്റെ ചുവരുകൾ പിന്നിടുമ്പോൾ
       ജനിമൃതിസ്മൃതിയുണരുമാ ഗൃഹ
       പരിസരത്തിനടുത്തുവച്ചോ
എവിടെ വച്ചെൻ ചിരിയുടഞ്ഞു തകർന്ന,-  
തെന്നെന്നുള്ളിൽ വേദന മുള്ളു പാകിയതിങ്ങനെ?   
           ................

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...